റോഡ് സുരക്ഷാ സംസ്‌കാരം ക്ലാസ് മുറികളില്‍ നിന്ന്; ‘റോഡ് സേഫ്റ്റി കേഡറ്റ്’ പദ്ധതിയുമായി സര്‍ക്കാര്‍

റോഡ് സുരക്ഷാ സംസ്‌കാരം ക്ലാസ് മുറികളില്‍ നിന്ന്; ‘റോഡ് സേഫ്റ്റി കേഡറ്റ്’ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: റോഡ് സുരക്ഷാ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പും മോട്ടോര്‍ വാഹന വകുപ്പും കൈകോര്‍ക്കുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മാതൃകയില്‍ ‘റോഡ് സേഫ്റ്റി കേഡറ്റ്’ പദ്ധതിയാണ് സംസ്ഥാനത്ത് ഒരുങ്ങുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം മാവേലിക്കരയില്‍ നടക്കും. പദ്ധതിയുടെ പൈലറ്റ് റണ്‍ മാവേലിക്കര താലൂക്കിലെ ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ സ്‌കൂളില്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇവിടെ പരിശീലനം പൂര്‍ത്തിയാക്കിയ 30 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടന ദിവസം നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കുഞ്ഞുങ്ങളിലൂടെ സുരക്ഷിതമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ ഈ പദ്ധതി വലിയൊരു മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു.

ക്ലാസ് മുറികളില്‍ നിന്നും റോഡ് സുരക്ഷാ സംസ്‌കാരം ആരംഭിക്കുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. വരാനിരിക്കുന്ന അദ്ധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പദ്ധതി സംസ്ഥാന വ്യാപകമാക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് മുന്‍ഗണന നല്‍കി ആദ്യഘട്ടത്തില്‍ ഓരോ വിദ്യാഭ്യാസ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട ഓരോ ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുക.

തുല്യ അനുപാതത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന 30 വിദ്യാര്‍ത്ഥികളായിരിക്കും ഒരു ബാച്ചില്‍ ഉണ്ടാവുക. 15 മണിക്കൂര്‍ പഠന ക്ലാസുകള്‍, 5 മണിക്കൂര്‍ പ്രവൃത്തിപരിചയം, 10 മണിക്കൂര്‍ ശാരീരിക പരിശീലനം എന്നിവ ഉള്‍പ്പെടുന്നതാണ് സിലബസ്. റോഡ് നിയമങ്ങള്‍ക്ക് പുറമെ, അഗ്‌നിശമന സേനയുമായി ചേര്‍ന്ന് ട്രോമാകെയര്‍, പ്രഥമ ശുശ്രൂഷ, ലഹരി വിരുദ്ധ പ്രവര്‍ത്തനം, നീന്തല്‍ എന്നിവയിലും കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കും. കെ.എസ്.ആര്‍.ടി.സി വര്‍ക്ക്‌ഷോപ്പുകള്‍ വഴി സാങ്കേതിക പ്രവൃത്തിപരിചയവും ഇവര്‍ക്ക് ലഭിക്കും.

സ്‌കൂള്‍ വാനുകളില്‍ സേഫ്റ്റി കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കാനും സ്‌കൂള്‍ പരിസരത്തെ ഗതാഗതം നിയന്ത്രിക്കാനും കേഡറ്റുകളെ വിനിയോഗിക്കും. കൂടാതെ, റോഡ് അപകടങ്ങളുടെ കാരണങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ എം.വി.ഡി ഉദ്യോഗസ്ഥരെ ഇവര്‍ സഹായിക്കും. ചുവപ്പില്‍ കറുപ്പും മഞ്ഞയും വരകളുള്ള ടീഷര്‍ട്ട്, കറുത്ത പാന്റ്‌സ്, ഷൂസ്, മെറൂണ്‍ ക്യാപ്പ് എന്നിവയാണ് കേഡറ്റുകളുടെ യൂണിഫോം. ഇതിനായി KRSA ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കൂടാതെ ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.

ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേക്ക്; കട്ടിളപ്പാളി കേസിലും ജാമ്യം

ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേക്ക്; കട്ടിളപ്പാളി കേസിലും ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസില്‍ കൊല്ലം വിജിലൻസ് കോടതി പോറ്റിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചു. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കവർന്ന കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജനുവരി 21 ന് ജാമ്യം ലഭിച്ചിരുന്നു.

അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടതി സ്വാഭാവിക ജാമ്യം നൽകിയത്. ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ജാമ്യം അനുവദിച്ചാൽ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. രണ്ടു കേസിലും ജാമ്യം ലഭിച്ചതോടെ ഉണ്ണികൃഷ്ണൻ പോറ്റി ഇന്നു തന്നെ പുറത്തിറങ്ങിയേക്കും.

സ്വര്‍ണക്കൊള്ളയില്‍ മൂന്ന് പ്രതികള്‍ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനും മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാല്‍ റിമാന്‍ഡിലായി 43-ാം ദിവസം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്.ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നല്‍കിയിരുന്നു.

ആലംകോട് നിയന്ത്രണം വിട്ട കാർ കടയിൽ ഇടിച്ചു കയറി ….

ആലംകോട് നിയന്ത്രണം വിട്ട കാർ കടയിൽ ഇടിച്ചു കയറി ….

ആലംകോട് നിയന്ത്രണം വിട്ട കാർ കടയിൽ ഇടിച്ചു കയറി. ഇന്നു പുലർച്ചെ ആണ് സംഭവം. ആലംകോട് മട്ടൻ സെന്ററിനു സമീപമുള്ള മൊബൈൽ കടയിലേയ്ക്ക് ആണ് വാഹനം ഇടിച്ചുകയറിയത്. മൊബൈൽ കട തകർന്നിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവറെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍, കൂടെയുണ്ടായിരുന്നയാള്‍ തൂങ്ങിമരിച്ചു

പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍, കൂടെയുണ്ടായിരുന്നയാള്‍ തൂങ്ങിമരിച്ചു

കണ്ണൂര്‍: പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണപുരം അയ്യോത്ത് സ്വദേശി കെവി സീമ(50)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ പി വിജയനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഇന്നലെ രാത്രിമുതല്‍ ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാട്ടൂലില്‍ യുപി സ്‌കൂളിന് സമീപത്താണ് വിജയനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ചയാണ് മരിച്ച സീമയും വിജയനും പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജില്‍ മുറിയെടുത്തത്. വൈകുന്നേരത്ത് മുറി പൂട്ടി വിജയന്‍ പുറത്തുപോവുകയും ചെയ്തു. ഇയാള്‍ മടങ്ങിയെത്താത്തിനെ തുടര്‍ന്ന് ലോഡ്ജ് അധികൃതര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീടാണ് സീമയെ മരിച്ച നിലയില്‍ കണ്ടൈത്തിയത്. നേരത്തെയും ഇരുവരും ഈ ലോഡ്ജില്‍ മുറിയെടുത്തിരുന്നുവെന്ന് ലോഡ്ജ് അധികൃതര്‍ പൊലീസിനോട് പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ സീമയുടെ മരണങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂവെന്ന് പൊലീസ് പറഞ്ഞു. സീമയുടെ മൃതദ്ദേഹം ഇന്‍ക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സീമയും വിജയനും നേരത്തെ സൗഹൃദമുണ്ടായിരുന്നുവെന്നാണ് പൊലിസിന് ലഭിച്ച വിവരം. വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും മൊഴിയെടുത്ത് വരികയാണ്. മുട്ടില്‍ സ്വദേശിനിയായ സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

2026ൽ കണ്ണടച്ചു തുറക്കും വേഗത്തിൽ ലക്ഷ്യത്തിലെത്താൻ ദുബൈ

2026ൽ കണ്ണടച്ചു തുറക്കും വേഗത്തിൽ ലക്ഷ്യത്തിലെത്താൻ ദുബൈ

ദുബൈ: ലോകത്ത് പകൽ സമയങ്ങളിൽ ഏറ്റവും കൂടുതൽ ജനത്തിരക്കുള്ള നഗരപ്രദേശങ്ങളിലൊന്നിലെ ട്രാഫിക് ജാം ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഗതാഗതക്കുരുക്ക് അഴിക്കുന്നതിനും യാത്രാവേഗം കൂട്ടുന്നതിനും വിവിധ പദ്ധതികളുമായി ദുബൈ അതിവേഗം സഞ്ചരിക്കുകയാണ്. ഈ വർഷം ദുബൈയിൽ പുതിയ ഗതാഗത സംവിധാനങ്ങൾ നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ്.

ദുബൈയിലെ ഡ്രൈവറില്ലാ ഗതാഗത സംവിധാനവും, അതിവേഗ, പൂർണ്ണ വൈദ്യുത ഭൂഗർഭ ഗതാഗത സംവിധാനവുമാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമായ രണ്ട് പദ്ധതികൾ

റോഡ് വഴി സഞ്ചരിച്ചാൽ 20 മിനിട്ട് കൊണ്ട് എത്തുന്ന ദുരം വെറും മൂന്ന് മിനിട്ട് കൊണ്ട് എത്തുന്ന സംവിധാനമാണ് ദുബൈ ലൂപ്പ് എന്ന അതിവേഗ വൈദ്യുത ഭൂഗർഭ ഗതാഗത സംവിധാനം. ഇത് ഈ വർഷം നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) ചെയർമാൻ മത്താർ അൽ തായർ അറിയിച്ചു.

ഇലോൺ മസ്കിന്റെ ബോറിങ് എന്ന കമ്പനിയാണ് ദുബൈ അതിവേഗ വൈദ്യുത ഭൂഗർഭ ഗതാഗത സംവിധാനം ഒരുക്കുന്നത്. ഈ പദ്ധതിയുടെ ആദ്യഘട്ടത്തിന് മാത്രം 60 കോടി ദിർഹം ചെലവ് വരുമെന്ന് കണക്കാക്കുന്നു. പദ്ധതി പൂർത്തിയാക്കുമ്പോൾ നിലവിലത്തെ കണക്കനുസരിച്ച് അത് 250 കോടി ദിർഹമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്ത് ആദ്യമായി ഇത്തരമൊരു ഗതാഗത സംവിധാനം നടപ്പാക്കിയത് അമേരിക്കയിലെ ലാസ് വേഗസ് എന്ന നഗരമാണ്. അതിന് ശേഷം അത് നടപ്പാക്കാൻ ഒരുങ്ങുന്നത് ദുബൈ ആണ്.

ഡ്രൈവറില്ലാ വാഹനം
ദുബൈയിലെ തന്നെ മറ്റൊരു പ്രധാന ഗതാഗത സംവിധാനമാണ് ഡ്രൈവറില്ലാത്ത വാഹനനിര. ട്രെയിൻ പോലെ രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഇത്.

ഇടവിട്ടുള്ള സ്റ്റോപ്പുകളില്ലാതെ പോയിന്റ്-ടു-പോയിന്റ് യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ. നഗരങ്ങളിലെ ഹ്രസ്വ ദൂര യാത്രകൾ കൂടുതൽ വേഗതയാർന്നതും സൗകര്യപ്രദമാക്കുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ള ഓട്ടോമേറ്റഡ് ട്രാൻസിറ്റ് നെറ്റ്‌വർക്ക് സംവിധാനമാണ് ഇത്.

നിർദിഷ്ട സംവിധാനം ഡ്രൈവറില്ലാ ഇലക്ട്രിക് വാഹനങ്ങളായിരിക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നതും റോഡ് ഗതാഗതത്തിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്നതുമാണ്. നിലവിലുള്ള റോഡുകൾക്കും യൂട്ടിലിറ്റി നെറ്റ്‌വർക്കുകൾക്കും തടസ്സങ്ങൾ കുറച്ചു കൊണ്ട്, തറനിരപ്പിൽ ഉയർത്താനോ അതനിലയിൽ വിന്യസിക്കാനോ കഴിയുന്ന ഒതുക്കമുള്ളതും വീതി കുറഞ്ഞതുമായ ഗൈഡ്‌വേകളിലാകും ഇത് പ്രവർത്തിക്കുക.

ഓരോ വാഹനത്തിനും നാല് മുതൽ ആറ് വരെ യാത്രക്കാരെ വഹിക്കാനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനും കഴിയും.

ഗ്ലൈഡ്‌വേസിന്റെ സാങ്കേതികവിദ്യ ഒരു സെക്കൻഡ് വേഗതയിൽ പ്രവർത്തിക്കുന്ന പത്തിലധികം വാഹനങ്ങളുടെ വെർച്വൽ പ്ലാറ്റൂണിങ് ആണ്. “ഇതിനർത്ഥം 10 കാറുകൾ വരെ ഒരു ട്രെയിൻ പോലെ വെർച്വലായി പരസ്പരം ബന്ധിപ്പിക്കാൻ കഴിയും എന്നാണ്. അതിനാൽ, ഇത് ശരിക്കും പൊതുഗതാഗത സംവിധാനം പോലെയാണ്. ഇതിന് നല്ല സാധ്യതയുണ്ടെന്ന് ഞങ്ങൾ കരുതുന്നു, ” എന്ന് ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് ഹാഷെം ബഹ്‌റോസിയാൻ ഈ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.

തൊഴിലുറപ്പ് പദ്ധതിയിൽ അസിസ്റ്റ​ന്റ്, മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ്;തിരുവന്തപുരത്തും വയനാടും ജോലി ഒഴിവ്

തൊഴിലുറപ്പ് പദ്ധതിയിൽ അസിസ്റ്റ​ന്റ്, മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ്;തിരുവന്തപുരത്തും വയനാടും ജോലി ഒഴിവ്

തിരുവനന്തപുരത്ത് തൊഴിലുറപ്പ് പദ്ധതിയിൽ അസിസ്റ്റന്റ് തസ്തികയിലും വയനാട് മെഡിക്കൽ കോളജ് ഡെന്റിസ്ട്രി വിഭാഗത്തിൽ ജൂനിയർ റെസിഡന്റ് തസ്തികയിലുമാണ് ഒഴിവുകൾ. ദിവസവേതനത്തിലും ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലുമാണ് നിയമനം.

തൊഴിലുറപ്പ് പദ്ധതിയിൽ അസിസ്റ്റന്റ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിലേക്ക് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള
കമ്പ്യൂട്ടർ -( എംഎസ് ഓഫീസ്, ഡിസിഎ. പിജിഡിസിഎ).

പ്രവൃത്തിപരിചയം

ഒരു വർഷത്തെ പ്രവൃത്തിപരിചയം (മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഗ്രാമ/ ബ്ലോക്ക് പഞ്ചായത്തുകളിൽ AITA (അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ്) തസ്തികയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന).

www.nregs.kerala.gov.in ൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോമും യോഗ്യത, പ്രവൃത്തിപരിചയം, തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം വേണം അപേക്ഷ സമർപ്പിക്കാൻ.

അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി
ഫെബ്രുവരി 10ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ ലഭിക്കണം.

അപേക്ഷ ലഭിക്കേണ്ട വിലാസം

മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, മൂന്നാംനില, റവന്യു കോംപ്ലക്സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം, പിൻ – 6950333 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ ലഭ്യമാക്കണം.

നിയമന രീതി : ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം

കൂടുതൽ വിവരങ്ങൾക്ക്: www.nregs.kerala.gov.in,

ഫോൺ: 0471-2313385, 1800 425 1004.

ഡെന്റിസ്ട്രിയിൽ ജൂനിയർ റെസിഡന്റ്
വയനാട് ഗവൺമെ​ന്റ് മെഡിക്കൽ കോളേജിൽ ഡെന്റിസ്ട്രി (OMFS) വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ നിലവിലുള്ള ഒഴിവിൽ നിയമനം നടത്തുന്നു.

യോഗ്യത

ബിഡിഎസ്/എംഡിഎസ് (ഒഎംഎഫ്എസ്) യോഗ്യതയും കേരള ഡെന്റൽ കൗൺസിലിൽ സ്ഥിര രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് നിയമനം നടത്തുന്നതിനായി നിശ്ചയിട്ടുള്ള വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജറിയിൽ പി.ജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും

അഭിമുഖം സ്ഥലം ദിവസം സമയം
ഫെബ്രുവരി 17 ന് രാവിലെ 11 മണിക്ക് വയനാട് ​ഗവൺമെ​ന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വച്ചാണ് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നത്.

അഭിമുഖത്തിന് ഹാജരാക്കേണ്ട രേഖകൾ
ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത അസൽ സർട്ടിഫിക്കറ്റുകൾ, (എസ് എസ് എൽ സി, യുജി/പിജി മാർക്ക് ലിസ്റ്റ് ഉൾപ്പെടെ) പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം വേണം അഭിമുഖത്തിന് ഹാജരാകേണ്ടത്.

ശമ്പളം: പ്രതിമാസം 52,000 രൂപ സമാഹൃതം

നിയമന രീതി : കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആണ് ഈ നിയമനം.