by Midhun HP News | Feb 5, 2026 | Latest News, കേരളം
ആലപ്പുഴ: മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവ് അഡ്വ കിഷോര്‍ ബാബു ബിജെപിയിലേക്ക്. കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുന്നതായി കിഷോര്‍ ബാബു അറിയിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാജിക്കത്ത് നല്‍കി. കിഷോർ ബാബു രാജീവ് ചന്ദ്രശേഖറിൽ നിന്നും ബിജെപി അംഗത്വം സ്വീകരിക്കും.
കോണ്‍ഗ്രസിന്റെ എല്ലാ ചുമതലകളില്‍ നിന്നും രാജിവെക്കുന്നുവെന്ന് കിഷോര്‍ ബാബു അറിയിച്ചു. കെപിസിസി ഇന്‍ഡസ്ട്രീസ് സെല്‍ ചെയര്‍മാനായിരുന്നു അഡ്വ. കിഷോര്‍ ബാബു. കഴിഞ്ഞദിവസം വരെ കോണ്‍ഗ്രസ് പരിപാടികളില്‍ സജീവമായിരുന്ന കിഷോര്‍ ബാബു അപ്രതീക്ഷിതമായാണ് പാര്‍ട്ടി വിട്ടത്.
യൂത്ത് കോണ്‍ഗ്രസ്- കെഎസ്യു ആലപ്പുഴ ജില്ലാ നേതൃത്വത്തില്‍ ഉണ്ടായിരുന്ന നേതാവാണ് അഡ്വ. കിഷോര്‍ ബാബു. 2022ല്‍ കെ സുധാകരനാണ് ഇന്‍ഡസ്ട്രിയല്‍ സെല്‍ ചെയര്‍മാനായി നിയമിച്ചത്. കോൺഗ്രസ് പാർട്ടി വിടുന്നത് കെ സി വേണുഗോപാൽ കാരണമാണെന്നും, കഴിഞ്ഞ ആഴ്ച നടന്ന ഇൻഡസ്ട്രിയൽ കോൺക്ലേവിൽ വെച്ച് അപമാനിക്കപ്പെട്ടതായും അഡ്വ. കിഷോർ ബാബു പറഞ്ഞു.


by Midhun HP News | Feb 5, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില്‍ ആന തുമ്പിക്കൈ കൊണ്ട് അടിച്ച പാപ്പാന് ദാരുണാന്ത്യം. ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. കുളിപ്പിക്കുന്നതിനിടെ ആന തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു. ആനയുടെ ഒന്നാം പാപ്പാൻ ആണ് വിഷ്ണു. നെയ്യാർ ഡാം റിസർവെയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.


by Midhun HP News | Feb 5, 2026 | Latest News, ദേശീയ വാർത്ത
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി -UPSC) 2026 ലെ സിവിൽ സർവീസ് പരീക്ഷകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) എന്നിവയുൾപ്പെടെ വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസുകളിലേക്കുള്ള നിയമനം നടത്തുന്നതിനായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർകര്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക യുപിഎസ്‌സി പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 24 ആണ്.
ഐഎഎസ്, ഐപിഎസ്, ഐ എഫ് എസ്, ഐആർഎസ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ടന്റ്സ്, ഡൽഹി, ആൻഡമാൻ ആൻഡ് നിക്കോബാർ,ലക്ഷദ്വീപ്, ദാമൻല ദിയു, ദാദ്ര, നാഗർഹാവേലി സിവിൽ സർവീസസുകളായ ഗ്രൂപ്പ് ബി വിഭാഗത്തിൽപ്പെട്ട DANICS,DANIPS മറ്റ് കേന്ദ്ര സർവീസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സിവിൽ സർവീസസ് പരീക്ഷ (CSE) 2026
തസ്തിക: ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസുകൾ
സെൻട്രൽ സർവീസസ്ഗ്രൂപ്പ് എ: ഐഎഎസ് / ഐപിഎസ് / ഐഎഫ്എസ്, സെൻട്രൽ സർവീസസ് ഗ്രൂപ്പ് എ, ഐആർഎസ്, ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ്, ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ്, ഇന്ത്യൻ പോസ്റ്റൽ സർവീസ് മുതലായവ
സെൻട്രൽ സർവീസസ് ഗ്രൂപ്പ് ബി : ഡാനിക്സ് (DANICS) / ഡാനിപ്സ് (DANIPS )/ എഎഫ്എച്ച്ക്യു സിവിൽ സർവീസ് (AFHQ Civil Service) / പോണ്ടിക്സ് (PONDICS)
യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം
പ്രായപരിധി 21–32 വയസ്സ് (01-08-2026 അടിസ്ഥാനമാക്കി)
എസ് സി, എസ് ടി വിഭാഗത്തിന് : അഞ്ച് വർഷത്തെ ഇളവ്
ഒബിസി വിഭാഗത്തിന് : മൂന്ന് വർഷത്തെ ഇളവ്
പിഡബ്ല്യു ബി ഡി : 10 വർഷത്തെ ഇളവ്
അപേക്ഷാ ഫീസ്
ജനറൽ,ഒബിസി,ഇഡബ്ല്യു എസ് :100 രൂപ
എസ് സി, എസ് ടി,പിഡബ്ല്യു ബി ഡി സ്ത്രീകൾ : അപേക്ഷാ ഫീസ് ഇല്ല
പരീക്ഷാ ഘട്ടങ്ങൾ: പ്രിലിമിനറി, മെയിൻസ്, അഭിമുഖം
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 24 വൈകുന്നേരം ആറ് മണി


by Midhun HP News | Feb 5, 2026 | Latest News, ജില്ലാ വാർത്ത
ഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി ഇല്ലാതെ ലോക്‌സഭ പാസ്സാക്കി. ഇന്നലെ ലോക്‌സഭയില്‍ മറുപടി പ്രസംഗം നടത്താനാണ് മോദി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ ബഹളം മൂലം സഭ തടസ്സപ്പെട്ടിരുന്നു. അതിനാല്‍ പ്രധാനമന്ത്രി ലോക്‌സഭയിലേക്ക് എത്തിയിരുന്നില്ല.
ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം വിശദീകരിക്കുന്ന മുന്‍ കരസേനാ മേധാവി എംഎം നരവാനെയുടെ ഓര്‍മ്മക്കുറിപ്പ് ഉദ്ധരിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസംഗം സ്പീക്കര്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷ ബഹളം ഉണ്ടായത്. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ കടലാസ് വലിച്ചു കീറുകയും, നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുമായിരുന്നു. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ തടഞ്ഞത് കോണ്‍ഗ്രസിലെ കെ സി വേണുഗോപാല്‍ വീണ്ടും ലോക്‌സഭയില്‍ ഉന്നയിച്ചു. ഒരു പാര്‍ലമെന്ററി ജനാധിപത്യത്തില്‍, പ്രതിപക്ഷ നേതാവിന് സംസാരിക്കാനും ചര്‍ച്ച ആരംഭിക്കാനുമുള്ള അവകാശമുണ്ട്. എന്നാല്‍ ഈ സഭയില്‍ അതു നിഷേധിക്കുകയാണ്. ഇത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ഇന്ത്യ- യുഎസ് വ്യാപാര കരാറില്‍ ഇന്ത്യയിലെ കര്‍ഷകര്‍ വളരെയധികം ആശങ്കാകുലരാണ് എന്നതാണ് യഥാര്‍ത്ഥ വസ്തുത. ഈ കരാറില്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട് എന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ സ്പീക്കര്‍ ഓം ബിര്‍ല വിമര്‍ശിച്ചു. പ്രതിപക്ഷത്തിന്റെ പെരുമാറ്റം പാര്‍ലമെന്ററി മര്യാദകള്‍ക്ക് നിരക്കുന്നതല്ല. ഇത്തരം സാഹചര്യത്തില്‍ സഭ സുഗമമായി നടത്താനാവില്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷ ബഹളം തുടര്‍ന്നതിനെത്തുടര്‍ന്ന് ലോക്‌സഭ ഉച്ചവരെ പിരിഞ്ഞു.


by Midhun HP News | Feb 5, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് ജാഗ്രതാ സമിതി സംഘടിപ്പിക്കുന്ന സാമൂഹ്യ അവബോധ പരിപാടിയുടെ ഭാഗമായി കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ കുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു.
വുമൺ സെൽ തിരുവനന്തപുരം റൂറലിലെ എ.എസ്.ഐ മാരായ ബിജിലേഖ.വി,രാജി.എസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ.എസ്,അങ്കണവാടി അധ്യാപ്ക ആശ,കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്നീന എന്നിവർ സംസാരിച്ചു.


by Midhun HP News | Feb 5, 2026 | Latest News, ജില്ലാ വാർത്ത
ദീപക്കിന്റെ ആത്‍മഹത്യ, പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് 5 മണിവരെ പൊലീസ് കസ്റ്റഡിയിൽ തുടരും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.
ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക്ക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണ് എന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. കേസിൽ ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാൻ മാറ്റിയിരുന്നു.


Recent Comments