by Midhun HP News | Jul 16, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,800 രൂപയാണ്. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 9100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയുംകുറഞ്ഞും നില്‍ക്കുകയായിരുന്ന സ്വര്‍ണവില വെള്ളിയാഴ്ച മുതലാണ് വീണ്ടും കുതിച്ചുയരാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 1240 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. എന്നാല്‍ പിന്നീട് വില താഴുകയായിരുന്നു.
by Midhun HP News | Jul 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മില്‍മ പാലിന്റെ വില തല്‍ക്കാലം കൂടില്ല. വിഷയത്തില്‍ വിദഗ്ധസമിതിയെ നിയോഗിച്ച് പഠനം നടത്തും. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വില കൂട്ടുന്നത് പരിഗണിക്കും. മില്‍മ ഫെഡറേഷന്റെ തിരുവനന്തപുരം പട്ടത്തെ ആസ്ഥാനത്തു ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
വിദഗ്ധസമിതി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. കര്‍ഷകര്‍ക്ക് ആശ്വാസകരമായ നടപടി ഉണ്ടാകുമെന്നും അടുത്ത മാസം ചേരുന്ന ബോര്‍ഡ് യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നും മില്‍മ ചെയര്‍മാന്‍ കെഎസ് മണി പറഞ്ഞു. മില്‍മ തിരുവന്തപുരം, എറണാകുളം യൂണിയനുകള്‍ വര്‍ധനയ്ക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. എന്നാല്‍ മലബാര്‍ മേഖല ഇതിനെ അനുകൂലിച്ചില്ല.
പാല്‍ വില ലിറ്ററിന് 3-4 രൂപ വര്‍ധിപ്പിക്കുന്നതാണ് ആലോചിച്ചിരുന്നത്. പാലിന് 2019 സെപ്റ്റംബറില്‍ ലിറ്ററിന് 4 രൂപയും 2022 ഡിസംബറില്‍ ലിറ്ററിന് 6 രൂപയും മില്‍മ കൂട്ടിയിരുന്നു. നിലവില്‍ മില്‍മ പാല്‍ വില (ടോണ്‍ഡ് മില്‍ക്) ലിറ്ററിന് 52 രൂപയാണ്. പ്രതിദിനം 17 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ കേരളത്തില്‍ വില്‍ക്കുന്നത്.
by Midhun HP News | Jul 15, 2025 | Latest News, കേരളം
തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വിനീത കുട്ടഞ്ചേരി (44) അന്തരിച്ചു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി 7.30 ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019 ലെ അവാര്‍ഡ് ജേതാവാണ്. ജൂലൈ 13 ന് ആയിരുന്നു വിനീതയുടെ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം മന്ത്രി ആര്‍ ബിന്ദു പ്രകാശനം ചെയ്തത്. തൃശൂര്‍ പ്രസ്സ്‌ക്ലബില്‍ വച്ചായിരുന്നു പ്രകാശനം. ഭര്‍ത്താവ് മണിത്തറ കാങ്കില്‍ രാജു. ‘നിനക്കായ്…’ എന്ന ഗാനത്തിന്റെ സംഗീത സംവിധായക എന്ന നിലയിലും അവര്‍ പ്രശസ്തി നേടിയിട്ടുണ്ട്.
by Midhun HP News | Jul 15, 2025 | Latest News, ജില്ലാ വാർത്ത
കണിയാപുരത്തെ വീട്ടിലും ക്ഷേത്രത്തിലും കവർച്ച നടത്തി സ്വർണവും പണവും മോഷ്ടിച്ചതായി പരാതി. കണിയാപുരം കോണത്ത് കേദാരം വീട്ടിൽ മധുസൂദനൻ നായരുടെ വീടിന്റെ വാതിൽ പൊളിച്ചായിരുന്നു കവർച്ച.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവനോളം വരുന്ന ആഭരണങ്ങളും ഭാര്യയുടെ ശസ്ത്രക്രിയയ്ക്കായി സൂക്ഷിച്ചിരുന്ന 35,000 രൂപയുമാണ് മോഷ്ടിച്ചത്. മധുസൂദനൻ നായരും ഭാര്യയും ഞായറാഴ്ച മകന്റെ വീട്ടിൽ പോയിരുന്നതിനാൽ വീട്ടിൽ ആരുമില്ലായിരുന്നു. രാത്രിയിൽ ശബ്ദം കേട്ട് അയൽക്കാരാണ് വീട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്.
പൊലീസെത്തിപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപെട്ടു.ഇവിടെ നിന്നും അധികം ദൂരത്തല്ലാത്ത കണ്ടൽ ഭഗവതി ക്ഷേത്രത്തിലും മോഷണം നടത്തിയതായി പരാതി. ക്ഷേത്രം ഓഫീസിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചി കവർന്നു. ഒരു മാസത്തെ വരുമാനമാണ് കാണിക്കയിലുണ്ടായിരുന്നത്. മംഗലപുരം പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
by Midhun HP News | Jul 15, 2025 | Latest News, ജില്ലാ വാർത്ത
കാട്ടാക്കട പോക്സോ കോടതിയിലെ തീപിടിത്തത്തിൽ അട്ടിമറി സാധ്യത തള്ളാതെ പൊലീസ്. തീപിടിത്തത്തിൽ കോടതിയിലെ ഫയലുകളും തൊണ്ടിമുതലുകളും കത്തിനശിച്ചിട്ടുണ്ട്. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്.
ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ അട്ടിമറി സാധ്യത ഉണ്ടോ എന്ന് പറയാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു കാട്ടാക്കട പോക്സോ കോടതിയിലെ തീപിടിത്തമിണ്ടായത്.
കോടതിയുടെ തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന മുറിയിൽനിന്നാണ് തീ പടർന്നത്. കോടതിയിലെ തീപിടിത്ത വിവരമറിഞ്ഞ് ജഡ്‌ജി എസ്. രമേഷ്കുമാർ രാത്രി തന്നെ സ്ഥലത്തെത്തി കോടതിരേഖകളുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള നിർദേശങ്ങൾ നൽകിയിരുന്നു. കാട്ടാക്കട ബസ് ഡിപ്പോയ്ക്ക് എതിർവശമുള്ള കെട്ടിടത്തിലെ മൂന്നാം നിലയിലാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി പ്രവർത്തിക്കുന്നത്.
by Midhun HP News | Jul 15, 2025 | Latest News, ദേശീയ വാർത്ത
ബഹിരാകാശം കീഴടക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയില്‍ മടങ്ങിയെത്തി. ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്ത് വിജയകരമായി ഇറങ്ങി. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ഡ്രാഗണ്‍ പേടകം വീണ്ടെടുത്ത് സ്പേസ് എക്‌സിന്‍റെ എംവി ഷാനോൺ കപ്പല്‍ കരയ്‌ക്കെത്തിക്കും
കഴിഞ്ഞ 26-നാണ് ആക്സിയം 4 ദൗത്യസംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞു. കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു.
Recent Comments