by Midhun HP News | Jun 24, 2025 | Latest News, കേരളം
കഴക്കൂട്ടം: ഉയർന്ന വനിത പൊലീസ് ഉദ്യോഗസ്ഥരെയും വനിത ബറ്റാലിയൻ ഉദ്യോഗസ്ഥരെയും ഫോണിൽവിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ. കഴക്കൂട്ടം മേനംകുളം സ്വദേശി ജോസ് (35) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. വനിത ബറ്റാലിയനിൽ വിളിച്ച് അശ്ലീലം പറഞ്ഞതിനാണ് ജോസിനെ കഴക്കൂട്ടം പോലീസ് പിടികൂടിയത്.
പൊലീസ് യൂനിഫോമിട്ട വനിതകളുടെ നമ്പർ കിട്ടിയാൽ ജോസിന് പിന്നെ അടങ്ങിയിരിക്കാൻ കഴിയില്ല. ഇൻറർനെറ്റിൽ നോക്കി വനിത പൊലീസ്ലീസിന്റെയും ഉദ്യോഗസ്ഥരുടെയും നമ്പർ ശേഖരിച്ച് അശ്ലീലവും ലൈംഗിക ചുവയുള്ള വർത്തമാനവും പറയലാണ് ഇയാളുടെ പ്രധാന രീതി.
ഇൻറർനെറ്റിൽ പരതി ഐ.ജി യെന്നോ ഡിവൈ.എസ്.പി എന്നോ വ്യത്യാസമില്ലാതെ വനിത ഉദ്യോഗസ്ഥരുടെ നമ്പർ കണ്ടെത്തി ഫോൺ വിളിച്ച് പ്രതി അശ്ലീലം പറയും. പല ഉയർന്ന ഉദ്യോഗസ്ഥരും ശല്യം സഹിക്കാനാവാതെ പ്രതിയുടെ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ജോസ്. കഴക്കൂട്ടം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപെട്ട ജോസ് സമാനമായ 20 കേസുകളിൽ പ്രതിയാണ്. എറണാകുളത്തും തിരുവനന്തപുരത്തും മോഷണകേസുകളും ഇയാൾക്കെതിരെയുണ്ട്. രണ്ടുതവണ പോലീസ് പിടികൂടിയപ്പോഴും ഇയാൾ കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടതിനും കേസുണ്ട്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു.
by Midhun HP News | Jun 24, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ദിലീപ് ദോഷി അന്തരിച്ചു. 77 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ലണ്ടനിലായിരുന്നു അന്ത്യം. ഇടംകൈയൻ സ്പിന്നറായിരുന്നു. കുറച്ചു കാലമായി ലണ്ടനിലായിരുന്നു താമസം.
ഇന്ത്യക്കുവേണ്ടി 1979-83 കാലത്ത് 33 ടെസ്റ്റും 15 ഏകദിനവും ദിലീപ് ദോഷി കളിച്ചു. ടെസ്റ്റിൽ 114 വിക്കറ്റും ഏകദിനത്തിൽ 22 വിക്കറ്റും നേടിയിട്ടുണ്ട്.1979-ൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിലാണ് അരങ്ങേറ്റം കുറിച്ചത്.ഗുജറാത്തിലെ രാജ്കോട്ടിൽ ജനിച്ച ദിലീപ് ദോഷി സൗരാഷ്ട്ര ടീമിലൂടെയാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ശ്രദ്ധ നേടിയത്. ലോർഡ്സിൽ നടന്ന ബിസിസിഐ അവാർഡ് ദാന ചടങ്ങിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലും ദോഷി പങ്കെടുത്തിരുന്നു.
by Midhun HP News | Jun 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം:ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും മുഖ്യമന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വിഎസിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ചികിത്സയില്‍ തുടരുന്ന പട്ടം എസ്യുടി ആശുപത്രിയിലാണ് വി എസ് ചികിത്സയിലുള്ളത്. രാവിലെ 11.15 ഓടെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
‘ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ് യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലയില്‍ നേരിയ പുരോഗതി ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കാര്‍ഡിയോളജിസ്്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്’- മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്, എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവര്‍ ആശുപത്രിയിലത്തിയിരുന്നു.
by Midhun HP News | Jun 24, 2025 | Latest News, കേരളം
കൊച്ചി: ചികിത്സാ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലീഷിലും എല്ലാവര്ക്കും കാണാനാവും വിധം ആശുപത്രികളില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കണം എന്നതടക്കമുള്ള കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമവും ചട്ടങ്ങളും ഹൈക്കോടതി ശരിവെച്ചു. നിയമത്തിലേയും ചട്ടങ്ങളിലേയും ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന് ഐഎംഎ സംസ്ഥാന ഘടകം, മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് തുടങ്ങിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്റെ ഉത്തരവ്.
എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിനെ അറിയിക്കാനുള്ള സ്വാതന്ത്ര്യം ഹര്‍ജിക്കാര്‍ക്ക് ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിശ്ചിത നിലവാരം ഓരോ സേവനത്തിനും ഉറപ്പാക്കുന്നതാണ് നിയമം. രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നിയമത്തിലുള്ളത്.
എന്നാല്‍ ഫീ നിരക്ക്, പാക്കേജ് നിരക്ക് എന്നിവ നിര്‍വചിച്ചിട്ടില്ലെന്നും അധികൃതര്‍ക്ക് അനിയന്ത്രിതമായ അധികാരമാണ് നല്‍കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ പൊതുജനാരോഗ്യവും രോഗികളുടെ സുരക്ഷയും ഉറപ്പാക്കാനാണ് നിയമം പാസാക്കിയതെന്നും ധാര്‍മിക നിലവാരം ഉള്‍പ്പെടെ പ്രോത്സാഹിപ്പിച്ച് സുതാര്യതയ്ക്കുള്ള നടപടിയാണിതെന്നും സര്‍ക്കാര്‍ വാദിച്ചു.
അനിയന്ത്രിതവും ഏകപക്ഷീയവുമായ അധികാരമാണ് അധികൃതര്‍ക്ക് നല്‍കുന്നതെന്ന ആരോപണത്തില്‍ ന്യായമല്ലാത്ത നടപടികളൊന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കോടതി പറഞ്ഞു. സേവനത്തിന്റെ ഫീസ് നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കണമെന്ന് നിയമത്തില്‍ നിഷ്കര്ഷിക്കുന്നതില് തെറ്റില്ല. ആശുപത്രിയുടെ രജിസ്ട്രേഷനടക്കം റദ്ദാക്കുന്നതില്‍ കൃത്യമായ നടപടിക്രമങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് എന്നിവയില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുമ്പോള്‍ സേവനം സ്വീകരിക്കുന്നവരില്‍ നിന്നുള്ള പ്രതിനിധികളേയും ഉള്‍പ്പെടുത്താമെന്നും കോടതി വിലയിരുത്തി.
by Midhun HP News | Jun 24, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പ്രണയപ്പകയെത്തുടര്‍ന്ന് യുവാവിനെ കുടുക്കാന്‍ വ്യാജബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ റോബോട്ടിക്സ് എഞ്ചിനീയറായ യുവതി അറസ്റ്റില്‍. ചെന്നൈയിലെ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ എഞ്ചിനീയറായ റെനെ ജോഷില്‍ഡ (26) എന്ന യുവതിയാണ് അറസ്റ്റിലായത്. അഹമ്മദാബാദ് സൈബര്‍ പൊലീസാണ് റെനെയെ പിടികൂടിയത്. യുവാവിനെ കുടുക്കാനായി 12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളാണ് യുവതി അയച്ചിരുന്നത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബി ജെ മെഡിക്കല്‍ കോളജ്, വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ എന്നിവിടങ്ങളിലേക്ക് വ്യാജ മെയില്‍ ഐഡികളില്‍ നിന്ന് സന്ദേശം അയച്ചത് ജോഷില്‍ഡയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തന്റെ ഐഡന്റിറ്റിയും സ്ഥലവും കണ്ടുപിടിക്കാതിരിക്കാനായി വ്യാജ ഇ മെയില്‍ ഐഡി, വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്സ്, ഡാര്‍ക്ക് വെബ് എന്നിവയിലൂടെയാണ് യുവതി വ്യാജ ഭീഷണി സന്ദേശം അയച്ചുകൊണ്ടിരുന്നത്.
ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകര്‍ എന്ന യുവാവിനെ വിവാഹം കഴിക്കാന്‍ റെനെ ജോഷില്‍ഡ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജോഷില്‍ഡയുടേത് വണ്‍വേ പ്രണയമായിരുന്നു. ഫെബ്രുവരിയില്‍ ദിവിജ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇതോടെ ദിവിജിനെ കള്ളക്കേസില്‍ കുടുക്കാന്‍ ജോഷില്‍ഡ പദ്ധതിയിട്ടു. തുടര്‍ന്ന് ദിവിജിന്റെ പേരില്‍ ഒട്ടേറെ വ്യാജ മെയില്‍ ഐഡികള്‍ ഉണ്ടാക്കി ഈ ഐഡികള്‍ ഉപയോഗിച്ച് ബോംബ് ഭീഷണികള്‍ അയയ്ക്കുകയായിരുന്നുവെന്ന് പൊലീസ് ജോയിന്റ് കമ്മീഷണര്‍ ശരത് സിംഘാള്‍ പറഞ്ഞു.
ജര്‍മനി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണെന്ന വ്യാജേനയായിരുന്നു മെയിലുകള്‍. ഇതേത്തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളിലെ സൈബര്‍ പൊലീസിന്റെ സഹായത്തോടെ അഹമ്മദാബാദ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഗുജറാത്തിലെ ഒരു സ്കൂളിലേക്ക് അയച്ച ബോംബ് ഭീഷണിയില്‍ 2023 ല്‍ ഹൈദരാബാദിലുണ്ടായ ഒരു പീഡനക്കേസിലേക്ക് പൊലീസിന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നു. ദിവിജിന് കേസില്‍ പങ്കുണ്ടെന്നും ആരോപിച്ചിരുന്നു. ഈ പരാമര്‍ശമാണ് അന്വേഷണത്തില്‍ വഴിത്തിരിവായതെന്ന് പൊലീസ് ജോയിന്റ് കമ്മീഷണര്‍ ശരത് സിംഘാള്‍ പറഞ്ഞു.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ബോംബ് വെച്ചു തകര്‍ക്കുമെന്ന് 23 തവണയാണ് ഭീഷണി സന്ദേശം അയച്ചത്. മതപരമായ ചടങ്ങുകളിലും വിഐപികളുടെ സന്ദര്‍ശന പരിപാടികളിലും ബോംബ് ഭീഷണി സന്ദേശം അയച്ചിരുന്നു. കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്, ഡല്‍ഹി, തെലങ്കാന, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ റെനെ ജോഷില്‍ഡ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
by Midhun HP News | Jun 24, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, സംഘര്‍ഷമേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷന് സിന്ധു ദൗത്യം തുടരുന്നു. ദൗത്യത്തിന്റെ ഭാഗമായി പുലര്‍ച്ചെ 3.30 ന് ഇറാനില്‍ നിന്നും ന്യൂഡല്‍ഹിയിലെത്തിയ വിമാനത്തില്‍ 14 മലയാളികളും ഉള്‍പ്പെടുന്നു. യാത്രാ സംഘത്തിലുള്‍പ്പെട്ടവരില്‍ 12 പേര് വിദ്യാര്‍ത്ഥികളാണ്.
കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, എറണാകുളം സ്വദേശികളാണ് തിരിച്ചെത്തിയ മലയാളികള്‍. ഓപ്പറേഷന് സിന്ധുവിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആറു മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇതോടുകൂടി ഓപ്പറേഷന് സിന്ധുവിന്റെ ഭാഗമായി രാജ്യത്ത് തിരിച്ചെത്തിയ മലയാളികളുടെ എണ്ണം 20 ആയി. തിരിച്ചെത്തിയവര്‍ വിവിധ വിമാനങ്ങളില്‍ ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങി.
ഇസ്രയേലില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യാക്കാരുമായുള്ള വിമാനം ഇന്നലെ രാത്രി ഡല്‍ഹിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ഇറാന് നടത്തിയ പ്രത്യാക്രമണത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം കാരണം ഖത്തറില്‍ വ്യോമപാത അടച്ചതിനെത്തുടര്‍ന്ന് വിമാനം വൈകുകയാണ്. ഇന്നു രാവിലെയോടെ ഈ വിമാനം ഡല്‍ഹിയിലെത്തുമെന്നാണ് അറിയിപ്പ്. ഇതുവരെയായി പസ്ചിമേഷ്യല്‍ സംഘര്‍ഷത്തില്‍ കുടുങ്ങിയ 2000 ഓളം പേരെ രാജ്യത്ത് തിരിച്ചെത്തിക്കാനായതായി അധികൃതര്‍ സൂചിപ്പിച്ചു.
Summary
Recent Comments