മുതലമടയില്‍ ആദിവാസിയെ ആറ് ദിവസം പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി, 55 കാരന്‍ ചികിത്സയില്‍

മുതലമടയില്‍ ആദിവാസിയെ ആറ് ദിവസം പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി, 55 കാരന്‍ ചികിത്സയില്‍

പാലക്കാട്: പാലക്കാട് മുതലമടയിൽ 55 കാരനായ ആദിവാസി മധ്യവയസ്കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. മുതലമട മുച്ചക്കുണ്ട് ചമ്പംകുഴിയില്‍ താമസിക്കുന്ന വെള്ളയ്യന്‍ എന്ന 55 കാരനാണ് അതിക്രമത്തിന് ഇരയായത്. ഊര്‍ക്കുള വന മേഖലയിലെ ഫാം സ്റ്റേയിലെ ഉടമയാണ് മര്‍ദിച്ചതും പൂട്ടിയിട്ടതും എന്നാണ് പരാതി. മുറിയുടെ വാതില്‍ തകര്‍ത്ത് വെള്ളയ്യനെ മോചിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. അവശനിലയില്‍ കണ്ടെത്തിയ വെള്ളയ്യനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂലിപ്പണിക്കാരനാണ് വെള്ളയ്യന്‍. ഹോം സ്‌റ്റേയില്‍ തേങ്ങ പെറുക്കാന്‍ എത്തിയ വെള്ളയ്യന്‍ പറമ്പില്‍ വച്ച് മദ്യപിച്ചു എന്നാരോപിച്ച് ഫാംസ്റ്റേ ഉടമയുടെ നേതൃത്വത്തില്‍ വെള്ളയ്യനെ മര്‍ദിച്ചതും പൂട്ടിയിട്ടതും എന്നാണ് പരാതി. ആറ് ദിവസം വെള്ളയ്യനെ പൂട്ടിയിട്ടു എന്നാണ് ആക്ഷേപം.

ഫാം സ്റ്റേയിലെ മറ്റൊരു ജീവനക്കാരന്‍ പഞ്ചായത്ത് അംഗത്തെ അറിയിച്ചത് പ്രകാരമായിരുന്നു പൊലീസ് ഉള്‍പ്പെടെ എത്തി വെള്ളയ്യനെ മോചിപ്പിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ പൂട്ടിയിട്ട മുറിയുടെ വാതില്‍ തകര്‍ത്താണ് പൊലീസ് ഉദ്യോഗസ്ഥര്‍ അകത്ത് കയറിയത്.

അഞ്ച് ദിവസം ഒരു നേരം മാത്രമായിരുന്നു വെള്ളയ്യന്‍ ഭക്ഷണം നല്‍കിയിരുന്നത് എന്ന് പഞ്ചായത്തംഗം ആരോപിച്ചു. മൂത്രമൊഴിക്കാന്‍ പോലും പുറത്തുവിട്ടില്ല. കണ്ടെത്തുമ്പോള്‍ വെള്ളയ്യന്‍ ഏറെ അവശന്‍ ആയിരുന്നു എന്നും പഞ്ചായത്ത് അംഗം മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.

‘അമ്മയെ ഓച്ചിറയിലോ ഗുരുവായൂരോ കൊണ്ടുപോയി കളയണമെന്ന് ഭർത്താവ്, സഹിക്കാനായില്ല’; വീട് വിട്ട് നടി ലൗലി

‘അമ്മയെ ഓച്ചിറയിലോ ഗുരുവായൂരോ കൊണ്ടുപോയി കളയണമെന്ന് ഭർത്താവ്, സഹിക്കാനായില്ല’; വീട് വിട്ട് നടി ലൗലി

അമ്മയ്ക്ക് വേണ്ടി കുടുംബത്തെ ഉപേക്ഷിച്ച് ​ഗാന്ധിഭവനിൽ കഴിയുകയാണ് നടി ലൗലി ബാബു ഇപ്പോൾ. വാർധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുകൾ നേരിടുന്ന അമ്മയ്ക്കൊപ്പം പത്തനാപുരം ​ഗാന്ധിഭവനിലാണ് ലൗലി താമസിക്കുന്നത്. അമ്മയെ ഉപേക്ഷിക്കണമെന്ന് ഭർത്താവ് വരെ തന്നോട് ആവശ്യപ്പെട്ടുവെന്നും പത്തനാപുരം ഗാന്ധി ഭവൻ വൈസ് ചെയർമാൻ അമൽ പങ്കുവച്ച വിഡിയോയിൽ ലൗലി പറയുന്നു.

ദ് ​ഗിഫ്റ്റ് ഓഫ് ​ഗോഡ്, ഭാ​ഗ്യദേവത, മേരിക്കുണ്ടൊരു കുഞ്ഞാട്, തന്മാത്ര, പ്രണയം, നാലു പെണ്ണുങ്ങൾ, വെനീസിലെ വ്യാപാരി തുടങ്ങി നിരവധി സിനിമകളിൽ ലൗലി അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമേ നാടകത്തിലും സീരിയയിലും സജീവമായിരുന്നു ലൗലി. സ്വന്തം വീട്ടിൽ ഭർത്താവിനും മക്കൾക്കും അമ്മ ഒരു ഭാരമാണെന്ന് തോന്നിയപ്പോൾ അഭിനയ ജീവിതം ഉപേക്ഷിച്ച് അമ്മയ്ക്കൊപ്പം ​ഗാന്ധിഭവനിൽ അഭയം തേടുകയായിരുന്നു ലൗലിയും.

ലൗലിയുടെ വാക്കുകൾ…

‘92 വയസുണ്ട് അമ്മയ്ക്ക്. കാലം മാറിയപ്പോൾ മക്കൾ മാറി. അമ്മയ്ക്ക് ആ പഴയ സ്ത്രീയാകാനേ കഴിഞ്ഞുള്ളു. ആണും പെണ്ണുമായി ഞാൻ ഒറ്റ മോളാണ്. അമ്മയ്ക്ക് പ്രതീക്ഷ ഉണ്ടാവില്ലേ? ഇത് വലിയ ബുദ്ധിമുട്ടാണ്. ഇതിനെ ഓച്ചിറയിലോ ഗുരുവായൂരിലോ കൊണ്ടുപോയി കളയണമെന്ന് ഭർത്താവ് വരെ എന്നോട് പറഞ്ഞു. അതെനിക്കു വലിയ സങ്കടമായി.

അന്നു മുതൽ ഞാൻ അമ്മയെ എവിടെയെങ്കിലും കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അങ്ങനെ കൊണ്ടു പോയാൽ അമ്മ ഒറ്റയ്ക്കാവില്ലേ? അമ്മയ്ക്ക് മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. പിന്നെ ഞാൻ ആലോചിച്ചു.

ഞാൻ കൂടെ പോയാൽ അമ്മയ്ക്ക് സന്തോഷമാകും. നമുക്ക് എങ്ങോട്ടെങ്കിലും പോകാമെന്ന് ഞാൻ അമ്മയോടു പറഞ്ഞു. അപ്പോൾ നീ എന്റെ കൂടെയുണ്ടെങ്കിൽ ഞാൻ എവിടെ വേണമെങ്കിലും വരാമെന്ന് അമ്മ പറഞ്ഞു. മക്കൾ രണ്ടു പേരും കൂടി ഇവിടെ വന്നു. അവർ അമ്മയെ കാണാതെ പോയി. മക്കളെ വളർത്തി. കൊച്ചുമക്കളെ പൊന്നുപോലെ വളർത്തി.

അവർ ഇവിടെ വന്ന് അമ്മയെ കാണാതെ പോയത് എനിക്ക് സഹിക്കാനായില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവരെന്ത്യേ എന്ന് അമ്മ ചോദിച്ചു. അവർ വരുമെന്നോർത്ത് വൈകുന്നേരം വരെ അമ്മ നോക്കിയിരുന്നു. പക്ഷേ, അവർ വന്നില്ല. വാർധക്യം ഒരവസ്ഥയാണ്. അമ്മയെ നോക്കാൻ ഞാനുണ്ട്. എന്നെ നോക്കാൻ ആരുണ്ടാകും എന്നു ചോദിക്കുന്നവരോട് ഗാന്ധി ഭവനുണ്ടാകുമെന്ന വിശ്വാസമാണുള്ളത്.’

തെരുവുനായകളെ ഷെല്‍ട്ടറുകളില്‍ അടയ്ക്കാനുള്ള ഉത്തരവിന് സ്റ്റേ; ദേശീയ നയം വേണമെന്ന് സുപ്രീംകോടതി

തെരുവുനായകളെ ഷെല്‍ട്ടറുകളില്‍ അടയ്ക്കാനുള്ള ഉത്തരവിന് സ്റ്റേ; ദേശീയ നയം വേണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഡല്‍ഹിയിലെ തെരുവുനായ വിഷയത്തില്‍ സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് തിരുത്തി മൂന്നംഗ ബെഞ്ച്. ഡല്‍ഹിയിലെ മുഴുന്‍ തെരുവുനായകളെയും പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള വിധി കോടതി സ്‌റ്റേ ചെയ്തു. തെരുവുനായകള്‍ക്ക് പ്രതിരോധ കുത്തിവെപ്പും വന്ധ്യംകരണവും നടത്തി പിടികൂടിയ അതേ സ്ഥലത്ത് തിരികെ വിടണം. അക്രമകാരികളും പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതുമായ നായകളെ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിച്ചത്. തെരുവുനായകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം നല്‍കരുത്. അവയ്ക്ക് ഭക്ഷണം നല്‍കാന്‍ പ്രത്യേകം സ്ഥലം ഒരുക്കണം. എബിസി നിയമങ്ങള്‍ അനുസരിച്ച് നായ്ക്കളെ കൊണ്ടുപോകുന്നതില്‍ നിന്ന് മുനിസിപ്പല്‍ അധികാരികളെ ഒരു വ്യക്തിയോ സംഘടനയോ തടയരുതെന്ന ഓഗസ്റ്റ് 11 ലെ ഉത്തരവിലെ നിര്‍ദ്ദേശം സുപ്രീം കോടതി ആവര്‍ത്തിച്ചു.

തെരുവുനായ വിഷയത്തില്‍ ദേശീയ തലത്തില്‍ നയം വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത് ഡല്‍ഹിയിലെ മാത്രം വിഷയമല്ല. പല സംസ്ഥാനങ്ങളിലും തെരുവുനായ വിഷയത്തില്‍ കേസുകളുണ്ട്. അതുകൊണ്ടു തന്നെ ഇക്കാര്യം ദേശീയ തലത്തില്‍ പരിഗണിക്കേണ്ടതുണ്ട്. കേസില്‍ എല്ലാ സംസ്ഥാനങ്ങളെയും കക്ഷിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും നോട്ടീസ് അയക്കും. വിവിധ ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന സമാനമായ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റുമെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കമെന്നായിരുന്നു ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരങ്ങടിയ ബെഞ്ച് ഓ​ഗസ്റ്റ് 11 ന് ഉത്തരവിട്ടിരുന്നത്. കോടതി ഉത്തരവിനെതിരെ സമൂഹത്തിലെ വിവിധവിഭാഗങ്ങളില്‍ നിന്ന് പ്രതികൂല പ്രതികരണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിഷയം പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ​ഗവായ് അറിയിച്ചത്. തുടർന്ന് വിഷയം പരി​ഗണിക്കാനായി മൂന്നം​ഗ ബെഞ്ച് രൂപീകരിക്കുകയായിരുന്നു.

ഡല്‍ഹിയില്‍ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്നത് സംബന്ധിച്ച പത്രവാര്‍ത്ത അടിസ്ഥാനമാക്കി ജൂലായ് 28-ന് സ്വമേധയാ എടുത്ത കേസിലായിരുന്നു, തെരുവുനായകളെ എത്രയും വേ​ഗം പിടികൂടി ഷെൽട്ടറുകളിൽ അടയ്ക്കാൻ ജസ്റ്റിസ് പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധിച്ചത്. ഇതിനായി എത്രയുംവേഗം നടപടികളാരംഭിക്കണമെന്ന് ഡല്‍ഹിയിലെയും സമീപമേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാണ) എന്നിവിടങ്ങളിലെയും അധികൃതരോട് കോടതി ആവശ്യപ്പെട്ടു. ആരെങ്കിലും തടസ്സംനിന്നാല്‍ കര്‍ശനനടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു.

കെ ഫോണില്‍ 29 ഒടിടിയും 350ലധികം ഡിജിറ്റല്‍ ചാനലുകളും; അറിയാം വിവിധ പാക്കേജുകൾ

കെ ഫോണില്‍ 29 ഒടിടിയും 350ലധികം ഡിജിറ്റല്‍ ചാനലുകളും; അറിയാം വിവിധ പാക്കേജുകൾ

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ ‘കെ ഫോണ്‍’ 29 ഒടിടി പ്ലാറ്റ്‌ഫോമും 350ലധികം ഡിജിറ്റല്‍ ടിവി ചാനലുമടങ്ങുന്ന സേവനത്തിന് തുടക്കമിട്ടു. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒടിടി പ്ലാറ്റ്‌ഫോം നാടിന് സമര്‍പ്പിച്ചു. ആമസോണ്‍ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹംഗാമ ടിവി, പ്ലേ ബോക്സ് ടിവി തുടങ്ങിയ ഒടിടികള്‍ കെ ഫോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

കെഫോണിലെ ഒടിടി പാക്കേജ് മാസ നിരക്കുകള്‍:

444 രൂപ- 4500 ജിബി ഡാറ്റ, 45 എംബിപിഎസ് ഇന്റര്‍നെറ്റ്, 23 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. മൂന്നു മാസത്തേക്ക് 1265 രൂപ, ആറ് മാസത്തേക്ക്2398 രൂപ, ഒരു വര്‍ഷം 4529 രൂപ

599 രൂപ- 26 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍, 55 എംബിപിഎസ് വേഗം, 4500 ജിബി ഇന്റര്‍നെറ്റ്. മൂന്ന് മാസം 1707 രൂപ, ആറ് മാസം 3235 രൂപ, ഒരു വര്‍ഷം 6110 രൂപ

799 രൂപ- 26 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. വേഗം 105 എംബിപിഎസ്, 4500 ജിബി ഡാറ്റ. മൂന്ന് മാസം 2277 രൂപ, ആറ് മാസം 4315 രൂപ, ഒരു വര്‍ഷം 8150 രൂപ

899 രൂപ- 65 എംബിപിഎസ് വേഗം. 4500 ജിബി ഇന്റര്‍നെറ്റ്, 29 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. മൂന്ന് മാസം 2562 രൂപ, ആറ് മാസം 4855 രൂപ, ഒരു വര്‍ഷം 9170 രൂപ

999 രൂപ- 155 എംബിപിഎസ് വേഗത, 4500 ജിബി ഇന്റര്‍നെറ്റ്. 29 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. മൂന്ന് മാസം 2847 രൂപ, ആറു മാസം 5395 രൂപ, ഒരു വര്‍ഷം 10190 രൂപ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ 47കാരന് രോഗബാധ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ 47കാരന് രോഗബാധ

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47 കാരനാണ് രോഗം സ്ഥീരീകരിച്ചത്. കടുത്ത പനി അടക്കമുള്ള രോഗലക്ഷണങ്ങളോടെ ഇയാള്‍ കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ നടത്തിയ സിഎസ്എഫ് പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ സഹോദരനായ എഴു വയസ്സുള്ള കുട്ടി അടക്കം നാലുപേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്നത്. മലപ്പുറം സ്വദേശിയായ യുവിവിനും കൂടി രോഗം സ്ഥീരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം അഞ്ചായി. ഇതില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടുന്നു. ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുട്ടിയും 11 വയസ്സുകാരിയും വെന്റിലേറ്ററിലാണുള്ളത്.

വ്യാഴാഴ്ചയാണ് താമരശ്ശേരി ആനപ്പാറപ്പൊയില്‍ സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ നടപടികള്‍ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി. തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള നടപടികളാണ് നടത്തി വരുന്നത്. ജലാശയങ്ങളില്‍ ഉള്‍പ്പെടെ കുളിക്കുന്നതില്‍ ജാഗ്രത വേണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

വിവാഹാലോചന നിരസിച്ചതില്‍ പ്രതികാരം, പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചു, മൂന്ന് പേര്‍ പിടിയില്‍

വിവാഹാലോചന നിരസിച്ചതില്‍ പ്രതികാരം, പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചു, മൂന്ന് പേര്‍ പിടിയില്‍

പാലക്കാട്: വിവാഹാലോചന നിരസിച്ചതിന്റെ പ്രതികാരമായി പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും വീടുകള്‍ ആക്രമിച്ച സംഭവത്തില്‍ മൂന്നംഗ സംഘം പിടിയില്‍. ഒറ്റപ്പാലം അനങ്ങനടി പാവുക്കോണത്താണ് സംഭവം. തൃക്കടീരി ആറ്റാശ്ശേരി പടിഞ്ഞാറക്കര വീട്ടില്‍ മുഹമ്മദ് ഫാസില്‍ (20), കുറ്റിക്കോട് കോടിയില്‍ വീട്ടില്‍ മുഹമ്മദ് ഫവാസ് (21), വീരമംഗലം ചക്കാലക്കുന്നത്ത് വീട്ടില്‍ മുഹമ്മദ് സാദിഖ് (20) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു പാവുകോണത്ത് യുവാക്കള്‍ ആക്രമണം അഴിച്ചുവിട്ടത്. വിവാഹം ആലോചിച്ച പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും വീടുകൾക്ക് നേരെ ആയിരുന്നു ആയുധങ്ങളുമായെത്തിയ യുവാക്കളുടെ ആക്രമണം. വീടുകളിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ബന്ധുവിനെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് പരാതി. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തതായും പരാതിയില്‍ പറയുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.