പാറമട ഇടിഞ്ഞ് കാണാതായ തൊഴിലാളിക്കായി ഇന്നും തിരച്ചില്‍

പാറമട ഇടിഞ്ഞ് കാണാതായ തൊഴിലാളിക്കായി ഇന്നും തിരച്ചില്‍

പത്തനംതിട്ട: കോന്നി പാറമട അപകടത്തില്‍ കാണാതായ തൊഴിലാളിക്കായി തിരച്ചില്‍ ഇന്നും തുടരും. അജയ് കുമാര്‍ റായ് (38) എന്ന ബിഹാര്‍ സ്വദേശിയെയാണ് കാണാതായത്. അപകടത്തില്‍ മരിച്ച മഹാദേവ് പ്രധാന്‍ (51) എന്ന ഒഡീഷ സ്വദേശിയുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.

പാറമട വീണ്ടും ഇടിയുന്നത് വെല്ലുവിളി ആയതോടെയാണ് ഇന്നലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. തിരച്ചിലിനായി എന്‍ഡിആര്‍എഫ് സംഘവുമെത്തും. പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങിയത്. വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ പതിക്കുകയായിരുന്നു.

പാറമട അപകടം അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ അന്വേഷിക്കുമെന്ന് തൊഴില്‍ വകുപ്പ് അറിയിച്ചു. ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് നേരത്തെയും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷിക്കും. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായം നല്‍കും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തൊഴില്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ബസ് സമരവും ദേശീയ പണിമുടക്കും; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും

ബസ് സമരവും ദേശീയ പണിമുടക്കും; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും

തിരുവനന്തപുരം: തൊട്ടടുത്ത ദിവസങ്ങളില്‍ ബസ് സമരവും ദേശീയ പണിമുടക്കും വന്നതോടെ ഇന്നും നാളെയും കേരളത്തില്‍ ജനജീവിതം സ്തംഭിക്കും. ഇന്ന് (ചൊവ്വാഴ്ച) സ്വകാര്യ ബസ് പണിമുടക്കാണ്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടുന്നത് ഉള്‍പ്പെടെ ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് പണിമുടക്ക്. സമരം ഒഴിവാക്കാന്‍ ഗതാഗത കമ്മീഷണര്‍ ബസുടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. സംയുക്ത ട്രേഡ് യൂണിയന്റെ ദേശീയ പണിമുടക്ക് ബുധനാഴ്ചയാണ്. ബസുകള്‍ക്ക് പുറമെ ടാക്സികളും നാളെ ഓടില്ല.

വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് കൂട്ടുക, അമിത പിഴ ഒഴിവാക്കുക തുടങ്ങി ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ സുകളുടെ പണിമുടക്ക്. ഇത് പൂര്‍ണമായും അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നായിരുന്നു പാലക്കാട് ഗതാഗത കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ വ്യക്തമാക്കിയത്. പ്രൈവറ്റ് ബസുകളെ ഏറെയും ആശ്രയിക്കുന്ന മലബാര്‍ മേഖലയെ ആയിരിക്കും ബസ് സമരം രൂക്ഷമായി ബാധിക്കുക. കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലും മലയോരമേഖലകളിലും യാത്രാ ക്ലേശം സൃഷ്ടിക്കും.

ബുധനാഴ്ച നടക്കുന്ന സംയുക്ത ട്രേഡ് യൂണിയന്റെ ദേശീയ പണിമുടക്കിലും കെഎസ്ആര്‍ടിസി ബസുകളും പ്രൈവറ്റ് ബസുകളും ഓടില്ല. ടാക്സി സര്‍വീസുകളും നിലയ്ക്കാനാണ് സാധ്യത. ബാങ്കിങ്, ഇന്‍ഷുറന്‍സ് അടക്കം പൊതുമേഖല സ്ഥാപനങ്ങളെയും നാളത്തെ പണിമുടക്ക് ബാധിക്കും. അവധി പ്രഖ്യാപിക്കില്ലെങ്കിലും ഗതാഗതസൗകര്യം ഇല്ലാത്തതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാകും.

ചിട്ടിക്കമ്പനിയുടെ പേരില്‍ 40 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ആലപ്പുഴ സ്വദേശികളായ ദമ്പതിമാര്‍ക്കെതിരെ കേസ്

ചിട്ടിക്കമ്പനിയുടെ പേരില്‍ 40 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ആലപ്പുഴ സ്വദേശികളായ ദമ്പതിമാര്‍ക്കെതിരെ കേസ്

ബംഗളൂരു: ചിട്ടിക്കമ്പനിയുടെ പേരില്‍ നിക്ഷേപം സ്വീകരിച്ച് മുങ്ങിയെന്ന പരാതിയില്‍ ബംഗളൂരുവില്‍ ആലപ്പുഴ സ്വദേശികളായ ദമ്പതികള്‍ക്ക് എതിരെ കേസ്. രാമമൂര്‍ത്തിനഗര്‍ പ്രവര്‍ത്തിക്കുന്ന എ ആന്‍ഡ് എ ചിറ്റ് ഫണ്ട്‌സ് ഉടമ ടോമി എ വര്‍ഗീസ്, ഭാര്യ ഷൈനി ടോമി എന്നിവര്‍ക്ക് എതിരെയാണ് പരാതി. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് പണവും ലാഭവിഹിതവും നല്‍കിയില്ലെന്നാണ് പരാതി.

മുന്നൂറോളം നിക്ഷേപകരില്‍ നിന്നായി 40 കോടിയോളം രൂപയാണ് ചിട്ടിക്കമ്പനിയുടെ പേരില്‍ പിരിച്ചെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. 70 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി പി ടി സാവിയോ എന്നയാൾ പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പിന്നാലെ 265 പേരും പരാതിയുമായെത്തി. തട്ടിപ്പിന് ഇരയായവരില്‍ ഒന്നരക്കോടി രൂപ വരെ നിക്ഷേപം നടത്തിയവരുണ്ടെന്നാണ് വിവരം.

25 വര്‍ഷമായി രാമമൂര്‍ത്തിനഗറില്‍ താമസിച്ചു വന്നിരുന്ന ടോമിയും കുടുംബവും അടുത്തിടെ ഇവിടം വിട്ടിരുന്നു. ബന്ധുവിനു സുഖമില്ലാത്തതിനാല്‍ നാട്ടിലേക്ക് പോകുന്നു എന്നറിയിച്ച് ബംഗളൂരുവിട്ട ഇവരെ കുറിച്ച് പിന്നീട് വിവരമില്ലാതിരുന്നതോടെയാണ് നിക്ഷേപകര്‍ പൊലീസിനെ സമീപിച്ചത്. ഫോണില്‍ ഉള്‍പ്പെടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് നിക്ഷേപകരുടെ ആക്ഷേപം. ഓഫീസിലുള്ള ജീവനക്കാര്‍ക്കും ഉടമകള്‍ എവിടെ എന്നതിനെ കുറിച്ചുള്ള സൂചനകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

5 ലക്ഷം വരെയുള്ള ചിട്ടിയായിരുന്നു നേരത്തെ എ ആന്‍ഡ് എ ചിറ്റ് ഫണ്ട്‌സ് നടത്തിയിരുന്നത്. പതിയെ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തു സ്ഥിര നിക്ഷേപം സ്വീകരിച്ചു തുടങ്ങുകയായിരുന്നു.

ബഷീർ ദിനത്തിൽ പുസ്തകത്തൊട്ടിലൊരുക്കി കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂൾ

ബഷീർ ദിനത്തിൽ പുസ്തകത്തൊട്ടിലൊരുക്കി കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂൾ

ആറ്റിങ്ങൽ: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിൻറ്റെ ഭാഗമായി ഗവണ്മെന്റ് ഹൈസ്കൂൾ കുടവൂർക്കോണത്ത് കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തകത്തൊട്ടിലൊരുക്കി. പുസ്തകത്തൊട്ടിലിന്റെ ഉദ്ഘാടനം ബഷീർ കഥാപാത്രങ്ങൾ നിറഞ്ഞ സ്കൂൾമുറ്റത്ത് റിട്ടയേർഡ് അധ്യാപകൻ രാധാകൃഷ്ണൻ കുഞ്ഞുങ്ങൾക്ക് പുസ്തകങ്ങൾ നൽകി നിർവ്വഹിച്ചു.

കുട്ടികൾക്ക് സ്വതന്ത്രമായി വായിക്കുന്നതിന് നിരവധിയായ പുസ്തകങ്ങൾ സ്കൂളിലെ മരച്ചില്ലകളിൽ തൂക്കിയ പുസ്തകത്തൊട്ടിലിൽ ഒരുക്കിയിട്ടുണ്ട്. ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീറിന്റെ നോവലുകളിലെ കഥാസന്ദർഭങ്ങൾ സ്കിറ്റ് രൂപത്തിലും നാടക രൂപത്തിലും കുട്ടികൾ അവതരിപ്പിച്ചു. സ്കുൾ വിദ്യാർത്ഥി നവീൻ വരച്ച ബഷീർ ചിത്രത്തിന്റെ പ്രകാശനവും നടന്നു. ഹെഡ്മാസ്റ്റർ സജികുമാർ.എസ്, സീനിയർ അധ്യാപകൻ ജോയി.ജി എന്നിവർ സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി പരിപാടിക്ക് നേതൃത്വം നൽകി.

ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു

ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ വക്കം നടരാജൻ സ്മാരക ഗ്രന്ഥശാലയുടേയും കുന്നുവാരം യു.പി.എസിന്റേയും സംയുക്താഭിമുഖ്യത്തിൽ ഐ.വി ദാസ് അനുസ്മരണവും വായനാപക്ഷാചരണത്തിന്റെ സമാപനവും നടത്തി.

ഉദ്ഘാടനം കവിയും സാഹിത്യകാരനും അധ്യാപകനുമായ റ്റി.ആർ ബാലമുരളീ കൃഷ്ണ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡൻ്റ് അഡ്വ. എസ് ലെനിൻ അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ആറ്റിങ്ങൽ മുനിസിപ്പൽ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഷീജ, സ്കൂൾ മാനേജർ എ ശശിധരൻ നായർ, പി.റ്റി.എ പ്രസിഡന്റ് രമ്യ രാജേഷ്, വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ബി.ജി ഷീജു, ഗ്രന്ഥശാല ഭരണസമിതി അംഗം എസ് സതീഷ് കുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് റീന പി സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി എം മുരളീധരൻ നന്ദിയും പറഞ്ഞു.

എസ്. ഗോമതി അമ്മ (84) അന്തരിച്ചു

എസ്. ഗോമതി അമ്മ (84) അന്തരിച്ചു

ആറ്റിങ്ങൽ: കോരാണി പതിനെട്ടാം മൈലിൽ ശിവ സദനത്തിൽ പരേതനായ ജി. സദാശിവൻ പിള്ളയുടെ സഹധർമ്മിണി എസ്. ഗോമതി അമ്മ (84) അന്തരിച്ചു.

മക്കൾ: ജി.എസ് ബീന (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് ഗവ:എൽ.പി.എസ്, പോങ്ങനാട്), ജി.എസ് ബിന്ദു (ഹെഡ്മിസ്ട്രസ്സ്, ഗവ.എൽ.പി.എസ്, ആറ്റിങ്ങൽ).
മരുമക്കൾ: പി. വരദൻ രാജൻ പിള്ള (റിട്ടയേർഡ് അധ്യാപകൻ, ഗവ:എൽ.പി.എസ് അണ്ടൂർ), എം. എസ് പ്രസാദ് (റിട്ടയേർഡ് അസിസ്റ്റൻ്റ് എഞ്ചിനീയർ, കെ.എസ്.ഇ.ബി കഴക്കൂട്ടം)
സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30 ന്