by Midhun HP News | Mar 4, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയെയും രൂക്ഷമായി ബാധിക്കുന്നു. വിപണിയില്‍ കനത്ത തകര്‍ച്ചയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സും നിഫ്റ്റിയും കനത്ത ഇടിവ് നേരിട്ടു. 2.1 ശതമാനം ഇടിവാണ് സെന്‍സെക്സ് രേഖപ്പെടുത്തിയത്. 1,600 പോയന്റിലേറെയാണ് ഇന്ന് കുറഞ്ഞത്. നിഫ്റ്റി രണ്ട് ശതമാനം ഇടിഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, ഓട്ടോമൊബൈല്‍ മേഖലകളാണ് വലിയ തിരിച്ചടി നേരിട്ടത്. ആഗോള വിപണികളിലെ അനിശ്ചിതത്വം, ക്രൂഡ് ഓയില്‍ വില ബാരലിന് 82 ഡോളറിലെത്തിയതും വിപണിയെ സ്വാധീനിച്ചു.
ആഗോള വിപണയിലും സമാനമായ തകര്‍ച്ചയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ജപ്പാനിലെ ടോപിക്സ് സൂചിക നാല് ശതമാനത്തിലധികം ഇടിഞ്ഞു. ഹോങ്കോങ്ങ് ഹാങ്സെങ് രണ്ട് ശതമാനത്തിലധികം താഴ്ന്നു. കഴിഞ്ഞ വ്യാപാര ദിനത്തില്‍ അമേരിക്കന്‍ വിപണികളായ ഡോ ജോണ്‍സ്, എസ് ആന്റ് പി 500, നാസ്ഡാക് എന്നിവയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
രൂപയുടെ മൂല്യത്തില്‍ ഇന്ന് റെക്കോര്‍ഡ് ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 69 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 92.18 രൂപ എന്ന നിലയിലെത്തി. സംസ്ഥാനത്ത് സ്വര്‍ണവിലയിലും വലിയ ഇടിവ് രേഖപ്പെടുത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ എണ്ണ വിലയില്‍ ഉണ്ടാകുന്ന ഉയര്‍ച്ച വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ ഇറക്കുതി ചെലവില്‍ ഉണ്ടാകുന്ന വര്‍ധന വ്യാപാര കമ്മിയെയും ബാധിച്ചേക്കും.


by Midhun HP News | Mar 4, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളി നിയമവിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍. വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകള്‍ ജിനു(21)വാണ് മരിച്ചത്. ചെന്നൈ അംബേദ്കര്‍ ലോ കോളജിലെ നാലാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. കോട്ടൂര്‍പുരം ഗാന്ധിമണ്ഡപം റോഡില്‍ അണ്ണാ സര്‍വകലാശാലയുടെ ഔട്ടര്‍ ഗേറ്റിനുസമീപം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം.
ജിനുവും സഹപാഠികളായ പ്രിയ(21), ജഗദീപ്(21), ആര്‍ത്തിപ്(21) എന്നിവരും കോളജിലെ പരിപാടിയില്‍ പങ്കെടുത്ത അതിഥിയെ നുങ്കമ്പാക്കത്തെ വീട്ടില്‍ കൊണ്ടുവിട്ട് കോളജിലേക്ക് തിരിച്ചുവരുകയായിരുന്നു. അണ്ണാ സര്‍വകലാശാലയ്ക്ക് സമീപമെത്തിയപ്പോള്‍ മുന്നില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാര്‍ പെട്ടെന്ന് യൂ ടേണ്‍ എടുത്ത് തൊട്ടു പിന്നിലുണ്ടായിരുന്ന നിയമവിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ജിനു തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മുന്നില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ വെങ്കിടേശി(35)നും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ റോയപ്പേട്ട ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിനുവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് രാവിലെ 10-ന് തിരുവല്വാമല ഐവര്‍മഠം ശ്മശാനത്തില്‍. സഹോദരന്‍: ജിബിന്‍.


by Midhun HP News | Mar 4, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. സുഹൃത്തിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കാവൂർ പെരുങ്കുളം കുഴിവിള വീട്ടിൽ സുജിത്ത് എന്ന 32 വയസ്സുകാരനാണ് ദാരുണമായി മരണപ്പെട്ടത്.
സുജിത്തും സുഹൃത്തും കൂടി ബൈക്കിൽ ചിറയിൻകീഴിൽ നിന്നും ആറ്റിങ്ങലിലേക്ക് വരുന്ന വഴിക്ക്
ബൈപ്പാസ് നിർമ്മാണം നടക്കുന്ന മേഖലയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബൈപ്പാസിന്റെ ഭിത്തിയിൽ ഇടിച്ചുകയറുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും സുജിത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുജിത്തിനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ദയവായി ഇരുചക്രവാഹനങ്ങൾ വേഗത കുറച്ച് വളരെ സൂക്ഷിച്ച് മാത്രം ഓടിക്കുക.


by Midhun HP News | Mar 4, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയ ഭക്തരില്‍ നിന്ന് പാര്‍ക്കിങ്ങിന്റെ പേരില്‍ അനധികൃത പിരിവ് നടത്തിയ രണ്ട് പേര്‍ പിടിയില്‍. എസ് എം വി ഗവണ്‍മെന്റ് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഉള്‍പ്പടെ രണ്ട് പേരാണ് പിടിയിലായത്. ഒരു കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി 400 രൂപയാണ് ഇവര്‍ ഭക്തരില്‍ നിന്ന് വാങ്ങിയത്. പി ടി എ വികസന ഫണ്ടിന്റെ റസീത് ആണ് വാഹന ഉടമകള്‍ക്ക് നല്‍കിയത്.
സംഭവത്തില്‍ പിടിഎ പ്രസിഡന്റ് കര്‍ണന്‍, ഭാരവാഹി ഹാഷിം എന്നിവര്‍ക്കെതിരെ കേസെടുത്തു. തമ്പാനൂര്‍ പൊലീസ് ആണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ കരുതല്‍ അറസ്റ്റിലാക്കി. പൊങ്കാലയോടനുബന്ധിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും പിരിവ് നടത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. അനധികൃത പിരിവിന്റെ പേരില്‍ നിരവധി പരാതികള്‍ കിട്ടിയെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം കോര്‍പറേഷനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഐരാണിമുട്ടത്ത് താല്‍ക്കാലികമായി തട്ടിക്കൂട്ടിയ സ്വകാര്യ പാര്‍ക്കിങ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മേയര്‍ വി വി രാജേഷ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരുന്നു. തുടര്‍ന്ന് അനുവദനീയ നിരക്ക് മാത്രമേ ഈടാക്കൂ എന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനാനുമതി നല്‍കി. സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് നേടണം എന്നാണ് കോര്‍പറേഷന്‍ കൗണ്‍സില്‍ പാസാക്കിയ നിയമാവലിയിലെ പ്രധാന നിര്‍ദേശം. ഓരോ തരം വാഹനങ്ങളില്‍ നിന്ന് ഈടാക്കേണ്ട നിരക്കും നിയമാവലിയിലുണ്ട്.


by Midhun HP News | Mar 4, 2026 | Latest News, കേരളം
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം മോഷണം പോയ കേസിലാണ് കോടതി പത്മകുമാറിന് ജാമ്യം നൽകിയത്.
സ്വർണ്ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ എ പത്മകുമാര്‍. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസില്‍ പത്മകുമാറിന് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതോടെയാണ് ദ്വാരപാലക ശില്‍പ കേസിലും ജാമ്യഹര്‍ജി നല്‍കിയത്. കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വര്‍ണക്കൊള്ള കേസില്‍ ഏഴു പ്രതികള്‍ക്കാണ് ഇതുവരെ ജാമ്യം ലഭിച്ചത്. ഇതില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കം അഞ്ചു പേര്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.


by Midhun HP News | Mar 4, 2026 | Latest News, കേരളം
കൊച്ചി: ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന ആക്രമണത്തെ തുടർന്ന് നിരവധി പേരാണ് വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നത്. ഒട്ടേറെ സിനിമാ താരങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. വ്യോമാക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നാണ് ആളുകൾ വലിയ പ്രതിസന്ധിയിലായത്. ഇക്കൂട്ടത്തിൽ മലയാളി നടി സ്വാസികയുമുണ്ടായിരുന്നു.
ഫെബ്രുവരി 28 ന് നാട്ടിലെത്തേണ്ട സ്വാസിക ഇന്ന് പുലർച്ചെയാണ് കൊച്ചിയിലെത്തിയത്. വലിയതോതിലുള്ള ആശങ്ക ഉണ്ടായിരുന്നില്ലെങ്കിലും മറ്റൊരു രാജ്യത്ത് നിന്നുള്ള വ്യക്തി എന്ന നിലയിലുള്ള ചെറിയ ഭയം ഉണ്ടായിരുന്നെന്ന് സ്വാസിക പ്രതികരിച്ചു. ഒറ്റയ്ക്കായിരുന്നു അബുദാബിയ്ക്ക് പോയത്. അതായിരുന്നു പ്രധാന കാരണം. എല്ലാവരും നന്നായി പിന്തുണച്ചു.
അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങാനായതിൽ സന്തോഷം. ഒരുപാടുപേർ ആ ആശ്വാസത്തിലാണെന്നും സ്വാസിക പറഞ്ഞു. “ഞാൻ അബുദാബിയിലായിരുന്നു. 28-ാം തീയതിയാണ് യഥാർത്ഥത്തിൽ നാട്ടിലെത്തേണ്ടിയിരുന്നത്. വലിയ ഭീകര സാഹചര്യമല്ലായിരുന്നു അവിടെ നേരിട്ടത്. യാത്ര ചെയ്യുമ്പോഴും ബുദ്ധിമുട്ട് നേരിട്ടില്ല.” – സ്വാസിക പറഞ്ഞു.


Recent Comments