by Midhun HP News | Jun 28, 2025 | Latest News, ജില്ലാ വാർത്ത
വായനവാരത്തോടനുബന്ധിച്ച് ആറ്റിങ്ങൽ കുന്നുവാരം യു.പി.എസിൽ സബ് ജില്ലാ തല പുസ്തക ക്വിസ് മത്സരം സംഘടിപ്പിച്ചു. 17 വർഷമായി തുടരുന്ന ഈ ക്വിസ് പരിപാടിയിൽ അനവധി കുട്ടികൾ പങ്കെടുത്തു. മത്സരത്തിൽ മുടപുരം യു.പി.എസിലെ അക്ഷിത് എ എസ് ഒന്നാം സ്ഥാനവും, ആലന്തറ യു.പി.എസിലെ അദ്രിത് ആർ. നായർ രണ്ടാം സ്ഥാനവും, കുന്നുവാരം യു.പി.എസ് ലെ തൃഷ്ണ അനീഷ് മൂന്നാം സ്ഥാനവും നേടി.
വിജയികൾക്കുള്ള സമ്മാനവിതരണം ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് പി. റീന അധ്യക്ഷയായിരുന്നു. പരിപാടിയിൽ സ്കൂൾ മാനേജർ ശശിധരൻ നായർ, പി.ടി എ പ്രസിഡൻ്റ് ശ്രീമതി രമ്യ, മുൻ ഹെഡ്മാസ്റ്റർ മധു എന്നിവർ പങ്കെടുത്തു. സംസ്കൃതം അധ്യാപിക ഷീജു ബി ജി ക്വിസിന് നേതൃത്വം നൽകി.
by Midhun HP News | Jun 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വള്ളത്തിൽ സഞ്ചരിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് തടയണയിലേക്കു വീണ മൂന്നു പേരെ തിരുവനന്തപുരം ഫയർസ്റ്റേഷനിലെ സ്‌കൂബ ടീം സാഹസികമായി രക്ഷപ്പെടുത്തി. നരുവാമൂട് സ്വദേശി ശിവകുമാർ (33), പേയാട് സ്വദേശികളായ അരുൺ (34), മണി (43) എന്നിവരാണ് തടയണയിൽ അകപ്പെട്ടത്.
മീൻ പിടിക്കുന്നതിനായി ആറ്റിലൂടെ വള്ളത്തിൽ തുഴഞ്ഞു വരുന്നതിനിടെ ഒഴുക്കിൽ നിയന്ത്രണം നഷ്ടമായി തടയണയിലേക്കു വീഴുകയായിരുന്നു.മൂന്നു പേരിൽ ഒരാൾ നീന്തി ചുഴിയെ മറികടന്നു. മറ്റുള്ളവർ വള്ളത്തിനൊപ്പം ചുഴിയിൽ അകപ്പെടുകയായിരുന്നു. കാവടിക്കടവിൽ ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. ഇവിടെ കുളിക്കാനിറങ്ങിയ സുനിൽ എന്ന യുവാവിനെ കാണാതായതോടെ സ്‌കൂബ ടീം തെരച്ചിലിനെത്തിയിരുന്നു. പ്രദേശത്ത് തെരച്ചിൽ നടത്തുന്ന സമയത്താണ് തടയണയിൽ വീണ് മൂന്നംഗ സംഘത്തിന് അപകടമുണ്ടായത്.ടീം അംഗങ്ങൾ ഉടനെ ഡിങ്കി ബോട്ടുമായെത്തി സാഹസികമായി ഇവരെ രക്ഷപെടുത്തി.
രക്ഷാപ്രവർത്തനത്തിനിടെ ഡിങ്കിയിൽ വെള്ളം കയറി രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികളും നഷ്ടപ്പെട്ടു. സ്ഥലത്തിന് സമീപം സ്കൂബാ ടീം ഉണ്ടായതിനാൽ മാത്രമാണ് പെട്ടന്ന് രക്ഷാപ്രവർത്തനം സാധ്യമായതെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം, ആറ്റിൽവീണ യുവാവിനായി രാത്രി ഒമ്പതുവരെ തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തെരച്ചിൽ ഇന്നുരാവിലെ പുനഃരാരംഭിച്ചിട്ടുണ്ട്.
by Midhun HP News | Jun 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അമേരിക്കയില്‍ ന്യൂയോര്‍ക്കിലെ മേയര്‍ തെരഞ്ഞെടുപ്പിലും താരമാവുകയാണ്, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി സൊഹ്റാന്‍ മംദാനിയുടെ പഴയൊരു ട്വീറ്റാണ്, ആര്യയെ അങ്ങ് ന്യൂയോര്‍ക്കില്‍ സംസാര വിഷയമാക്കിയിരിക്കുന്നത്.
നവംബറില്‍ നടക്കുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ന്യൂയോര്‍ക്കിലെ മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജനും ആദ്യ മുസ്ലീം മേയറുമാകും സൊഹ്‌റാന്‍. മേയര്‍ പോരാട്ടം ചൂടുപിടിക്കുന്നതിനിടെയാണ് സൊഹ്‌റാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ചിത്രം വീണ്ടും വൈറലായത്. തിരുവനന്തപുരം മേയറായ ആര്യാ രാജേന്ദ്രന്റെ ഫോട്ടോയായിരുന്നു സൊഹ്റാന്‍ മംദാനി അന്ന് സോഷ്യല്‍ മീഡിയയില്‍പോസ്റ്റ് ചെയ്തിരുന്നത്.
സിപിഎം പുതുച്ചേരി കമ്മിറ്റിയുടെ പോസ്റ്റാണ് സൊഹ്‌റാന്‍ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. ആര്യരാജേന്ദ്രന്‍ 21ാം വയസില്‍ ഏറ്റവും പ്രായംകുറഞ്ഞ മേയറായതിന് പിന്നാലെ ന്യൂയോര്‍ക്കിനും ഇതുപോലൊരു മേയര്‍ വേണ്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
പ്രൈമറിയില്‍ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തിയാണ് മംദാനി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായത്. 95 ശതമാനം വോട്ടുകളും എണ്ണി കഴിഞ്ഞപ്പോള്‍ സൊഹ്റാന്‍ മംദാനി 43 ശതമാനം വോട്ടുകള്‍ക്ക് മുന്നിലാണ്. ഡെമോക്രാറ്റിക്കുകളുടെ ശക്തികേന്ദ്രമാണ് ന്യൂയോര്‍ക്ക്.
ഇന്ത്യന്‍ വംശജനായ എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും പ്രസിദ്ധയായ ചലച്ചിത്ര സംവിധായിക മീരാ നായരുടെയും മകനാണ് സൊഹ്റാന്‍ മംദാനി. ഉഗാണ്ടയില്‍ ജനിച്ച സൊഹ്റാന്‍ മംദാനി, ഏഴാം വയസ്സിലാണ് ന്യൂയോര്‍ക്കിലേക്ക് എത്തുന്നത്. നിലപാടുകള്‍ കൊണ്ടും പ്രചാരണ രീതിയിലെ വ്യത്യസ്തകൊണ്ടും നേരത്തെ തന്നെ സൊഹ്റാന്‍ മംദാനി ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലസ്തീന്‍ അനുകൂല പ്രസംഗങ്ങള്‍ ആയിരുന്നു ഇതില്‍ പ്രധാനം. ബോളിവുഡ് സിനിമകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോകളായിരുന്നു മറ്റൊന്ന്.
സൊഹ്റാന്‍ മംദാനിയെ അധിക്ഷേപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ‘100% കമ്യൂണിസ്റ്റ് ഭ്രാന്തൻ’ എന്ന് വിളിക്കുകയും അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു ട്രംപ് അദ്ദേഹത്തെ അനകൂലിക്കുന്നവരെയും വിമര്‍ശിച്ചു.
‘ഒടുവിൽ അത് സംഭവിച്ചു, ഡെമോക്രാറ്റുകൾ പരിധി ലംഘിച്ചു. 100% കമ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്‌റാൻ മംദാനി ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ചു, മേയറാകാനുള്ള പാതയിലാണെന്നും മുമ്പ് നമുക്ക് റാഡിക്കൽ ഇടതുപക്ഷക്കാർ ഉണ്ടായിരുന്നു, പക്ഷേ ഇത് അൽപ്പം പരിഹാസ്യമായിക്കൊണ്ടിരിക്കുകയാണ്’ എന്നും ട്രംപ് പറഞ്ഞു. മംദാനി അത്ര മിടുക്കനല്ലെന്നും, ശബ്ദം അരോചകമാണെന്നുമുള്‍പ്പടെയുള്ള അധിക്ഷേപമാണ് മംദാനിക്കെതിരെ ട്രംപ് നടത്തിയത്. ന്യൂയോർക്ക് നഗരത്തിലെ ഭാവി കമ്യൂണിസ്റ്റ് മേയർ സൊഹ്‌റാൻ മംദാനിക്കൊപ്പം, നമ്മുടെ രാജ്യം ശരിക്കും തകർന്നിരിക്കുന്നു എന്നു പറയുകയും ഡെമോക്രാറ്റിക് പാര്‍ട്ടിയെ കളിയാക്കുകയും ചെയ്തു. പലപ്പോഴും ട്രംപിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നയാളാണ് സൊഹ്റാന്‍ മംദാനി.
by Midhun HP News | Jun 28, 2025 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് വില 440 രൂപ കുറഞ്ഞ് 71,440 രൂപയായി ഇടിഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന് 8930 രൂപയായാണ് വില കുറഞ്ഞത്.
ആഗോളവിപണിയിലും സ്വര്‍ണവില ഇടിയുന്നതാണ് ദൃശ്യമാകുന്നത്. യു.എസ്-ചൈന വ്യാപര യുദ്ധം അയയുന്നതാണ് സ്വര്‍ണവില കുറയാനുള്ള പ്രധാനകാരണം. വ്യാഴാഴ്ച സ്വര്‍ണവിലയില്‍ രണ്ട് ശതമാനം ഇടിവാണ് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായത്. ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
സ്‌പോട്ട് ഗോള്‍ഡിന്റെ വില 3,277.17 ഡോളറായാണ് കുറഞ്ഞത്. മെയ് 29ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാവുന്നത്. 2.8 ശതമാനം ഇടിവാണ് വിലയില്‍ ഉണ്ടായത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കും ഇടിഞ്ഞു. യു.എസും ചൈനയും തമ്മില്‍ അടുത്തയാഴ്ചയോടെ പുതിയ വ്യാപാര കരാര്‍ നിലവില്‍ വരുമെന്നാണ് സൂചന. ഇതിനൊപ്പം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായും യു.എസ് വ്യാപാര കരാറിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതും സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.
by Midhun HP News | Jun 28, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: ശരീരഘടന വിശദീകരിക്കുന്നതിനായി മൃഗത്തിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്നതിന് അധ്യാപകനെതിരെ കേസെടുത്തു. വികരാബാദ് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെതിരെയാണ് ഗോവധ നിയമപ്രകാരം കേസെടുത്തത്. പശുവിന്റെ തലച്ചോറാണെന്ന് അധ്യാപകന്‍ പറഞ്ഞതായി കുട്ടികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം വിവാദമായത്.
എന്നാല്‍ പശുവിന്റേത് തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഔദ്യോഗികമായി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത്.
ജൂണ്‍ 24നാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളെ തലച്ചോറ് കാണിച്ച് അധ്യാപകന്‍ ശരീരഘടനയെക്കുറിച്ച് വിശദീകരിച്ചത്. സംഭവത്തില്‍ അഖില ഭാരതീയ വിദ്യാര്‍ദി പരിഷത്തും മറ്റ് ഗ്രൂപ്പുകളും പ്രതിഷേധവുമായി രംഗത്തെത്തി. അധ്യാപകന്‍ മതവികാരം വ്രണപ്പെടുത്തിയെന്നും നടപടിയെടുക്കണമെന്നും എബിവിപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണം തുടരുകയാണ്.
by Midhun HP News | Jun 28, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്തെ 13 സര്‍വകലാശാലകളില്‍ 12 എണ്ണത്തിനും സ്ഥിരം വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാത്ത ദുരവസ്ഥ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു ഗുണകരമല്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിസി നിയമനത്തിന്റെ ഓരോ ഘട്ടത്തിലും ഹര്‍ജികള്‍ നല്‍കുന്നതു കൂടാതെ, താല്‍ക്കാലിക വിസിമാരെ വച്ചുള്ള ഇടക്കാല ക്രമീകരണം പോലും എതിര്‍ക്കുന്ന നിലപാട് ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന വിമര്‍ശനം സര്‍ക്കാരിനും തിരിച്ചടിയായി.
കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയായി ഡോ. മോഹനന്‍ കുന്നുമ്മലിനെ നിയമിച്ചതിനെതിരെ സെനറ്റംഗങ്ങളായ ഡോ. ശിവപ്രസാദ്, പ്രിയ പ്രിയദര്‍ശനന്‍ എന്നിവര്‍ നല്‍കിയ ക്വോവാറന്റോ ഹര്‍ജി തള്ളിയ വിധിയിലാണു ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.
സര്‍വകലാശാലകളുടെ ഭരണത്തില്‍ ഉള്‍പ്പെട്ടവര്‍ സ്ഥാപനത്തിന്റെ ഉത്തമ താല്‍പര്യത്തിന് ആദ്യ പരിഗണന നല്‍കണം. സ്ഥിരം വിസിമാര്‍ ഇല്ലാത്ത ദുരവസ്ഥയ്ക്കു പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ ശ്രമിക്കണമെന്നും കോടതി നിരീക്ഷിച്ചു. ഡോ. മോഹനന്‍ കുന്നുമ്മലിനു യുജിസി ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്നായിരുന്നു ആക്ഷേപം.
ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയ്ക്കു വേണ്ടിയാണു താല്‍ക്കാലിക ക്രമീകരണമെന്നു ചാന്‍സലര്‍ വാദിച്ചു. ഹര്‍ജി ദുരുദ്ദേശ്യപരമാണെന്നും സെനറ്റ് തന്നെയാണു സ്ഥിരം വിസി നിയമനം തടസ്സപ്പെടുത്തുന്നതെന്നും സര്‍വകലാശാലാ ഭരണം അവതാളത്തിലാക്കാനാണു ശ്രമമെന്നും വാദിച്ചു. സെനറ്റും ചാന്‍സലറും തമ്മിലുള്ള അഭിപ്രായ ഭിന്നത മൂലമാണു ഹ്രസ്വകാല ക്രമീകരണം ഇത്രയും നീണ്ടതെന്നു കോടതി പറഞ്ഞു.
Recent Comments