by Midhun HP News | Jun 16, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പൊള്ളുന്ന ചൂടില്‍ എ സി ഇല്ലാത്ത വിമാനത്തില്‍ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചിരുന്നത് അഞ്ച് മണിക്കൂര്‍. ദുബായില്‍നിന്നും ശനി പുലര്‍ച്ചെ 12.45ന് ജയ്പൂരിലേക്കു പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് (ഐഎക്‌സ് 196) വിമാനത്തിലെ യാത്രക്കാര്‍ക്കാരാണ് ഈ ദുരനുഭവം നേരിട്ടത്.
വെള്ളിയാഴ്ച വൈകിട്ട് 7.25ന് ദുബായില്‍നിന്ന് പുറപ്പെടേണ്ട വിമാനം സാങ്കേതിക കാരണങ്ങളാല്‍ അഞ്ചര മണിക്കൂര്‍ വൈകിയിരുന്നു. വളരെ വൈകി വിമാനം പുറപ്പെടുമ്പോള്‍ തന്നെ എസി പ്രവര്‍ത്തിച്ചിരുന്നില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിറയെ യാത്രക്കാരുള്ള വിമാനം 5 മണിക്കൂര്‍ പിന്നിട്ട് ജയ്പൂരില്‍ ഇറങ്ങിയപ്പോഴേക്കും യാത്രക്കാര്‍ അവശരായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം പുറത്തുവന്നു. പ്രായമായവരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ വിയര്‍ത്തൊലിച്ച് ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എസി ഇല്ലാത്തതിനാല്‍ ഇവര്‍ അസ്വസ്ഥരാകുന്നുണ്ട്. ക്രൂ അംഗങ്ങള്‍ ആരും ഇവരെ തിരിഞ്ഞുനോക്കിയില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു. പരാതിപ്പെട്ടിട്ടും വിമാന ജീവനക്കാര്‍ ഇടപെടാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ചൂടില്‍ വലഞ്ഞ് കുടിവെള്ളത്തിനായി വിളിച്ചിട്ടും നല്‍കിയില്ലെന്നും പലരുടെയും ആരോഗ്യനില വഷളായതായും യാത്രക്കാര്‍ പറയുന്നു. സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതരുടെ വിശദീകരണം ഒന്നും വന്നിട്ടില്ല.
by Midhun HP News | Jun 16, 2025 | Latest News, ജില്ലാ വാർത്ത
തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സ്ന. ജീവിതത്തിൽ അതുവരെ സ്വയം ചോദിച്ചു കൊണ്ടിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം തന്നത് ആ ടെസ്റ്റ് റിസൾട്ട് ആയിരുന്നെന്നും ഗായിക പറഞ്ഞു.
ഓട്ടിസത്തെ കുറിച്ച് സമൂഹത്തിൽ അവബോധമുണ്ടാക്കാനാണ് ഇത്തരമൊരു തുറന്നുപറച്ചിലിന് മുതിർന്നതെന്നും ജ്യോത്സന കൂട്ടിച്ചേർത്തു.
ടെഡ് എക്സ് ടോക്സി’ലാണ് ഗായിക നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ എല്ലാത്തിൽ നിന്നും ഓടി രക്ഷപ്പെടണമെന്ന് തോന്നുകയും അങ്ങനെ യുകെയിലേക്ക് പോവുകയും ചെയ്തെന്നും ജ്യോത്സന പറഞ്ഞു. അവിടെ വച്ച് ഒരു കോഴ്സ് പഠിക്കാൻ തുടങ്ങുകയും അത് തന്നെക്കുറിച്ച് ചില സംശയങ്ങൾ ഉണ്ടാക്കുകയും അങ്ങനെ മാനസികരോഗ വിദഗ്ധനെ കണുകയുമായിരുന്നെന്നും ജ്യോത്സന പറഞ്ഞു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടിസം ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്. ഉറപ്പിക്കാനായി മൂന്ന് തവണ പരിശോധന നടത്തിയെന്നും ജ്യോത്സന പറഞ്ഞു. ഓട്ടിസം കണ്ടുപിടിച്ചപ്പോഴാണ് ജീവിതത്തിൽ അതുവരെ ഉണ്ടായിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നതെന്നും ജ്യോത്സന കൂട്ടിച്ചേർത്തു. ഓട്ടിസത്തെ കുറിച്ച് കൂടുതൽ അവബോധം സൃഷ്‌ടിക്കാനാണ് താൻ ഇത് തുറന്നു പറയുന്നതെന്ന് പറഞ്ഞ ജ്യോത്സന മാറ്റം അടിത്തട്ടിൽ നിന്നാണ് ഉണ്ടാവേണ്ടതെന്നും വിടുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും വേണം അത് ആരംഭിക്കാനെന്നും പറഞ്ഞു.
#ജ്യോത്സനയുടെ വാക്കുകൾ
ഹൈലി മാസ്കിങ് ഓട്ടിസ്‌റ്റിക് അഡൾട്ട് ആണ് ഞാൻ. എന്താണ് ഇവൾ പറയുന്നത്, കാണുമ്പോൾ ഓട്ടിസം ഉള്ളത് പോലെ തോന്നുന്നില്ലല്ലോ എന്ന് നിങ്ങൾ പറയാം. അത് നിങ്ങൾക്ക് ഓട്ടിസത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണ്. നമ്മൾ എല്ലാവരും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഓട്ടിസ്‌റ്റിക് ആണെന്ന് പറയുന്നവരുമുണ്ട്. പക്ഷേ അങ്ങനെയല്ല. ഒന്നില്ലെങ്കിൽ നിങ്ങൾക്ക് ഓട്ടിസം ഉണ്ടായിരിക്കും അല്ലെങ്കിൽ ഇല്ലായിരിക്കും. ഓട്ടിസം അല്ലെങ്കിൽ ന്യൂറോ ഡൈവർജൻ്റ്സ് (ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനങ്ങൾ) എന്ന് പറയുന്നത് വ്യത്യസ്തമായ രീതിയിൽ ലോകത്തെ കാണുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്.
ഓട്ടിസം കണ്ടുപിടിച്ചപ്പോഴാണ് ജീവിതത്തിൽ അതുവരെ ഉണ്ടായിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നത്. എന്റെ ചുറ്റും നടക്കുന്ന എല്ലാത്തിനോടും ഞാൻ വൈകാരികമായി പ്രതികരിച്ചുകൊണ്ടിരുന്നതിന്റെയും എല്ലാം വളരെ ആഴത്തിൽ അനുഭവിച്ചുകൊണ്ടിരുന്നതിന്റെയും കാരണം മനസ്സിലായത് അപ്പോഴാണ്. ചുറ്റുമുള്ളവരെല്ലാം പറഞ്ഞിട്ടും എന്തുകൊണ്ട് എനിക്ക് എല്ലാം എളുപ്പത്തിൽ എടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നും അപ്പോഴാണ് തിരിച്ചറിഞ്ഞത്. ന്യൂറോ ടിപ്പിക്കലായിട്ടുള്ള ആളുകൾക്ക് വേണ്ടി അവർ നിർമിച്ച ലോകത്ത് ജീവിക്കുന്നതിന്റെ ഭാഗമായി എന്നെ മാസ്‌ക് ചെയ്യാനുള്ള നിരന്തരമായ ശ്രമങ്ങളായിരുന്നു എല്ലാത്തിനും കാരണം.
ഓട്ടിസത്തെ കുറിച്ച് കൂടുതൽ അവബോധം സൃഷ്‌ടിക്കാനാണ് ഞാൻ ഇത് തുറന്നു പറയുന്നത്. എൻ്റെ ജീവിതത്തിലുടനീളം ഞാൻ ചോദിച്ചിട്ടുള്ള അതേ ചോദ്യങ്ങൾ ഇപ്പോഴും സ്വയം ചോദിക്കുന്ന നിരവധി പേർ ഇവിടെയുണ്ടെന്ന് എനിക്ക് അറിയാം. മാറ്റം അടിത്തട്ടിൽ നിന്നാണ് ഉണ്ടാവേണ്ടത്. വിടുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും വേണം അത് ആരംഭിക്കാൻ. ഓട്ടിസം കണ്ടുപിടിക്കാനുള്ള ടൂളുകൾ നമുക്ക് ആവശ്യമാണ്. കാരണം അവർക്ക് വേണ്ടി നിർമിക്കാത്ത ഒരു ലോകത്താണ് അവർ ജീവിക്കാൻ നിർബന്ധിതരാകുന്നത്. അവരുടെ കഷ്‌ടപ്പാടുകൾ പുറത്ത് കാണാൻ കഴിയുന്നില്ലെന്നതാണ് അവസ്‌ഥ കൂടുതൽ മോശമാക്കുന്നത്.’
by Midhun HP News | Jun 16, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലാണ്.
ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുകയാണ് സോണിയ ഗാന്ധി. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പത്ത് ദിവസത്തിനിടെ സോണിയയെ ഇത് രണ്ടാം തവണയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നേരത്തെ ജൂൺ ഏഴാം തീയതി സോണിയ ഗാന്ധിയെ ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിലും 78കാരിയായ സോണിയ ഗാന്ധിയെ ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
by Midhun HP News | Jun 16, 2025 | Latest News, കേരളം
കൊച്ചി: അറബിക്കടലില്‍ കേരള തീരത്തിന് സമീപം തീപിടിച്ച വാന്‍ ഹായ് 503 കപ്പലില്‍ നിന്ന് പതിച്ച കണ്ടെയ്‌നറുകള്‍ ഇന്നുമുതല്‍ തീരത്തടിഞ്ഞു തുടങ്ങും. ഇന്ന് മുതല്‍ മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ കണ്ടെയ്നറുകള്‍ തീരത്തടിയാന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
എറണാകുളം ജില്ലയുടെ തെക്ക് ഭാഗത്തും ആലപ്പുഴ,കൊല്ലം തീരങ്ങളിലുമാണ് കണ്ടെയ്‌നറുകള്‍ അടിയാനാണ് സാധ്യത. കണ്ടെയ്‌നറുകള്‍ കണ്ടെത്തിയാല്‍ 200 മീറ്റര്‍ ദൂരം അകലം പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ്, ഐടിഒപിഎഫ് എന്നിവയുടെ വിലയിരുത്തല്‍ പ്രകാരമാണ് കണ്ടെയ്നറുകള്‍ എത്താനിടയുള്ള തീരങ്ങള്‍ വിലയിരുത്തിയത്.
കണ്ടെയ്നറുകള്‍ തീരത്ത് എത്തുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കരുത് എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇത്തരം വസ്തുക്കളില്‍ നിന്നും 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കുക. ഇത്തരം വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച് അറിയിക്കണം എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കപ്പല്‍ നിലവില്‍ കരയില്‍നിന്ന് 45 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് ഉള്‍ക്കടലിലാണുള്ളത്. കപ്പല്‍ സുരക്ഷിതമായ സ്ഥിതിയിലാണെങ്കിലും കാണാതായ നാലു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ജൂണ്‍ ഒമ്പതിനായിരുന്നു കണ്ണൂര്‍ അഴിക്കല്‍ തീരത്തു നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയായി കപ്പലിന് തീ പിടിച്ചത്. പിന്നീട് കേരള തീരത്തേക്ക് ഒഴുകി നീങ്ങിയ കപ്പലിനെ പുറം കടലിലേക്ക് വലിച്ച് നീക്കിയിരുന്നു.
by Midhun HP News | Jun 16, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം വര്‍ധിച്ച പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 75 ഡോളര്‍ കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനെ അപേക്ഷിച്ച് വിലയില്‍ 1.24 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
സംഘര്‍ഷത്തിന് തുടക്കമിട്ട് ഇസ്രയേല്‍ ഇറാന്‍ ആക്രമിച്ച ഉടന്‍ തന്നെ വില കുതിച്ചുയരുന്നതാണ് കണ്ടത്. ബാരലിന് എട്ടുശതമാനം വില വര്‍ധനയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധന തുടരുന്ന കാഴ്ചയാണ് ദൃശ്യമായത്. വെള്ളിയാഴ്ച ബാരലിന് 74 ഡോളര്‍ കടന്നാണ് മുന്നേറിയത്. സംഘര്‍ഷം തുടരുകയാണെങ്കില്‍ ഭാവിയില്‍ എണ്ണവില നൂറ് ഡോളര്‍ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ബാരലിന് 120 ഡോളര്‍ വരെ ഉയരാമെന്നാണ് പ്രമുഖ ധനകാര്യ സ്ഥാപനമായ ജെ പി മോര്‍ഗന്‍ പ്രവചിച്ചത്.
ഇന്ത്യ പ്രമുഖ എണ്ണ ഇറക്കുമതി രാജ്യമാണ്. ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ 85 ശതമാനവും പരിഹരിക്കുന്നത് പുറത്തുനിന്ന് ഇറക്കുമതി ചെയ്താണ്. നിലവില്‍ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നില്ല. ഇറാനെതിരെ അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാലാണ് ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ വാങ്ങാത്തത്. എന്നാല്‍ സംഘര്‍ഷം കടുത്ത് എണ്ണവിതരണത്തില്‍ തടസ്സം നേരിട്ടാല്‍ ആഗോള തലത്തില്‍ ഇനിയും എണ്ണവില ഉയരും. ഇത് ഇന്ത്യയുടെ ചെലവ് വര്‍ധിക്കാന്‍ ഇടയാക്കും. ഇത് രാജ്യത്ത് ഇന്ധനവില വര്‍ധനയ്ക്ക് കാരണമായേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
by Midhun HP News | Jun 16, 2025 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: ഇറാന്‍- ഇസ്രയേല്‍ യുദ്ധം രൂക്ഷമാകുന്നു. ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 224 പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാന്‍ റവലൂഷനറി ഗാര്‍ഡ് കോര്‍ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് കസേമിയും രണ്ട് ഉപമേധാവികളും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. 50 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇറാനിലെ 80 കേന്ദ്രങ്ങളില്‍ ഞായറാഴ്ച ആക്രമണം നടത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ ഡി എഫ്) പറഞ്ഞു.
മധ്യ, വടക്കന്‍ ഇസ്രയേലിലെ വിവിധയിടങ്ങളില്‍ ഇറാന്‍ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ അഞ്ച് യുക്രൈന്‍ സ്വദേശികളുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. 200-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ ആകെ മരണം 13 ആയി. ഇസ്രയേലിലെ ബാത്ത് യാമില്‍ 61 കെട്ടിടങ്ങള്‍ ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്നു. ഏഴു പേര്‍ കൊല്ലപ്പെട്ടു. ഇവിടെ 180 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തതായി ഇസ്രയേല്‍ പൊലീസ് അറിയിച്ചു.
ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ടെല്‍ അവിവ്, ജറുസലേം, ഹൈഫ എന്നിവ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം അഴിച്ചുവിട്ടു. തുറമുഖ നഗരമായ ഹൈഫയില്‍ ഇറാന്റെ മിസൈല്‍ പതിച്ചു. ഇതേത്തുടര്‍ന്ന് ഹൈഫയില്‍ വന്‍ തീപിടിത്തമുണ്ടായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാല് പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വടക്കന്‍ ഇസ്രയേലിലെ തംറയില്‍ മിസൈലാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റു. മധ്യ ഇസ്രായേലിലെ റെഹോവോതില്‍ ഇറാന്‍ ആക്രമണത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇസ്രയേലിൽ നിന്ന് 2300 കിലോമീറ്റർ അകലെ ഇറാന്‍റെ ഇന്ധന ടാങ്കർ വിമാനം ഇസ്രയേൽ വ്യോമസേന ആക്രമിച്ച് തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇനി മിസൈലുകൾ വിക്ഷേപിച്ചാൽ ടെഹ്റാൻ കത്തുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ആക്രമണം തുടർന്നാൽ ഇറാൻ കനത്ത വില നൽകേണ്ടിവരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇറാൻ ആക്രമണം ശക്തമാക്കിയതിനെതുടർന്ന് മധ്യ, വടക്കൻ ഇസ്രയേലിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇസ്രായേൽ നിർദേശം നൽകി. ഇസ്രായേലിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബ്രിട്ടൻ തങ്ങളുടെ പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.
Recent Comments