by Midhun HP News | Jul 26, 2025 | Latest News, കേരളം
തിരുവനന്തപുരം: സൗമ്യ കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ നടക്കുന്ന പോലീസ് അന്വേഷണത്തിനും വകുപ്പ് തല പരിശോധനകള്‍ക്കും പുറമെയാണ് സമഗ്ര അന്വേഷണം. ഹൈക്കോടതി റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍, മുന്‍ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക. മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
സംസ്ഥാന ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ, ഇന്റലിജന്‍സ് അഡീഷണല്‍ ഡിജിപി പി വിജയന്‍ എന്നിവരാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായത് അത്യന്തം ഗൗരവം ഉള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. അടുത്ത മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെന്‍സിങ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് തീരുമാനമെടുത്തു. സൂക്ഷ്മതലത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഇന്റലിജന്റ് സിസിടിവി നാല് പ്രധാന ജയിലുകളില്‍ സ്ഥാപിക്കും. ഇതിനുള്ള നടപടി അടിയന്തരമായി തുടങ്ങും.
ജയില്‍ ജീവനക്കാര്‍ തുടര്‍ച്ചയായി ഒരേ സ്ഥലത്ത് തുടരുന്നത് കണക്കിലെടുത്ത്, അതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഓരോ സ്ഥലത്തും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും. ജയിലിനകത്ത് ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളില്‍ പലരെയും ഇപ്പോള്‍ അതീവ സുരക്ഷാ ജയിലിലാണ് പാര്‍പ്പിക്കുന്നത്. ഇത്തരക്കാര്‍ക്ക് അന്തര്‍ സംസ്ഥാന ജയില്‍ മാറ്റം കൂടി ആലോചിക്കും.
ജയിലുകളില്‍ ഇപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനമുണ്ട്. അത് ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. ജയിലിനകത്ത് തടവുകാര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും.
താങ്ങാനാവുന്നതില്‍ കൂടുതല്‍ തടവുകാര്‍ ജയിലുകളില്‍ ഉള്ള സാഹചര്യത്തില്‍ പുതിയ ഒരു സെന്‍ട്രല്‍ ജയില്‍ ആരംഭിക്കും. ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളില്‍ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുമെന്നും യോഗം തീരുമാനമെടുത്തു.
നിലവില്‍ നടക്കുന്ന അന്വേഷണങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
by Midhun HP News | Jul 26, 2025 | Latest News, കായികം
ബംഗളൂരു: ഇന്ത്യന്‍ വനിതാ ടീമിലെ മധ്യനിര ബാറ്ററും വെറ്ററന്‍ താരവുമായ വേദ കൃഷ്ണമൂര്‍ത്തി പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. യുവ താരങ്ങളുടെ സ്ഥാനമാണ് താനിപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നതെന്നും അവര്‍ക്കായി വഴി മാറുകയാണെന്നും വേദ വിരമിക്കല്‍ കുറിപ്പില്‍ വ്യക്തമാക്കി.
ഏകദിന, ടി20 പോരാട്ടങ്ങളിലായി ഇന്ത്യക്കായി 124 മത്സരങ്ങള്‍ വേദ കളിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കായും വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിനായും കളിക്കുന്നു.
2020ലെ വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് താരത്തിന്റെ ഇന്ത്യന്‍ ജേഴ്‌സിയിലെ അവസാന പോരാട്ടം. 48 ഏകദിനങ്ങള്‍ താരം ഇന്ത്യക്കായി കളിച്ചു. 829 റണ്‍സ് നേടി. 76 ടി20 മത്സരങ്ങള്‍. 875 റണ്‍സ് നേടി.
by Midhun HP News | Jul 26, 2025 | Latest News, കേരളം
സാമൂഹ്യ പ്രവർത്തകയും മത്സ്യ തൊഴിലാളി നേതാവും ഇടതുപക്ഷ സഹയാത്രികയുമായ കർമ്മലി ജോൺ (73) അന്തരിച്ചു. നിരവധി സാമൂഹ്യ വിഷയങ്ങളിലും സമരങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു കർമ്മലി ജോൺ. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ്റെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന കർമ്മലി ജോൺ നർമ്മദാ ബച്ചാവോ ആന്ദോളൻ , മുതലപ്പൊഴി അഴിയാക്കൽ, മത്സ്യത്തൊഴിലാളികളുടെ കന്യാകുമാരി മാർച്ച്, ട്രോളിംഗ് നിരോധനം ഉൾപ്പെടെ നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും, പലവട്ടം നിരാഹാരം അനുഷ്ടിക്കുകയും ചെയ്തിരുന്നു.
ഗവൺമെൻ്റ് സർവ്വീസിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
മക്കൾ: ജോബ് ജോൺ ( സി.പി.ഐ.എം ബ്രാഞ്ച് മെമ്പർ), ജേക്കബ് ജോൺ,
മരുമക്കൾ:ഷേർളി, ലീന മാത്യു.
by Midhun HP News | Jul 26, 2025 | Latest News, കേരളം
തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും പുതിയ തട്ടിപ്പുകള്‍ ഓരോന്നായി വന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച് വരുന്നതിനിടെയാണ് സുരക്ഷാപഴുതുകൾ കണ്ടെത്തി പുതിയ തട്ടിപ്പുകള്‍ വരുന്നത്. ഇപ്പോള്‍ ട്രാഫിക് നിയമലംഘന നോട്ടീസുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പില്‍ മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.
‘Traffic violation notice എന്ന പേരില്‍ പലരുടെയും വാട്‌സ്ആപ്പ് നമ്പറിലേക്ക് മലയാളത്തില്‍ താഴെ പറയുന്ന ഒരു മെസേജും mParivahan എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്. നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്. ഇത് വ്യാജനാണ്. നിങ്ങള്‍ ആ ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങള്‍, ബാങ്ക് Details,പാസ്‌വേര്‍ഡുകള്‍ തുടങ്ങിയവ ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ സാധ്യത ഉണ്ട്. ആയതിനാല്‍ ഒരു കാരണവശാലും APK ഫയല്‍ ഓപ്പണ്‍ ചെയ്യരുത്.’- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്:
വ്യാജനാണ് പെട്ടു പോകല്ലെ.
Traffic violation notice എന്ന പേരില്‍ പലരുടെയും വാട്‌സ് ആപ്പ് നമ്പരിലേക്ക് മലയാളത്തില്‍ താഴെ പറയുന്ന ഒരു മെസേജും mParivahan എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്.
നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്.
ഇത് വ്യാജനാണ്. നിങ്ങള്‍ ആ ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങള്‍, ബാങ്ക് Details,പാസ് വേര്‍ഡുകള്‍ തുടങ്ങിയവ ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ സാധ്യത ഉണ്ട്. ആയതിനാല്‍ ഒരു കാരണവശാലും APK ഫയല്‍ ഓപ്പണ്‍ ചെയ്യരുത്.
മോട്ടോര്‍ വാഹന വകുപ്പോ, പോലിസോ സാധാരണയായി വാട്ട്‌സ് അപ്പ് നമ്പറിലേക്ക് നിലവില്‍ ചലാന്‍ വിവരങ്ങള്‍ അയക്കാറില്ല. അത്തരം വിവരങ്ങള്‍ നിങ്ങളുടെ ആര്‍ സി യില്‍ നിലവിലുള്ള മൊബൈല്‍ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചലാന്‍ സൈറ്റ് വഴി അയക്കാറുള്ളത്.
ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം മെസേജുകള്‍ വന്നാല്‍ https://echallan.parivahan.gov.in എന്ന സൈറ്റില്‍ കയറി Check Pending transaction എന്ന മെനുവില്‍ നിങ്ങളുടെ വാഹന നമ്പറോ,ചലാന്‍ നമ്പറോ നല്‍കിയാല്‍ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും ചലാന്‍ പെന്റിങ്ങ് ഉണ്ടോ എന്ന് അറിയാവുന്നതാണ്.
ഏതെങ്കിലും തരത്തില്‍ പണം നഷ്ടപ്പെട്ടാല്‍ ഉടനടി 1930 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.
by Midhun HP News | Jul 26, 2025 | Latest News, കേരളം
തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ട തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥിയായ മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയ പശ്ചാത്തലത്തില്‍ മാനേജ്‌മെന്റിനെ പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തേവലക്കര സ്‌കൂളിന്റെ ഭരണം കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്ക് കൈമാറി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മിഥുന്റെ ആകസ്മിക വേര്‍പാട് കേരളത്തെയാകെ ദുഃഖത്തില്‍ ആഴ്ത്തിയ സംഭവമാണ്. സംഭവവുമായി ബന്ധപ്പെട്ട് മാനേജര്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് വരുത്തിയത്. മാനേജര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും മന്ത്രി വ്യക്തമാക്കി.
by Midhun HP News | Jul 26, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് തോരാതെ പെയ്യുന്ന കനത്തമഴയില്‍ വ്യാപക നാശനഷ്ടം. കോഴിക്കോട് ജില്ലയില്‍ നാദാപുരം, മാവൂര്‍, കല്ലാച്ചി മേഖലയില്‍ കനത്തമഴയില്‍ നിരവധി മരങ്ങളാണ് കടപുഴകി വീണത്. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നുവീണും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് തോണി മറിഞ്ഞ് ഒരാളെ കാണാതായി. കണ്ണൂരില്‍ വീടിന് മുകളില്‍ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം. ആലപ്പുഴ മാരാരിക്കുളത്ത് കനത്ത മഴയിലും കാറ്റിലും ട്രാക്കില്‍ വീണ മരം നീക്കി.
കോഴിക്കോട് കല്ലാച്ചിയില്‍ അനുഭവപ്പെട്ട മിന്നല്‍ ചുഴലിയിലാണ് വ്യാപക നാശനഷ്ടം ഉണ്ടായത്. പ്രദേശത്ത് നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീഴുകയും ചെയ്തിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. മാവൂരിലും കനത്ത കാറ്റാണ് നാശനഷ്ടമുണ്ടാക്കിയത്. കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീഴുകയും വീടുകള്‍ തകരുകയും ചെയ്തു. ഇതിന് പുറമേ മാവൂരില്‍ പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. അതിനാല്‍ താഴ്ന്ന പ്രദേശങ്ങൡ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്.
തുടര്‍ച്ചയായി രണ്ടാം ദിവസവും വീശിയടിച്ച ശക്തമായ കാറ്റില്‍ കോഴിക്കോട് നാദാപുരത്ത് വന്‍നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരങ്ങള്‍ കടപുഴകി വീണും വൈദ്യുതി ലൈനുകള്‍ തകര്‍ന്നുമാണ് ഏറെ നാശനഷ്ടങ്ങളുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു ചുഴലിക്കാറ്റിന് സമാനമായി ശക്തമായ കാറ്റ് വീശിയടിച്ചത്.
നാദാപുരം ടൗണിനോട് ചേര്‍ന്ന് സംസ്ഥാന പാതയിലേക്ക് മരം കടപുഴകി വീണു. ന്യൂക്ലിയസ് ഹോസ്പിറ്റല്‍ പരിസരത്തായിരുന്നു സംഭവം. ഈ സമയത്ത് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. നാദാപുരം ആവോലം ചീറോത്ത് മുക്കില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.
വൈദ്യുതി ലൈന്‍ പൊട്ടിവീണ് വൈദ്യുതി ബന്ധം തകരാറിലായി. കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിന് സമാനമായ കാറ്റില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്നും നാശനഷ്ടങ്ങളുണ്ടായത്. തുടര്‍ച്ചയായി ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ് കഴിയുന്നത്.
Recent Comments