സംസ്ഥാനത്തെ സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍ പ്രാബല്യത്തിൽ വരും

സംസ്ഥാനത്തെ സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍ പ്രാബല്യത്തിൽ വരും

സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍ പ്രാബല്യത്തിൽ വരും. എട്ട് മുതല്‍ പത്താം ക്ലാസുകളിലാണ് പഠന സമയം ഇതോടെ അര മണിക്കൂര്‍ വർദ്ധിക്കുന്നത്. രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് വര്‍ധിക്കുന്നത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഈ സമയമാറ്റം ഉണ്ടാകും.

ഈ തീരുമാനത്തെ ഇസ്ലാമിക സംഘടനയായ സമസ്ത എതിർത്തിരുന്നു. പുതിയ തീരുമാനം മത പഠനത്തെ ബാധിക്കും എന്നാണ് സമസ്ത ഉന്നയിക്കുന്നത്.12 ലക്ഷം വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കണമെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഈ തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്. ഇനി സമയ മാറ്റം പുനപരിശോധിക്കണമെങ്കിൽ കോടതിയുടെ അനുമതി വേണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ സമയ മാറ്റം വരുന്നത്.

വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം ഹൈസ്കൂളിൽ 1100 മണിക്കൂർ പഠന സമയം വേണം. ഇതിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതിയാണ് സമയമാറ്റം നിർദേശിച്ചത്.

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി അനിൽ കുമാർ പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി അനിൽ കുമാർ പിടിയിൽ

കൊല്ലം: കൊല്ലം മേയർ ഹണിബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി അനിൽ കുമാറാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ നേരത്തെ മേയറുടെ വീടിന് സമീപത്ത് താമസിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായ അനിൽ കുമാറിന്റെ പേരിൽ പല സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം അനിൽ കുമാർ മേയറുടെ വീടിന് സമീപത്ത് കത്തിയുമായി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത് കൂടാതെ മേയറുടെ വീടിന്റെ പരിസരത്തും ഓഫീസിലുമായി തൊപ്പി ധരിച്ച യുവാവ് എത്തുകയും മേയറെ കുറിച്ച് തിരക്കാറുണ്ടായിരുന്നുവെന്നും ഇതിൽ സംശയം തോന്നിയ നാട്ടുകാർ തന്നെയാണ് ഈ വിവരം മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

സംഭവത്തിൽ മേയർ കമ്മീഷണർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയിരിക്കുന്നത്. അതേസമയം തനിക്ക് ശത്രുക്കളില്ലെന്നും എന്തുകൊണ്ടാണ് വധ ഭീഷണി എന്നത് തനിക്കറിയില്ലെന്നും മേയർ റിപ്പോർട്ടറിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

അമ്മയുടെ കയ്യില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ് ഒരു വയസ്സുകാരന്‍ മരിച്ചു

അമ്മയുടെ കയ്യില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ് ഒരു വയസ്സുകാരന്‍ മരിച്ചു

തിരുവനന്തപുരം: ബൈക്ക് ഇടിച്ചുകയറി മറിഞ്ഞ ഓട്ടോറിക്ഷയിലെ യാത്രക്കാരിയുടെ കൈയില്‍ നിന്നും തെറിച്ചുവീണ് ഒരു വയസ്സുകാരന്‍ മരിച്ചു. വിതുര ജുമാമസ്ജിദിനു സമീപം ഷിജാദ് മന്‍സിലില്‍ ഷിജാദ്, നൗഷിമ ദമ്പതിമാരുടെ മകന്‍ ആബിദ് മിന്‍ഹാന്‍ ആണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് നെടുമങ്ങാട്-പൊന്മുടി റോഡില്‍ മല്ലമ്പ്രക്കോണത്തുവെച്ചായിരുന്നു അപകടം. അപകടത്തില്‍ കുട്ടിയുടെ മാതാവ് നൗഷിമയ്ക്ക് കാലിനും തോളിനും പരുക്കേറ്റിട്ടുണ്ട്. നൗഷിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിതുരയില്‍ നിന്നും ഷിജാദും ഭാര്യയും മൂന്നു മക്കളുമായി ഓട്ടോയില്‍ നെടുമങ്ങാട് ഭാഗത്തേയ്ക്ക് വരികയായിരുന്നു. നെടുമങ്ങാട് നിന്നു വിതുര ഭാഗത്തേക്കു പോവുകയായിരുന്ന മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനും പിജി വിദ്യാര്‍ത്ഥിയും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മറ്റൊരു വാഹനത്തിനെ ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് ഓട്ടോയില്‍ ഇടിച്ച് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ അമ്മയുടെ കൈയിലിരുന്ന കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയും ബുള്ളറ്റും റോഡിലേക്ക് മറിഞ്ഞു. ബുള്ളറ്റിൽ സഞ്ചരിച്ചവർ വാഹനം ഉപേക്ഷിച്ച് ഓടി. അപകടം ഉണ്ടാക്കിയ ബുള്ളറ്റ് വലിയമല പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ചാലക്കുടിയില്‍ വന്‍ തീ പിടിത്തം; പെയിന്റ് കട കത്തിയമര്‍ന്നു, വിഡിയോ

ചാലക്കുടിയില്‍ വന്‍ തീ പിടിത്തം; പെയിന്റ് കട കത്തിയമര്‍ന്നു, വിഡിയോ

തൃശൂര്‍: തൃശൂര്‍ ചാലക്കുടിയില്‍ വന്‍ തീ പിടിത്തം. ചാലക്കുടി നോര്‍ത്ത് ജങ്ഷനിലെ ഊക്കന്‍സ് പെയിന്റ് കടയിലാണ് തീപിടിത്തം ഉണ്ടായത്. പെയിന്റ് കടയും ഗോഡൗണും ചേര്‍ന്ന ഭാഗത്താണ് തീ പിടിത്തമുണ്ടായത്.

സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന സ്‌റ്റോക്കിന് തീപിടിച്ച് വലിയ നിലയില്‍ തീ പടരുകയായിരുന്നു. അഗ്നിശമന അംഗങ്ങള്‍ എത്തി തീ അണച്ചു. എന്താണ് തീ പിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. തീ പിടിത്തത്തെ തുടര്‍ന്ന് ചാലക്കുടി നോര്‍ത്ത് ജങ്ഷനില്‍ ഗതാഗതം നിയന്ത്രിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് കടയുടെ തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണില്‍ നിന്ന് നിന്നും ഗ്യാസ് നീക്കിയിരുന്നു. ജില്ലകളിലെ കൂടുതല്‍ അഗ്‌നിശമനസേനകളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൃശൂര്‍, പുതുക്കാട്, മാള, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി.

സുല്ലിട്ട് സ്വര്‍ണവില; 74,000ന് മുകളില്‍ തന്നെ

സുല്ലിട്ട് സ്വര്‍ണവില; 74,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. 74,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. 9305 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വെള്ളിയാഴ്ചയാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. ശനിയാഴ്ചയും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും സ്വര്‍ണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില താഴ്ന്നത്. കഴിഞ്ഞ നാലുദിവസങ്ങളിലായി പവന് 3000 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ കാരണം.സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

വർക്കല പാപനാശം ഹെലിപ്പാടിന് സമീപമുള്ള കുന്നുകൾ ഇടിഞ്ഞു തീരത്ത് പതിച്ചു

വർക്കല പാപനാശം ഹെലിപ്പാടിന് സമീപമുള്ള കുന്നുകൾ ഇടിഞ്ഞു തീരത്ത് പതിച്ചു

വർക്കല പാപനാശം ഹെലിപ്പാടിന് സമീപമുള്ള കുന്നുകൾ ഇടിഞ്ഞു തീരത്ത് പതിച്ചിട്ടുണ്ട്. വലിപ്പമുള്ള കല്ലുകളാണ് തീരത്തേയ്ക് വീണിരിക്കുന്നത്. ഇന്ന് പുലർച്ചെയോടെ ആണ് സംഭവം നടന്നതെന്ന് സമീപവാസികൾ പറയുന്നു. എന്നാൽ ഇതൊന്നും അറിയാതെ ആ ഭാഗത്ത് സഞ്ചരികളും എത്തിയിട്ടുണ്ട്. തീരത്ത് കനത്ത മഴയെയും കാറ്റിനെയും തുടർന്ന് വൈകുന്നേരത്തോടെ ബീച്ച് പോലീസ് എത്തി സഞ്ചാരികളെ പൂർണമായും മാറ്റിയിട്ടുണ്ട്. ഒപ്പം കയർ കെട്ടി ആ ഭാഗം അടച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.