കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് – 2025 നാളെ സ്കൂൾ തലം

കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് – 2025 നാളെ സ്കൂൾ തലം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളിൽ ദേശസ്നേഹം വളർത്താനും, സാമൂഹ്യ പരിഷ്കർത്താക്കളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും, സ്വാതന്ത്ര്യ സമര ചരിത്രം മനസ്സിലാക്കുന്നതിനും വേണ്ടി കെ പി എസ് ടി എ അക്കാഡമിക് കൗൺസിൽ വർഷംതോറും നടത്തുന്ന സ്വദേശ് മെഗാ ക്വിസ് 2025 ന്റെ സ്കൂൾ തല മത്സരങ്ങൾ 30.7. 2025 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സംസ്ഥാനത്തെ സ്കൂളുകളിൽ നടക്കും.

എൽ പി, യു പി, എച്ച് എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. കിളിമാനൂർ ഉപജില്ലയിലെ മത്സരങ്ങൾക്ക് വേണ്ട ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്ന് ഉപജില്ലാ ഭാരവാഹികൾ അറിയിച്ചു. കിളിമാനൂർ ഉപജില്ലാതല മത്സരം ആഗസ്റ്റ് 9 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആർ ആർ വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്നതാണ്. എൽപി വിഭാഗത്തിൽ നിന്നും ഒരു കുട്ടിക്കും, യുപി, എച്ച്എസ്, എച്ച് എസ്‌ എസ് വിഭാഗത്തിൽ നിന്നും രണ്ടു കുട്ടികൾക്കും ഉപജില്ലാ തല മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

വിശദവിവരങ്ങൾക്ക് താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക:
8129252570
9744341048

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂകമ്പം; 6.3 തീവ്രത രേഖപ്പെടുത്തി

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂകമ്പം; 6.3 തീവ്രത രേഖപ്പെടുത്തി

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച പുലര്‍ച്ചെ 12.11 ഓടെയാണ് നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂകമ്പമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയുടെ കണക്കനുസരിച്ച്, ഭൂകമ്പത്തിന് 10 കിലോമീറ്റര്‍ ആഴമുണ്ടെന്നാണ് വിവരം. 6.82 ച അക്ഷാംശത്തിലും 93.37 ഇ രേഖാംശത്തിലുമായിരുന്നു ഭൂകമ്പത്തിന്റെ കൃത്യമായ സ്ഥാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.ജൂലൈ 22-ന് രാവിലെ ദില്ലിയിലും രാജ്യതലസ്ഥാന മേഖലയിലും നേരിയ ഭൂകമ്പം അനുഭവപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിൽ ഭൂകമ്പം ഉണ്ടാകുന്നത്. ഫരീദാബാദ് പ്രഭവകേന്ദ്രമായി 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ദില്ലിയിൽ ഉണ്ടായത്. കാര്യമായ നാശനഷ്ടമോ ജീവഹാനിയോ റിപ്പോര്‍ട്ട് അന്ന് ചെയ്തിരുന്നില്ല.

ആപ്പിൾ ഓഫീസ് മാതൃകയിൽ സംസ്ഥാനത്ത് ഫ്രീഡം സ്‌ക്വയറുകൾ, ഓരോന്നിനും അടിസ്ഥാന ചെലവ് 4 കോടി

ആപ്പിൾ ഓഫീസ് മാതൃകയിൽ സംസ്ഥാനത്ത് ഫ്രീഡം സ്‌ക്വയറുകൾ, ഓരോന്നിനും അടിസ്ഥാന ചെലവ് 4 കോടി

വിവിധ മേഖലകളിലുള്ള വിദ്യാർത്ഥികൾക്ക് പരസ്പരം അറിവ് പങ്കിടുന്നതിനും അവരുടെ പ്രോജക്ടുകളിൽ സഹകരിക്കുന്നതിനും സംരംഭക ആശയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുമായി സംസ്ഥാനത്ത് ഫ്രീഡം സ്‌ക്വയറുകൾ സജ്ജമാക്കുന്നു. കാലിഫോർണിയയിലെ ആപ്പിൾ ഇൻകോർപ്പറേറ്റഡ് ഓഫീസ് മാതൃകയിലാണ് 14 ജില്ലകളിലും ഹൈടെക് ഹബ്ബുകൾ ഉയരുക. പരമ്പരാഗത ശൈലികളിൽ നിന്ന് മാറി ചിന്തിച്ച് വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടുത്താതെ സംരംഭകത്വവും ആശയ രൂപീകരണവും പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്‌കാരം രൂപപ്പെടുത്താനാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരത്തെ പള്ളിപ്പുറം ടെക്‌നോസിറ്റി ക്യാമ്പസിനു സമീപമുള്ള രണ്ടേക്കറിലാണ് ആദ്യ ഫ്രീഡം സ്‌ക്വയർ സ്ഥാപിക്കുന്നത്. 20,000 ചതുരശ്രയടി വിസ്തൃതിയുള്ള ഓരോ സ്‌ക്വയറിന്റേയും അടിസ്ഥാന ചെലവ് ഏകദേശം 4 കോടി രൂപയാണ്. പ്രവർത്തന മൂലധനവും അധിക ധനസഹായവും സ്വകാര്യ പങ്കാളിത്തത്തിലൂടെ സ്വരൂപിക്കാനാണ് ശ്രമം. അതാത് ജില്ലകളിലുളള ആർക്കിടെക്ചേർസ്, വിദ്യാർത്ഥികൾ, ഡിസൈനേഴ്‌സ്, എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ എന്നിവരെ ഒരുമിപ്പിച്ച് ഫ്രീഡം സ്‌ക്വയറുകൾ രൂപകൽപ്പന ചെയ്യും.

തിങ്കർ ലാബുകൾ, മേക്കർ സ്പേസുകൾ, എക്‌സ്പിരിമെന്റ് സ്റ്റേഷനുകൾ എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് മികച്ച പഠന സാധ്യതകൾക്കൊപ്പം മെന്ററിങ്ങിനും പിച്ചിങ്ങിനുമുള്ള അത്യാധുനിക സൗകര്യങ്ങളും സജ്ജമാക്കും. സംയുക്ത ഗവേഷണങ്ങൾ, ഹാക്കത്തോണുകൾ, വർക്ക്ഷോപ്പുകൾ, ഇൻഡസ്ട്രി പങ്കാളിത്തങ്ങൾ എന്നിവയ്‌ക്കെല്ലാമുള്ള സംവിധാനങ്ങൾ ഒരുക്കും. ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ബാരിയർ ഫ്രീയാക്കും.

പഠനത്തിനും സംരംഭകത്വത്തിനും പുതിയ കൈവഴികളൊരുക്കി വിദ്യാർത്ഥികളെ സാമൂഹിക മാറ്റത്തിനായി പ്രാപ്തമാക്കാനായി ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭമാകും സംസ്ഥാനത്തെ ഫ്രീഡം സ്‌ക്വയറുകൾ. യുവത്വത്തിന്റെ സാധ്യതകൾ സംസ്ഥാനത്തിനു തന്നെ പ്രയോജനപ്പെടുത്തുന്നതിൽ നിർണായകമാകുന്നതിനോടൊപ്പം സമാന ചിന്താഗതി പുലർത്തുന്നവർക്ക് ഒത്തുചേരുന്നതിനുമുളള ഇടംകൂടിയാകും. വിദ്യാർത്ഥികൾക്കും യുവസംരംഭകർക്കുമായി ആശയങ്ങൾ പരസ്പരം പങ്കുവെക്കാനും സഹകരിക്കാനും തുടർച്ചയായി പ്രവർത്തിക്കാനും നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള സാധ്യതകളുടെ വാതിൽ തുറക്കുകയാണ് ഈ ഹൈടെക് ഹബ്ബുകൾ.

കെഎസ്ആര്‍ടിസിക്ക് 71.21 കോടി കൂടി അനുവദിച്ചു; 9 വര്‍ഷത്തിനിടെ ആകെ നല്‍കിയത് 11,597 കോടി

കെഎസ്ആര്‍ടിസിക്ക് 71.21 കോടി കൂടി അനുവദിച്ചു; 9 വര്‍ഷത്തിനിടെ ആകെ നല്‍കിയത് 11,597 കോടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പെന്‍ഷന്‍ വിതരണത്തിന് 71.21 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് 6614.21 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചതെന്നും ധനമന്ത്രി വ്യക്തമാക്കി.

ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ 900 കോടി രൂപയാണ് കോര്‍പറേഷനുള്ള വകയിരുത്തല്‍. ഇതില്‍ 479.21 കോടി രൂപ ഇതിനകം ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റില്‍ അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്കുപുറമെ 676 കോടി രൂപ അധികമായി കോര്‍പറേഷന് സര്‍ക്കാര്‍ സഹായമായി ലഭിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 4963 കോടി രൂപ സഹായമായി അനുവദിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ആകെ 11,597.21 കോടി കെഎസ്ആര്‍ടിസിക്ക് സഹായമായി നല്‍കിയതായും ബാലഗോപാല്‍ അറിയിച്ചു.

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ദൃശ്യങ്ങള്‍ പുറത്ത്

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരേ യാത്രക്കാരന്റെ നഗ്‌നതാപ്രദര്‍ശനം. കൊട്ടിയത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിക്ക് യാത്രക്കാരനില്‍ നിന്ന് ദുരനുഭവമുണ്ടായത്. യാത്രക്കാരന്റെ ലൈംഗികവൈകൃതം യുവതി മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

കഴിഞ്ഞദിവസം രാത്രി 10.45ഓടെയായിരുന്നു സംഭവം. ബസില്‍ യാത്രക്കാര്‍ കുറഞ്ഞ സമയത്താണ് സംഭവം. യാത്ര തുടങ്ങി കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് തൊട്ടപ്പുറത്തെ സീറ്റിലിരുന്ന ഇയാളുടെ പ്രവൃത്തി ശ്രദ്ധിച്ചത്. യുവതി ആദ്യം പരിഭ്രമിച്ചെങ്കിലും പെട്ടെന്ന് തന്നെ ഇയാളുടെ വിഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. മാവേലിക്കര ഡിപ്പോയ്ക്ക് കീഴിലുള്ള കെഎസ്ആര്‍ടിസി ബസിലാണ് സംഭവമുണ്ടായത്. നഗ്‌നതാപ്രദര്‍ശനം നടത്തിയയാളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നുമാണ് വിവരം.

കണ്‍സെഷന്‍ നിരക്ക് 5 രൂപയാക്കണം; നിലപാടിലുറച്ച് ബസുടമകള്‍; വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച

കണ്‍സെഷന്‍ നിരക്ക് 5 രൂപയാക്കണം; നിലപാടിലുറച്ച് ബസുടമകള്‍; വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സെഷന്‍ നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാരും വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളുമായി ചര്‍ച്ച. സെക്രട്ടേറിയറ്റ് അനക്‌സില്‍ ഗതാഗത സെക്രട്ടറിയാണ് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തും. കണ്‍സെഷനില്‍ ചര്‍ച്ച നടത്താമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് ബസ് ഉടമകള്‍ അനിശ്ചിതകാല പണിമുടക്കില്‍ നിന്നും പിന്മാറിയത്.

കഴിഞ്ഞ 13 വര്‍ഷമായി തുടരുന്ന കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. മിനിമം നിരക്ക് 5 രൂപയാക്കണമെന്നാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. മുമ്പ് മിനിമം നിരക്ക് ആറു രൂപയായിരുന്നപ്പോഴാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് ഒരു രൂപയായി നിശ്ചയിച്ചത്. ഇപ്പോള്‍ മിനിമം നിരക്ക് 10 രൂപയായപ്പോഴും കണ്‍സെഷന്‍ ഒരു രൂപയായി തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഇനിയും ഈ നിരക്കില്‍ മുന്നോട്ടു പോകാനാവില്ലെന്നാണ് ബസുടമകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ കണ്‍സെഷന്‍ നിരക്ക് വര്‍ധനയെ വിദ്യാര്‍ത്ഥി സംഘടനകള്‍ എതിര്‍ക്കുകയാണ്. ബസ് നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും, രവിരാമന്‍ റിപ്പോര്‍ട്ടുമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. പരമാവധി 5 കിലോമീറ്റര്‍ വരെ മിനിമം രണ്ടു രൂപയാക്കുക, അല്ലെങ്കില്‍ 10 കിലോമീറ്റര്‍ വരെ മൂന്നുരൂപയായി നിശ്ചയിക്കുക എന്നതാണ് രവിരാമന്‍ കമ്മീഷന്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാനാവില്ല എന്നാണ് ബസുടമകളുടെ നിലപാട്.