ടെക്‌നോപാർക്ക് ജീവനക്കാരി മുങ്ങി മരിച്ചു

ടെക്‌നോപാർക്ക് ജീവനക്കാരി മുങ്ങി മരിച്ചു

തിരുവനന്തപുരം: നദിയില്‍ വീണ് ടെക്നോപാര്‍ക്ക് ജീവനക്കാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കല്‍ ഹൗസില്‍ അനുപമ (26)യാണ് മരിച്ചത്. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ താവയ്ക്കല്‍ ആറ്റിലാണ് യുവതി അപകടത്തിൽപ്പെട്ടത്.

പൊന്മുടിയിൽ സന്ദർശനത്തിന് പോയ അനുപമ വിതുര -ചന്തമുക്ക് താവയ്ക്കൽ ആറ്റിലാണ് മുങ്ങി മരിച്ചത്. ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. പടിക്കെട്ടില്‍ കൂടി നടക്കുന്നതിനിടയില്‍, കാല്‍വഴുതി സുഹൃത്ത് ആറ്റില്‍ വീഴുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റില്‍ വീണു.കൂടെയുണ്ടായിരുന്നവര്‍ വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷപ്പെടുത്തി. അതിനിടെ അനുപമ വെള്ളത്തില്‍ മുങ്ങിത്താണു. സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ അനുപമയെ പുറത്തെടുത്ത് വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആറ്റിങ്ങലിൽ വാഹനാപകടത്തിൽ ഷൈനിങ് സ്റ്റാർ പ്രീസ്കൂൾ ഉടമ ദീപു (45) മരണപ്പെട്ടു

ആറ്റിങ്ങലിൽ വാഹനാപകടത്തിൽ ഷൈനിങ് സ്റ്റാർ പ്രീസ്കൂൾ ഉടമ ദീപു (45) മരണപ്പെട്ടു

ആറ്റിങ്ങൽ ദേശീയപാതയിൽ പൂവൻപാറയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.
സ്കൂൾ ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് . സ്കൂൾ ബസ്സിൽ ഡ്രൈവറും ആയയും മാത്രമാണ് ഉണ്ടായിരുന്നത്.

വൈകുന്നേരമാണ് അപകടം നടന്നത്. വാഹനം ഓടിച്ചിരുന്ന ദീപു, അശ്വതി എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തി രണ്ടുപേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ദീപു ചികിത്സയിലിരിക്കെ മരണപ്പെട്ടു. ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന ഷൈനിങ് സ്റ്റാർ പ്രീസ്കൂൾ ഓണർ കൂടിയാണ് മരണപെട്ട ദീപു.

‘ദൃശ്യം 3’ കണ്ട് കണ്ണ് നിറഞ്ഞ് ലാലേട്ടന്‍; ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് പോസ്റ്റ്

‘ദൃശ്യം 3’ കണ്ട് കണ്ണ് നിറഞ്ഞ് ലാലേട്ടന്‍; ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് പോസ്റ്റ്

കാത്തിരിപ്പിനൊടുവില്‍ ദൃശ്യം 3 പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാ ലോകം ഒന്നാകെ ഉറ്റുനോക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ദൃശ്യം 3 തിയേറ്ററിലേക്ക് എത്തിയത്. ആദ്യ ഷോകള്‍ കഴിയുമ്പോഴേക്കും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

എറണാകുളം കവിത തിയേറ്ററില്‍ ആരാധകര്‍ക്കൊപ്പം ചിത്രം കാണാന്‍ മോഹന്‍ലാലുമുണ്ടായിരുന്നു. ആരാധകര്‍ക്കൊപ്പം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുകയും ചെയ്തു മോഹന്‍ലാല്‍. ചിത്രം കണ്ടു കഴിഞ്ഞപ്പോഴേക്കും കണ്ണീരണിയുന്ന മോഹന്‍ലാലിന്റെ വിഡിയോയും വൈറലായി മാറിയിരുന്നു. പിന്നാലെ ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുകയും ചെയ്തു മോഹന്‍ലാല്‍.

‘ദൃശ്യം 3 വളരെയധികം സ്‌നേഹത്തോടെയും, ആവേശത്തോടെയും, നിര്‍മ്മിച്ച സിനിമയാണ്. നിങ്ങളുടെ പ്രതികരണങ്ങളിലൂടെ തിരികെ ലഭിക്കുന്ന ആ സ്‌നേഹം ഹൃദയസ്പര്‍ശിയാണ്. നിങ്ങളുടെ നിരൂപണങ്ങളും, വാക്കുകളും, നിങ്ങള്‍ പങ്കുവച്ച വികാരങ്ങളും ഏതൊരു കണക്കിനേക്കാളും എനിക്ക് വിലപ്പെട്ടതാണ്. സിനിമ കണ്ടതിനും, സിനിമയുടെ ഓരോ നിമിഷവും അനുഭവിച്ചതിനും, ജോര്‍ജുകുട്ടിയെയും കുടുംബത്തെയും സ്വന്തമായി സ്വീകരിച്ചതിനും വളരെ നന്ദി’ എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയാണ് ദൃശ്യം. ആദ്യ രണ്ട് ഭാഗങ്ങളും വലിയ ഹിറ്റുകളായിരുന്നു. അതുകൊണ്ട് തന്നെ മൂന്നാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ തന്നൊരു ചിത്രമാണ് ജീത്തു ഇത്തവണയും ഒരുക്കിയിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

കണ്ണൂർ ചാലാട് ധർമ്മശാസ്താ ക്ഷേത്രത്തിൽ കവർച്ച; സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്തു

കണ്ണൂർ ചാലാട് ധർമ്മശാസ്താ ക്ഷേത്രത്തിൽ കവർച്ച; സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്തു

കണ്ണൂർ: ജില്ലാ ആസ്ഥാനത്തിനടുത്തുള്ള ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് മോഷണം. ക്ഷേത്രത്തിലെ ഒന്നിലധികം ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്ത മോഷ്ടാവ് പതിനായിരക്കണക്കിന് രൂപ കവർന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കവർച്ചയ്ക്ക് പിന്നാലെ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനും മോഷ്ടാവും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഏകദേശം 20,000 രൂപയോളം നഷ്ടപ്പെട്ടതായി കാണിച്ച് ക്ഷേത്രം മാനേജർ സിഎം ശ്രീജിത്ത് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി.

ക്ഷേത്രത്തിന്റെ മുൻവശത്തെ പ്രധാന ഇരുമ്പ് ഗേറ്റ് തകർത്താണ് പിക്കാസുമായി മോഷ്ടാവ് അകത്തേക്ക് പ്രവേശിച്ചത്. തുടർന്ന് ക്ഷേത്രവളപ്പിലെ മുറിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ വൈഷ്ണവിനെ പുറത്തുനിന്ന് പൂട്ടിയിട്ട ശേഷമാണ് പ്രതി കവർച്ചയിലേക്ക് കടന്നത്. പിക്കാസ് ഉപയോഗിച്ച് വഴിപാട് കൗണ്ടറിന്റെ പൂട്ട് തല്ലിത്തകർത്ത് അകത്തുകയറിയ മോഷ്ടാവ്, മേശവലിപ്പുകൾ കുത്തിത്തുറന്ന് രശീതി ഇനത്തിൽ ലഭിച്ച പണമടക്കം കവരുകയായിരുന്നു. ഇതിനുശേഷം ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരം തകർക്കാൻ ശ്രമിച്ചെങ്കിലും പണം കവരാൻ സാധിച്ചില്ല. തുടർന്ന് നടയിലെ മേശയും വഴിപാട് കൗണ്ടറിന് സമീപത്തെ മറ്റൊരു ഭണ്ഡാരവും തകർത്താണ് കൂടുതൽ പണം കൈക്കലാക്കിയത്.

പിക്കാസ് കൊണ്ട് വധശ്രമം; ജീവനക്കാരനുമായി മൽപ്പിടുത്തം

ക്ഷേത്രത്തിന്റെ പിൻഭാഗത്തുള്ള ഭണ്ഡാരത്തിന്റെ പൂട്ട് പിക്കാസ് ഉപയോഗിച്ച് തകർക്കാൻ മോഷ്ടാവ് ശ്രമിക്കുന്നതിനിടെയാണ് കടുത്ത നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കള്ളൻ കയറിയത് മനസ്സിലാക്കിയ സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ്, പൂട്ടിയിട്ടിരുന്ന മുറിയുടെ വാതിൽ സർവ്വശക്തിയുമെടുത്ത് തള്ളിത്തുറന്ന് പുറത്തേക്ക് വരികയായിരുന്നു. പുറത്തെത്തിയ ജീവനക്കാരൻ മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചതോടെ ഇരുവരും തമ്മിൽ ക്ഷേത്രമുറ്റത്ത് വെച്ച് മൽപ്പിടുത്തമുണ്ടായി. തന്നെ പിടികൂടുമെന്ന് ഉറപ്പായതോടെ കയ്യിലിരുന്ന പിക്കാസ് ഉപയോഗിച്ച് മോഷ്ടാവ് വൈഷ്ണവിനെ വെട്ടിപ്പരിക്കേൽപ്പിക്കാനും വധിക്കാനും ശ്രമിച്ചതായി ജീവനക്കാരൻ പോലീസിന് മൊഴി നൽകി.

ടി.വി റിമോട്ട് നൽകാത്തതിൽ മനോവിഷമം; പന്ത്രണ്ടുകാരൻ ജീവനൊടുക്കി

ടി.വി റിമോട്ട് നൽകാത്തതിൽ മനോവിഷമം; പന്ത്രണ്ടുകാരൻ ജീവനൊടുക്കി

പാലക്കാട്: ടിവി യുടെ റിമോട്ട് കൺട്രോൾ നൽകാത്തതിന്റെ വിഷമത്തിൽ പന്ത്രണ്ട് വയസ്സുകാരൻ ജീവനൊടുക്കി. വ്യാഴാഴ്ച ഉച്ചയോടുകൂടി തച്ചമ്പാറ മുതുകുറുശ്ശി അലറാംപടി ഭാഗത്ത് ഭഗവതിപറമ്പിൽ പ്രമോദിന്റെയും ഷിജിയുടെയും മകൻ പ്രദോഷ്‌ ആണ് ആത്മഹത്യ ചെയ്തത്. വീടിൻറെ തട്ടിൻ പുറത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കൊഴിഞ്ഞാമ്പാറ ഹോളി ഫാമിലി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പ്രദോഷിനെ, പുതിയ അധ്യയന വർഷത്തിൽ തച്ചമ്പാറ ഡി ബി എച്ച്എസ് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർത്തിരുന്നു. കുട്ടിക്ക് നിരന്തരമായി ടിവി കാണുന്ന സ്വഭാവം ഉണ്ടായിരുന്നുവെന്നും, ഇതിനെച്ചൊല്ലി വീട്ടിൽ ചെറിയ രീതിയിലുള്ള തർക്കങ്ങൾ പതിവായിരുന്നുവെന്നും പ്രദേശവാസിയായ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ നൗഷാദ് ബാബു വ്യക്തമാക്കി. പകൽ പന്ത്രണ്ട് മണിയോടെ കുട്ടി ടിവി റിമോട്ട് ആവശ്യപ്പെട്ടപ്പോൾ അമ്മ നൽകാതിരുന്നതിനെത്തുടർന്നാണ് പ്രദോഷ് വീടിന്റെ മുകൾനിലയിലേക്ക് മാറിയതും പിന്നീട് ജീവനൊടുക്കുകയുമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ പിതാവ് പ്രമോദ് നിലവിൽ ഗൾഫിൽ ജോലി ചെയ്യുകയാണ്. മൂത്ത മകന്റെ ദാരുണമായ വിയോഗവാർത്ത അറിഞ്ഞ ഉടൻ തന്നെ അദ്ദേഹം നാട്ടിലേക്ക് തിരിഞ്ഞിട്ടുണ്ട്. പ്രദോഷിന് ഒരു അനിയൻ കൂടിയുണ്ട്.

ബലി പെരുന്നാൾ: മെയ് മാസത്തിലെ ശമ്പളം 25ന് മുമ്പ് നൽകണം

ബലി പെരുന്നാൾ: മെയ് മാസത്തിലെ ശമ്പളം 25ന് മുമ്പ് നൽകണം

മസ്കത്ത്: ബലിപെരുന്നാൾ പ്രമാണിച്ച് ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മെയ് മാസത്തിലെ ശമ്പളം മുൻകൂറായി നൽകണമെന്ന് ഒമാൻ. ഇത് സംബന്ധിച്ച സർക്കുലർ തൊഴിൽ മന്ത്രാലയം പുറത്തിറക്കി. എല്ലാ കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ മെയ് മാസത്തിലെ ശമ്പളം മെയ് 25ന് മുൻപായി വിതരണം ചെയ്യണമെന്ന് സർക്കുലറിൽ പറയുന്നു.

പെരുന്നാൾ ആഘോഷങ്ങളോട് അനുബന്ധിച്ച് ജീവനക്കാർക്ക് അവരുടെ സാമ്പത്തികപരമായ ആവശ്യങ്ങൾ മുൻകൂട്ടി നിറവേറ്റുന്നതിനാണ് ഈ നടപടി. ഒമാനിലെ തൊഴിൽ നിയമത്തിൻ്റെ പരിധിയിൽ വരുന്ന എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും ഈ സർക്കുലർ ബാധകമാണ്.

നിശ്ചിത സമയപരിധിക്കുള്ളിൽ ശമ്പള കൈമാറ്റം പൂർത്തിയാക്കണമെന്നും ഈ നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും തൊഴിൽ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. ശമ്പളം നേരത്തെ ലഭിക്കുന്നത് വിപണിക്കും ഗുണകരമാകും എന്നാണ് വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളിൽ ഈ വർഷത്തെ ബലി പെരുന്നാൾ മേയ് 27ന് ആണ് ആചരിക്കുന്നത്.