രാവിലെ പിഎസ്‌സി പരീക്ഷ 7 മണിക്ക്; സെപ്തംബര്‍ ഒന്ന് മുതല്‍ പുതിയ സമയക്രമം

രാവിലെ പിഎസ്‌സി പരീക്ഷ 7 മണിക്ക്; സെപ്തംബര്‍ ഒന്ന് മുതല്‍ പുതിയ സമയക്രമം

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തിന് അനുസരിച്ചുള്ള പിഎസ്‌സി പരീക്ഷകളുടെ സമയ ക്രമത്തില്‍ വരുത്തുന്ന മാറ്റം സെപ്തംബര്‍ മുതല്‍ നിലവില്‍ വരും. രാവിലെ നടത്താറുള്ള പിഎസ് സി പരീക്ഷകള്‍ ഇനിമുതല്‍ എഴ് മണിക്ക് തുടങ്ങും. സെപ്റ്റംബര്‍ ഒന്നുമുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും.

സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ നിശ്ചയിക്കുന്ന പരീക്ഷകളാണ് പിഎസ്‌സി രാവിലെ നടത്താറുള്ളത്. ഒരു മാസം ശരാശരി 10 മുതല്‍ 15 പരീക്ഷകള്‍ വരെയാണ് പിഎസ്സി ഇത്തരം ദിവസങ്ങളില്‍ നടത്തിവരുന്നത്. നേരത്തെ 7.15 നായിരുന്നു പരീക്ഷ ആരംഭിച്ചിരുന്നത്. ഈ സമയമാണ് 15 മിനിറ്റ് നേരത്തെയാക്കിയിരിക്കുന്നത്.

സ്‌പെഷ്യല്‍ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മിക്കപ്പോഴും രാവിലെ ക്രമീകരിക്കാറുള്ളത്. ഇത്തരം പരീക്ഷകള്‍ക്ക് താലൂക്ക് തലത്തില്‍ പോലും പരീക്ഷാ കേന്ദ്രങ്ങളും ഉണ്ടാകാറില്ല. അതിരാവിലെ ബസ് സര്‍വീസുകള്‍ ഇല്ലാത്തതും കൃത്യസമയത്തില്‍ നിന്നും ഒരു മിനിറ്റ് വൈകിയാല്‍ പോലും പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന സാഹചര്യവും പലപ്പോഴും രാവിലെയുള്ള ടെസ്റ്റുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വലിയ സമ്മര്‍ദത്തിന് ഇടയാക്കാറുണ്ട്.

ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ ഈ സമയക്രമം പാലിക്കാന്‍ പോലും വലിയെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം മറികടക്കാന്‍ തലേ ദിവസം വന്ന് പരീക്ഷാ കേന്ദ്രത്തിന് സമീപം താമസിക്കേണ്ട സാഹചര്യവും ഉദ്യോഗാര്‍ഥികള്‍ക്കുണ്ട്. ഇതിനിടെയാണ് ഇപ്പോഴത്തെ സമയമാറ്റം.

പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; യൂട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍

പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; യൂട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍

കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ ഷാലു കിംഗ് എന്ന് മുഹമ്മദ് സാലി അറസ്റ്റില്‍. 14 കാരിയായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് മംഗലാപുരം എയര്‍പോര്‍ട്ടിലെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുട്ടിയെ വിദേശത്തു വെച്ച് പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ പരാതി. സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കാസര്‍കോട് സ്വദേശിയാണ് ഷാലു കിംഗ്.

തുടര്‍ച്ചയായ മഴ: പീച്ചി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

തുടര്‍ച്ചയായ മഴ: പീച്ചി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. നാല് ഷട്ടറുകളും നിലവില്‍ എട്ടിഞ്ച് (20സെ.മി) തുറന്നിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഡാമിലേക്ക് നീരൊഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാല് ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തും. ഞായറാഴ്ച രാവിലെ 8 മുതല്‍ ഘട്ടം ഘട്ടമായി നാലിഞ്ച് (10 സെന്റീമീറ്റര്‍) കൂടി ഉയര്‍ത്തും(ആകെ 12 ഇഞ്ച്). ഇതു മൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നിലവിലേതില്‍ നിന്നും പരമാവധി 20സെ.മീ. കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് അസി.എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.

സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്നു

സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അതിതീവ്ര മഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒട്ടാകെ ഇന്ന് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ തുടരുന്നത്.

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിങ്കളാഴ്ച, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കന്‍ ഛത്തീസ്ഗഡിനും ഝാര്‍ഖണ്ഡിനും മുകളിലായി തീവ്രന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. നാളെയോടെ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. കേരളത്തില്‍ ഇന്നു മുതല്‍ നാളെ ( ഞായറാഴ്ച) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മാറാട് യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത

മാറാട് യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത

കോഴിക്കോട്: മാറാട് യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബവഴക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം

ഭർത്താവ് പ്രശാന്ത് മദ്യപാനി ആയിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് മരണകാരണമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തുന്ന ഭർത്താവ് പ്രശാന്ത് ഷിംനയെ മര്‍ദിക്കുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഷിംനയ്ക്കെതിരെ ശരീരത്തില്‍ പാടുകള്‍ ഉണ്ടെന്നും പ്രശാന്തിനെതിരെ പരാതി നല്‍കുമെന്നും ബന്ധുക്കൾ അറിയിച്ചു. മരണത്തില്‍ ദൂരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.

സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടുനൽകും.

ആർ. രാജഗോപാലൻ (73) അന്തരിച്ചു

ആർ. രാജഗോപാലൻ (73) അന്തരിച്ചു

ആറ്റിങ്ങൽ: കൊല്ലമ്പുഴ തോട്ടവാരം രാഖി നിവാസിൽ ആർ. രാജഗോപാലൻ (73) അന്തരിച്ചു. ഭാര്യ: ആർ സുശീല.

മക്കൾ: രാഖി ആർ.എസ് (അധ്യാപിക,ഗവ: ഹയർ സെക്കൻഡറി സ്കൂൾ, കിളിമാനൂർ) രാഹുൽ ആർ.എസ്(ആസ്ത്രേലിയ),രാഹിത് ആർ.എസ്.

മരുമക്കൾ: എസ് അനീഷ് (അധ്യാപകൻ, എസ്.എൻ.വി. എച്ച്.എസ്.എസ്, കടയ്ക്കാവൂർ), ലക്ഷ്മി ലാൽ ഡി(ആസ്ത്രേലിയ), ലക്ഷ്മി ഭഗീരഥൻ.
സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്