സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 440 രൂപയുടെ ഇടിവ്

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 440 രൂപയുടെ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് വില 440 രൂപ കുറഞ്ഞ് 71,440 രൂപയായി ഇടിഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന് 8930 രൂപയായാണ് വില കുറഞ്ഞത്.

ആഗോളവിപണിയിലും സ്വര്‍ണവില ഇടിയുന്നതാണ് ദൃശ്യമാകുന്നത്. യു.എസ്-ചൈന വ്യാപര യുദ്ധം അയയുന്നതാണ് സ്വര്‍ണവില കുറയാനുള്ള പ്രധാനകാരണം. വ്യാഴാഴ്ച സ്വര്‍ണവിലയില്‍ രണ്ട് ശതമാനം ഇടിവാണ് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായത്. ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

സ്‌പോട്ട് ഗോള്‍ഡിന്റെ വില 3,277.17 ഡോളറായാണ് കുറഞ്ഞത്. മെയ് 29ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാവുന്നത്. 2.8 ശതമാനം ഇടിവാണ് വിലയില്‍ ഉണ്ടായത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കും ഇടിഞ്ഞു. യു.എസും ചൈനയും തമ്മില്‍ അടുത്തയാഴ്ചയോടെ പുതിയ വ്യാപാര കരാര്‍ നിലവില്‍ വരുമെന്നാണ് സൂചന. ഇതിനൊപ്പം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായും യു.എസ് വ്യാപാര കരാറിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതും സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.

മൃഗത്തിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്നു, അധ്യാപകനെതിരെ കേസ്

മൃഗത്തിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്നു, അധ്യാപകനെതിരെ കേസ്

ഹൈദരാബാദ്: ശരീരഘടന വിശദീകരിക്കുന്നതിനായി മൃഗത്തിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്നതിന് അധ്യാപകനെതിരെ കേസെടുത്തു. വികരാബാദ് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെതിരെയാണ് ഗോവധ നിയമപ്രകാരം കേസെടുത്തത്. പശുവിന്റെ തലച്ചോറാണെന്ന് അധ്യാപകന്‍ പറഞ്ഞതായി കുട്ടികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം വിവാദമായത്.

എന്നാല്‍ പശുവിന്റേത് തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഔദ്യോഗികമായി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത്.

ജൂണ്‍ 24നാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളെ തലച്ചോറ് കാണിച്ച് അധ്യാപകന്‍ ശരീരഘടനയെക്കുറിച്ച് വിശദീകരിച്ചത്. സംഭവത്തില്‍ അഖില ഭാരതീയ വിദ്യാര്‍ദി പരിഷത്തും മറ്റ് ഗ്രൂപ്പുകളും പ്രതിഷേധവുമായി രംഗത്തെത്തി. അധ്യാപകന്‍ മതവികാരം വ്രണപ്പെടുത്തിയെന്നും നടപടിയെടുക്കണമെന്നും എബിവിപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണം തുടരുകയാണ്.

13 സര്‍വകലാശാലകളില്‍ പന്ത്രണ്ടിടത്തും വിസിമാരില്ല, ദുരവസ്ഥയെന്ന് ഹൈക്കോടതി

13 സര്‍വകലാശാലകളില്‍ പന്ത്രണ്ടിടത്തും വിസിമാരില്ല, ദുരവസ്ഥയെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ 13 സര്‍വകലാശാലകളില്‍ 12 എണ്ണത്തിനും സ്ഥിരം വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാത്ത ദുരവസ്ഥ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു ഗുണകരമല്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിസി നിയമനത്തിന്റെ ഓരോ ഘട്ടത്തിലും ഹര്‍ജികള്‍ നല്‍കുന്നതു കൂടാതെ, താല്‍ക്കാലിക വിസിമാരെ വച്ചുള്ള ഇടക്കാല ക്രമീകരണം പോലും എതിര്‍ക്കുന്ന നിലപാട് ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന വിമര്‍ശനം സര്‍ക്കാരിനും തിരിച്ചടിയായി.

കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയായി ഡോ. മോഹനന്‍ കുന്നുമ്മലിനെ നിയമിച്ചതിനെതിരെ സെനറ്റംഗങ്ങളായ ഡോ. ശിവപ്രസാദ്, പ്രിയ പ്രിയദര്‍ശനന്‍ എന്നിവര്‍ നല്‍കിയ ക്വോവാറന്റോ ഹര്‍ജി തള്ളിയ വിധിയിലാണു ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.

സര്‍വകലാശാലകളുടെ ഭരണത്തില്‍ ഉള്‍പ്പെട്ടവര്‍ സ്ഥാപനത്തിന്റെ ഉത്തമ താല്‍പര്യത്തിന് ആദ്യ പരിഗണന നല്‍കണം. സ്ഥിരം വിസിമാര്‍ ഇല്ലാത്ത ദുരവസ്ഥയ്ക്കു പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ ശ്രമിക്കണമെന്നും കോടതി നിരീക്ഷിച്ചു. ഡോ. മോഹനന്‍ കുന്നുമ്മലിനു യുജിസി ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്നായിരുന്നു ആക്ഷേപം.

ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയ്ക്കു വേണ്ടിയാണു താല്‍ക്കാലിക ക്രമീകരണമെന്നു ചാന്‍സലര്‍ വാദിച്ചു. ഹര്‍ജി ദുരുദ്ദേശ്യപരമാണെന്നും സെനറ്റ് തന്നെയാണു സ്ഥിരം വിസി നിയമനം തടസ്സപ്പെടുത്തുന്നതെന്നും സര്‍വകലാശാലാ ഭരണം അവതാളത്തിലാക്കാനാണു ശ്രമമെന്നും വാദിച്ചു. സെനറ്റും ചാന്‍സലറും തമ്മിലുള്ള അഭിപ്രായ ഭിന്നത മൂലമാണു ഹ്രസ്വകാല ക്രമീകരണം ഇത്രയും നീണ്ടതെന്നു കോടതി പറഞ്ഞു.

കേരളത്തില്‍ ഗര്‍ഭഛിദ്രം കുത്തനെ കൂടി, ഒന്‍പതു വര്‍ഷത്തിനിടെ 76% വര്‍ധന

കേരളത്തില്‍ ഗര്‍ഭഛിദ്രം കുത്തനെ കൂടി, ഒന്‍പതു വര്‍ഷത്തിനിടെ 76% വര്‍ധന

കൊല്ലം: കഴിഞ്ഞ ഒമ്പത് വര്‍ഷത്തിത്തിനിടെ കേരളത്തില്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നവരുടെ എണ്ണത്തില്‍ 76%ത്തിലധികം വര്‍ധന. 2023- 24 ല്‍ സംസ്ഥാനത്ത് 30,037 ഗര്‍ഭഛിദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഹെല്‍ത്ത് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലെ (എച്ച്എംഐഎസ്) കണക്കുകള്‍ വ്യക്തമാക്കുന്നു. 2014-15 ല്‍ ഇത് 17,025 ആയിരുന്നു.

ഒന്‍പതു വര്‍ഷത്തിനിടെ ഗര്‍ഭഛിദ്രത്തിന്‍റെ എണ്ണത്തില്‍ 76.43 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ 21, 282 ഗര്‍ഭഛിദ്രങ്ങള്‍ നടന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ 8,755 ഗര്‍ഭഛിദ്രങ്ങളാണ് നടന്നിട്ടുള്ളത്.

സ്വാഭാവിക ഗര്‍ഭഛിദ്രവും ബോധപൂര്‍വമായ ഗര്‍ഭഛിദ്രവും ഡാറ്റയിലുള്‍പ്പെടുത്തിയിട്ടുണ്ട്. 2023-24 ല്‍ സംസ്ഥാനത്ത് 20,179 ബോധപൂര്‍വമായ ഗര്‍ഭഛിദ്രം നടത്തിയിട്ടുണ്ട്. 9,858 സ്വാഭാവിക ഗര്‍ഭഛിദ്രമാണ് ഈ കാലയളവില്‍ നടത്തിയിട്ടുള്ളത്. 2014-15 വര്‍ഷം പൊതു, സ്വകാര്യ ആശുപത്രികളില്‍ നടത്തിയിട്ടുള്ള ഗര്‍ഭഛിദ്രങ്ങളുടെ കണക്ക് ഏകദേശം തുല്യമാണെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്. യഥാക്രമം 8,324 ഉം 8701 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ 2015-2016 മുതല്‍ സ്വകാര്യ ആശുപത്രികളില്‍ ഉയര്‍ന്ന തോതിലുള്ള കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2015-16 മുതല്‍ 2024-25 വരെ കേരളത്തില്‍ ആകെ 1,97,782 ഗര്‍ഭഛിദ്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതില്‍ 67,004 കേസുകള്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്നത്. ഈ കാലയളവില്‍ സ്വകാര്യ ആശുപത്രികളില്‍ 1,30,778 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ബോധപൂര്‍വമായ ഗര്‍ഭഛിദ്രങ്ങളില്‍ ക്രമാനുഗതമായ വര്‍ധന ഉണ്ടായതായാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഗര്‍ഭഛിദ്രത്തിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിലുണ്ടായ വര്‍ധനവില്‍ ആരോഗ്യ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അവര്‍ എടുത്തു പറഞ്ഞു. മെച്ചപ്പെട്ട സൗകര്യങ്ങളും സ്വകാര്യതയും കാരണം ഇപ്പോള്‍ കൂടുതല്‍ രോഗികള്‍ സ്വകാര്യ സ്ഥാപനങ്ങളെയാണ് ഇഷ്ടപ്പെടുന്നതെന്ന് തിരുവനന്തപുരത്തെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. സീമ പറഞ്ഞു.

ബോധപൂര്‍വമായ ഗര്‍ഭഛിദ്രങ്ങളുടെ വര്‍ധന സ്ത്രീകള്‍ അവരുടെ ശരീരത്തിന് മേല്‍ കൂടുതല്‍ നിയന്ത്രണം നേടുന്നതിന്റെ സൂചനയാണെന്ന് കോട്ടയം സിഎംഎസ് കോളജിലെ സോഷ്യോളജി വിഭാഗത്തിലെ സീനിയര്‍ ഫാക്കല്‍റ്റി അംഗം അമൃത റിനു എബ്രഹാം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കം; അമിത് ഷാ ജൂലൈ 13ന് സംസ്ഥാനത്ത് എത്തും

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കം; അമിത് ഷാ ജൂലൈ 13ന് സംസ്ഥാനത്ത് എത്തും

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂലൈ 13 ന് സംസ്ഥാനത്ത് എത്തും. സംസ്ഥാനത്തെ ഏഴ് റവന്യു ജില്ലകളിലെ വാര്‍ഡ് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. ബിജെപി സംസ്ഥാന ഓഫീസിന്റെ ഉദ്ഘാടനവും അമിത് ഷാ നിര്‍വഹിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.

വികസിത കേരളം എന്ന ആശയം താഴെതട്ടില്‍ എത്തിക്കാന്‍ പാര്‍ട്ടി രൂപം നല്‍കിയതായി രമേശ് പറഞ്ഞു. തൃശൂരില്‍ നടന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഒരോ വാര്‍ഡിലും വികസനത്തെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കും.

ഓഗസ്റ്റ് ഒന്ന് മുതല്‍ 10 വരെ വാര്‍ഡ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ഓഗസ്റ്റ് 15 ന് എല്ലാ വാര്‍ഡുകളിലും സ്വഭിമാന ത്രിവര്‍ണ റാലികള്‍ നടത്തും. ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കേരളത്തിലെ ആത്മഹത്യകളുടെ 41 ശതമാനം ഈ ജില്ലകളില്‍

കേരളത്തിലെ ആത്മഹത്യകളുടെ 41 ശതമാനം ഈ ജില്ലകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും പുരുഷന്‍മാര്‍. സംസ്ഥാനത്ത് ആകെ ആത്മഹത്യയ്ക്ക് വിധേയരാകുന്നവരില്‍ 79 ശതമാനം പുരുഷന്‍മാരാണ്. 21 ശതമാനം മാത്രമാണ് ഇക്കൂട്ടത്തില്‍ സ്ത്രീകള്‍. കേരളത്തിലെ ആത്മഹത്യ നിരക്ക് സംബന്ധിച്ച് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ കാര്യാലയം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2020 മുതല്‍ 2023വരെയുള്ള കണക്കുകളാണ് പഠനവിധേയമാക്കിയത്.

വടക്കന്‍ കേരളത്തെ അപേക്ഷിച്ച് തെക്കന്‍ കേരളത്തിലാണ് ആത്മഹത്യകള്‍ കൂടുതല്‍ സംഭവിക്കുന്നതെന്നാണ് പഠന റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് ഇതരജില്ലകളെ അപേക്ഷിച്ച് ആത്മഹത്യാ നിരക്ക് കൂടുതല്‍. കേരളത്തിലെ ആത്മഹത്യകളുടെ 41 ശതമാനം ഈ ജില്ലകളിലാണ് സംഭവിക്കുന്നത്.

സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത പുരുഷന്‍മാരില്‍ ഏറെയും 45നും 60നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ സ്ഥിതി വിഭിന്നമാണ്, ആത്മഹത്യയ്ക്ക് വിധേയരായ സ്ത്രീകളിലേറെയും 60 വയസിന് മേല്‍ പ്രായമുള്ളവരായിരുന്നു.

തൊഴില്‍രഹിതരെ അപേക്ഷിച്ച് തൊഴിലുള്ളവര്‍ക്കിടയിലാണ് ആത്മഹത്യ കൂടുതലായി സംഭവിക്കുന്നത്. ഇക്കൂട്ടത്തില്‍ ദിവസവേതനാക്കാര്‍ക്കിടയിലും സ്വകാര്യസ്ഥാപനങ്ങളില്‍ തൊഴില്‍ എടുക്കുന്നവര്‍ക്കിടയിലുമാണ് കൂടുതല്‍ ആത്മഹത്യകള്‍ സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തോടനുബന്ധിച്ച് കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ മുപ്പതിന് പുറത്തിറക്കും.