20 ലക്ഷം രൂപയും വിമാന ടിക്കറ്റും കമ്പനി നൽകണം; യുഎഇയിൽ വനിതാ ഡോക്ടറുടെ നിയമ പോരാട്ടം വിജയിച്ചു

20 ലക്ഷം രൂപയും വിമാന ടിക്കറ്റും കമ്പനി നൽകണം; യുഎഇയിൽ വനിതാ ഡോക്ടറുടെ നിയമ പോരാട്ടം വിജയിച്ചു

അബുദാബി: ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞു വെച്ച കമ്പനിക്കെതിരെ നിയമ പോരാട്ടം നടത്തിയ വനിതാ ഡോക്ടർക്ക് അനുകൂലമായി കോടതി വിധി.

ശമ്പളവും നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന​ടി​ക്ക​റ്റും എ​ക്‌​സ്പീ​രി​യ​ന്‍സ് സ​ര്‍ട്ടി​ഫി​ക്ക​റ്റും നൽകണമെന്ന് ലേബർ കോടതി ഉത്തരവിട്ടു. തെളിവുകൾ പരിശോധിച്ച കോടതി ശമ്പളം നൽകുന്നതിൽ കമ്പനിക്ക് വീഴ്ച്ച പറ്റി എന്ന് കണ്ടെത്തിയിരുന്നു.

ശ​മ്പ​ള കു​ടി​ശ്ശി​ക​യി​ന​ത്തി​ല്‍ 84,542 ദിർഹവും 1,500 ദി​ര്‍ഹ​മി​ല്‍ കൂ​ടാ​ത്ത വി​മാ​ന​ടി​ക്ക​റ്റും ഡോക്ടർക്ക് നൽകണം. ഇതിന് പുറമെ ജോ​ലി ചെ​യ്ത കാ​ല​ത്തെ എ​ക്‌​സ്പീ​രി​യ​ന്‍സ് സ​ര്‍ട്ടി​ഫി​ക്ക​റ്റും കോ​ട​തി​ച്ചെ​ല​വും ന​ല്‍ക​ണ​മെന്നും ഉ​ത്ത​ര​വി​ൽ പറയുന്നു. കരാർ പ്രകാരം ഡോ​ക്ട​ര്‍ക്ക് 14,000 ദി​ര്‍ഹം അ​ടി​സ്ഥാ​ന ശ​മ്പ​ള​മ​ട​ക്കം 35,000 ദി​ര്‍ഹ​മാ​യി​രു​ന്നു മാ​സ​ശ​മ്പ​ള​മായി നൽകാമെന്ന് കമ്പനി പറഞ്ഞിരുന്നത്. രണ്ട് വർഷത്തെ കരാർ ആയിരുന്നു ഇരുവരും തമ്മിൽ ഒപ്പ് വെച്ചത്.

എന്നാൽ ഡോക്ടർ ആ​റു​മാ​സ​ത്തി​ല്‍ താ​ഴെ മാ​ത്ര​മാ​ണ് ജോ​ലി ചെ​യ്തത് എന്നും ഡോ​ക്ട​ര്‍ ജോ​ലി സ​മ​യ​ത്തി​ല്‍ വീ​ഴ്ച​വ​രു​ത്തി​യതായും കൃത്യ സമയത്ത് ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല എന്നും കമ്പനി കോടതിയിൽ വാദിച്ചു. പക്ഷെ,ഇത് സംബന്ധിക്കുന്ന തെളിവുകൾ ഹാജരാക്കാൻ കമ്പനിക്ക് സാധിച്ചില്ല. ഇതോടെയാണ് ഡോക്ടർക്ക് അനുകൂലമായി കോടതി വിധി പറഞ്ഞത്.

മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; അന്വേഷണം

മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; അന്വേഷണം

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് സംശയം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ മാസം നാലിനാണ് ഷമീര്‍ നാട്ടിലെത്തിയത്. ഇയാള്‍ക്ക് വിദേശത്ത് നിരവധി ബിസിനസ് സംരംഭങ്ങളുമുണ്ട്. അതു സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെ പാണ്ടിക്കാട് ടൗണില്‍ ഇന്നോവയില്‍ എത്തിയ സംഘം നാട്ടുകാര്‍ കാണ്‍കെ ഷമീറിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ബിസിനസ്സിലെ തര്‍ക്കമാകാം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

മലപ്പുറം എസ്പിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പ്രത്യേക അന്വഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഷമീറിന് ഭീഷണിയുണ്ടായിരുന്നതായി അറിയില്ലെന്നാണ് കുടുംബം പറയുന്നത്.

കോതമംഗലത്ത് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവം; റമീസിനെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും

കോതമംഗലത്ത് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവം; റമീസിനെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പെണ്‍കുട്ടി ജീവനൊടുക്കുന്നതില്‍ ഇവര്‍ക്കും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. റമീസ് മാനസികമായി സമ്മര്‍ദം ചെലുത്തിയത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ കാരണമായെന്നും പൊലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ സഹോദരന്റെയും, അമ്മയുടെയും, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ മൊഴി അന്വേഷണസംഘം കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി റമീസിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും. റിമാന്‍ഡിലുള്ള റമീസിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ആലുവയിലെ വീട്ടിലെത്തിച്ചും തെളിവെടുക്കും.

റമീസിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍, വാട്‌സ് ആപ്പ് ചാറ്റുകള്‍ എന്നിവ പ്രത്യേക അന്വേഷണസംഘം പരിശോധിച്ചു. മുവാറ്റുപുഴ ഡിവൈഎസ്പി പിഎം ബൈജു, കോതമംഗലം ഇന്‍സ്‌പെക്ടര്‍ പിടി ബിജോയ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് കേസ് അന്വേഷണിക്കുന്നത്.

സംഭവം എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അയച്ച പരാതിയില്‍ ആവശ്യപ്പെട്ടു. മകളുടേത് നിര്‍ബന്ധിത മതപരിവര്‍ത്തനം ശ്രമത്തെ തുടര്‍ന്നുണ്ടായ ആത്മഹത്യയാണെന്നാണ് അമ്മ ആരോപിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

രാജസ്ഥാനില്‍ വാഹനാപകടം: 7 കുട്ടികള്‍ അടക്കം 11 പേര്‍ മരിച്ചു

രാജസ്ഥാനില്‍ വാഹനാപകടം: 7 കുട്ടികള്‍ അടക്കം 11 പേര്‍ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ദൗസയില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ദൗസയിലെ ബാപി ഗ്രാമത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. കതു ശ്യാം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരാണ് അപകടത്തില്‍പ്പെട്ടത്. വാനില്‍ 22 പേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒമ്പതുപേരെ വിദഗ്ധ ചികിത്സയ്ക്കായി ജയ്പൂരിലേക്ക് മാറ്റി. മറ്റുള്ളവരെ ദൗസ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ കലക്ടര്‍ ദേവേന്ദ്രകുമാര്‍ അറിയിച്ചു. മരിച്ച കുട്ടികള്‍ 6-7 വയസ് പ്രായമുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചയാള്‍ അറസ്റ്റില്‍

സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചയാള്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചയാള്‍ അറസ്റ്റില്‍. ചേറൂര്‍ സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍ വില്‍സനാണ് പിടിയിലായത്. വിപിനെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് സിപിഎം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചിരുന്നു. സിപിഎം ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. ഈ സംഭവത്തില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. അന്‍പതോളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്

രാവിലെ 10 30 ന് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീമതി ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. അതേസമയം, വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഇന്ന് തൃശ്ശൂരിലെത്തും. തിരുവനന്തപുരത്തുനിന്ന് തിരിച്ചു. രാവിലെ 9.30ന് വന്ദേ ഭാരതിന് തൃശ്ശൂരിലെത്തും. റെയില്‍വേ സ്റ്റേഷനില്‍ ബിജെപി സ്വീകരണം നല്‍കും. ചികിത്സയിലുള്ള ബിജെപി പ്രവര്‍ത്തകരെയും അദ്ദേഹം സന്ദര്‍ശിക്കും.

വിവാദങ്ങള്‍ക്കിടെ സുരേഷ് ഗോപി തൃശൂരിലേക്ക്; സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

വിവാദങ്ങള്‍ക്കിടെ സുരേഷ് ഗോപി തൃശൂരിലേക്ക്; സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാജവോട്ട് ആരോപണം കൊഴുക്കുന്നതിനിടെ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇന്ന് രാവിലെ തൃശൂരില്‍ എത്തും. ഒന്‍പതരയ്ക്ക് റെയില്‍വേ സ്റ്റേഷനിലെത്തുന്ന സുരേഷ് ഗോപിക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ പരിക്കേറ്റവരെയും മന്ത്രി സന്ദര്‍ശിക്കും.

കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും തൃശൂരിലെ വ്യാജ വോട്ട് ആരോപണത്തിലും മന്ത്രിയുടെ പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ രാത്രി രണ്ടേമുക്കാലോടെ ഡല്‍ഹിയില്‍ നിന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തിയിരുന്നു. രാവിലെ 5.15ന് വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്ര തിരിച്ച മന്ത്രി ഒന്‍പതരയ്ക്ക് തൃശൂരില്‍ എത്തും. വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന സുരേഷ് ഗോപി റെയില്‍വേ സ്റ്റേഷനില്‍ പ്രധാന എന്‍ട്രന്‍സ് ഒഴിവാക്കിയാണ് അകത്തുകയറിയത്.

രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടു ആരോപണത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ഇന്ന് കത്തയയ്ക്കല്‍ സമരം നടത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുന്ന പ്രതീകാത്മക സമരം സംസ്ഥാന വ്യാപകമായി നടത്താനാണ് തീരുമാനം. അതേസമയം, പ്രതിരോധ നടപടികള്‍ക്കായി ബിജെപിയും രംഗത്തുണ്ട്.തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫിസിന് നേരെ നടന്ന ആക്രമണത്തിനെതിരെ ഇന്ന് ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും മാര്‍ച്ച് നടത്താനാണ് തീരുമാനം.

ഇന്നലെ വൈകിട്ട് നടന്ന പ്രതിഷേധത്തിനിടെ സിപിഎം പ്രവര്‍ത്തകരാണ് സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫിസില്‍ ബോര്‍ഡില്‍ കരിയോയില്‍ ഒഴിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയും ഇരുപക്ഷത്തെയും അഞ്ചുപേര്‍ക്ക് വീതം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.