ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ്; വീഡിയോ പകര്‍ത്തിയ ബസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും

ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ്; വീഡിയോ പകര്‍ത്തിയ ബസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ മരണത്തില്‍ ജയിലില്‍ കഴിയുന്ന ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കുന്ദമംഗലം കോടതി പരിഗണിക്കും. കസ്റ്റഡിയില്‍ കിട്ടിയാല്‍ വീഡിയോ പകര്‍ത്തിയ ബസില്‍ ഉള്‍പ്പടെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസ് നീക്കം. ഷിംജിതയുടെ ജാമ്യാപേക്ഷ ബുധനാഴ്ച ജില്ലാ കോടതി പരിഗണിക്കും.

ദീപക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനും വീഡിയോ ചിത്രീകരിച്ച സാഹചര്യത്തെക്കുറിച്ച് വിശദമായ മൊഴി രേഖപ്പെടുത്താനും ഷിംജിതയെ ചോദ്യം ചെയ്യും. ഷിംജിതയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയതതാണെന്നാണ് പൊലിസിന്റെ സംശയം. ഈ വീഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നതും പൊലീസ് പരിശോധിക്കും. ഇതിനായി കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞു.

ജാമ്യം ലഭിച്ചാല്‍ പ്രതി ഇനിയും സമാനമായ കുറ്റകൃത്യം നടത്താനിടയുണ്ടെന്നും മറ്റുള്ളവരും ഇത്തരത്തില്‍ പ്രവൃത്തികള്‍ ചെയ്യുമെന്നും ജാമ്യം നല്‍കുന്നത് അവര്‍ക്ക് പ്രേരണയാകുമെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയത്. സമൂഹവിചാരണ എന്ന ലക്ഷ്യത്തോടെയാണ് ഷിംജിത വീഡിയോ പ്രചരിപ്പിച്ചതെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും വാദിഭാഗം കോടതിയെ ബോധിപ്പിച്ചിരുന്നു.

ഗോവിന്ദപുരം സ്വദേശി യു ദീപക് ജീവനൊടുക്കിയത് ഷിംജിത സമൂഹമാധ്യമത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിലെ മനോവിഷമത്തിലാണെന്ന് മാതാവ് നല്‍കിയ പരാതിയിലാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി ഷിംജിതയെ അറസ്റ്റ് ചെയ്തത്. നിലവില്‍ മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡിലാണ് ഷിംജിത.

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

തിരുവനന്തപുരം: ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരവുമായി ബന്ധപ്പെട്ട് കാണികൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഔദ്യോഗികമായി നടപടികൾ ആരംഭിച്ചു. മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ചില ഭാഗങ്ങളിൽ അനുഭവപ്പെട്ട കുടിവെള്ള അമിത വില ഈടാക്കിയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശിക്കപ്പെട്ടത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അസോസിയേഷൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ക്രിക്കറ്റ് ആരാധകർക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയിൽ വലിയ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇത്തരം പരാതികൾ ഉണ്ടായതിനെ അസോസിയേഷൻ ഗൗരവകരമായി കണക്കാക്കുന്നു.

അന്താരാഷ്ട്ര മത്സരങ്ങളുടെ പാനീയങ്ങളുടെ സ്പോൺസറെ ബിസിസിഐ ആണ് നിശ്ചയിക്കുന്നത്. ബിസിസിഐ കരാറിൽ വിൽക്കേണ്ട പാനീയങ്ങളുടെ വില കൃത്യമായി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് 200 മില്ലി ലിറ്റർ കുടിവെള്ളത്തിന് 10 രൂപയും, 250 മില്ലി ലിറ്റർ എനർജി ഡ്രിങ്ക് അല്ലെങ്കിൽ ജ്യൂസ് എന്നിവയ്ക്ക് 50 രൂപയുമാണ് പരമാവധി വില നിശ്ചയിച്ചിരുന്നത്. ഈ നിരക്കുകൾ സ്റ്റേഡിയത്തിലെ എല്ലാ സ്റ്റാളുകളിലും എല്ലാവർക്കും കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും, കാണികളുടെ എണ്ണത്തിന് ആനുപാതികമായ സ്റ്റോക്ക് കരുതണമെന്നും കരാർ ഏറ്റെടുത്ത ഏജൻസിക്ക് കർശന നിർദ്ദേശം നൽകിയിരുന്നതാണ്.

പരിസ്ഥിതി സൗഹൃദമായ ‘ഗ്രീൻ പ്രോട്ടോക്കോൾ’ പാലിച്ച് വേണം സേവനങ്ങൾ നൽകാനെന്ന് ഏകോപന യോഗങ്ങളിൽ കെസിഎ പ്രത്യേകം ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ കളിക്കിടെ ചിലയിടങ്ങളിൽ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ തുക ഈടാക്കി ചൂഷണം നടന്നതായുള്ള പരാതികൾ ശ്രദ്ധയിൽപെട്ടു. കേരള ക്രിക്കറ്റ് അസോസിയേഷൻ ഈ പരാതികളെക്കുറിച്ച് ബിസിസിഐ അറിയിച്ചിട്ടുണ്ട്. നടപടികൾ എടുക്കുമെന്ന് ബിസിസിഐ മറുപടി നൽകിയെന്നും കെസിഎ വ്യക്തമാക്കി.

ഇക്കാര്യത്തിൽ ഏജൻസിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കുമെന്നും കാണികൾക്കുണ്ടായ അസൗകര്യത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും കെസിഎ അറിയിച്ചു. വരും കാലങ്ങളിൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

പോറ്റിയും പുറത്തേക്ക്?; രണ്ടാം കേസിലെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും

പോറ്റിയും പുറത്തേക്ക്?; രണ്ടാം കേസിലെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജി ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിച്ചേക്കും. കട്ടിളപ്പാളി കേസിലാണ് ജാമ്യാപേക്ഷ. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടത് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസില്‍ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

എന്നാല്‍. കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കെ പ്രധാന പ്രതിക്ക് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം തുടരും. അതേസമയം, കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജികളും ഇന്ന് പരിഗണിക്കും. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവര് ദ്വാരപാലക കേസില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും.

ഇന്നലെ നെഞ്ചുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കണ്ഠര് രാജീവരെ ഇന്ന് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും. സെന്‍ട്രല്‍ ജയിലില്‍ അഡ്മിഷന്‍ ബ്ലോക്കിലാണ് തന്ത്രിയെ പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് കട്ടിളപ്പാളി കേസിലെ തന്ത്രിയുടെ ജാമ്യഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്. രണ്ട് കേസുകളിലെയും അപേക്ഷകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടും. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരായ മുരാരി ബാബുവും എസ് ശ്രീകുമാറും നേരത്തേ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.

രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിക്കുമോ?; നിര്‍ണായക എത്തിക്‌സ് കമ്മിറ്റി യോഗം ഇന്ന്; ബജറ്റ് ചര്‍ച്ച തുടങ്ങും

രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിക്കുമോ?; നിര്‍ണായക എത്തിക്‌സ് കമ്മിറ്റി യോഗം ഇന്ന്; ബജറ്റ് ചര്‍ച്ച തുടങ്ങും

തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്നുതുടരുമ്പോള്‍ ബജറ്റിലെ പൊതുചര്‍ച്ചയാണ് പ്രധാന അജണ്ട. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കാനുള്ള പരാതി നിയമസഭയുടെ പ്രിവ്‌ലിജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പിലെത്തുന്നതും ഇന്നാണ്. കോണ്‍ഗ്രസില്‍ നിന്ന് റോജി എം ജോണും ലീഗില്‍ നിന്നുളള യുഎ ലത്തീഫുമാണ് കമ്മിറ്റിയിലുള്ള പ്രതിപക്ഷ അംഗങ്ങള്‍. ഇവര്‍ സ്വീകരിക്കേണ്ട നിലപാട് ഇന്ന് രാവിലെ യുഡിഎഫ് പാര്‍ലമെന്റ് യോഗം ചര്‍ച്ച ചെയ്യും.

ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തുമെന്ന സ്ഥിരീകരിച്ച വിവരമില്ല. ഇന്നുമുതല്‍ നാലുവരെയാണ് ബജറ്റില്‍ പൊതുചര്‍ച്ച. അഞ്ചിന് നടപ്പുസാമ്പത്തികവര്‍ഷത്തെ അവസാന ബാച്ച് ഉപധനാഭ്യര്‍ഥനകള്‍, കഴിഞ്ഞ ഏതാനും സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ഥനകള്‍ എന്നിവ അവതരിപ്പിക്കും. എല്‍ഡിഎഫിന്റെ വടക്കന്‍ മേഖല ജാഥ തുടങ്ങിയതിനാല്‍ എംഎല്‍എമാരുടെ ഹാജര്‍ കുറയും. സിപിഎം സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ എംവി ഗോവിന്ദനാണ് ജാഥ ക്യാപ്റ്റന്‍. ജാഥ കടന്നുപോകുന്ന വടക്കന്‍ ജില്ലകളിലെ എംഎല്‍എമാര്‍ മണ്ഡലങ്ങളിലാകുമെന്നതിനാല്‍ ഇവര്‍ സഭാ സമ്മേളനത്തിനെത്തില്ല.

പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍; ഇന്ന് മുതല്‍ മെഡിക്കല്‍ കോളുകളില്‍ ഒപി ബഹിഷ്‌കരിക്കും

പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍; ഇന്ന് മുതല്‍ മെഡിക്കല്‍ കോളുകളില്‍ ഒപി ബഹിഷ്‌കരിക്കും

തിരുവനന്തപുരം: ശമ്പളക്കുടിശിക വിതരണം ചെയ്യാത്തതിലും പുതിയ നിയമനങ്ങള്‍ നടത്താത്തതിലും പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം ആരംഭിക്കും. കാഷ്വാല്‍റ്റി, ലേബര്‍ റൂം, ഐസിയു, കിടത്തിചികിത്സ മറ്റ് അടിയന്തരചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചേക്കും. ഫെബ്രുവരി 9 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതല്‍ സര്‍വകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ നിലവിലെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് പലതവണ മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും നടപടികളുണ്ടായില്ല എന്നും സംഘടന കുറ്റപ്പെടുത്തുന്നു.

രോഗികള്‍ക്ക് ആനുപാതികമായ തസ്തികകള്‍ സൃഷ്ടിക്കുക, അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക നല്‍കുക, പ്രവേശന തസ്തികയിലെ ശമ്പള അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 2025 ജൂലായ് ഒന്നുമുതല്‍ ഡോക്ടര്‍മാര്‍ സമരരംഗത്തുള്ളത്. റിലേ ഒ.പി. ബഹിഷ്‌കരണം, അധ്യാപന ബഹിഷ്‌കരണം അടക്കം വിവിധ ഘട്ടങ്ങളില്‍ സമരങ്ങള്‍ നടത്തി. ആരോഗ്യമന്ത്രിയുമായി നവംബറില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ജനുവരിയില്‍ ധനമന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.

വർക്കല മാന്തറ ബീച്ചിൽ ഡ്യൂട്ടിക്കിടയിൽ ലൈഫ് ഗാർഡിനെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ  ആക്രമിച്ചു

വർക്കല മാന്തറ ബീച്ചിൽ ഡ്യൂട്ടിക്കിടയിൽ ലൈഫ് ഗാർഡിനെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു

തിരുവനന്തപുരം വർക്കല മാന്തറ ബീച്ചിൽ ഡ്യൂട്ടിക്കിടയിൽ ലൈഫ് ഗാർഡിനെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു വെമ്പായം സ്വദേശി ഗോകുലിനാണ് കടിയേറ്റത്. ഇയാൾക്ക് കാലിന് ഗുരുതരമായ പരിക്കേറ്റു

കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ഗോകുലിന് നേരെ തെരുവുനായളുടെആക്രമണം ഉണ്ടായത്. മാന്തറ ബീച്ചിന് സമീപം വച്ചായിരുന്നു ആക്രമണം.

നിരവധി സഞ്ചാരികളാണ് മാന്തറ ബീച്ചിൽ എത്താറുള്ളത് പാപനാശം ബീച്ച് ഏണിക്കൽ ബീച്ച് മാന്ത്ര ബീച്ച് എന്നിവിടങ്ങളിൽ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആണ് സഞ്ചാരികളെ ആക്രമിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു

നിരവധിതവണ വർക്കല നഗരസഭയിൽ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ബീച്ചുകളിൽ തമ്പടിക്കുന്ന തെരുവ് നായ്ക്കൾ ഭക്ഷണപദാർത്ഥങ്ങൾ കൊടുക്കുവാൻ ചില വിദേശികളും രംഗത്തുണ്ട്. ബീച്ചുകളില്‍ തമ്പടിക്കുന്ന തെരുവ് നായ്ക്കളെ കൂട്ടത്തോടെ മാറ്റിയില്ലെങ്കിൽ വിനോദസഞ്ചാര മേഖലയിൽ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണങ്ങൾ വർദ്ധിക്കുമെന്ന് നാട്ടുകാരും പറയുന്നു.

നഗരസഭ അധികാരികൾ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം