by Midhun HP News | Mar 24, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ യൂട്യൂബര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശിയായ യാസര്‍ അറാഫത്തിനെ ആലുവ റൂറല്‍ സൈബര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന യാസറിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്. കേസില്‍ മൂന്നാം പ്രതിയാണ് യാസര്‍ അറാഫത്ത്. അറസ്റ്റിലായ ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. കേസില്‍ കെഎം ഷാജഹാന്‍, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അപവാദ പ്രചാരണം ചൂണ്ടിക്കാട്ടിയാണ് കെജെ ഷൈന്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകള്‍പ്പെടെ ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്.
by Midhun HP News | Mar 24, 2026 | Latest News, കേരളം
കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. നാമനിര്‍ദേശ പത്രികയ്ക്കെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വിഡി സതീശന്‍ യഥാര്‍ഥ വരുമാനം കാണിച്ചില്ലെന്ന് ആരോപിച്ച് എല്‍ഡിഎഫും എന്‍ഡിഎയുമാണ് കമ്മീഷന് പരാതി നല്‍കിയത്. നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലെ 200 കോടിയുടെ സ്വത്തു വിവരങ്ങള്‍ മറച്ചുവച്ചെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെഎസ് ശബരീനാഥനാണ് പരാതി നല്‍കിയത്.
നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് മുമ്പാണ് പറവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ടൈസണ്‍ മാസ്റ്ററും എന്‍ഡിഎയും പരാതി നല്‍കിയത്. സൂക്ഷ്മ പരിശോധനയ്‌ക്കൊടുവിലാണ് വിഡി സതീശന്റെ പത്രിക അംഗീകരിച്ചത്, അഭിഭാഷകനായ വിഡി സതീശന്റെ വരുമാനത്തിന്റെ യഥാര്‍ഥ സ്രോതസ് കാണിച്ചില്ല, ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന്റെ പിഴ അടച്ചതിന്റെ കുടിശികയുടെയും വിവരങ്ങള്‍ കാണിച്ചില്ല, കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം പത്രികയില്‍ കാണിച്ചില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു പരാതി.
അതേസമയം, വിഡി സതീശന്റെ അപരസ്ഥാനാര്‍ഥി കെബി സതീശന്റെ പത്രിക സ്വീകരിച്ചു. കെബി സതീശന്റെ പത്രികയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. പോക്‌സോ കേസ് പ്രതിയായതിനാല്‍ കെസി സതീശന്റെ പത്രിക തള്ളണമെന്നായിരുന്നു കോണ്‍ഗ്രസ് വാദം.
രാജീവ് ചന്ദ്രശേഖറിനെതിരെ കോണ്‍ഗ്രസ്മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കെഎസ് ശബരീനാഥന്‍ പറഞ്ഞു. ക്രിമിനല്‍ കുറ്റമാണ് നടന്നിരിക്കുന്നത്. കോടികളുടെ സ്വത്ത് ഉണ്ടാകുന്നതില്‍ തെറ്റില്ല. പക്ഷേ എന്തിനാണു അത് രാജീവ് ചന്ദ്രശേഖര്‍ മറച്ചുവയ്ക്കുന്നുതെന്നും ശബരീനാഥന്‍ ചോദിച്ചു. എന്‍ഡിഎ അക്കൗണ്ടു പൂട്ടിക്കാന്‍ സുവര്‍ണാവസരം ലഭിച്ചിട്ടും സിപിഎം ഉപയോഗിക്കാത്തതു ഡീലാണെന്നും ശബരി പറഞ്ഞു.
ആരോപണം അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ് കോടതിയെ സമീപിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിനു മുന്‍പും വ്യക്തിപരമായി ആക്രമിക്കുന്നത് കോണ്‍ഗ്രസിന്റെ പതിവാണ്. സിപിഎമ്മും ബിജെപിയും ഡീലാണെന്ന് ആദ്യം അവര്‍ പറഞ്ഞു. അതു ഫലിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ തന്നെ ആക്രമിക്കുകയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് വിവാദങ്ങളല്ല. വികസനം കൊണ്ടുവരാനുള്ള കരുത്താണ്. അതു കോണ്‍ഗ്രസിനില്ല. ഇപ്പോള്‍ ഉന്നയിക്കുന്നതു പൂര്‍ണമായും കള്ളത്തരമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
by Midhun HP News | Mar 24, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിൽ ആകെ 15 പത്രികകൾ. പ്രമുഖ മുന്നണികളെല്ലാം സജീവമായ പ്രചാരണവുമായാണ് രംഗത്തുള്ളത്.
മുന്നണി സ്ഥാനാർത്ഥികൾ:
എൽ.ഡി.എഫ് (LDF): സി.പി.എമ്മിലെ ഒ.എസ്. അംബികയാണ് ഇടത് മുന്നണി സ്ഥാനാർത്ഥി. അംബികയ്ക്കായി നാല് സെറ്റ് പത്രികകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. സി.പി.എം നേതാവ് രാജു ഡമ്മി സ്ഥാനാർത്ഥിയായി ഒരു സെറ്റ് പത്രിക നൽകി.
യു.ഡി.എഫ് (UDF): യു.ഡി.എഫിനു വേണ്ടി ആർ.എസ്.പിയിലെ സന്തോഷ് ഭദ്രൻ രണ്ട് സെറ്റ് പത്രിക സമർപ്പിച്ചു.
എൻ.ഡി.എ (NDA): ബി.ജെ.പി സ്ഥാനാർത്ഥി സുധീറിന് വേണ്ടി മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ബി.ജെ.പി നേതാവ് ശിവരാജൻ ഡമ്മി സ്ഥാനാർത്ഥിയായി ഒരു സെറ്റ് പത്രിക നൽകി.
മറ്റ് പ്രധാന സ്ഥാനാർത്ഥികൾ:
എസ്.ഡി.പി.ഐ (SDPI): ജയരാജ് (രണ്ട് സെറ്റ് പത്രിക).
ബി.എസ്.പി (BSP): സുചിത്ര.
ഡിഎച്ച്.ആർ.എം (DHRM): സുനിത കിളിമാനൂർ.
സൂക്ഷ്മപരിശോധനയ്ക്ക് ശേഷം പത്രിക പിൻവലിക്കാനുള്ള സമയം കൂടി കഴിയുന്നതോടെ മണ്ഡലത്തിലെ അന്തിമ പോരാട്ട ചിത്രം വ്യക്തമാകും.
by Midhun HP News | Mar 24, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഒമ്പതാം ക്ലാസ്സ് പരീക്ഷക്ക് കണ്ണൂരിലും കോഴിക്കോട്ടും ചോദ്യ പേപ്പര്‍ എത്തിയില്ല. ഒടുവില്‍ വിദ്യാഭ്യാസ വകുപ്പ് അയച്ച ഇ മെയില്‍ പ്രിന്റെടുത്ത് വായിച്ച് കേള്‍പ്പിച്ചാണ് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ ഇന്ന് പരീക്ഷയെഴുതിയത്. കൊല്ല പരീക്ഷ ഇങ്ങനെ എഴുതേണ്ടി വന്നത് കുട്ടികള്‍ക്ക് വലിയ പ്രയാസമായി. വളരെ നിസ്സാരമായിട്ടാണ് വിദ്യാഭ്യാസ വകുപ്പ് വാര്‍ഷിക പരീക്ഷയെ കണ്ടതെന്ന് അധ്യാപകര്‍ ആരോപിച്ചു.
by Midhun HP News | Mar 24, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: എച്ച്.പി ന്യൂസ് വാർത്ത തുണയായി, നഷ്ടപ്പെട്ട സ്വർണ്ണം തിരികെ നേടി കുരുന്ന്. ആറ്റിങ്ങൽ പൂവൻപാറ സ്വദേശി നിമ്മി ദർശ്ശിന്റെ കുഞ്ഞിന്റെ കൈ ചെയിൻ നഷ്ടപ്പെട്ടിരുന്നു. ഇത് അന്വേഷിച്ച് വരവേയാണ് എച്ച്.പി ന്യൂസ് വാർത്ത ശ്രദ്ധയിൽപ്പെട്ടത്.
കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം പോലീസിനെ ഏൽപ്പിച്ചു എന്ന വാർത്തയാണ് കണ്ടത്. പാലാംകോണം സ്വദേശി സാവന്റെ ഭാര്യ അഞ്ജു സാവനാണ് ആലംകോട് പള്ളിക്കുസമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45 നു കൈ ചെയിൻ കളഞ്ഞു കിട്ടിയത്. ഇവരുടെ സുഹൃത്ത് ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ഇൻ്റീരിയർ ഡിസൈനർ എന്ന സ്ഥാപനത്തിൻ്റെ എം.ഡി പ്രശാന്തിനെ വിവരമറിയിക്കുകയും പ്രശാന്ത് സ്വർണം ആറ്റിങ്ങൽ പോലീസിന് കൈമാറുകയും ചെയ്തിരുന്നു. ഇതാണ് നിമ്മി ദർശ് കുടുംബത്തോടൊപ്പം ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ എത്തി തെളിവുകൾ നൽകി സ്വർണ്ണ ചെയിൻ തിരികെ നേടുകയായിരുന്നു. എസ്.ഐ സിതാര, എ.എസ്.ഐ മുരളീധരൻ നായർ എന്നിവർ ഉടമക്ക് കൈമാറി.
by Midhun HP News | Mar 24, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്ത് പൊതുവിതരണ സമ്പ്രദായത്തിന് കീഴില്‍ വിതരണം ചെയ്യുന്ന ധാന്യങ്ങളില്‍ പൊടി അരിയുടെ വിഹിതം 25 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയ്ക്കാന്‍ നിര്‍ദ്ദേശവുമായി കേന്ദ്രം. ഈ നീക്കം എഥനോള്‍ മേഖലയ്ക്ക് പ്രതിവര്‍ഷം ഏകദേശം 90 ലക്ഷം ടണ്‍ ബ്രോക്കണ്‍ റൈസ് സൗജന്യമാക്കുമെന്ന് ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര പറഞ്ഞു. ഓള്‍ ഇന്ത്യ ഡിസ്റ്റിലേഴ്സ് അസോസിയേഷന്‍ (എഐഡിഎ) സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള അസംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 40 ശതമാനത്തോളം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര നീക്കം. പെട്രോളില്‍ ഇന്ത്യയുടെ എഥനോള്‍ ഇതിനകം 20 ശതമാനത്തിലെത്തി, 2013 ല്‍ ഇത് 1.5 ശതമാനമായിരുന്നു, ഇത് രാജ്യത്തിന് 1.63 ലക്ഷം കോടി രൂപയിലധികം വിദേശനാണ്യം ലാഭിക്കാനും 2014 മുതല്‍ ക്രൂഡ് ഇറക്കുമതി 277 ലക്ഷം മെട്രിക് ടണ്‍ കുറയ്ക്കാനും സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ എഥനോള്‍ വിപണിയിലേക്ക് കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മിശ്രണ പരിധി 20 ശതമാനത്തിന് മുകളില്‍ ഉയര്‍ത്തുക, ഡീസലില്‍ എഥനോള്‍ കലര്‍ത്തുക, ഫ്‌ലെക്‌സ്-ഫ്യൂവല്‍ വാഹനങ്ങള്‍(എഥനോൾ, പെട്രോൾ എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് പ്രവർത്തിക്കുന്നവ) പ്രോത്സാഹിപ്പിക്കുക എന്നിവയെല്ലാം സജീവമായി പരിഗണിക്കുന്നുണ്ടെന്നും ഉടന്‍ തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും സഞ്ജീവ ചോപ്ര പറഞ്ഞു.
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നത്തിന് ബ്രോക്കണ്‍ റൈസ് നിര്‍ദേശം പരിഹാരമാകുമെന്ന് പറഞ്ഞു – 2023-ല്‍, മോശം പഞ്ചസാര വിളവ്, അരി ഉല്‍പാദനത്തെക്കുറിച്ചുള്ള ഭയം എന്നിവ ഡിസ്റ്റിലറികളിലേക്കുള്ള ഫീഡ്സ്റ്റോക്ക് വിതരണം നിയന്ത്രിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി, ഇത് വ്യവസായത്തെ ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതി പ്രകാരം, ഇത് 10 ശതമാനമായി കുറയ്ക്കും. ഓരോ വര്‍ഷവും വിതരണം ചെയ്യുന്ന 360-370 ലക്ഷം ടണ്ണില്‍ നിന്നുള്ള അധിക ബ്രോക്കണ്‍ റൈസ് ലേലത്തിലൂടെ എഥനോള്‍ നിര്‍മ്മാതാക്കള്‍ക്കും മൃഗത്തീറ്റ ഉല്‍പ്പാദകര്‍ക്കും മറ്റുള്ളവര്‍ക്കും വില്‍ക്കും.

അഞ്ച് സംസ്ഥാനങ്ങളില്‍ ഇതിനകം ഒരു ട്രയല്‍ റണ്‍ പൂര്‍ത്തിയായി. അടുത്ത വര്‍ഷം മുതല്‍, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) സ്റ്റോക്കുകളില്‍ നിന്ന് ഡിസ്റ്റിലറികള്‍ക്ക് മുഴുവന്‍ ധാന്യ അരി വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ നിര്‍ത്തും. പുതുക്കിയ ഭക്ഷ്യ പദ്ധതിയില്‍ നിന്നുള്ള പൊട്ടിച്ച അരി വിശ്വസനീയവും വര്‍ഷം മുഴുവനും ലഭ്യമായതുമായ ഒരു ഫീഡ്സ്റ്റോക്കായി മാറുമെന്ന് ചോപ്ര പറഞ്ഞു. ഇന്ത്യയുടെ എഥനോള്‍ ഉല്‍പാദന ശേഷി 2013-14 ല്‍ 420 കോടി ലിറ്ററില്‍ നിന്ന് ഇന്ന് ഏകദേശം 2,000 കോടി ലിറ്ററായി ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു.

Recent Comments