ജി മെയില്‍ ഉപയോക്താക്കളെ ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടു, സ്ഥിരീകരിച്ച് ഗൂഗിള്‍; അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ചെയ്യേണ്ടത്

ജി മെയില്‍ ഉപയോക്താക്കളെ ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടു, സ്ഥിരീകരിച്ച് ഗൂഗിള്‍; അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ചെയ്യേണ്ടത്

ജി മെയില്‍ പാസ്‌വേഡുകള്‍ ഉള്‍പ്പെടെ, ആഗോള തലത്തില്‍ വലിയ ഡാറ്റ ചോര്‍ച്ച ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് ഗൂഗിള്‍. ഗുഗിളിന് നേരെ ഹാക്കിങ് ശ്രമം ഉണ്ടായെന്നും ജി മെയില്‍ അക്കൗണ്ട് ഉള്‍പ്പെടെ സുരക്ഷിതമാക്കണം എന്നുമാണ് ഏറ്റവും പുതിയ നിര്‍ദേശം. റഷ്യന്‍ ഹാക്കര്‍മാരാണ് ഹാക്കിങ്ങ് ശ്രമത്തിന് പിന്നിലെന്ന് ഗൂഗിളിന്റെ ത്രെറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ്, സിറ്റിസണ്‍ ലാബ് എന്നിവ ചൂണ്ടിക്കാട്ടുന്നത്.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഇമെയില്‍ വിലാസങ്ങള്‍ക്ക് സമാനമായവ ഉപയോഗിച്ച് ഉന്നത പ്രൊഫൈലുകളുള്ള വ്യക്തികള്‍ , സ്ഥാപനങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടായിരുന്നു ഹാക്കിങ് ശ്രമങ്ങളെന്നാണ് ഗൂഗിള്‍ നല്‍കുന്ന വിശദീകരണം. ഇമെയിലുകളില്‍ ഔദ്യോഗികമെന്ന് തോന്നിപ്പിക്കുന്നതിനായി കലണ്ടര്‍, പിഡിഎഫ് എന്നിവയും ഉണ്ടായിരുന്നു എന്നും ഗൂഗിള്‍ വിശദീകരിക്കുന്നു.

സന്ദേശത്തിനൊപ്പം അറ്റാച്ച്‌മെന്റായി ലഭിക്കുന്ന പിഡിഎഫില്‍ ചേര്‍ത്തിട്ടുള്ള യുആര്‍എല്‍ ക്ലിക്ക് ചെയ്യുന്നിടത്ത് ആണ് ഹാക്കിങ് ആരംഭിക്കുന്നത്. ഉപയോക്താക്കളെ ആപ്പ്-സ്പെസിഫിക് പാസ്‌വേഡ് (എസ്എപി) സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ലിങ്ക് ലക്ഷ്യമിടുന്നത്. ‘ഡോക്യുമെന്റ് തുറക്കാന്‍’ ആപ്പ്-സ്പെസിഫിക് പാസ്‌വേഡിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിടാനും നിര്‍ദേശിക്കുന്നു. ഈ വിവരം ലഭിച്ചുകഴിഞ്ഞാല്‍, അധിക പരിശോധനയൊന്നും ആവശ്യമില്ലാതെ ഹാക്കര്‍മാര്‍ക്ക് ഉപയോക്താവിന്റെ ജിമെയില്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന നിലയില്‍ ആണ് പ്രവര്‍ത്തനങ്ങള്‍.

ജി മെയില്‍ സുരക്ഷിതമാക്കാന്‍ ചെയ്യേണ്ടത്.

പാസ്‌വേഡുകള്‍ അത്യാവശ്യമല്ലാതെ ആപ്പുകള്‍ ഉപയോഗിക്കരുത്. ഇത്തരം ആപ്പുകള്‍ കാലഹരണപ്പെട്ടതാണെന്നും മിക്ക സാഹചര്യങ്ങളിലും ഉപയോഗമില്ലാത്തവയാണെന്നുമാണ് ഗുഗിള്‍ പറയുന്നത്.

സന്ദേശങ്ങള്‍ എത്ര വിശ്വസനീയമാണെന്ന് തോന്നിയാലും ആപ്പ്-സ്പെസിഫിക് പാസ്‌വേഡ് പങ്കുവയ്ക്കരുത്.

ജി മെയില്‍ അക്കൗണ്ടുമായി തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ബന്ധിപ്പിക്കുമ്പോള്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഗൂഗിള്‍ ഉപയോഗിക്കുക.

നിങ്ങളുടെ ജി മെയില്‍ അക്കൗണ്ടിന്റെ പ്രാധാന്യം അനുസരിച്ച് ഗൂഗിളിന്റെ അഡ്വാന്‍സ്ഡ് പ്രൊട്ടക്ഷന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുക.

ഇപ്പോഴുണ്ടായിരിക്കുന്ന ഹാക്കിങ് ശ്രമം ചെറിയ ഒരു വിഭാഗത്തെയാണ് ബാധിച്ചിട്ടുള്ളത് എങ്കിലും വ്യാപകമായ തട്ടിപ്പിന്റെ തുടക്കമായി ഇതിനെ വിലിയിരുത്താമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ ജാഗ്രത പുലര്‍ത്തണം എന്നും പാസ്വേഡുകളോ ആക്സസ് കോഡുകളോ ഒരിക്കലും പങ്കിടരുത് എന്നും ഗൂഗിള്‍ നിര്‍ദേശിക്കുന്നു.

വയനാട് മുണ്ടക്കൈ മേഖലയിലും ചൂരൽമലയിലും കനത്തമഴ

വയനാട് മുണ്ടക്കൈ മേഖലയിലും ചൂരൽമലയിലും കനത്തമഴ

നിലവിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ടെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. മണ്ണൊഴുകി വരുന്നത് മൂലമാണ് ചളിവെള്ളം പുഴയിലൂടെ എത്തുന്നതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു. ചൂരൽമലയിലും മുണ്ടക്കൈയിലുമുള്ള തൊഴിലാളികളെ സ്ഥലത്ത് നിന്ന് മാറ്റി. കനത്തമഴയാണ് പെയ്തതെന്നും ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ഇക്കരയെത്തിയ തൊഴിലാളികളും പറയുന്നു. നിലവിൽ ചൂരൽമലയിൽ ശക്തമായ മഴ തുടരുകയാണ്.

മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയമുണ്ടെന്ന് നാട്ടുകാരാണ് പറഞ്ഞത്. മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു. കനത്ത മഴയിൽ പുന്ന പുഴയിൽ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് ഇതിൻ്റെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധിച്ചത്. മുണ്ടക്കൈ വനമേഖലയിൽ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകൾ.

താൻ ബിജപിയിലേക്ക് ഇല്ലെന്ന് ശശി തരൂർ എം പി

താൻ ബിജപിയിലേക്ക് ഇല്ലെന്ന് ശശി തരൂർ എം പി

താൻ ബിജപിയിലേക്ക് ഇല്ലെന്ന് ശശി തരൂർ എം പി. പ്രധാനമന്ത്രിയെ കുറിച്ചുള്ള ലേഖനം ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നതായി കാണരുത്. ലേഖനം ദേശീയ ഐക്യത്തെക്കുറിച്ചാണെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തിന് പിന്നാലെ മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള ലേഖനം തരൂർ ബിജെപിയിൽ ചേരുന്നതിന്റെ സൂചനകളാണെന്ന വിധത്തിൽ ചില മാധ്യമ റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ഈ പശ്ചാത്തലത്തിലാണ് തരൂരിന്റെ വിശദീകരണം.

ശുഭാംശു ശുക്ല ഇന്ന് ബഹിരാകാശത്തേയ്ക്ക് കുതിക്കും; ആക്‌സിയം 4 ദൗത്യം ഇന്ന്

ശുഭാംശു ശുക്ല ഇന്ന് ബഹിരാകാശത്തേയ്ക്ക് കുതിക്കും; ആക്‌സിയം 4 ദൗത്യം ഇന്ന്

ഫ്ളോറിഡ: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്സിയം 4 ബഹിരാകാശ ദൗത്യം ഇന്ന്. സാങ്കേതിക കാരണങ്ങളാല്‍ ആറു തവണ നീട്ടിയ ദൗത്യം ഇന്നത്തേയ്ക്ക് നിശ്ചയിക്കുകയായിരുന്നു. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01നാണ് ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശത്തേയ്ക്ക് പുറപ്പെടുക. നാളെ വൈകീട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന സംഘം 14 ദിവസം അവിടെ തുടരും.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ വാണിജ്യ ദൗത്യമാണ് ആക്സിയം-4. നാസ, ആക്സിയം സ്‌പേസ്, സ്‌പേസ് എക്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് ആക്സിയം മിഷന്‍ 4 ഒരുക്കിയിരിക്കുന്നത്. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകം ബഹിരാകാശ ദൗത്യത്തിനായി കുതിക്കുക.

നാസയിലെ മുന്‍ ബഹിരാകാശയാത്രികയും ആക്സിയം സ്‌പേസിലെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണ്‍ ആണ് ബഹിരാകാശ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ഐഎസ്ആര്‍ഒ പ്രതിനിധിയായി ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ല, പോളണ്ടിലെ ഇഎസ്എ (യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി) പ്രോജക്റ്റ് ബഹിരാകാശയാത്രികന്‍ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിവ്‌സ്‌കിയും ഹംഗറിയിലെ ടിബോര്‍ കപുവുമാണ് ദൗത്യത്തിന്റെ ഭാഗമാകുന്ന മറ്റ് രണ്ട് പേര്‍.

അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐഎസ്എസ്)ത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടമാണ് വ്യോമസേന(ഐഎഎഫ്)യിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് സ്വന്തമാകുക. വ്യോമസേനയില്‍ യുദ്ധവിമാന പൈലറ്റാണ് മുപ്പത്തിയൊമ്പതുകാരനായ ശുഭാംശു. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിയാണ്. 2019ല്‍ ഗഗന്‍യാന്‍ ദൗത്യത്തിലേക്ക് ശുഭാംശു ശുക്ലയെ ഐഎസ്ആര്‍ഒ തെരഞ്ഞെടുത്തിരുന്നു. റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്മോനോട്ട് പരിശീലനകേന്ദ്രത്തില്‍ പരിശീലനവും നേടി. എഎക്സ്4 ദൗത്യത്തിലെ അനുഭവസമ്പത്ത് ഗഗന്‍യാന് പ്രയോജനം ചെയ്യുമെന്ന് ശുക്ല പറഞ്ഞു. അമേരിക്കന്‍ സ്വകാര്യ കമ്പനിയാണ് ആക്സിയം സ്പേസ്. ഈ കമ്പനിയുമായി സഹകരിച്ചാണ് ശുഭാംശുവിന്റെ യാത്ര.

റേഞ്ച് റോവർ വോഗ് കാർ ദേഹത്ത് കയറിയിറങ്ങി ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം

റേഞ്ച് റോവർ വോഗ് കാർ ദേഹത്ത് കയറിയിറങ്ങി ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം

ട്രെയിലർ ലോറിയില്‍ നിന്ന് ഇറക്കവേ നിയന്ത്രണം വിട്ട് താഴേക്കുരുണ്ട പുത്തൻ റേഞ്ച് റോവർ വോഗ് കാർ ദേഹത്ത് കയറിയിറങ്ങി ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം. കാർ ഇറക്കാനെത്തിയ ഡ്രൈവേഴ്സ് യൂണിയൻ അംഗം സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഷോറൂം ഡെമോ കോഓർഡിനേറ്റർ മട്ടാഞ്ചേരി പാണ്ടിക്കുടി നെടിയോടി വീട്ടില്‍ റോഷൻ ആന്റണി സേവ്യർ (36) ആണ് മരിച്ചത്. ചളിക്കവട്ടത്തെ സി.ഐ.ടി.യു യൂണിയൻ അംഗമായ അനീഷിന് തലയ്‌ക്കും കൈക്കുമാണ് പരിക്ക്. ഇയാള്‍ പാലാരിവട്ടത്തെ എറണാകുളം മെഡിക്കല്‍ സെന്റർ ആശുപത്രിയില്‍ ചികിത്സയിലാണ്.

കാർ ഓടിച്ച എറണാകുളം സ്വദേശിയായ അൻഷാദിനെ പ്രതിചേർത്ത് പാലാരിവട്ടം പൊലീസ് കേസ് എടുത്തു. മന:പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൻ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇയാളും യൂണിയൻ അംഗമാണ്.

കുണ്ടന്നൂരിലെ ജാഗ്വാർ-റേഞ്ച് റോവർ കാർ വിതരണ കമ്ബനിയുടെ പാലാരിവട്ടം ചളിക്കവട്ടത്തെ ഗോഡൗണില്‍ ഞായറാഴ്ച രാത്രി 11.30നായിരുന്നു അപകടം. മൂന്നു കോടി മുതല്‍ ആറര കോടി വരെ വിലയുള്ളതാണ് കാർ. ഓട്ടോമാറ്റിക് വാഹനത്തിന്റെ നിയന്ത്രണം സംബന്ധിച്ച്‌ ഓടിച്ചയാള്‍ക്ക് മനസിലാകാത്തതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. റോഷൻ ആന്റണിയും അനീഷും അൻഷാദുമാണ് ട്രെയ്‌ലറില്‍ നിന്ന് കാർ ഇറക്കാൻ എത്തിയിരുന്നത്.

റോഷനും അനീഷും റാമ്ബില്‍ നിന്ന് സൈഡ് പറഞ്ഞുകൊടുക്കുകയായിരുന്നു. ട്രെയ്ലറില്‍ റിവേഴ്സ് ഗിയറില്‍ ഇറക്കവേ കാർ വേഗത്തില്‍ ഉരുണ്ടിറങ്ങി. റാമ്ബില്‍ നില്‍ക്കുകയായിരുന്ന റോഷന് ഓടിമാറാൻ സാധിച്ചില്ല. റോഷന്റെ ദേഹത്തുകൂടി കയറിയ ശേഷം അനീഷിനെയും ഇടിച്ചു തെറിപ്പിച്ച കാർ സമീപത്ത് നിറുത്തിയിരുന്ന ലോറിയിലും വൈദ്യുത പോസ്റ്റിലും ഇടിച്ചാണ് നിന്നത്. പോസ്റ്റ് നിലംപൊത്തി. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും റോഷൻ യാത്രാമദ്ധ്യേ മരിച്ചു.

മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം നസ്രത്ത് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. എൻ.എക്‌സ് ജോസഫിന്റെയും പരേതയായ ആനി ജോസഫിന്റെയും മകനാണ്. ഭാര്യ: ഷെല്‍മ റോഷൻ. മക്കള്‍: ആൻസിയ റോഷൻ, എവിലിൻ റോഷൻ.

ബുള്ളറ്റിന്റെ മേലെ തീരാ സ്നേഹം… അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹവുമായി ബുള്ളറ്റും അടക്കം

ബുള്ളറ്റിന്റെ മേലെ തീരാ സ്നേഹം… അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹവുമായി ബുള്ളറ്റും അടക്കം

ഗുജറാത്തിലെ ഖേദാ ജില്ലയിലെ ഉത്തർചന്താ ഗ്രാമത്തിൽ നിന്നുള്ള ഗിരീഷ് പാർമർ (വയസ്സ് 18) എന്ന യുവാവിന് റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കിനോട് അത്യധികം സ്‌നേഹമായിരുന്നു. എവിടെയായാലും അവൻ ബുള്ളറ്റിലാണ് യാത്ര ചെയ്യുന്നത് പതിവ്. ഒരു ദിവസം ഗ്രാമത്തിന് പുറത്തേക്ക് ബുള്ളറ്റിൽ പോകുമ്പോൾ ട്രാക്ടറുമായി ബൈക്ക് കൂട്ടിയിടിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗിരീഷ്, 12 ദിവസം ചികിത്സയിലായ ശേഷം മരണം പ്രാപിച്ചു.

അവനെ സംസ്കരിക്കാൻ കുടുംബാംഗങ്ങൾ മൃതദേഹം കൊണ്ടുപോയി. ബുള്ളറ്റിനോട് ഉണ്ടായ അതീവ സ്‌നേഹത്തിന്റെ ഭാഗമായി, ഗിരീഷിന്റെ മൃതശരീരത്തിനൊപ്പം തന്നെ ബുള്ളറ്റും കുഴിച്ചിടാൻ തീരുമാനിച്ചു. അതിനായി വലിയ കുഴി തയ്യാറാക്കി, ഗ്രാമീണരും ബന്ധുക്കളും സാക്ഷികളായി നിൽക്കേ ഗിരീഷിന്റെ ശരീരവും ബുള്ളറ്റും അതിൽ താഴ്ത്തി, മണ്ണിട്ട് അടച്ചു. ബുള്ളറ്റിന് പുറമെ അവൻ ഉപയോഗിച്ചിരുന്ന മറ്റു വസ്തുക്കളും കൂടെ സംസ്‌കരിച്ചു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഗിരീഷിന്റെ അച്ഛൻ സഞ്ജയ് പറഞ്ഞു:

“ബുള്ളറ്റ് ആയിരുന്നു അവന്റെ ലോകം. അതിനാൽ അവന്റെ ആത്മാവിന് ശാന്തി കിട്ടണമെങ്കിൽ, അവൻ ഉപയോഗിച്ച ബുള്ളറ്റിനെയും കൂടെ അടക്കം ചെയ്യേണ്ടി വരുമെന്നു ഞങ്ങൾ തീരുമാനിച്ചു. അവൻ പറഞ്ഞിരുന്നു – മരിച്ചാലും ബൈക്ക് തനോടൊപ്പം വേണമെന്നു. “ഗിരീഷ് ഈ കൊല്ലം 12-ാം ക്ലാസ് പൂർത്തിയാക്കിയിരുന്നു. ഒരു കോളേജിലേക്ക് അഡ്മിഷൻ അപേക്ഷ നൽകി മടങ്ങിക്കൊണ്ടിരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.