സ്കൂട്ടറിൽ കാറിടിച്ച് കടയ്ക്കൽ വയ്യാനം സ്വദേശി മരണപ്പെട്ടു

സ്കൂട്ടറിൽ കാറിടിച്ച് കടയ്ക്കൽ വയ്യാനം സ്വദേശി മരണപ്പെട്ടു

കിളിമാനൂർ: സംസ്ഥാന പാതയിൽ പുളിമാത്ത് ജങ്ഷനു സമീപം മൂന്നംഗകുടുംബം സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. ഭാര്യയ്ക്കും മകൾക്കും പരിക്കേറ്റു.

കടയ്ക്കൽ വയ്യാനം കുമാർഭവനിൽ പി. അനിൽകുമാർ(45) ആണ് മരിച്ചത്. ഭാര്യ സിജി (34), മകൾ പാർവതി (8) എന്നിവരെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. മകളെ തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്നു കുടുംബം. കാരേറ്റു ഭാഗത്തുനിന്നു വന്ന കാർ കെഎസ്ആർടിസി ബസിനെ മറികടന്ന്, തെറ്റായ വശത്തുകൂടി അമിതവേഗതയിൽ വന്ന് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിൽകുമാർ സംഭവസ്ഥലത്തു തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ. കിളിമാനൂർ പോലീസ് കേസെടുത്തു.

ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ സാരഥിയെ ഇന്നറിയാം, ആകാംഷയോടെ ആരാധകർ

ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ സാരഥിയെ ഇന്നറിയാം, ആകാംഷയോടെ ആരാധകർ

ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനെ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. മനോലോ മാർക്കേസ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് 170-ൽ അധികം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരുടെ അന്തിമ പട്ടിക ഇന്ന് ചേരുന്ന AIFF എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കും. ഐ.എം. വിജയൻ നയിക്കുന്ന ടെക്നിക്കൽ കമ്മിറ്റിയാണ് ഈ പട്ടിക തയ്യാറാക്കിയത്.

ഈ പട്ടികയിലെ ഏക ഇന്ത്യക്കാരനാണ് ഖാലിദ് ജമീൽ. ഇന്ത്യൻ ഫുട്ബോളിന്റെ എല്ലാ തലങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവുള്ള ഖാലിദ് ഒരു മുൻ ഇന്ത്യൻ താരം കൂടിയാണ്. 2016-17 സീസണിൽ ഐസോൾ എഫ്.സി.യെ ഐ-ലീഗ് ചാമ്പ്യൻമാരാക്കിയതാണ് ഖാലിദിന്റെ കരിയറിലെ പ്രധാന നേട്ടം. കഴിഞ്ഞ സീസണിൽ ജംഷാദ്പൂർ എഫ്.സി.യെ സൂപ്പർ കപ്പ് റണ്ണേഴ്‌സ് അപ്പാക്കാനും ഖാലിദ് ജമീലിന് സാധിച്ചു.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി

ദിയ കൃഷ്ണ കേസിൽ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി. സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി.വിനീത, രാധു എന്നിവർ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കഴിഞ്ഞദിവസം ഹൈക്കോടതി പ്രതികളുടെ ജാമ്യ അപേക്ഷ തള്ളിയിരുന്നു. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്.

ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത് എന്നായിരുന്നു പരാതി.

മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയയുടെ പരാതി. രണ്ട് പേരാണ് കോടതിയെ സമീപിച്ചിരുന്നത്. കേസിൽ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ജീവനക്കാരികള്‍ ക്യു ആർ ക്വാഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി.

ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍.

സ്വര്‍ണവില താഴോട്ട്; പവന് 320 രൂപ കുറഞ്ഞു

സ്വര്‍ണവില താഴോട്ട്; പവന് 320 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 320 രൂപയുടെ കുറവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9,170 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 73,360 രൂപയായി കുറഞ്ഞിട്ടുണ്ട്.

ഇന്നലെ ഒരു പവന് 73,680 രൂപയായിരുന്നു വില. രണ്ട് ദിവസമായി താഴ്ന്നിരുന്ന സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. ഇതാണ് വീണ്ടും താഴേക്ക് പോയിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ മാസം 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരുന്നു. പിന്നീട് വില ഉയര്‍ന്ന് ജൂലൈ 23 ന് ഈ മാസത്തെ റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയിരുന്നു. അടുത്തമാസം വിവാഹ സീസണ്‍ ആരംഭിക്കുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത.

ദുബൈയിൽ ഇനി മുതൽ പള്ളികൾക്ക് സമീപം പാർക്ക് ചെയ്യാൻ പണം നൽകണം

ദുബൈയിൽ ഇനി മുതൽ പള്ളികൾക്ക് സമീപം പാർക്ക് ചെയ്യാൻ പണം നൽകണം

ദുബൈ: ദുബൈ എമിറേറ്റിലെ പള്ളികൾക്ക് ചുറ്റുമുള്ള പാർക്കിങ് സ്ഥലങ്ങളിൽ ഇനി മുതൽ പണം നൽകിയാൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുകയുള്ളു. ഈ തീരുമാനം നടപ്പിലാക്കിയതായി പാർക്കിൻ കമ്പനി അറിയിച്ചു. അതേ സമയം പ്രാർത്ഥനകൾ നടക്കുന്ന ഒരു മണിക്കൂർ സമയം ഈ പാർക്കിങ് സൗജന്യമായി ഉപയോഗിക്കാം.

ഇതോടെ, യു എ ഇയിലെ 59 പള്ളികൾക്ക് ചുറ്റുമുള്ള 2100 പാർക്കിങ് സ്ഥലങ്ങൾ ഇനി മുതൽ പണം നൽകി ഉപയോഗിക്കണം. പള്ളികളുടെ പരിസരത്തെ പാർക്കിങ് സ്ഥലങ്ങളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. പാർക്കിങ് എം സോൺ, എം പി സോൺ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഈ സോണുകളിൽ വാഹനം പാർക്ക് ചെയ്യാനായി വ്യത്യസ്തമായ തുകയാണ് ഈടാക്കുന്നത്. പ്രീമിയം വിഭാഗത്തിൽപ്പെടുന്നത് എംപി സോണിൽ അര മണിക്കൂറിന് 3 ദിർഹവും ഒരു മണിക്കൂറിന് 6 ദിർഹവും ഈടാക്കും. എം സോണിൽ അരമണിക്കൂറിന് 2 ദിർഹവും ഒരു മണിക്കൂറിന് 4 ദിർഹവുമാണ് നൽകേണ്ടി വരുക.

പാർക്കിൻ കമ്പനിയും ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റും തമ്മിൽ ഇത് സംബന്ധിച്ച കരാർ ഒപ്പുവച്ചു. ഫീസ് ഈടാക്കുന്നതിനും വരുമാനം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരു വിഭാഗങ്ങളും തമ്മിൽ ചർച്ച ചെയ്ത് ധാരണയിലെത്തിയതായി അധികൃതർ വ്യക്തമാക്കി.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നിയമം കൊണ്ടു വന്നത് കോൺ​ഗ്രസ്; മതപരിവർത്തന നിരോധന നിയമം രാജ്യത്ത് എട്ടു സംസ്ഥാനങ്ങളിൽ

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നിയമം കൊണ്ടു വന്നത് കോൺ​ഗ്രസ്; മതപരിവർത്തന നിരോധന നിയമം രാജ്യത്ത് എട്ടു സംസ്ഥാനങ്ങളിൽ

ഡല്‍ഹി: മലയാളി കന്യാസ്ത്രീകളായ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ ഛത്തീസ്ഗഢില്‍ അറസ്റ്റിലായതോടെ മതപരിവര്‍ത്തന നിരോധന നിയമവും ഏറെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഒരു മതത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് തടയുകയോ നിരോധിക്കുകയോ ചെയ്യുന്നതാണ് മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍. വ്യക്തികളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനും, മതവിഭാഗങ്ങള്‍ മറ്റ് മതങ്ങളില്‍ നിന്ന് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നത് തടയുന്നതിനുമാണ് ഈ നിയമങ്ങള്‍ രൂപീകരിച്ചിട്ടുള്ളത്.

മതപരിവര്‍ത്തന നിരോധന നിയമങ്ങളിലെ പ്രത്യേക വ്യവസ്ഥകള്‍ പ്രകാരം, മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നത് ക്രിമിനല്‍ അല്ലെങ്കില്‍ സിവില്‍ നിയമപ്രകാരമുള്ള ശിക്ഷകള്‍ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഒരു പൗരന് സ്വന്തം മനസ്സാക്ഷി അനുസരിച്ച് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും, അതനുസരിച്ച് ജീവിക്കാനും അനുവാദമുണ്ട്. മതപരിവര്‍ത്തനത്തിനെതിരെ നിലവില്‍ കേന്ദ്ര നിയമങ്ങളില്ല. 1954 ലും 1960 ലുമായി രണ്ട് സ്വകാര്യ ബില്ലുകള്‍ കൊണ്ടു വന്നെങ്കിലും പാര്‍ലമെന്റില്‍ പാസ്സായിരുന്നില്ല.

അതേസമയം ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം നിലനില്‍ക്കുന്നുണ്ട്. ഒഡീഷ (1967), മധ്യപ്രദേശ് (1968) , അരുണാചല്‍ പ്രദേശ് (1978), ഛത്തീസ് ഗഡ് (2000, 2006), ഗുജറാത്ത് (2003), ഹിമാചല്‍ പ്രദേശ് (2006, 2019) , ഝാര്‍ഖണ്ഡ് (2017), ഉത്തരാഖണ്ഡ് (2018)എന്നീ എട്ടു സംസ്ഥാനങ്ങളിലാണ് മതപരിവര്‍ത്തന വിരുദ്ധ നിയമം നിലവിലുള്ളത്. മതപരിവര്‍ത്തനം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് വിവാഹമെങ്കില്‍, ആ വിവാഹം അസാധുവാണെന്ന് ഹിമാചല്‍ പ്രദേശിലും (2019) ഉത്തരാഖണ്ഡിലും പാസാക്കിയ നിയമങ്ങളില്‍ വ്യക്തമാക്കുന്നു.

തമിഴ്നാട് 2002ല്‍ സമാനമായ ഒരു നിയമം പാസാക്കിയെങ്കിലും ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് 2006-ല്‍ അത് റദ്ദാക്കി. 2006-ലും 2008-ലും രാജസ്ഥാനും സമാനമായ ഒരു നിയമം പാസാക്കിയിരുന്നു. എന്നാല്‍ ബില്ലുകള്‍ക്ക് സംസ്ഥാന ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും അംഗീകാരം ലഭിച്ചില്ല. മതപരിവര്‍ത്തനം നിയന്ത്രിക്കുന്നതിനായി ഒരു പുതിയ നിയമം നടപ്പിലാക്കാന്‍ ഉത്തര്‍പ്രദേശ് നിയമ കമ്മീഷന്‍ 2019 ല്‍ നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2020 ല്‍ യുപി സര്‍ക്കാര്‍ മതപരിവര്‍ത്തന വിരുദ്ധ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഇതിന്റെ ചുവടുപിടിച്ച് 2021 ല്‍ മധ്യപ്രദേശ് സര്‍ക്കാരും ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു.

മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ ഛത്തീസ് ഗഡില്‍ 2000 ലാണ് മതപരിവര്‍ത്തന വിരുദ്ധ നിയമം വരുന്നത്. ( 2000 നവംബറിലാണ് ഛത്തീസ്ഗഡ് സംസ്ഥാനം രൂപീകരിക്കുന്നത്. ) അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ്, മാതൃസംസ്ഥാനമായ മധ്യപ്രദേശിലെ നിയമത്തിന്റെ ചുവടുപിടിച്ച് ഛത്തീസ്ഗഡ് ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് നടപ്പാക്കുന്നത്. പിന്നീട് വന്ന രമണ്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ 2006 ല്‍ നിയമത്തിലെ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കി ഭേദഗതി നടപ്പിലാക്കി. ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ (ഭേദഗതി) നിയമം, 2006 പ്രകാരം കുറ്റക്കാര്‍ക്ക് മൂന്ന് വര്‍ഷം തടവും 20,000 രൂപ വരെ പിഴയും അല്ലെങ്കില്‍ രണ്ടും കൂടിയും ശിക്ഷ ലഭിക്കാവുന്നതാണ്.