by Midhun HP News | Jul 18, 2025 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആര്‍എഫ്) ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടി ആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ ഉപവിഭാഗമായാണ് ടിആര്‍എഫ് അറിയപ്പെടുന്നത്.
ടിആര്‍എഫിനെ ഒരു വിദേശ ഭീകര സംഘടനയായും ആഗോള ആഗോള ഭീകര പട്ടികയില്‍ ചേര്‍ത്തതായും റൂബിയോ വ്യക്തമാക്കി. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 219, എക്സിക്യുട്ടീവ് ഓര്‍ഡര്‍ 13224 എന്നിവ പ്രകാരം ടിആര്‍എഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങളെയും വിദേശ ഭീകര സംഘടനാ പട്ടികയിലും (എഫ്ടിഒ) ആഗോള ഭീകര പട്ടികയിലും (എസ്ഡിജിടി) ഉള്‍പ്പെടുത്തിയതായി റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്.
കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ല,്കര്‍ ഇ തയ്ബയുടെ ഉപവിഭാഗമായി പ്രവര്‍ത്തിക്കുന്ന ദി റെസിസ്റ്റന്റ് ഫ്രണ്ട് ഏറ്റെടുക്കുകയായിരുന്നു. കശ്മീര്‍ റെസിസ്റ്റന്‍സ് എന്ന പേരിലും സംഘടന അറിയപ്പെടുന്നുണ്ട്. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം സിവിലിയന്മാര്‍ക്ക് നേരെയുണ്ടാകുന്ന ഏറ്റവും നീചമായ ആക്രമണമായിരുന്നു പഹല്‍ഗാം ഭീകരാക്രമണമെന്നും യുഎസ് അധികൃതര്‍ സൂചിപ്പിച്ചു.
by Midhun HP News | Jul 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ഉടന്‍ സസ്‌പെന്റ് ചെയ്യാന്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാനേജ്‌മെന്റ് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്യുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുട്ടി മരിക്കാനിടയായ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതിന് മൂന്നു ദിവസത്തിനകം മാനേജ്‌മെന്റ് മറുപടി നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
മരിച്ച മിഥുന്റെ കുടുംബത്തിന് ധനസഹായം നല്‍കണമെന്നും മാനേജ്‌മെന്റിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പിടിഎ പുനഃസംഘടിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സര്‍ക്കുലര്‍ നല്‍കിയിരുന്നതാണ്. എന്നാല്‍ കുട്ടി മരിക്കാനിടയായ വീഴ്ചയുണ്ടായ സംഭവത്തില്‍ സ്‌കൂളിന്റെ ചുമതലയുണ്ടായിരുന്ന എഇഒ ആന്റണി പീറ്ററിനോട് വിശദീകരണം തേടും. ഇതിനുശേഷം നടപടി തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.
മിഥുന്റെ കുടുംബത്തിന് അടിയന്തര സഹായമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പിഡി അക്കൗണ്ടില്‍ നിന്നും മൂന്നുലക്ഷം രൂപ നല്‍കും. കൂടുതല്‍ ധനസഹായം നല്‍കുന്നത് ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി എത്തിയശേഷം ആലോചിച്ച് മുന്തിയ പരിഗണനയോടെ തീരുമാനമെടുക്കുന്നതാണ്. മിഥുന് സ്വന്തമായി വീടില്ല. വളരെ പാവപ്പെട്ട കുടുംബമാണ്. അതിനാല്‍ മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ വീടുവെച്ചു നല്‍കും. മിഥുന്റെ അനുജന് 12-ാം ക്ലാസ് വരെ പരീക്ഷാഫീസ് ഇളവ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ നടപടികളൊന്നും കുഞ്ഞിന്റെ ജീവനേക്കാള്‍ വലുതല്ലെന്ന് സര്‍ക്കാരിന് അറിയാം. വിദ്യാഭ്യാസ വകുപ്പിന് ചെയ്യാന്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യും. നഷ്ടമായത് കേരളത്തിന്റെ മകനാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തെപ്പറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേപ്പറ്റി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്തശേഷമാണ് നടപടി തീരുമാനിച്ചത്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ്, ഫിറ്റ്‌നസ് ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദമായ സര്‍ക്കുലറാണ് നല്‍കിയത്. ഇത് വെറുതെ കയ്യില്‍പ്പിടിച്ച് നടക്കാനല്ല നല്‍കിയത്. എന്തു ചെയ്താലും ശമ്പളം ലഭിക്കുമെന്ന ചിലരുടെ സമീപനം വെച്ചു പൊറുപ്പിക്കാനാവില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
by Midhun HP News | Jul 18, 2025 | Latest News, കേരളം
കൊല്ലം: തേവലക്കര സ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി ചിഞ്ചുറാണി. രാവിലെയാണ് മന്ത്രി മിഥുന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് മിഥുന്റെ അമ്മൂമ്മ അടക്കമുള്ളവരെ ആശ്വസിപ്പിച്ചു. ഈ കുടുംബത്തിന്റെ ദുഃഖത്തില്‍ താനും പങ്കുചേരുകയാണ്. മിഥുന്റെ അമ്മ വിദേശത്താണ്. നാളെ എത്തുമെന്നാണ് അറിയുന്നത്. മിഥുന്റെ കുടുംബത്തിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നേരത്തെ നടത്തിയ പ്രസ്താവനയില്‍ മന്ത്രി ജെ ചിഞ്ചുറാണി ഖേദം പ്രകടിപ്പിച്ചു. ആ പ്രസ്താവന തെറ്റായിപ്പോയി. ഒഴിവാക്കാമായിരുന്നുവെന്നും ചിഞ്ചുറാണി പറഞ്ഞു. താന്‍ ലഹരിക്കെതിരായ പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു. അതിനുശേഷമാണ് അപകടത്തെപ്പറ്റി അറിഞ്ഞത്. ആ സമയത്ത് നടത്തിയ പ്രതികരണം ആയിരുന്നു അതെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി.
താന്‍ മിഥുന്റെ കുുടംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയാണ്. ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളിയാകുകയാണ്. സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആ റിപ്പോര്‍ട്ട് ലഭിച്ചശേഷം എന്തു നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. കെഎസ്ഇബിക്ക് വീഴ്ചയുണ്ടോ, സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ തുടങ്ങിയവയെല്ലാം പരിശോധിക്കും. ഈ സംഭവത്തില്‍ നടപടിയെടുക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.
തേവലക്കരയില്‍ സ്കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ പഴിച്ചും അധ്യാപകരെ തുണച്ചും മന്ത്രി ചിഞ്ചുറാണി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. സഹപാഠികള്‍ പറഞ്ഞിട്ടും മിഥുന്‍ ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറിയെന്ന് മന്ത്രി പറഞ്ഞു. ആ പയ്യനാ ചെരുപ്പെടുക്കാൻ ഷെഡിന്‍റെ മുകളില്‍ കയറി… ചെരിപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കേറി പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്. ആ കുഞ്ഞ് അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമല്ല. പക്ഷേ നമുക്ക് അധ്യാപകരെ പറയാൻ പറ്റില്ല. അവിടെ കയറരുതെന്ന് സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറിയെന്ന് മന്ത്രി പറഞ്ഞു.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ സിപിഐ വനിത സംഗമത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയതായിരുന്നു മന്ത്രി ചിഞ്ചുറാണി. സാമൂഹിക ജീര്‍ണതയ്ക്കെതിരെയെന്ന തലക്കെട്ടോടെ സംഘടിപ്പിച്ച പരിപാടിയില്‍ സൂംബ നൃത്തതോടെയായിരുന്നു തുടക്കം. നേതാകള്‍ക്കും അണികള്‍ക്കുമൊപ്പം മന്ത്രി നൃത്തം ചെയ്യുകയും ചെയ്തു. മന്ത്രിയുടെ സ്വന്തം ജില്ലയിലാണ് വിദ്യാര്‍ഥി സ്കൂളില്‍വെച്ച് ഷോക്കേറ്റ് മരിച്ച സംഭവം ഉണ്ടായപ്പോൾ, അപകടത്തെ ലഘൂകരിച്ച് കാണുകയും, സൂംബ നൃത്തം ചെയ്യുകയും ചെയ്ത മന്ത്രി ചിഞ്ചുറാണിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
by Midhun HP News | Jul 18, 2025 | Latest News, ജില്ലാ വാർത്ത
കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടന്നു. കോൺഗ്രസ് വെസ്റ്റ് മണ്ഡലത്തിലുള്ള 16 വാർഡ് കേന്ദ്രങ്ങളിലും ഉമ്മൻചാണ്ടി അനുസ്മരണം വളരെ വിപുലമായി നടന്നു. ആറ്റിങ്ങൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കച്ചേരി ജംഗ്ഷനിൽ നടന്ന അനുസ്മരണ പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് ആർഎസ് പ്രശാന്ത് നേതൃത്വം നൽകി.
by Midhun HP News | Jul 18, 2025 | Latest News, ജില്ലാ വാർത്ത
നാവായിക്കുളം കിഴക്കനേല ഗവ: എൽ.പി.എസ്സിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് പാരിപ്പള്ളി ഗവ: ഹോസ്പിറ്റലിൽ ചികിത്സ തേടി. കഴിഞ്ഞദിവസമായിരുന്നു സംഭവം. 25 ഓളം കുട്ടികൾക്കാണ് സ്കൂളിലെ ഉച്ചഭക്ഷണശേഷം അസ്വസ്ഥത ഉണ്ടായത്. ചോറിനോടൊപ്പം കുട്ടികൾക്ക് ചിക്കൻ കറിയും വിളമ്പിയിരുന്നതായും, ഇതിൽ നിന്നാകാം ഭക്ഷ്യ വിഷബാധ ഏറ്റതെന്നുമാണ് പ്രാഥമിക നിഗമനം.
ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മാറ്റിയ കുട്ടികൾ നിരീക്ഷണത്തിലാണ്. അതേസമയം സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതർ തദ്ദേശ സ്ഥാപനത്തെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
by Midhun HP News | Jul 18, 2025 | Latest News, ജില്ലാ വാർത്ത
ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി മൂന്ന് ഫ്രണ്ട് ഓപ്പൺ ബ്രായുടെ പായ്ക്കിന് ഓൺലൈൻ വ്യാപാര സൈറ്റിൽ ഓർഡർ നൽകിയത്. ഒരു വീഴ്ചയെ തുടർന്ന് പൂർണ ബെഡ്‌റെസ്റ്റിൽ ആയിരുന്നു യുവതിയപ്പോൾ.
“ഫ്രണ്ട് ബട്ടൺ ബക്കിൾ സ്ലീപ് ബ്രാ” ആയിരുന്നു യുവതി തെരഞ്ഞെടുത്തത്. 2.09.2024-ന്, അവർ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ Shopify-യിൽ ഓർഡർ നൽകിയത്. ക്യാഷ് ഓൺ ഡെലിവറി ആയി 799 രൂപയാണ് പേയ്‌മെന്റ് നടത്തിയത്. പാക്കറ്റ് പൊട്ടിച്ചു നോക്കിയ യുവതി അമ്പരന്നു. ഫ്രണ്ട് ഓപ്പൺ ബ്രായ്ക്കാണ് ഓർഡർ കൊടുത്തെങ്കിലും കിട്ടിയത് ബാക് ഓപ്പൺ. പരസ്യത്തിൽ മൂന്നെണ്ണമുള്ള പായ്ക്ക് എന്ന് പറഞ്ഞിരുന്നതെങ്കിലും കിട്ടിയത് രണ്ടെണ്ണം മാത്രം. രണ്ടിന്റെയും അളവുകൾ വ്യത്യസ്തവും യുവതിക്ക് ഉപയോഗിക്കാനാവാത്തതും.
ഇതേതുടർന്ന്, വെബ്സൈറ്റിൽ ഓൺലൈൻ ആയി പരാതി നല്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് യുവതി തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കമ്മീഷൻ മുമ്പാകെ യുവതി തനിക്ക് കിട്ടിയ ഇൻവോയ്‌സും അയച്ചുകിട്ടിയ സാധനങ്ങളുടെ ചിത്രങ്ങളും തെളിവായി ഹാജരാക്കി.
തെളിവുകൾ പരിശോധിച്ച കമ്മീഷൻ ഓൺലൈൻ പ്ലാറ്റ്‌ഫോം സേവനത്തിൽ വീഴ്ച വരുത്തി എന്ന് കണ്ടെത്തി. “എതിർ കക്ഷിയുടെ സേവനത്തിലെ വീഴ്ച മൂലം പരാതിക്കാരിക്ക് മനോവ്യഥയും സാമ്പത്തിക നഷ്ടവുമുണ്ടായി. ആയതിനാൽ എതിർകക്ഷി പരാതിക്കാരിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് നഷ്ടപരിഹാരം കൊടുക്കാൻ ബാധ്യസ്ഥമാണ്,” കമ്മീഷൻ പറഞ്ഞു.
ഓൺലൈൻ പ്ലാറ്റ്‌ഫോമിനോട് പരാതിക്കാരിയിൽ നിന്ന് വാങ്ങിയ 799 രൂപ തിരിച്ചു നൽകാനും 5,000 രൂപ നഷ്ടാരിഹാരമായി നൽകാനും കമ്മീഷൻ ഉത്തരവിട്ടു. കൂടാതെ കോടതിച്ചെലവായി 2,500 രൂപയും നൽകണം. ഒരു മാസത്തിനുള്ളിൽ കൊടുത്തില്ലെങ്കിൽ റീഫണ്ട് തുകയ്ക്കും നഷ്ടപരിഹാരത്തിനും കൊടുക്കുന്ന തീയതി വരെ 9 ശതമാനം വാർഷിക പലിശ കൂടി നൽകണമെന്നും ഉത്തരവിലുണ്ട്.
ജില്ലാ കമ്മീഷൻ പ്രസിഡന്റ് പി.വി. ജയരാജൻ, അംഗങ്ങളായ പ്രീതാ ജി. നായർ വിജു വി.ആർ. എന്നിവരുടെ ബെഞ്ചാണ് കേസ് കേട്ടത്. ഓൺലൈൻ പ്ലാറ്റ്‌ഫോം പ്രതിനിധികൾ കോടതിയിൽ കോടതിയിൽ ഹാജരാവാഞ്ഞതിനാൽ എക്സ്-പാർട്ടി ആയാണ് കേസ് നടന്നത്.യുവതിക്ക് വേണ്ടി ഹാജരായത് അഡ്വക്കേറ്റ് ശ്രീവരാഹം എൻ.ജി. മഹേഷ്, അഡ്വക്കേറ്റ് ഷീബ ശിവദാസൻ എന്നിവരായിരുന്നു.
Recent Comments