പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; അധ്യാപകന് 161 വര്‍ഷം തടവും പിഴയും

പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; അധ്യാപകന് 161 വര്‍ഷം തടവും പിഴയും

തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് 161 വര്‍ഷം കഠിനതടവും 87000 രൂപ പിഴയും. തിരുവനന്തപുരം പൗഡിക്കോണം സ്വദേശിയായ സന്തോഷ് കുമാറിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ എട്ടര വര്‍ഷം കൂടുതലായി ശിക്ഷ അനുഭവിക്കണം. വിവിധ വകുപ്പുകളായിട്ട് ആണ് ശിക്ഷ. ശിക്ഷയെല്ലാം ഒരുമിച്ച് ഇരുപത് വര്‍ഷം അനുഭവിച്ചാല്‍ മതിയാകും.

2019 ജൂലൈ മാസം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ അദ്ധ്യാപകന്‍ ആയിരുന്നു പ്രതി. കണ്ണൂര്‍ സ്വദേശി ആയ കുട്ടി ഓട്ടിസം സംബന്ധമായ ചികിത്സകള്‍ക്കും മറ്റുമായാണ് തിരുവനന്തപുരത്ത് താമസിച്ചിരുന്നത്. കുട്ടിയുടെ ശാരീരിക, മാനസിക വെല്ലുവിളികളെ മുതലെടുത്താണ് പ്രതി കുട്ടിയോട് ലൈംഗികതിക്രമം നടത്തിയത്. ചികിത്സയില്‍ നല്ല മാറ്റം കണ്ടു വന്നിരുന്ന കുട്ടി, പെട്ടെന്ന് നിയന്ത്രണാതീതമായി ബഹളം വെച്ച് തുടങ്ങിയപ്പോള്‍ കുട്ടിയുടെ അമ്മ ശ്രദ്ധിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുകളും ഉണ്ടായിരുന്നു.

അന്വേഷിച്ചപ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉള്ള കുട്ടിക്ക് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സാധിച്ചിരുന്നില്ല. കുട്ടിക്ക് കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതും ആയ കാര്യങ്ങള്‍ ബുക്കില്‍ എഴുതിയോ വരച്ചോ വയ്ക്കുന്ന ശീലം ഉണ്ടായിരുന്നു. കുട്ടിക്കുണ്ടായ ഈ അനുഭവവും കുട്ടിയുടെ ബുക്കില്‍ ഉണ്ടായിരുന്നു. ഒടുവില്‍ കുട്ടിയുടെ സ്പീച്ച് തെറാപ്പിസ്‌റ് വഴി ആണ് കുട്ടി സംഭവങ്ങള്‍ പുറത്ത് പറയുന്നത്.

സ്‌കൂളിലെ ശചിമുറിയില്‍ വച്ചാണ് പ്രതി കുട്ടിയെ പല തവണ പീഡിപ്പിച്ചത്. ഓരോ തവണയും കുട്ടി ഇഷ്ടക്കേട് കാണിക്കുമ്പോഴും ബഹളം വയ്ക്കുമ്പോഴും പ്രതി കുട്ടിയുടെ തല പിടിച്ച് ചുമരില്‍ ഇടിക്കുകയും അമ്മയെ കൊല്ലും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ അഡ്വ .ആര്‍.എസ് വിജയ് മോഹന്‍ ഹാജരായി.

4, 4, 4, 6, 4, 6… സഞ്ജു മങ്ങിയ ഗ്രീന്‍ഫീല്‍ഡില്‍ ‘തീ’ പിടിപ്പിച്ച് പടർന്നു കയറി ഇഷാൻ കിഷൻ!

4, 4, 4, 6, 4, 6… സഞ്ജു മങ്ങിയ ഗ്രീന്‍ഫീല്‍ഡില്‍ ‘തീ’ പിടിപ്പിച്ച് പടർന്നു കയറി ഇഷാൻ കിഷൻ!

തിരുവനന്തപുരം: സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയ മണ്ണില്‍ കത്തും ഫോമില്‍ ബാറ്റ് വീശി ഇഷാന്‍ കിഷന്‍. അഞ്ചാം ടി20യില്‍ താരം സെഞ്ച്വറിയുമായി കളം വാണു. താരം 42 പന്തില്‍ 103 റണ്‍സടിച്ചാണ് സെഞ്ച്വറി തൊട്ടത്. താരത്തിന്റെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറി. 10 സിക്‌സും 6 ഫോറും സഹിതമാണ് കന്നി ശതകം.

ഇഷ് സോധി എറിഞ്ഞ 12ാം ഓവറിലെ എല്ലാ പന്തും ബൗണ്ടറി പായിച്ച് ഇഷാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ആവേശത്തിലാക്കിയാണ് അര്‍ധ സെഞ്ച്വറിയിലെത്തിയത്. സോധിയുടെ ഈ ഓവറില്‍ താരം 4 ഫോറും 2 സിക്‌സും സഹിതം 28 റണ്‍സ് അടിച്ചെടുത്തു. ഈ ഓവറില്‍ ആദ്യ പന്ത് വൈഡായതോടെ ഓവറില്‍ 29 റണ്‍സും പിറന്നു.

അഞ്ചാം പോരാട്ടത്തില്‍ ഇലവനില്‍ തിരിച്ചെത്തിയ ഇഷാന്‍ 28 പന്തില്‍ 51 റണ്‍സെടുത്താണ് അര്‍ധ സെഞ്ച്വറി തികച്ചത്. ഇഷ് സോധിയുടെ ആദ്യ പന്തില്‍ ഫോറടിച്ചാണ് താരം അര്‍ധ ശതകത്തിലെത്തിയത്. പിന്നാലെയാണ് ശേഷിക്കുന്ന അഞ്ച് പന്തുകളും താരം ബൗണ്ടറിയിലേക്ക് പറത്തിയത്. പിന്നാലെ വന്ന ലോക്കി ഫെര്‍ഗൂസന്റെ രണ്ടാം പന്ത് നേരിട്ട് അതും സിക്‌സറിലേക്ക് പായിച്ചു.

ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണ്‍ ഫോമിലെത്തുന്നതു കാണാന്‍ കൊതിച്ചെത്തിയ നാട്ടുകാരെ താരം നിരാശപ്പെടുത്തുന്നതു കണ്ടാണ് പോരാട്ടം തുടങ്ങിയത്. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ സഞ്ജു 6 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഫോറടിച്ച് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സിക്‌സിനു ശ്രമിച്ചാണ് സഞ്ജുവിന്റെ മടക്കം. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ബെവോണ്‍ ജേക്കബ്‌സിനു പിടി നല്‍കിയാണ് താരത്തിന്റെ മടക്കം.

സഞ്ജുവിനു പിന്നാലെ അഭിഷേക് ശര്‍മയും മടങ്ങി. മിന്നും തുടക്കമാണ് അഭിഷേക് ഒരിക്കല്‍ കൂടി ടീം ഇന്ത്യക്കു നല്‍കിയത്. മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരത്തിന്റേയും മടക്കം. 16 പന്തില്‍ 2 സിക്‌സും 4 ഫോറും സഹിതം അഭിഷേക് 30 റണ്‍സ് അടിച്ചെടുത്തു. മൂന്നാം വിക്കറ്റിൽ ഇഷാനും സൂര്യയും ചേർന്നു 137 റൺസ് കൂട്ടിച്ചേർത്താണ് പിരിഞ്ഞത്.

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

തിരുവനന്തപുരം: സഞ്ജു സാംസണ്‍ മികച്ച ബാറ്റിങ് പുറത്തെടുക്കുന്നതു കാണാന്‍ കൊതിച്ചെത്തിയ നാട്ടുകാരെ നിരാശപ്പെടുത്തി മലയാളി താരം. തുടരെ അഞ്ചാം മത്സരത്തിലും താരത്തിനു ഫോമിലേക്ക് മടങ്ങിയെത്താൻ സാധിച്ചില്ല. സ്വന്തം നാട്ടിലെ സ്റ്റേഡിയമായ ​ഗ്രീൻഫീൽഡിലും താരം ഒരിക്കൽ കൂടി ബാറ്റിങിൽ പരാജയപ്പെട്ടു.

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ സഞ്ജു 6 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഫോറടിച്ച് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സിക്‌സിനു ശ്രമിച്ചാണ് സഞ്ജുവിന്റെ മടക്കം. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ബെവോണ്‍ ജേക്കബ്‌സിനു പിടി നല്‍കിയാണ് താരം പുറത്തായത്.

സഞ്ജുവിനു പിന്നാലെ അഭിഷേക് ശര്‍മയും മടങ്ങി. മിന്നും തുടക്കമാണ് അഭിഷേക് ഒരിക്കല്‍ കൂടി ടീം ഇന്ത്യക്കു നല്‍കിയത്. മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരത്തിന്റേയും മടക്കം. 16 പന്തില്‍ 2 സിക്‌സും 4 ഫോറും സഹിതം അഭിഷേക് 30 റണ്‍സ് അടിച്ചെടുത്തു.

ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, ഇഷാൻ കിഷൻ എന്നിവര്‍ ഇന്ത്യന്‍ ഇലവനില്‍ തിരിച്ചെത്തി.

പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോർട്സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോർട്സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

CEE-KEAM 2026 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന വിവിധ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിൽ കായികതാരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു.

എൻട്രൻസ് എക്‌സാമിനേഷൻസ് കമ്മീഷണർ പുറപ്പെടുവിച്ചിട്ടുള്ള പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുള്ള കായികതാരങ്ങൾ കമ്മിഷണർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ പകർപ്പ്, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പടെ കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിലിൽ സമർപ്പിക്കണം.

2024 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിലെ മികവാണ് ഇതിന് അടിസ്ഥാനമാക്കുന്നത്. ഈ കാലയളവിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളിൽ ജില്ലകളെ പ്രതിനിധീകരിച്ച് സംസ്ഥാന ജൂനിയർ/യൂത്ത് തല മത്സരങ്ങളിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കൽ, റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കൽ എന്നിവയാണ് കുറഞ്ഞ യോഗ്യത.

പ്രസ്തുത വർഷങ്ങളിൽ സ്‌പോർട്‌സ് പ്രാവീണ്യം തെളിയിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ മാത്രമേ പരിഗണിക്കൂ. അപേക്ഷകർ സ്‌പോർട്‌സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.

അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ അതത് കായികയിനങ്ങളുടെ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി സാഷ്യപ്പെടുത്തണം. സ്‌കൂൾ ഗെയിംസ് സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (സ്‌പോർട്‌സ്) സാക്ഷ്യപ്പെടുത്തണം.

2020 ഫെബ്രുവരി 10ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് മാർക്ക് നിശ്ചയിക്കുന്നത്. എൻടൻസ് എക്‌സാമിനേഷൻസ് കമ്മീഷണർ പുറപ്പെടുവിച്ചിട്ടുള്ള 2025 ലെ പ്രോസ്‌പെക്ടസിൽ പ്രതിപാദിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും മിനിമം മാർക്കും ഉള്ളവരുടെ അപേക്ഷകൾ മാത്രമേ സ്‌പോർട്സ് ക്വാട്ടാ പ്രവേശനത്തിനും പരിഗണിക്കുകയുള്ളു.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ ഒന്ന്.

അപേക്ഷ അയയ്ക്കേണ്ട വിലാസം:

സെക്രട്ടറി,
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ,
തിരുവനന്തപുരം -1.
ഫോൺ: 0471-2330167, 2331546.

പത്തനംതിട്ടയില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

പത്തനംതിട്ട: കോട്ടാങലില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊന്നകേസില്‍ പ്രതി നസീറിന് ജീവപര്യന്തം തടവ്. ബലാത്സംഗത്തിന് പത്തുവര്‍ഷവും വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഏഴ് വര്‍ഷവും ശിക്ഷ വിധിച്ചു. ജീവനൊടുക്കിയപ്പോള്‍ നഴ്‌സിന്റെ കഴുത്തിലുണ്ടായ കെട്ടാണ് കേസില്‍ നിര്‍ണായകമായത്. സാധാരണ ഒരാള്‍ ജീവനൊടുക്കുമ്പോള്‍ കെട്ടുന്ന നിലയിലുള്ള കെട്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായത്.

2019 ഡിസംബര്‍ 15-നാണ് പുല്ലാനിപ്പാറയിലെ കാമുകന്റെ വീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രതി നസീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹത്തില്‍ 53 മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാമുകനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു പെരുമ്പെട്ടി പൊലീസിന്റെ അന്വേഷണം. ഇയാളുടെ പരാതിയെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.ജി.സൈമണ്‍ അന്വേഷണം 2020-ല്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. പരിശോധനയില്‍ ക്രൂരമായ ലൈംഗിക അതിക്രമങ്ങളും ശാരീരികപീഡനവും നടന്നതിനുള്ള ശാസ്ത്രീയതെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടംനടത്തിയ ഡോക്ടറുടെ മൊഴികളും നിര്‍ണായകമായി.

കൊലപാതകമെന്ന് കണ്ടതോടെ വീടിന് സമീപത്ത് സംഭവദിവസം സാന്നിധ്യം സംശയിക്കപ്പെട്ട മൂന്നുപേരെ തുടര്‍ച്ചയായി പൊലീസ് ചോദ്യംചെയ്തു. ഇതില്‍ നസീറും ഉണ്ടായിരുന്നു. കൂടാതെ മൃതദേഹത്തിന്റെ നഖത്തില്‍നിന്ന് ശേഖരിച്ച സാമ്പിളും നസീറിന്റെ രക്തസാമ്പിളും ഒന്നാണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാമുകനും അയാളുടെ പിതാവും വീട്ടില്‍നിന്നു രാവിലെ പുറത്തുപോയശേഷം അവിടെയെത്തിയ നസീര്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുു. ഇവരുടെ തല കട്ടില്‍പ്പടിയില്‍ ഇടിപ്പിച്ച് ബോധരഹിതയാക്കിയശേഷമായിരുന്നു പീഡനം. അതിനുശേഷം മുണ്ട് കഴുത്തില്‍ കുരുക്കി മേല്‍ക്കൂരയിലെ ഇരുമ്പുഹുക്കില്‍ കെട്ടിത്തൂക്കുകയായിരുന്നു.

പാര്‍വതീ ദേവി മുരുകന് ശക്തിവേല്‍ നല്‍കിയ ദിനം, അറിയാം തൈപ്പൂയം

പാര്‍വതീ ദേവി മുരുകന് ശക്തിവേല്‍ നല്‍കിയ ദിനം, അറിയാം തൈപ്പൂയം

തൈ മാസത്തില്‍ പൂയം നക്ഷത്രം ചേരുന്ന ദിവസമാണ് തൈപ്പൂയം ആചരിക്കുന്നത്. ഇത്തവണ അതു ഞായറാഴ്ചയാണ്. ഈ ദിനം പ്രധാനമായും ശ്രീമുരുകന്‍ ആരാധനയുമായി ബന്ധപ്പെട്ടതാണ്. ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലും തമിഴ്നാട്ടിലും വളരെ പ്രാധാന്യമുള്ള ഒരു ആരാധനാദിനമാണിത്.

ദേവാസുര യുദ്ധത്തില്‍ താരകാസുരനെ വധിക്കാന്‍ ദേവസേനാപതിയായി ശ്രീമുരുകന് ദിവ്യശക്തികള്‍ ലഭിച്ച ദിനമായിട്ടാണ്, തൈപ്പൂയത്തിന്റെ ആത്മീയ പ്രാധാന്യം പുരാണ കഥകള്‍ പ്രകാരം കണക്കാക്കപ്പെടുന്നത്. പാര്‍വതീ ദേവി മുരുകന് ശക്തിവേല്‍ നല്‍കിയത് ഈ ദിവസമാ ണെന്ന വിശ്വാസവും നിലനില്ക്കുന്നു. അതുകൊണ്ടുതന്നെ ശക്തി, വിജയം, ശുദ്ധി, ആത്മ നിയന്ത്രണം എന്നിവയുടെ പ്രതീകമായി തൈപ്പൂയം മാറി.

ആരാധനകളും അനുഷ്ഠാനങ്ങളും തൈപ്പൂയം ദിനത്തില്‍

ഭക്തര്‍ വ്രതം അനുഷ്ഠിക്കുകയും പുലര്‍ച്ചെ ക്ഷേത്രദര്‍ശനം നടത്തുകയും ചെയ്യുന്നു. പ്രധാന ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍, അഭിഷേകങ്ങള്‍, ഉത്സവബലി, എഴുന്നള്ളത്തുകള്‍ എന്നിവ നടക്കും. കാവടി, പാല്‍കുടം എടുക്കല്‍, പഞ്ചാ മൃതാഭിഷേകം എന്നിവ തൈപ്പൂയത്തോട് അനുബന്ധിച്ച പ്രധാന വഴിപാടുകളാണ്. ശരീര-മനസ്സുകളുടെ ശുദ്ധീകരണവും ആത്മസമര്‍പ്പണവുമാണ് ഈ അനുഷ്ഠാനങ്ങളുടെ അടിസ്ഥാനം.

കേരളത്തില്‍, സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ തൈപ്പൂയം വിപുലമായി ആചരിക്കുന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷവും വാദ്യമേളങ്ങളും കാവടിയാട്ടങ്ങളും ഈ ദിനത്തിന്റെ പ്രത്യേകതകളാണ്.

തൈപ്പൂയം ഒരു മതാചാരദിനം മാത്രമല്ല; സഹിഷ്ണുത, ആത്മനിയമനം, ഐക്യം എന്നീ മൂല്യങ്ങള്‍ സമൂഹത്തിന് നല്‍കുന്ന ഒരു സാംസ്‌കാരിക ഉത്സവം കൂടിയാണ്. ജാതി-മത വ്യത്യാസങ്ങള്‍ മറന്ന് ആയിരക്കണക്കിന് ഭക്തര്‍ ഒരുമിച്ച് പങ്കുചേരുന്ന ഈ ഉത്സവം ഭാരതീയ ആത്മീയ പാരമ്പര്യത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ്.

വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും ആത്മശു ദ്ധിയുടെയും മഹത്വം ഓര്‍മ്മിപ്പിക്കുന്ന ദിനമാണ് തൈപ്പൂയം. ഭക്തര്‍ക്ക് ആത്മബലം നല്‍കുകയും ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്ന ഒരു വിശുദ്ധ ദിനമായി തൈപ്പൂയം എന്നും നിലനില്‍ക്കുന്നു.