കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ ഗാന്ധിദർശൻ ക്ലബ്‌  ഉദ്ഘാടനവും ചന്ദനത്തിരി നിർമ്മാണ പരിശീലനവും നടന്നു

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ ഗാന്ധിദർശൻ ക്ലബ്‌ ഉദ്ഘാടനവും ചന്ദനത്തിരി നിർമ്മാണ പരിശീലനവും നടന്നു

ആറ്റിങ്ങൽ: കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബിന്റെ ഉദ്‌ഘാടനവും കുട്ടികൾക്കുള്ള ചന്ദന ത്തിരി നിർമ്മാണ പരിശീലനവും, പരിസ്ഥിതി പ്രവർത്തകനും ഗുരുശ്രേഷ്ഠ അവാർഡ് ജേതാവുമായ എസ്.സതീഷ്കുമാർ നിർവ്വഹിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിനായി തെരഞ്ഞെടുത്ത കുട്ടികൾക്ക് പരിശീലനം നൽകി അവരുടെ നേതൃത്വത്തിൽ മറ്റ് കുട്ടികളെ പരിശീലിപ്പിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കൂളിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ സജികുമാർ.എസ് അധ്യക്ഷനായിരുന്നു. സീനിയർ അധ്യാപകൻ ജോയ്.ജി, സ്റ്റാഫ് സെക്രട്ടറി ഷെറിൻ എന്നിവർ സംസാരിച്ചു.

സുരേഷ്‌കുമാർ (മണിയൻ) (62) അന്തരിച്ചു

സുരേഷ്‌കുമാർ (മണിയൻ) (62) അന്തരിച്ചു

ചിറയിൻകീഴ്, മുടപുരം, മേലേത്തട്ടിൽ വീട്ടിൽ സുരേഷ്‌കുമാർ (മണിയൻ) (62) അന്തരിച്ചു.
ഭാര്യ: രതികുമാരി
മകൾ: ഡോ.സുരഭി (KIMS ഹോസ്പിറ്റൽ, കൊല്ലം)
മരുമകൻ: ബിനു (എഞ്ചിനീയർ)

‘ചര്‍ച്ചയില്‍ നിമിഷപ്രിയയുടെ കുടുംബാംഗങ്ങള്‍ മാത്രം മതി, മറ്റുള്ളവരുടെ ഇടപെടല്‍ ഫലം ചെയ്യില്ല’; കേന്ദ്രം സുപ്രീംകോടതിയില്‍

‘ചര്‍ച്ചയില്‍ നിമിഷപ്രിയയുടെ കുടുംബാംഗങ്ങള്‍ മാത്രം മതി, മറ്റുള്ളവരുടെ ഇടപെടല്‍ ഫലം ചെയ്യില്ല’; കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി ന്‌ഴ്‌സ് നിമിഷ പ്രിയയുടെ കുടുംബാംഗങ്ങള്‍ മാത്രം കൊല്ലപ്പെട്ട തലാലിന്‍റെ ബന്ധുക്കളുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പുറത്തു നിന്നുള്ള മറ്റേതൊരു സംഘടനയുടെയും ഇടപെടല്‍ ഫലം ചെയ്യുമെന്നു കരുതുന്നില്ലന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി സുപ്രീംകോടതിയില്‍ പറഞ്ഞു.

‘കുടുംബം മാത്രം ചര്‍ച്ചയില്‍ പങ്കെടുക്കുന്നതാണ് നല്ലത്. മറ്റാരെങ്കിലും അതില്‍ പങ്കെടുക്കുന്നത് ഫലം നല്‍കാനിടയില്ല- ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേത്തയും അധ്യക്ഷരായ സുപ്രീം കോടതി ബെഞ്ചിനോട് വെങ്കട്ടരമണി പറഞ്ഞു. സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്, പുറത്തുനിന്നുള്ളവര്‍ക്ക് ഈ വിഷയത്തില്‍ ഇടപെടുക എളുപ്പമല്ലെന്ന് എജി പറഞ്ഞു.

നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചിരിക്കുകയാണെന്നും വിഷയത്തില്‍ ‘ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും’ എജി സുപ്രീംകോടതിയെ അറിയിച്ചു. നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചിരിക്കുകയാണെന്നും വിഷയത്തില്‍ ‘ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും’ എജി സുപ്രീംകോടതിയെ അറിയിച്ചു.

ഒരു സംഘടനയെ ഇടപെടാന്‍ അനുവദിച്ചാല്‍, സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന ആഖ്യാനമുണ്ടാകാന്‍ എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നല്ല ഉദ്ദേശ്യത്തോടെ ഒരു സംഘടന ഇടപെടുന്നതില്‍ പ്രശ്നമൊന്നുമില്ല. എന്നാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല എന്ന മട്ടില്‍ വാര്‍ത്തയാവുകയാണ്. സര്‍ക്കാര്‍ എല്ലാ രീതിയിലും ശ്രമിക്കുകയാണ്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്തത് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ കഴിയുമോ എന്നറിയില്ല, അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്ത് ആണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ഹാജരായത്. യെമനിലേയ്ക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ അനുമതി വേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ആദ്യഘട്ടത്തില്‍ തലാലിന്റെ കുടുംബം മാപ്പ് നല്‍കുകയാണ് വേണ്ടതെന്നും രണ്ടാമതാണ് ബ്ലഡ് മണിയെക്കുറിച്ച് ചിന്തിക്കേണ്ടതെന്നും ബസന്ത് കോടതിയില്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ യെമനിലേയ്ക്ക് ഇന്ത്യയില്‍ നിന്നും യാത്രാവിലക്കുണ്ട്. ഈ സാഹചര്യം ചൂണ്ടിക്കാട്ടി തലാലിന്റെ കുടുംബത്തെ കാണാന്‍ പ്രത്യേക അനുമതി നല്‍കാനും ഒരു പ്രതിനിധി സംഘത്തിന്റെ യാത്രയ്ക്ക് ക്രമീകരണം ചെയ്യാനും ബസന്ത് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു.

വധശിക്ഷ മാറ്റിവയ്ക്കുന്നതില്‍ ഇടപെടല്‍ നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെക്കുറിച്ചും ബസന്ത് കോടതിയില്‍ പരാമര്‍ശിച്ചു. കേരളത്തില്‍ നിന്നുള്ള വളരെ ആദരണീയനായ ഒരു മതപണ്ഡിതനും വിഷയത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് ബസന്ത് കോടതിയില്‍ പറഞ്ഞു.

അമ്മയെത്തി; പൊന്നുമോനെ യാത്രയാക്കാന്‍, മിഥുന് വിട നല്‍കാന്‍ നാട്

അമ്മയെത്തി; പൊന്നുമോനെ യാത്രയാക്കാന്‍, മിഥുന് വിട നല്‍കാന്‍ നാട്

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂള്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ അമ്മ സുജ നാട്ടിലെത്തി. നെടുമ്പാശ്ശേരി വിമാനത്താളത്തില്‍ ഇളയമകനും ബന്ധുക്കളും സുജയെകാത്തിരുന്നു. വൈകാരിക രംഗങ്ങള്‍ക്കായിരുന്നു വിമാനത്താവളം സാക്ഷ്യമായത്. ഇളയ മകനെ കെട്ടിപ്പെടിച്ച് പൊട്ടിക്കരഞ്ഞായിരുന്നു സുജ പുറത്തിറങ്ങിയത്. 8.50ന് ഇന്‍ഡിഗോ വിമാനത്തിലാണ് കുവൈത്തില്‍ നിന്നും സുജ നാട്ടിലെത്തിയത്.

മിഥുന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. 10 മണി മുതല്‍ സ്‌കൂളില്‍ പൊതുദര്‍ശനം. 12 മണിക്ക് വീട്ടിലേയ്ക്ക് കൊണ്ടു പോകും.

സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനുമായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. തറയില്‍ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

അപകീര്‍ത്തിപ്പെടുത്തിയെന്ന കലാമണ്ഡലം സത്യഭാമയുടെ പരാതി; തെളിവില്ലെന്ന് ഹൈക്കോടതി, കേസ് റദ്ദാക്കി

അപകീര്‍ത്തിപ്പെടുത്തിയെന്ന കലാമണ്ഡലം സത്യഭാമയുടെ പരാതി; തെളിവില്ലെന്ന് ഹൈക്കോടതി, കേസ് റദ്ദാക്കി

കൊച്ചി: നര്‍ത്തകരായ ആര്‍ എല്‍ വി രാമകൃഷ്ണന്‍, യു ഉല്ലാസ്, എന്നിവര്‍ക്കെതിരെ നൃത്തധ്യാപിക കലാമണ്ഡലം സത്യഭാമ നല്‍കിയ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി. സത്യഭാമയുടെ സ്വകാര്യ അന്യായത്തെത്തുടര്‍ന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെടുത്ത കേസിലെ തുടര്‍ നടപടികളാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്. രാമകൃഷ്ണനും ഉല്ലാസും നല്‍കിയ ഹര്‍ജി അനുവദിച്ചാണ് നടപടി.

താനുമായുള്ള ഫോണ്‍ സംഭാഷണം റെക്കോര്‍ഡു ചെയ്ത ഹര്‍ജിക്കാര്‍ സമൂഹമാധ്യമങ്ങളില്‍ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയും പ്രസിദ്ധീകരണത്തിന് നല്‍കുകയും ചെയ്‌തെന്നാണ് സത്യഭാമയുടെ പരാതി. എന്നാല്‍ അപകീര്‍ത്തികരമെന്ന് ആരോപിക്കുന്ന പ്രസ്താവനകളും പ്രസിദ്ധീകരണത്തിന്റെ പകര്‍പ്പുകളും പരാതിയോടൊപ്പം ഹാജരാക്കിയിട്ടില്ലെന്നത് കോടതി കണക്കിലെടുത്തു. തെളിവുകളുടെ അഭാവത്തില്‍ കേസ് നിലനില്‍ക്കില്ലെന്നത് കോടതി കണക്കിലെടുത്തു. തെളിവുകളുടെ അഭാവത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.

2018 ജനുവരിയില്‍ അബുദാബി മലയാളി അസോസിയേഷന്‍ നടത്തിയ നൃത്ത മത്സരത്തില്‍ സത്യഭാമ വിധികര്‍ത്താവായിരുന്നു. രാമകൃഷ്ണന്‍ പരിശീലിപ്പിച്ച നര്‍ത്തകര്‍ പിന്തള്ളപ്പെട്ടു. ഇത് ബോധപൂര്‍വമാണെന്ന് കരുതിയ ഹര്‍ജിക്കാരന്‍ സത്യഭാമയെ ഫോണില്‍ ബന്ധപ്പെട്ട് തീരുമാനമത്തില്‍ സംശയം ഉന്നയിച്ചു ചോദ്യം ചെയ്തു. മത്സരാര്‍ഥികളുടെ മുദ്രകള്‍ പലതും തെറ്റായിരുന്നുവെന്നും അനുഭവ പരിചയമുള്ള നൃത്തധ്യാപകര്‍ക്ക് പോലും പിശക് പറ്റാറുണ്ടെന്നും സത്യഭാമ വിശദീകരിച്ചു. ഇത് രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ശേഷം നൃത്ത ഗുരുക്കന്‍മാര്‍ക്കെതിരായ പരാമര്‍ശമെന്ന നിലയില്‍ ഹര്‍ജിക്കാര്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി.

ചക്കപ്പഴം കഴിച്ചാല്‍ പൂസാകുമോ? ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ കുടുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാര്‍

ചക്കപ്പഴം കഴിച്ചാല്‍ പൂസാകുമോ? ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ കുടുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാര്‍

കോട്ടയം: ചക്കപ്പഴം കഴിച്ചാല്‍ ‘ഫിറ്റ്’ആകുമോ? എന്നാല്‍ കേട്ടോ സംഭവം സത്യമാണ്. കഴിഞ്ഞ ദിവസം വരിക്കച്ചക്കപ്പഴം കഴിച്ചവരെയെല്ലാം ബ്രെത്ത് അനലൈസര്‍ പിടിച്ചു. പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം.

വീട്ടില്‍ നല്ല തേന്‍വരിക്കച്ചക്ക മുറിച്ചപ്പോള്‍ അതിലൊരു പങ്ക് മറ്റുജീവനക്കാര്‍ക്കുകൂടി കൊടുക്കാമെന്ന് കരുതിയാണ് രാവിലെ ഡ്യൂട്ടിക്കെത്തിയ കൊട്ടാരക്കര സ്വദേശിയായ ഡ്രൈവര്‍ ചുളയുമായി എത്തിയത്. ഡ്യൂട്ടിക്ക് പോകും മുമ്പ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മൂന്ന് ജീവനക്കാാര്‍ നാലഞ്ച് ചുള അകത്താക്കി. ഡിപ്പോയിലെ രാവിലത്തെ പതിവുപരിപാടിയായ ‘ഊതിക്കല്‍’ തുടങ്ങിയപ്പോഴാണ് ചക്കയുടെ തനിസ്വഭാവം മനസ്സിലായത്. ബ്രെത്ത് അനലൈസര്‍ പൂജ്യത്തില്‍നിന്ന് കുതിച്ചുയര്‍ന്ന് പത്തിലെത്തി. ചക്കപ്പഴം കഴിച്ച കെഎസ്ആര്‍ടിസി പന്തളം ഡിപ്പോയിലെ 3 ജീവനക്കാര്‍ ബ്രത്തനലൈസര്‍ പരിശോധനയില്‍ കുടുങ്ങി. താന്‍ മദ്യപിച്ചില്ലെന്നും വേണമെങ്കില്‍ രക്തപരിശോധന നടത്താമെന്നും അധികൃതരോട് ഡ്രൈവര്‍ പറഞ്ഞു.

ഒടുവില്‍ സാംപിള്‍ പരിശോധന നടത്താമെന്നായി ജീവനക്കാര്‍. ഊതിക്കാന്‍ നിയോഗിച്ച ആള്‍തന്നെ ആദ്യം ഊതിയപ്പോള്‍ പൂജ്യം. ചക്കച്ചുള കഴിച്ചുകഴിഞ്ഞ് ഊതിയപ്പോള്‍ തെളിഞ്ഞത് അദ്ദേഹവും മദ്യപിച്ചെന്ന് തെളിയിക്കുന്ന സംഖ്യ.ആദ്യഫലം പൂജ്യത്തിലുള്ള പലരും ചുള കഴിച്ച് ശേഷം നോക്കിയപ്പോള്‍ വില്ലന്‍ ചക്കതന്നെയെന്ന് അധികതരും ഉറപ്പിച്ചു.

ഇതോടെ ഡിപ്പോയില്‍ ചക്കപ്പഴത്തിന് വിലക്കേര്‍പ്പെടുത്തി. നല്ല മധുരമുള്ള പഴങ്ങള്‍ പഴക്കം മൂലം പുളിച്ചാല്‍ അതില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയും. പുളിക്കാന്‍ സഹായിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങള്‍ ചക്കപ്പഴത്തിലുണ്ട്. എന്നാല്‍ ചക്കപ്പഴം ആ അവസ്ഥയില്‍ കഴിക്കാന്‍ പോലും പ്രയാസമായിരിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.