പ്രിയദര്‍ശിനി സൗജന്യ യാത്ര: വനിതകള്‍ക്ക് പ്രത്യേക കാര്‍ഡ് പരിഗണനയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്ര: വനിതകള്‍ക്ക് പ്രത്യേക കാര്‍ഡ് പരിഗണനയില്‍

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി ഉപയോഗിക്കുന്ന വനിതകള്‍ക്ക് പ്രത്യേകം കാര്‍ഡ് നല്‍കുന്നത് പരിഗണനയില്‍. പദ്ധതി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനും ചില ജീവനക്കാര്‍ ഒന്നിലേറെ ടിക്കറ്റുകള്‍ നല്‍കുന്നത് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാണ് കാര്‍ഡ് നല്‍കാന്‍ ആലോചിക്കുന്നത്. ദൂരേക്കുള്ള ടിക്കറ്റ് എടുത്തിട്ട് ഇടയ്ക്ക്് യാത്ര അവസാനിപ്പിക്കുന്നത് ഉള്‍പ്പടെ ഒട്ടേറെ പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടുണ്ട്. പദ്ധതി നിരീക്ഷിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കാര്‍ഡ് അത്യാവശ്യമാണെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

സൗജന്യ യാത്രയ്ക്ക് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തണമെങ്കില്‍ കടമ്പകളേറെയാണ്. ദിവസം 12.12 ലക്ഷം സ്ത്രീകളാണ് സൗജന്യയാത്ര ചെയ്യുന്നത്. ഇവര്‍ക്കെല്ലാം കാര്‍ഡ് നല്‍കേണ്ടിവരും. സംസ്ഥാനത്ത് ഏകദേശം ഒന്നേമുക്കാല്‍ കോടി സ്ത്രീകളുണ്ട്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗജന്യയാത്രയ്ക്ക് അര്‍ഹതയുണ്ട്. എന്നും യാത്ര ചെയ്തില്ലെങ്കിലും ഭൂരിഭാഗം പേരും കാര്‍ഡ് ആവശ്യപ്പെട്ടേക്കും.

ഒരു കാര്‍ഡിന് 40 രൂപ ചെലവുവരുമെന്നാണ് ഏകദേശ കണക്ക്. ആവശ്യത്തിന് കാര്‍ഡ് കിട്ടാനുമില്ല. അപേക്ഷകരുടെ ആധാര്‍ വിവരങ്ങളുമായി ബന്ധിപ്പിച്ച് ഒരു കാര്‍ഡ് നല്‍കാന്‍ കുറഞ്ഞത് 10 മിനിറ്റ് വേണ്ടിവരും. ടിക്കറ്റ് മെഷീനുകള്‍വഴി കാര്‍ഡ് നല്‍കാമെങ്കിലും തിരക്കുള്ള ബസുകളില്‍ പ്രായോഗികമല്ല. ഇത്രയും യാത്രാകാര്‍ഡുകള്‍ നല്‍കാനുള്ള അടിസ്ഥാന സൗകര്യവും ജീവനക്കാരും ഡിപ്പോകളിലില്ല.കാര്‍ഡ് ഏര്‍പ്പെടുത്തിയാലും ദുരുപയോഗ സാധ്യതയുണ്ട്. കൈമാറി ഉപയോഗിക്കാം. പുരുഷന്മാര്‍ ടിക്കറ്റ് ആവശ്യപ്പെടുമ്പോള്‍ ഇത്തരം കാര്‍ഡുകളുപയോഗിച്ച് ടിക്കറ്റ് നല്‍കിയശേഷം യാത്രക്കൂലി വാങ്ങിയെടുക്കാന്‍ കണ്ടക്ടര്‍ക്ക് കഴിയും. അതിനാല്‍ കാര്‍ഡ് സംവിധാനം പൂര്‍ണമായും കാര്യക്ഷമമല്ലെന്നാണ് വിലയിരുത്തല്‍.

സാബു ജേക്കബ് ‘ചതിച്ചു’; അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു

സാബു ജേക്കബ് ‘ചതിച്ചു’; അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു

കൊച്ചി: സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖില്‍ മാരാര്‍ ട്വന്റി 20 പാര്‍ട്ടി വിട്ടു. ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് അഖില്‍ മാരാരിന്റെ പടിയിറക്കം. പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാന്‍ ആകുന്നില്ലെന്നും അഖില്‍ മാരാര്‍ പ്രതികരിച്ചു.

കൊട്ടാരക്കര സീറ്റ് ഉറപ്പ് നല്‍കിയാണ് തന്നെ ട്വന്റി 20 യില്‍ എത്തിച്ചത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു. ട്വന്റി 20 സാബുവിനെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി മാത്രമുള്ള പാര്‍ട്ടിയാണെന്നും അഖില്‍ മാരാര്‍ വിമര്‍ശിച്ചു.

ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞു; സ്വര്‍ണവില 1,06,000ല്‍ താഴെ

ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞു; സ്വര്‍ണവില 1,06,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞതോടെ വീണ്ടും 1,06,000ല്‍ താഴെ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. 1,05,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 155 രൂപയാണ് കുറഞ്ഞത്. 13,215 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഉടന്‍ തന്നെ പലിശനിരക്ക് വര്‍ധിപ്പിക്കില്ലെങ്കിലും സമീപഭാവിയില്‍ തന്നെ വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് അമേരിക്കന്‍ കേന്ദ്ര ബാങ്ക് ആലോചിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവില കുറയാന്‍ കാരണം. ഇതിന് പുറമേ ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണവില ഇടിയാന്‍ ഇടയാക്കിയതായി വിപണി വിദഗ്ധര്‍ പറയുന്നു.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ആറ്റിങ്ങലിൽ ഓണാഘോഷം സംഘാടക സമിതി രൂപീകരണം വ്യാഴാഴ്ച

ആറ്റിങ്ങലിൽ ഓണാഘോഷം സംഘാടക സമിതി രൂപീകരണം വ്യാഴാഴ്ച

ആറ്റിങ്ങൽ: നഗരസഭയും പൗരാവലിയും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ഓണാഘോഷവും ആറ്റിങ്ങൽ ഫെസ്റ്റും സംസ്ഥാന ടൂറിസം വാരാഘോഷവും ഈ വർഷവും ജനപങ്കാളിത്തത്തോടുകൂടി സംഘടിപ്പിക്കുന്നതിന് നഗരസഭ തീരുമാനിച്ചു. സംഘാടക സമിതി രൂപീകരണ യോഗം വ്യാഴം ഉച്ചയ്ക്കുശേഷം 3 ന് നഗരസഭ ലൈബ്രറി ഹാളിൽ നടക്കും.

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റ് സമ്മേളനം, ഭാരവാഹികളെ തെരഞ്ഞെടുത്തു

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റ് സമ്മേളനം, ഭാരവാഹികളെ തെരഞ്ഞെടുത്തു

ആറ്റിങ്ങൽ: ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റ് സമ്മേളനം ആറ്റിങ്ങൽ ലയൺസ് ക്ലബ് ഹാളിൽ നടന്നു. കേരള ബാർ കൗൺസിൽ അംഗം അഡ്വ ഡോക്ടർ സന്തോഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ ഒ അശോകൻ, ജില്ലാ സെക്രട്ടറി എ എ ഹക്കീം, ബാർ കൗൺസിൽ അംഗങ്ങളായ അഡ്വ പള്ളിച്ചൽ എസ് കെ പ്രമോദ്, അഡ്വ ഡോക്ടർ ലീന കുമാരി, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ മടവൂർ അനിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ എസ് ലെനിൻ, അഡ്വ ബിന്ദു ഉമ്മർ, അഡ്വ യു സലിം ഷാ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു.

യൂണിറ്റ് പ്രസിഡൻ്റ് അഡ്വ:സി.ജെ.രാജേഷ് കുമാർ,

സെക്രട്ടറി അഡ്വ:സുജിൻ പ്രേമചന്ദ്രൻ,

വൈസ് പ്രസിഡൻറുമാരായി അഡ്വ: പാർവ്വതി.സി.എ,

അഡ്വ:എസ്. ഹരീഷ്,

ജോയിന്റ് സെക്രട്ടറിമാർ അഡ്വ:പ്രിയ, അഡ്വ: ഹെർത്ത.സി. പെരേര, ട്രഷറർ അഡ്വ:അനിൽകുമാർ.

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ

ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പ് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. സപ്ലൈകോയുടെ ഓണം ട്രേഡ് ഫെയറുകൾ ആഗസ്റ്റ് 8ന് ആരംഭിക്കും. എറണാകുളത്ത് അന്നേദിവസം വൈകിട്ട് 4.30ന് മുഖ്യമന്ത്രി വി ഡി സതീശൻ ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഓണം മെഗാ ട്രേഡ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. ഇതിന് പുറമെ 11 ജില്ലകളിൽ ആഗസ്റ്റ് 16 മുതൽ 25 വരെ ജില്ലാ ഫെയറുകളും, 126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും സംഘടിപ്പിക്കും. ഓണത്തിന് മുന്നോടിയായുള്ള അവസാന ആറു ദിവസങ്ങളിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക ഫെയറുകളും നടക്കും. ജനങ്ങൾക്ക് ന്യായവിലയിൽ പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി ഹോർട്ടികോർപ്പിന്റെ സ്റ്റാളുകളും ഫെയറുകളുടെ ഭാഗമാകും.

ഓണക്കാലത്ത് വിവിധ പദ്ധതികളിലൂടെ 1,29,078.302 മെട്രിക് ടൺ അരിയും 24,506.291 മെട്രിക് ടൺ ഗോതമ്പും വിപണിയിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ മാസത്തെ സബ്സിഡി ഉൽപ്പന്നങ്ങൾ ആവശ്യമുള്ളവർക്ക് ആഗസ്റ്റിൽ തന്നെ മുൻകൂറായി വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കും. നീല റേഷൻ കാർഡുടമകൾക്ക് സാധാരണ വിഹിതത്തിന് പുറമെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പും അധികമായി വിതരണം ചെയ്യും. എൻപിഎസ്, എൻപിഎൻഎസ് ഉൾപ്പെടെയുള്ള എല്ലാ വിഭാഗം കാർഡുടമകൾക്കും ഗോതമ്പ് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കുള്ള 16 ഇനം ഉൽപ്പന്നങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് ആദ്യവാരം ആരംഭിക്കും. ആഗസ്റ്റ് 25 നകം വിതരണം പൂർത്തിയാക്കും. എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി സൗജന്യ ഓണക്കിറ്റ് വിതരണത്തിനായി 53 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിപണിയിലെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് ആഗസ്റ്റ് മുതൽ പരിശോധന ശക്തമാക്കും. വിലനിലവാരം നിരീക്ഷിക്കുന്ന പ്രൈസ് മോണിറ്ററിങ് സെല്ലിന്റെ പ്രവർത്തനവും കൂടുതൽ കാര്യക്ഷമമാക്കും. ഓണക്കിറ്റ് വിതരണം, വിപണി ഇടപെടൽ, നെല്ല് സംഭരണം എന്നിവയ്ക്കായി കഴിഞ്ഞ രണ്ട് മാസത്തിനിടെ 448.05 കോടി രൂപ സർക്കാർ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി 50,000 മുൻഗണനാ റേഷൻ കാർഡുകൾ നൽകാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതിനകം 73,024 അപേക്ഷകൾ അംഗീകരിച്ച് പുതിയ കാർഡുകൾ അനുവദിക്കാനായതായി മന്ത്രി അറിയിച്ചു. പുതിയ കാർഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ആഗസ്റ്റ് 3ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. 30 ഉന്നതികളിൽ കൂടി സഞ്ചരിക്കുന്ന റേഷൻ കടകൾ പുതുതായി ആരംഭിക്കുമെന്നും ഇതിന്റെ ഉദ്ഘാടനം ആഗസ്റ്റ് 7ന് കാസർകോട് ജില്ലയിൽ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ടിരുന്ന മുൻകാല പ്രതിസന്ധികൾ വലിയൊരളവിൽ പരിഹരിച്ചതായി മന്ത്രി പറഞ്ഞു. ബാങ്കുകളുടെ കൺസോർഷ്യം വഴിയുള്ള വായ്പാ പരിധി 1,600 കോടി രൂപയായി വർധിപ്പിച്ചിട്ടുണ്ട്. അടുത്ത നെല്ല് സംഭരണ സീസണിന് മുമ്പ് കർഷകരുടെ രജിസ്ട്രേഷൻ കൃഷി വകുപ്പുമായി സഹകരിച്ച് പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സപ്ലൈകോയിൽ സാമ്പത്തിക സ്വയംപര്യാപ്തത നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഓണത്തിന് ശേഷം പുതിയ മാർക്കറ്റിങ് പദ്ധതി നടപ്പാക്കും. പരസ്യവരുമാനം, എഫ് എം സി ജി ഉൽപ്പന്നങ്ങളുടെ വിപണനം, പെട്രോൾ പമ്പുകൾ എന്നിവയിലൂടെ അധിക വരുമാനം കണ്ടെത്താനാണ് പദ്ധതി. ഇതിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് സപ്ലൈകോയുടെ 13 സബ്സിഡി ഉൽപ്പന്നങ്ങളുടെ വിതരണം കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.