കിലോയ്ക്ക് 33 രൂപ; ഈ മാസം മുതല്‍ സപ്ലൈകോയില്‍ നിന്ന് എട്ട് കിലോ കെ റൈസ്

കിലോയ്ക്ക് 33 രൂപ; ഈ മാസം മുതല്‍ സപ്ലൈകോയില്‍ നിന്ന് എട്ട് കിലോ കെ റൈസ്

തിരുവനന്തപുരം: സപ്ലൈകോയില്‍ നിന്ന് ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ് വിതരണം ചെയ്യും. കാര്‍ഡുടമകള്‍ക്ക് രണ്ട് തവണയായി വാങ്ങാം. നിലവില്‍ അഞ്ച് കിലോയാണ് നല്‍കുന്നത്. 45 ലക്ഷത്തിലധികം കാര്‍ഡുടമകള്‍ സപ്ലൈകോയെ ആശ്രയിക്കുന്നുണ്ട്.

കെ റൈസും പച്ചരിയുമായി 10 കിലോ നല്‍കിയിരുന്നത് തുടരും. മട്ട, ജയ, കുറുവ ഇവയില്‍ ഏതെങ്കിലും ഒരു അരിയാണ് കെ റൈസിലുള്ളത്. കിലോയ്ക്ക് 42-47 നിരക്കില്‍ പൊതുവിപണിയില്‍നിന്ന് വാങ്ങുന്ന അരിയാണ് സംസ്ഥാന സര്‍ക്കാര്‍ 33 രൂപക്ക് വിതരണം ചെയ്യുന്നത്. കിലോയ്ക്ക് 35-37 രൂപയ്ക്ക് വാങ്ങുന്ന പച്ചരി 29 രൂപയ്ക്കാണ് സപ്ലൈകോ വഴി നല്‍കുന്നത്.

40 ദിവസത്തിനുള്ളിൽ ഹൃദയാഘാതം മൂലം21 മരണം, കോവിഡ് വാക്സിനെതിരെ സിദ്ധരാമയ്യ;ബന്ധമില്ലെന്ന് കേന്ദ്രം

40 ദിവസത്തിനുള്ളിൽ ഹൃദയാഘാതം മൂലം21 മരണം, കോവിഡ് വാക്സിനെതിരെ സിദ്ധരാമയ്യ;ബന്ധമില്ലെന്ന് കേന്ദ്രം

കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്സിനേഷന് ശേഷം നിരവധി പേർ വളരെ പെട്ടെന്ന് മരണമടഞ്ഞ റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പ്രസ്താവന പുതിയ വിവാദത്തിന് വഴി തുറന്നു. കർണ്ണാടകയിലെ ഹാസൻ ജില്ലയിൽ 40 ദിവസത്തിനുള്ളിൽ 21 പേരാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലം മരണമടഞ്ഞത്. മരിച്ച 21 പേരും 30 നും 55 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ഇതേ തുടർന്നാണ് സിദ്ധരാമയ്യ കോവിഡ് വാക്സിൻ തിടുക്കത്തിൽ കൊടുത്താണ് മരണകാരണമെന്ന് അഭിപ്രായപ്പെട്ടത്.

നെഞ്ചുവേദന, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ, എല്ലാവരും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പരിശോധനയ്ക്കായി ഉടൻ തന്നെ എത്തണമെന്നും ഈ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും സിദ്ധരാമയ്യ അഭ്യർത്ഥിച്ചു.

സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കു പിന്നാലെ, ഇതു സംബന്ധിച്ച പഠനങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നു. രാജ്യത്തെ നിരവധി ഏജൻസികൾ വഴി, വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളുടെ കാര്യം അന്വേഷിച്ചിട്ടുണ്ട്. കോവിഡ് 19 വാക്സിനേഷനും രാജ്യത്ത് പെട്ടെന്നുള്ള മരണങ്ങളുടെ റിപ്പോർട്ടുകളും തമ്മിൽ നേരിട്ട് ബന്ധമില്ലെന്ന് ഈ പഠനങ്ങൾ പറയുന്നുവെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) എന്നിവയുടെ പഠനങ്ങൾ ഇന്ത്യയിലെ കോവിഡ് -19 (COVID-19) വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് പറയുന്നു, ഗുരുതരമായ പാർശ്വഫലങ്ങൾ വളരെ അപൂർവമായി മാത്രമേ ഉണ്ടാകൂ. ജനിതകപരമായ കാരണങ്ങൾ, ജീവിതശൈലി, മുമ്പുണ്ടായിരുന്ന രോഗാവസ്ഥകൾ, കോവിഡിനു ശേഷമുള്ള സങ്കീർണതകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങൾക്ക് കാരണമാകാം എന്ന് ഈ പഠനങ്ങൾ പറയുന്നു.

രാജ്യത്തെ 18 നും 45 നും ഇടയിൽ പ്രായമുള്ളവരിൽ, പെട്ടെന്ന് ഉണ്ടാകുന്ന വിശദീകരിക്കാനാകാത്ത മരണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ മനസ്സിലാക്കാൻ ഐസിഎംആറും എൻസിഡിസിയും ഒരുമിച്ചാണ് പഠനം നടത്തിയത്.

ഇത് അന്വേഷിക്കുന്നതിനായി വ്യത്യസ്ത ഗവേഷണ സമീപനങ്ങൾ ഉപയോഗിച്ച് രണ്ട് പരസ്പര പൂരക പഠനങ്ങൾ നടത്തി – ഒന്ന് മുൻകാല ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതും മറ്റൊന്ന് നിലവിലുള്ള അല്ലെങ്കിൽ തത്സമയ വിവരങ്ങൾ ഉൾപ്പെടുന്നതുമാണ്. ഐസിഎംആറിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി (എൻഐഇ) നടത്തിയ ആദ്യ പഠനത്തിന്റെ തലക്കെട്ട്, “ഇന്ത്യയിൽ 18-45 വയസ്സ് പ്രായമുള്ള മുതിർന്നവരിൽ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങൾ – ഒരു മൾട്ടിസെൻട്രിക് മാച്ചഡ് കേസ്-കൺട്രോൾ സ്റ്റഡി” എന്നായിരുന്നു.

രാജ്യത്തെ 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 സ്പെഷ്യലൈസ്ഡ് ആശുപത്രികൾ കേന്ദ്രീകരിച്ച് 2023 മെയ് മുതൽ ഓഗസ്റ്റ് വരെ ഈ പഠനം നടത്തിയത്. 2021 ഒക്ടോബറിനും 2023 മാർച്ചിനും ഇടയിൽ ആരോഗ്യമുള്ളവരായി തോന്നിയെങ്കിലും അപ്രതീക്ഷിതമായി പെട്ടെന്ന് മരിച്ച വ്യക്തികളുമായി ബന്ധപ്പെട്ടാണ് പഠനം നടത്തിയത്. കോവിഡ്-19 വാക്സിനേഷൻ യുവതലമുറയിൽ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണ സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് കണ്ടെത്തൽ.

“യുവതലമുറയിലെ പെട്ടെന്നുള്ള വിശദീകരിക്കാനാകാത്ത മരണങ്ങളുടെ കാരണം സ്ഥാപിക്കൽ”എന്ന തലക്കെട്ടിലുള്ള രണ്ടാമത്തെ പഠനം നിലവിൽ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഐസിഎംആറുമായി സഹകരിച്ച് നടത്തുന്നു.

യുവതലമുറയിൽ പെട്ടെന്നുള്ള മരണത്തിനുള്ള സാധാരണ കാരണങ്ങൾ നിർണ്ണയിക്കാൻ ലക്ഷ്യമിട്ടുള്ള ദീർഘവീക്ഷണത്തോടെയുള്ള പഠനമാണിത്. പഠനത്തിൽ നിന്നുള്ള ഡാറ്റയുടെ ആദ്യകാല വിശകലനം സൂചിപ്പിക്കുന്നത് ഹൃദയാഘാതം അല്ലെങ്കിൽ മയോകാർഡിയൽ ഇൻഫ്രാക്ഷൻ (MI) ഈ പ്രായത്തിലുള്ളവരിൽ പെട്ടെന്നുള്ള മരണത്തിന്റെ പ്രധാന കാരണമായി തുടരുന്നു എന്നാണ്.

പ്രധാനമായി, മുൻ വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കാരണങ്ങളുടെ രീതിയിൽ വലിയ മാറ്റങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. വിശദീകരിക്കാനാകാത്ത മരണങ്ങളിൽ ഭൂരിഭാഗത്തിലും, ജനിതക വ്യതിയാനങ്ങളാണ് ഈ മരണങ്ങൾക്ക് കാരണമായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പഠനം പൂർത്തിയായിക്കഴിഞ്ഞാൽ അന്തിമ ഫലങ്ങൾ പ്രസിദ്ധീകരിക്കും.

ഇന്ത്യയിലെ യുവതലമുറയിലെ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളെക്കുറിച്ച് കൂടുതൽ സമഗ്രമായ കണ്ടെത്തലുകൾക്കാണ് ഈ രണ്ട് പഠനങ്ങളും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കോവിഡ്-19 വാക്സിനേഷൻ അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി കരുതാൻ കാരണങ്ങളില്ല, അതേസമയം, അടിസ്ഥാന ആരോഗ്യ പ്രശ്നങ്ങൾ, ജനിതക പ്രവണത, അപകടകരമായ ജീവിതശൈലി എന്നിവ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു.

കോവിഡ് വാക്സിനേഷനെ പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധിപ്പിക്കുന്ന നിഗമനങ്ങൾ തെറ്റാണെന്നും ശാസ്ത്രീയമായ കണ്ടെത്തലുകൾ ഇതിനെ അംഗീകരിക്കുന്നതില്ലെന്നും ഇത് സൂചിപ്പിക്കുന്നു. നിർണായക തെളിവുകളില്ലാത്ത അനുമാനപരമായ അവകാശവാദങ്ങൾ, മഹാമാരിയുടെ സമയത്ത് ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വാക്സിനുകളിലുള്ള പൊതുജനവിശ്വാസത്തെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ട്. അത്തരം അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളും അവകാശവാദങ്ങളും രാജ്യത്ത് വാക്സിനെതിരായ സമീപനങ്ങളെ സ്വാധീനിക്കുകയും അതുവഴി പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും ആരോഗ്യമേഖലയിലുള്ളവർ ഈ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടുന്നു.

കേരള ബാങ്ക് നിക്ഷേപ പലിശ കുറച്ചു; 85 ബേസിക് പോയിന്റ് വരെ

കേരള ബാങ്ക് നിക്ഷേപ പലിശ കുറച്ചു; 85 ബേസിക് പോയിന്റ് വരെ

തിരുവനന്തപുരം: ദീര്‍ഘകാല നിക്ഷേപത്തിന്റെ പലിശനിരക്ക് കുറച്ച് കേരള ബാങ്ക്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും മറ്റു സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നതുള്‍പ്പെടെ എല്ലാ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്. നിരക്കുമാറ്റം ജൂലൈ ഒന്നുമുതല്‍ നിലവില്‍ വന്നു.

റിസര്‍വ് ബാങ്കിന്റെ ഷെഡ്യൂള്‍ പ്രകാരമാണ് കേരള ബാങ്കിലും പലിശ പുതുക്കി നിശ്ചയിച്ചത്. കേരള ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പലിശ കുറയ്ക്കുന്നതോടെ, പ്രാഥമിക സംഘങ്ങള്‍ ഉള്‍പ്പെടെ എല്ലാ സഹകരണ സ്ഥാപനങ്ങളും പലിശനിരക്ക് കുറയ്‌ക്കേണ്ടി വരും.

പലിശനിരക്ക് കുറച്ചതോടെ രണ്ടുവര്‍ഷവും അതിലേറെയുമുള്ള നിക്ഷേപത്തിന് പലിശ ഏഴുശതമാനമായി. നേരത്തെ ഇത് 7.85 ശതമാനമായിരുന്നു. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിന് താഴെ വരെയുള്ള നിക്ഷേപത്തിന് 7.10 ശതമാനമാണ് പുതുക്കിയ പലിശനിരക്ക്. നിലവില്‍ 7.75 ശതമാനമായിരുന്നു. 180 ദിവസം മുതല്‍ 364 ദിവസം വരെ 7.00 ശതമാനം ( 7.35 ശതമാനം), 91 ദിവസം മുതല്‍ 179 ദിവസം വരെ 6.5 ശതമാനം ( 7 ശതമാനം), 46 ദിവസം മുതല്‍ 90 ദിവസം വരെ ആറു ശതമാനം( 6.5 ശതമാനം), 15 ദിവസം മുതല്‍ 45 ദിവസം വരെ 5.50 ശതമാനം ( ആറുശതമാനം) എന്നിങ്ങനെയാണ് മറ്റു നിക്ഷേപങ്ങളുടെ പുതുക്കിയ പലിശനിരക്ക്.

വിദേശത്തു നിര്‍മിക്കുന്ന അവസാനത്തെ ഇന്ത്യന്‍ യുദ്ധക്കപ്പല്‍, സജ്ജമായി ഐഎന്‍എസ് തമാല്‍; അറിയാം പ്രത്യേകതകള്‍

വിദേശത്തു നിര്‍മിക്കുന്ന അവസാനത്തെ ഇന്ത്യന്‍ യുദ്ധക്കപ്പല്‍, സജ്ജമായി ഐഎന്‍എസ് തമാല്‍; അറിയാം പ്രത്യേകതകള്‍

ഡല്‍ഹി: ഫ്രിഗേറ്റ് ഗണത്തില്‍പ്പെട്ട ഐഎന്‍എസ് തമാല്‍ നാവികസേനയുടെ ഭാഗമായി. പ്രോജക്റ്റ് 1135.6 പരമ്പരയിലെ എട്ടാമത്തെ മള്‍ട്ടി-റോള്‍ സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ യുദ്ധക്കപ്പലാണ് ഐഎന്‍എസ് തമാല്‍. റഷ്യയിലെ കലിനിന്‍ഗ്രാഡില്‍ നിര്‍മിച്ച കപ്പലിന്റെ കമ്മിഷനിങ് ചടങ്ങുകളും അവിടെയാണു നടന്നത്. തുഷില്‍ ക്ലാസില്‍ രണ്ടാമത്തെ കപ്പലാണിത്.

വെസ്റ്റേണ്‍ നാവിക സേനാ ആസ്ഥാനം മേധാവി വൈസ് അഡ്മിറല്‍ സഞ്ജയ് ജെ സിങ് മുഖ്യാതിഥിയായിരുന്നു. വിദേശത്തു നിര്‍മിക്കുന്ന അവസാനത്തെ ഇന്ത്യന്‍ യുദ്ധക്കപ്പലാണിത്. ബ്രഹ്മോസ് ഉള്‍പ്പെടെയുള്ള മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലിന്റെ 26 ശതമാനം തദ്ദേശീയമായി നിര്‍മിച്ചതാണ്. കഴിഞ്ഞ 65 വര്‍ഷത്തിനിടെ ഇന്ത്യ-റഷ്യ സംയുക്ത സഹകരണത്തില്‍ നിര്‍മ്മിക്കുന്ന 51-ാമത്തെ കപ്പലാണ് തമാല്‍. വായു, ഉപരിതലം, അണ്ടര്‍വാട്ടര്‍, ഇലക്ട്രോമാഗ്‌നറ്റിക് എന്നി നാല് തലങ്ങളിലും നാവിക സേനയ്ക്ക് മുതല്‍ക്കൂട്ടാണ് ഈ കപ്പല്‍.

2022 ഫെബ്രുവരി 24നാണ് യുദ്ധക്കപ്പലിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 2024 നവംബറിലാണ് കപ്പല്‍ ആദ്യ കടല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായത്. ലംബമായി വിക്ഷേപിച്ച ഭൂതല- വ്യോമ മിസൈല്‍ Shtil-1, പീരങ്കി ആയുധങ്ങള്‍, ടോര്‍പ്പിഡോകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ റഷ്യന്‍ ആയുധ സംവിധാനങ്ങളുടെയും പരീക്ഷണം കപ്പലില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

ഡ്യുവല്‍ റോള്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍, ഭൂതല- ആകാശ മിസൈലുകള്‍, സ്റ്റാന്‍ഡേര്‍ഡ് 30 എംഎം ക്ലോസ് ഇന്‍ വെപ്പണ്‍ സിസ്റ്റം, 100 എംഎം മെയിന്‍ ഗണ്‍, ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ (എഎസ്ഡബ്ല്യു) റോക്കറ്റുകള്‍, ഹെവിവെയ്റ്റ് ടോര്‍പ്പിഡോകള്‍ എന്നിവ കപ്പലില്‍ സജ്ജമാക്കിയിട്ടുണ്ട്.ആണവ, ജൈവ, രാസ പ്രതിരോധത്തിനായി സങ്കീര്‍ണ്ണമായ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏകദേശം 250 നാവികരും 26 ഓഫീസര്‍മാരും അടങ്ങുന്ന ഒരു സംഘമാണ് ഐഎന്‍എസ് തമാലിനെ നിയന്ത്രിക്കുന്നത്. കപ്പല്‍ ഉടന്‍ തന്നെ കര്‍ണാടകയിലെ കാര്‍വാറിലെ സ്വന്തം തുറമുഖത്തേക്ക് കന്നി യാത്ര ആരംഭിക്കും.

അമ്മയുടെ കണ്‍മുന്നില്‍ വെച്ച് സ്‌കൂള്‍ ബസ് ഇടിച്ചു; ആറു വയസ്സുകാരന് ദാരുണാന്ത്യം

അമ്മയുടെ കണ്‍മുന്നില്‍ വെച്ച് സ്‌കൂള്‍ ബസ് ഇടിച്ചു; ആറു വയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ സ്‌കൂള്‍ ബസ് ഇടിച്ച് ആറു വയസ്സുകാരന്‍ മരിച്ചു. പട്ടാമ്പി കുലശ്ശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ് മരിച്ചത്. അമ്മയുടെ മുമ്പില്‍ വെച്ചാണ് കുട്ടിയെ സ്‌കൂള്‍ ബസ് ഇടിച്ചത്. പട്ടാമ്പിക്ക് സമീപം ഓങ്ങശ്ശേരിയില്‍ ഇന്നലെ വൈകീട്ടായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പെരിന്തല്‍മണ്ണയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് മരണമടഞ്ഞു.

ഒരു സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങിയ കുട്ടി അമ്മയോടൊപ്പം വരികയായിരുന്നു. ഇതിനിടെ അമ്മയുടെ കൈ വിടുവിച്ച് ഓടിയപ്പോള്‍ എതിര്‍ദിശയില്‍ നിന്നും വന്ന സ്‌കൂള്‍ ബസ് ഇടിക്കുകയായിരുന്നു.

സൂംബക്കെതിരെ വിമര്‍ശനം: ടി കെ അഷ്‌റഫിനെ 24 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യണം; നടപടി ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

സൂംബക്കെതിരെ വിമര്‍ശനം: ടി കെ അഷ്‌റഫിനെ 24 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യണം; നടപടി ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്‌റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ്, അഷ്‌റഫ് ജോലി ചെയ്യുന്ന സ്‌കൂള്‍ മാനേജര്‍ക്ക് നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് കത്തു നല്‍കിയത്.

അഷ്‌റഫിനെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടി 24 മണിക്കൂറിനകം സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം ടി കെ അഷ്‌റഫ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്ന് കത്തില്‍ പറയുന്നു. അഷ്‌റിന്റെ എഫ്ബി പോസ്റ്റും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ ടി കെ അഷ്‌റഫ് ആയിരുന്നു ആദ്യം പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്. പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് സംഗീതത്തിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാം. താന്‍ ഈ കാര്യത്തില്‍ പ്രാകൃതനാണെന്നും അഷ്‌റഫ് അഭിപ്രായപ്പെട്ടിരുന്നു.

സൂംബ പദ്ധതിയെ വിമര്‍ശിച്ചതിന് ടി അഷ്‌റഫിനെതിരെ നടപടി സ്വീകരിക്കാനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വിമര്‍ശിച്ചു. ജെന്‍ഡര്‍ സാമൂഹ്യ നിര്‍മ്മിതിയാണ്’ എന്ന ആശയം ലൈംഗിക അരാജകത്വങ്ങള്‍ക്കുള്ള ഒരു തുറന്ന വാതിലാണ് എന്നും സംഘടന കുറ്റപ്പെടുത്തി.