വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ 55കാരിക്ക് രോ​ഗം

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ 55കാരിക്ക് രോ​ഗം

കോഴിക്കോട്: മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കാപ്പിൽ കരുമാരപ്പറ്റ സ്വദേശിയായ 55 വയസുകാരിക്കാണ് രോ​ഗം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച പ്രവേശിപ്പിച്ച ഇവരുടെ സ്രവ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.

മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47 കാരനു കഴിഞ്ഞ ദിവസം രോഗം സ്ഥീരീകരിച്ചിരുന്നു. കടുത്ത പനി അടക്കമുള്ള രോഗലക്ഷണങ്ങളോടെ ഇയാള്‍ കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സിഎസ്എഫ് പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരിയുടെ സഹോദരനായ എഴു വയസുള്ള കുട്ടി അടക്കം നാലുപേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടുന്നു. ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുട്ടിയും 11 വയസുകാരിയും വെന്റിലേറ്ററിലാണുള്ളത്.

വ്യാഴാഴ്ചയാണ് താമരശ്ശേരി ആനപ്പാറപ്പൊയില്‍ സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ നടപടികള്‍ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കി. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള നടപടികളാണ് നടത്തി വരുന്നത്. ജലാശയങ്ങളില്‍ ഉള്‍പ്പെടെ കുളിക്കുന്നതില്‍ ജാഗ്രത വേണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ക്യാൻസർ ബോധവത്ക്കരണ സെമിനാറും, പാലിയേറ്റീവ് കുടുംബസംഗമവും, കർമ്മശ്രേഷ്ഠ പുരസ്‌കാര സമർപ്പണവും അവാർഡ് വിതരണവും സംഘടിപ്പിക്കുന്നു

ക്യാൻസർ ബോധവത്ക്കരണ സെമിനാറും, പാലിയേറ്റീവ് കുടുംബസംഗമവും, കർമ്മശ്രേഷ്ഠ പുരസ്‌കാര സമർപ്പണവും അവാർഡ് വിതരണവും സംഘടിപ്പിക്കുന്നു

ചൈതന്യ റെസിഡൻസ് അസോസിയേഷന്റെയും ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ ചിറയിൻകീഴ് ബ്രാഞ്ചിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള ക്യാൻസർ – പാലിയേറ്റിവ് കെയർ കുടുംബസംഗമം ‘രോഗരഹിത ഭവനം’ പദ്ധതി പ്രകാരം ക്യാൻസർ ബോധവത്ക്കരണ സെമിനാറും, പാലിയേറ്റീവ് കുടുംബസംഗമവും, കർമ്മശ്രേഷ്ഠ പുരസ്‌കാര സമർപ്പണവും അവാർഡ് വിതരണവും സംഘടിപ്പിക്കുന്നു.

കിഴുവിലം ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള ക്യാൻസർ – പാലിയേറ്റീവ് കെയർ കുടുംബാംഗങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ്, ബഡ്ഷീറ്റുകൾ, വീൽചെയർ, വാക്കർ, സ്റ്റിക്ക്, വാട്ടർ ബെഡ് എന്നിവയുടെ വിതരണം 2025 ആഗസ്റ്റ് 24 ഞായറാഴ്‌ച രാവിലെ 10 ന് മാമം, ജി.വി.ആർ.എം.യു.പി.എസ്. അങ്കണത്തിൽ നടത്തും. അഡ്വ. അടൂർ പ്രകാശ് എം പി, മുൻ ആലത്തൂർ എം പി കുമാരി രമ്യ ഹരിദാസ്, തിരുവനന്തപുരം വിജിൻസ്‌ & ആന്റി കറപ്‌ഷൻ ബ്യുറോ അഡിഷണൽ എസ് പി ബി. അനിൽകുമാർ എന്നിവരുടെ മഹനീയ സാന്നിധ്യവുമുണ്ടാകും.

ആഗസ്റ്റ് 31 ഞായറാഴ്ച ജി വി ആർ എം യു പി എസ് അങ്കണത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തും. ശ്വാസകോശ രോഗനിർണ്ണയം, അസ്ഥിരോഗ രോഗനിർണ്ണയം, സർജിക്കൽ രോഗ നിർണ്ണയം എന്നീ വിഭാഗങ്ങളിലാകും ക്യാമ്പ് നടക്കുക.

എം എ ലത്തീഫ്, ലയൺസ് എൽ രവീന്ദ്രൻ നായർ ആറ്റിങ്ങൽ, സന്തോഷ് വി ജെ ആറ്റിങ്ങൽ, ഡോ. ജിതിൻ ജെ, എ. എസ് ശ്രീകണ്ഠൻ, ഡോ. ജുബി രാജസേനൻ, അഡ്വ. ആർ ശ്രീകണ്ഠൻ നായർ തുടങ്ങിയവർ പങ്കെടുക്കും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് വീതം ശ്വാസകോശ രോഗനിർണയ ക്യാമ്പിലും അസ്ഥിരോഗ നിർണയക്യാമ്പിലും സർജിക്കൽ രോഗ നിർണയക്യാമ്പിലും പങ്കെടുക്കാവുന്നതാണ്.

എന്നിവ

“നിനവോണം” ഓണപ്പാട്ട് പ്രകാശനം ചെയ്തു

“നിനവോണം” ഓണപ്പാട്ട് പ്രകാശനം ചെയ്തു

ആരാമം പ്രൊഡക്ഷൻസിൻറെ ബാനറിൽ അനൂപ് കടമ്പാട്ട് നിർമ്മിച്ച് അഭിലാഷ് കെ ആശ്രാമം രചനയും സംഗീതവും സംവിധാനവും നിർവഹിച്ച “നിനവോണം” ഓണപ്പാട്ട് കൊല്ലം പ്രസ്സ് ക്ലബിൽ വച്ച് പ്രകാശനം ചെയ്തു. ക്യാമറ അലങ്കാർ കൊല്ലം, കല ബിനോവ്, എഡിറ്റിംഗ് ശരവൺ, റയാൻ ടെറ്റസ്. ചടങ്ങിൽ മലയാള മനോരമ സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത്, സുമിത്ത്, ബിന്ദുബാബു ഡോ.എം എസ് നൗഫൽ, എൻ.എം പിള്ള (റേഡിയോ സാന്ത്വനം 90.4 എഫ്.എം) തുടങ്ങിയവർ പങ്കെടുത്തു.

https://youtu.be/GgSxPvctXj4?si=qzbqjl9uZzeBQGV1

ഓപ്പണ്‍ എഐ ഇന്ത്യയിലേക്ക്, ഈ വര്‍ഷാവസാനം ഓഫീസ് തുറക്കുമെന്ന് പ്രഖ്യാപനം; നിയമനം തുടങ്ങി

ഓപ്പണ്‍ എഐ ഇന്ത്യയിലേക്ക്, ഈ വര്‍ഷാവസാനം ഓഫീസ് തുറക്കുമെന്ന് പ്രഖ്യാപനം; നിയമനം തുടങ്ങി

ഡല്‍ഹി: ഭാഷാ മോഡലായ ചാറ്റ് ജിപിടി വികസിപ്പിച്ച പ്രമുഖ കമ്പനിയായ ഓപ്പണ്‍ എഐ ഇന്ത്യയില്‍ ഓഫീസ് തുടങ്ങുന്നു. ഈ വര്‍ഷം അവസാനം ന്യൂഡല്‍ഹിയില്‍ തങ്ങളുടെ ആദ്യ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഓപ്പണ്‍എഐ പ്രഖ്യാപിച്ചു.

കമ്പനിയുടെ ആഗോള വികാസത്തിലെ ഒരു പ്രധാന ചുവടുവയ്പ്പായാണ് ഇതിനെ കാണുന്നതെന്ന് കമ്പനി അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യയുടേത്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ആദ്യത്തെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുമെന്നും ഓപ്പണ്‍ എഐ അറിയിച്ചു.

‘ഞങ്ങളുടെ ആദ്യ ഓഫീസ് തുറക്കുന്നതും ഒരു പ്രാദേശിക ടീമിനെ കെട്ടിപ്പടുക്കുന്നതും രാജ്യത്തുടനീളം വിപുലമായ എഐ കൂടുതല്‍ ആക്സസ് ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയിലെ ഒരു സുപ്രധാന ചുവടുവെയ്പ്പാണ്.ഇന്ത്യയ്ക്ക് വേണ്ടിയും ഇന്ത്യയുമായി ചേര്‍ന്നും എഐ വികസിപ്പിക്കുകയാണ് ലക്ഷ്യം. സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പോകുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്. കമ്പനിയുടെ ഉല്‍പ്പന്നം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലാണ് ഇപ്പോള്‍ കൂടുല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്’-ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യ എഐ മിഷനുള്ള ഓപ്പണ്‍എഐയുടെ പിന്തുണയുടെ ഭാഗമായാണ് പ്രാദേശിക ഓഫീസ് തുറക്കുന്നത്. ഇത് ഇതിനകം തന്നെ അതിന്റെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഡെവലപ്പര്‍മാര്‍, പ്രൊഫഷണലുകള്‍ എന്നിവരെ മികച്ച രീതിയില്‍ സേവിക്കാന്‍ കമ്പനിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പുതിയ സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമനം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

യുഎസ് കഴിഞ്ഞാല്‍ ചാറ്റ്ജിപിടിയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യങ്ങളില്‍ ഒന്നായാണ് ഇന്ത്യയെ കാണുന്നത്. ഇന്ത്യയില്‍ ആദ്യത്തെ ഓഫീസ് തുറക്കാനുള്ള ഓപ്പണ്‍എഐയുടെ പ്രഖ്യാപനത്തെ കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്തു.

‘നിമിഷപ്രിയയെ രണ്ടു ദിവസത്തിനകം തൂക്കിലേറ്റും’, കെഎ പോള്‍ സുപ്രീം കോടതിയില്‍, മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യം

‘നിമിഷപ്രിയയെ രണ്ടു ദിവസത്തിനകം തൂക്കിലേറ്റും’, കെഎ പോള്‍ സുപ്രീം കോടതിയില്‍, മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യം

ഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 24 നോ 25 നോ ഉണ്ടായേക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍. സുപ്രീംകോടതിയിലാണ് പോള്‍ ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയ കേസില്‍ മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് കെ എ പോള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നിമിഷപ്രിയയുടെ കേസുമായി ബന്ധപ്പെട്ട് യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനാല്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ വിലക്കണം. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും വിലക്കണം. മൂന്നു ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിമിഷപ്രിയയുടെ ആവശ്യപ്രകാരമാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും കെ എ പോള്‍ കോടതിയില്‍ നേരിട്ട് ഹാജരായി ആവശ്യപ്പെട്ടു.

ആക്ഷൻ കൗൺസിൽ അഭിഭാഷകനായ സുഭാഷ് ചന്ദ്രനെയും കാന്തപുരം അബൂബക്കര്‍ മുസ്ലിയാറിനെയും പ്രതികരണങ്ങളിൽ നിന്നും വിലക്കണമെന്നും പോൾ ആവശ്യപ്പെടുന്നു. സുഭാഷ് ചന്ദ്രനും അദ്ദേഹത്തിന്റെ കൂട്ടാളികളും, കാന്തപുരം പോലുള്ള വ്യക്തികളും ഞങ്ങള്‍ പണം നല്‍കിയെന്ന് പറയുന്നു. ഞങ്ങള്‍ ചര്‍ച്ച നടത്തിയെന്നും പറയുന്നു. എന്നാല്‍ അവരെ താന്‍ ഒരിക്കലും കണ്ടിട്ടില്ല. അവരുമായി തനിക്ക് ഒരു ബന്ധവുമില്ല, അവരില്‍ നിന്ന് ഒരു ഡോളര്‍ പോലും ലഭിച്ചിട്ടില്ലെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന് മുമ്പാകെ കെ എ പോള്‍ അറിയിച്ചു.

ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി അറ്റോര്‍ണി ജനറലിന് നോട്ടീസ് അയച്ചു. 25ന് കേസ് കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. അന്നുതന്നെ ഉത്തരവ് നല്‍കാമെന്നും കോടതി വ്യക്തമാക്കി. നിമിഷപ്രിയയുടെ മോചനദ്രവ്യത്തിനെന്ന പേരില്‍ വ്യാജപണപ്പിരിവ് നടത്തുന്നു എന്നാരോപിച്ച് ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെഎ പോളിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പോളിന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക ഇന്ത്യന്‍ ഗവണ്‍മെന്റ് ആരംഭിച്ച വിദേശ കാര്യമന്ത്രാലയത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് കാണിച്ച് പോസ്റ്റ് വന്നിരുന്നു.

തുടർന്ന് യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സായ നിമിഷ പ്രിയയ്ക്കായി സാമ്പത്തിക സംഭാവകള്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വ്യാജമാണെന്ന് വിദേശ കാര്യമന്ത്രാലം വ്യക്തമാക്കിയിരുന്നു. മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് ടീമിന്റെ എക്‌സ് ഹാന്‍ഡിലില്‍ കെ എ പോൾ പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നു.

മുതലമടയില്‍ ആദിവാസിയെ ആറ് ദിവസം പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി, 55 കാരന്‍ ചികിത്സയില്‍

മുതലമടയില്‍ ആദിവാസിയെ ആറ് ദിവസം പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി, 55 കാരന്‍ ചികിത്സയില്‍

പാലക്കാട്: പാലക്കാട് മുതലമടയിൽ 55 കാരനായ ആദിവാസി മധ്യവയസ്കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. മുതലമട മുച്ചക്കുണ്ട് ചമ്പംകുഴിയില്‍ താമസിക്കുന്ന വെള്ളയ്യന്‍ എന്ന 55 കാരനാണ് അതിക്രമത്തിന് ഇരയായത്. ഊര്‍ക്കുള വന മേഖലയിലെ ഫാം സ്റ്റേയിലെ ഉടമയാണ് മര്‍ദിച്ചതും പൂട്ടിയിട്ടതും എന്നാണ് പരാതി. മുറിയുടെ വാതില്‍ തകര്‍ത്ത് വെള്ളയ്യനെ മോചിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. അവശനിലയില്‍ കണ്ടെത്തിയ വെള്ളയ്യനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂലിപ്പണിക്കാരനാണ് വെള്ളയ്യന്‍. ഹോം സ്‌റ്റേയില്‍ തേങ്ങ പെറുക്കാന്‍ എത്തിയ വെള്ളയ്യന്‍ പറമ്പില്‍ വച്ച് മദ്യപിച്ചു എന്നാരോപിച്ച് ഫാംസ്റ്റേ ഉടമയുടെ നേതൃത്വത്തില്‍ വെള്ളയ്യനെ മര്‍ദിച്ചതും പൂട്ടിയിട്ടതും എന്നാണ് പരാതി. ആറ് ദിവസം വെള്ളയ്യനെ പൂട്ടിയിട്ടു എന്നാണ് ആക്ഷേപം.

ഫാം സ്റ്റേയിലെ മറ്റൊരു ജീവനക്കാരന്‍ പഞ്ചായത്ത് അംഗത്തെ അറിയിച്ചത് പ്രകാരമായിരുന്നു പൊലീസ് ഉള്‍പ്പെടെ എത്തി വെള്ളയ്യനെ മോചിപ്പിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ പൂട്ടിയിട്ട മുറിയുടെ വാതില്‍ തകര്‍ത്താണ് പൊലീസ് ഉദ്യോഗസ്ഥര്‍ അകത്ത് കയറിയത്.

അഞ്ച് ദിവസം ഒരു നേരം മാത്രമായിരുന്നു വെള്ളയ്യന്‍ ഭക്ഷണം നല്‍കിയിരുന്നത് എന്ന് പഞ്ചായത്തംഗം ആരോപിച്ചു. മൂത്രമൊഴിക്കാന്‍ പോലും പുറത്തുവിട്ടില്ല. കണ്ടെത്തുമ്പോള്‍ വെള്ളയ്യന്‍ ഏറെ അവശന്‍ ആയിരുന്നു എന്നും പഞ്ചായത്ത് അംഗം മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.