by Midhun HP News | Jul 27, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ വൈകുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ സര്‍ക്കാര്‍ ഇടപെടല്‍. അടുത്ത മൂന്ന് മാസത്തേയ്ക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
പുതിയ പരിഷ്‌കാരം അനുസരിച്ച് ഒരു ദിവസം അനുവദിച്ചിരുന്ന സ്ലോട്ടുകളുടെ എണ്ണം 50 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. 50 സ്ലോട്ടുകളില്‍ 28 എണ്ണം പുതിയ ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായും 20 എണ്ണം റീടെസ്റ്റിനായും നീക്കിവെക്കും. ബാക്കിയുള്ള രണ്ട് സ്ലോട്ടുകള്‍ വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി മാറ്റിവെച്ചിട്ടുണ്ട്. സബ് ആര്‍ടിഒ ഓഫീസുകളില്‍ നിലവില്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമുണ്ടായിരുന്ന ടെസ്റ്റുകള്‍ ഇനി മുതല്‍ അഞ്ച് ദിവസവും നടത്തും. അപേക്ഷകള്‍ വലിയ തോതില്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് താല്‍ക്കാലികമായി ഇത്തരം ഒരു ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മുന്‍പ് കെ ബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം 60 പേര്‍ക്കുണ്ടായിരുന്ന സ്ലോട്ടുകള്‍ 40 ആയി കുറച്ചിരുന്നു. ഇതാണ് ഇപ്പോള്‍ 50 ആയി വര്‍ധിപ്പിച്ചത്. ഡ്രൈവിങ് ടെസ്റ്റിന് പുറമെ ലേണേഴ്‌സ് ലൈസന്‍സിനുള്ള കാത്തിരിപ്പും കുറയ്ക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ലേണേഴ്‌സ് ടെസ്റ്റിന് അപേക്ഷിച്ച് എട്ടു ദിവസത്തിനുള്ളില്‍ സ്ലോട്ടുകള്‍ ലഭ്യമാക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. അടുത്ത മൂന്ന് മാസത്തെ ഈ മാറ്റങ്ങള്‍ കൃത്യമായി പഠിച്ചതിനുശേഷം മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

by Midhun HP News | Jul 27, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പബ്ലിക് എക്‌സാമിനേഷന്‍സ്
(പ്രിവെന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) അമെന്‍ഡ്‌മെന്റ് ബില്‍ എന്നു പേരിട്ടിരിക്കുന്ന ബില്‍, കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് അവതരിപ്പിക്കുന്നത്. ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ എല്ലാം അംഗങ്ങളും പങ്കെടുക്കണമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു അഭ്യര്‍ത്ഥിച്ചു.
ഭാവിയില്‍ മത്സരപരീക്ഷകളിലെ ചോദ്യചോര്‍ച്ച തടയുക ലക്ഷ്യമിട്ട് കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിര്‍ദിഷ്ട ബില്‍. രാജ്യത്തെ യുവതലമുറയുടെ ശബ്ദം കേട്ടശേഷം, വിദ്യാര്‍ത്ഥികളുടെ ഭാവിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്ത ചരിത്രപരമായ തീരുമാനങ്ങളെയും, പൊതു പരീക്ഷ (അന്യായ മാര്‍ഗങ്ങള്‍ തടയല്‍) ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയിലും പങ്കെടുക്കാന്‍ എല്ലാ എംപിമാരോടും അഭ്യര്‍ത്ഥിക്കുന്നു. കേന്ദ്രമന്ത്രി റിജിജു എക്‌സില്‍ കുറിച്ചു.
പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലില്‍, ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അതിവേഗ വിചാരണ ഉറപ്പാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പത്തുവര്‍ഷം തടവും പത്ത് കോടി രൂപ പിഴയും ഉള്‍പ്പെടെയുള്ള കടുത്ത വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വിചാരണക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കും. കേസുകളില്‍ മൂന്നുമാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കണമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നു.
രാജ്യത്ത് ആവര്‍ത്തിക്കുന്ന പരീക്ഷ ക്രമക്കേടുകള്‍ തടയാനായി സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചേക്കുമെന്നാണ് സൂചന. ഇന്ത്യ മുന്നണിയുടെ രാവിലെ ചേരുന്ന യോഗത്തിൽ ഇതിൽ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കും. ബില്ലിനെ പിന്തുണച്ചാലും, വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേർക്കുണ്ടായ പെല്ലറ്റ് ആക്രമണം അടക്കമുള്ള കടുത്ത നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. പെല്ലെറ്റ് ആക്രമണത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പു പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത്, പരീക്ഷാ സമ്പ്രദായത്തില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്നതിനായി ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

by Midhun HP News | Jul 27, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വടക്കന്‍ കേരളത്തിലാണ് മഴ കനക്കുക. വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന വടക്കന്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങളിലും സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ഇത്, കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ഇന്ന് വടക്കന്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരത്ത് പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയിലായി കരയില്‍ പ്രവേശിക്കാന്‍ സാധ്യത.
പടിഞ്ഞാറന്‍ രാജസ്ഥാനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി മറ്റൊരു ന്യൂനമര്‍ദം തുടരുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ഈ മാസം 30 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

by Midhun HP News | Jul 27, 2026 | Latest News, കേരളം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ എസ്‌ഐടി ഒരുങ്ങുന്നു. കസ്റ്റഡി അപേക്ഷ കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കി. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും വിവരമുണ്ട്.
2025ല്‍ ശബരിമലയില്‍ നിന്ന് സ്വര്‍ണപ്പാളികള്‍ കടത്തിയെന്ന കേസില്‍ പ്രശാന്തിനെയും അജികുമാറിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലാണുള്ളത്. സര്‍ണക്കൊള്ള നടന്നതായി ഇരുവരുടെയും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്‌ഐടി പരാമര്‍ശിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നാണ് ആവശ്യം.
2019 ലെ സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാനാണ് 2025ല്‍ പിഎസ് പ്രശാന്ത് പ്രസിഡന്റായ ബോര്‍ഡ്, സ്വര്‍ണ പാളികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊടുത്തുവിട്ടതെന്നാണ് എസ്‌ഐടിയുടെ പ്രധാന കണ്ടെത്തല്‍. അതേസമയം, കേസില്‍ തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് പിഎസ് പ്രശാന്ത് വിശദീകരണം നല്‍കിയിട്ടുണ്ട്. കസ്റ്റഡിയില്‍ ലഭിക്കുന്ന മുറയ്ക്ക് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

by Midhun HP News | Jul 27, 2026 | Latest News, കേരളം
കോഴിക്കോട്: ബേപ്പൂരിലെ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രമായ രേണുക ഓയില്‍ മില്ലില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഫയര്‍ ഫോഴ്‌സ് തീ നിയന്ത്രണവിധേയമാക്കി.
ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് വെളിച്ചെണ്ണ മില്ലില്‍ നിന്ന് തീ പടര്‍ന്നത്. പ്രദേശവാസികള്‍ എത്തുമ്പോഴേക്കും മില്ലിന്റെ കാല്‍ഭാഗത്തോളം തീ വിഴുങ്ങിയിരുന്നു. മില്ലില്‍ വന്‍തോതില്‍ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ സംഭരണികളിലേക്കും കൊപ്ര ചാക്കുകളിലേക്കും തീ ആളിപ്പടര്‍ന്നതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. കന്നാസുകളിലും പാത്രങ്ങളിലും സംഭരണികളിലുമായി സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ മുഴുവന്‍ കത്തിനശിച്ചു. മില്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയും തീപിടിത്തത്തില്‍ കത്തിയമര്‍ന്നു.
ഞായറാഴ്ചയായതിനാല്‍ സംഭവസമയത്ത് മില്ലില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ആളപായം ഒഴിവായി. സ്ഥാപനത്തിന് സമീപം താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചത്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

by Midhun HP News | Jul 26, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായേക്കുമെന്ന് അഭ്യൂഹങ്ങള്‍. ഫഡ്‌നാവിസിന്റെ അടിയന്തര ഡല്‍ഹി സന്ദര്‍ശനമാണ് ഈ അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്. ഫഡ്‌നാവിസിനെ കേന്ദ്രമന്ത്രി പദവിയില്‍ നിയോഗിച്ചേക്കുമെന്ന ശിവസേന( യുടിബി) നേതാവിന്റെ പ്രതികരണവും അഭ്യൂഹങ്ങളെ ശക്തമാക്കിയിട്ടുണ്ട്.
സോളാര്‍പൂര്‍ പണ്ഡര്‍പൂരിലെ വിത്തല്‍-രുക്മിണി ക്ഷേത്രത്തില്‍ ആഷാദി ഏകാദശി പൂജകള്‍ക്ക് എത്തിയതായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസും ഭാര്യ അമൃതയും. പ്രാര്‍ത്ഥനകളും മറ്റ് ഔദ്യോഗിക പരിപാടികളും പൂര്‍ത്തിയാക്കി ഫഡ്‌നാവിസും ഭാര്യയും ഡല്‍ഹിയിലേക്ക് തിരിക്കുകയായിരുന്നു.
വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ച സാഹചര്യത്തില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി വരാന്‍ സാധ്യത വളരെ കൂടുതലാണെന്ന് ശിവസേന (യുടിബി നേതാവ്) സഞ്ജയ് റാവത്ത് പറഞ്ഞു. ‘നരേന്ദ്രമോദി സര്‍ക്കാരില്‍ ഫഡ്‌നാവിസ് പ്രധാന പദവി വഹിക്കാന്‍ സാധ്യതയേറിയിരിക്കുകയാണ്.”ഉന്നത വിദ്യാഭ്യാസം നേടിയ, അഭിഭാഷകനായ, വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്തിയിട്ടുള്ള നേതാവാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. വളരെയേറെ പാണ്ഡിത്യമുള്ള ഫഡ്‌നാവിസിനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന ഊഹാപോഹങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫഡ്‌നാവിസിന് ഡല്‍ഹിയില്‍ പ്രധാന ഉത്തരവാദിത്തം ഏല്‍പ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല’. സഞ്ജയ് റാവത്ത് പറഞ്ഞു.
ഫഡ്‌നാവിസിന്റെ രാഷ്ട്രീയ മേലാളന്മാര്‍ ഡല്‍ഹിയിലാണ്. അവര്‍ പറയുന്നത് അദ്ദേഹത്തിന് അനുസരിക്കാതിരിക്കാനാകില്ല. വിദ്യാര്‍ഥി പ്രക്ഷോഭം കൂടുതല്‍ ശക്തമാകുമെന്ന ഭയം മൂലമാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. വിദ്യാര്‍ഥി പ്രക്ഷോഭം രാജ്യത്തെ ജനാധിപത്യത്തെ പുനരുജ്ജീവിപ്പിച്ചു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചെങ്കിലും, ഉദ്ധവ്- രാജ് താക്കറെമാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംയുക്ത റാലി ഞായറാഴ്ച മുന്‍ നിശ്ചയ പ്രകാരം നടക്കുമെന്നും സഞ്ജയ് റാവത്ത് അറിയിച്ചു.

Recent Comments