അമ്മയുടെ കയ്യില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ് ഒരു വയസ്സുകാരന്‍ മരിച്ചു

അമ്മയുടെ കയ്യില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ് ഒരു വയസ്സുകാരന്‍ മരിച്ചു

തിരുവനന്തപുരം: ബൈക്ക് ഇടിച്ചുകയറി മറിഞ്ഞ ഓട്ടോറിക്ഷയിലെ യാത്രക്കാരിയുടെ കൈയില്‍ നിന്നും തെറിച്ചുവീണ് ഒരു വയസ്സുകാരന്‍ മരിച്ചു. വിതുര ജുമാമസ്ജിദിനു സമീപം ഷിജാദ് മന്‍സിലില്‍ ഷിജാദ്, നൗഷിമ ദമ്പതിമാരുടെ മകന്‍ ആബിദ് മിന്‍ഹാന്‍ ആണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് നെടുമങ്ങാട്-പൊന്മുടി റോഡില്‍ മല്ലമ്പ്രക്കോണത്തുവെച്ചായിരുന്നു അപകടം. അപകടത്തില്‍ കുട്ടിയുടെ മാതാവ് നൗഷിമയ്ക്ക് കാലിനും തോളിനും പരുക്കേറ്റിട്ടുണ്ട്. നൗഷിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിതുരയില്‍ നിന്നും ഷിജാദും ഭാര്യയും മൂന്നു മക്കളുമായി ഓട്ടോയില്‍ നെടുമങ്ങാട് ഭാഗത്തേയ്ക്ക് വരികയായിരുന്നു. നെടുമങ്ങാട് നിന്നു വിതുര ഭാഗത്തേക്കു പോവുകയായിരുന്ന മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനും പിജി വിദ്യാര്‍ത്ഥിയും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മറ്റൊരു വാഹനത്തിനെ ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് ഓട്ടോയില്‍ ഇടിച്ച് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ അമ്മയുടെ കൈയിലിരുന്ന കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയും ബുള്ളറ്റും റോഡിലേക്ക് മറിഞ്ഞു. ബുള്ളറ്റിൽ സഞ്ചരിച്ചവർ വാഹനം ഉപേക്ഷിച്ച് ഓടി. അപകടം ഉണ്ടാക്കിയ ബുള്ളറ്റ് വലിയമല പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ചാലക്കുടിയില്‍ വന്‍ തീ പിടിത്തം; പെയിന്റ് കട കത്തിയമര്‍ന്നു, വിഡിയോ

ചാലക്കുടിയില്‍ വന്‍ തീ പിടിത്തം; പെയിന്റ് കട കത്തിയമര്‍ന്നു, വിഡിയോ

തൃശൂര്‍: തൃശൂര്‍ ചാലക്കുടിയില്‍ വന്‍ തീ പിടിത്തം. ചാലക്കുടി നോര്‍ത്ത് ജങ്ഷനിലെ ഊക്കന്‍സ് പെയിന്റ് കടയിലാണ് തീപിടിത്തം ഉണ്ടായത്. പെയിന്റ് കടയും ഗോഡൗണും ചേര്‍ന്ന ഭാഗത്താണ് തീ പിടിത്തമുണ്ടായത്.

സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന സ്‌റ്റോക്കിന് തീപിടിച്ച് വലിയ നിലയില്‍ തീ പടരുകയായിരുന്നു. അഗ്നിശമന അംഗങ്ങള്‍ എത്തി തീ അണച്ചു. എന്താണ് തീ പിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. തീ പിടിത്തത്തെ തുടര്‍ന്ന് ചാലക്കുടി നോര്‍ത്ത് ജങ്ഷനില്‍ ഗതാഗതം നിയന്ത്രിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് കടയുടെ തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണില്‍ നിന്ന് നിന്നും ഗ്യാസ് നീക്കിയിരുന്നു. ജില്ലകളിലെ കൂടുതല്‍ അഗ്‌നിശമനസേനകളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൃശൂര്‍, പുതുക്കാട്, മാള, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി.

സുല്ലിട്ട് സ്വര്‍ണവില; 74,000ന് മുകളില്‍ തന്നെ

സുല്ലിട്ട് സ്വര്‍ണവില; 74,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. 74,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. 9305 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വെള്ളിയാഴ്ചയാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. ശനിയാഴ്ചയും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും സ്വര്‍ണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില താഴ്ന്നത്. കഴിഞ്ഞ നാലുദിവസങ്ങളിലായി പവന് 3000 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ കാരണം.സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

വർക്കല പാപനാശം ഹെലിപ്പാടിന് സമീപമുള്ള കുന്നുകൾ ഇടിഞ്ഞു തീരത്ത് പതിച്ചു

വർക്കല പാപനാശം ഹെലിപ്പാടിന് സമീപമുള്ള കുന്നുകൾ ഇടിഞ്ഞു തീരത്ത് പതിച്ചു

വർക്കല പാപനാശം ഹെലിപ്പാടിന് സമീപമുള്ള കുന്നുകൾ ഇടിഞ്ഞു തീരത്ത് പതിച്ചിട്ടുണ്ട്. വലിപ്പമുള്ള കല്ലുകളാണ് തീരത്തേയ്ക് വീണിരിക്കുന്നത്. ഇന്ന് പുലർച്ചെയോടെ ആണ് സംഭവം നടന്നതെന്ന് സമീപവാസികൾ പറയുന്നു. എന്നാൽ ഇതൊന്നും അറിയാതെ ആ ഭാഗത്ത് സഞ്ചരികളും എത്തിയിട്ടുണ്ട്. തീരത്ത് കനത്ത മഴയെയും കാറ്റിനെയും തുടർന്ന് വൈകുന്നേരത്തോടെ ബീച്ച് പോലീസ് എത്തി സഞ്ചാരികളെ പൂർണമായും മാറ്റിയിട്ടുണ്ട്. ഒപ്പം കയർ കെട്ടി ആ ഭാഗം അടച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.

കേരളത്തില്‍ മഴ കനക്കും; ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത

കേരളത്തില്‍ മഴ കനക്കും; ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ മഹാരാഷ്ട്രയ്ക്ക് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴി, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്ന മറ്റൊരു ചക്രവാതചുഴിയുമാണ് സംസ്ഥാനത്തെ മഴയ്ക്ക് ശക്തി പകരുന്നത്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതും മഴയെ സ്വാധീനിക്കുന്നു.

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ചൊവ്വാഴ്ച വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ 40 – 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു ശക്തമാകാനും സാധ്യതയുണ്ട്.

മഴയ്ക്കും ശക്തമായ കാറ്റിനും ഒപ്പം കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും ശക്തമായി തുടരുന്നു. കേരള തീരത്ത് തിങ്കളാഴ്ച രാത്രി വരെ 3.0 മുതല്‍ 4.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ ചോമ്പാല മുതല്‍ രാമനാട്ടുകര വരെയും കണ്ണൂര്‍ വളപട്ടണം – ന്യൂമാഹി, കാസറഗോഡ്: കുഞ്ചത്തൂര്‍ – കോട്ടക്കുന്ന് തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൂവാര്‍ വരെ കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ, ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി, എറണാകുളം: മുനമ്പം മുതല്‍ മറുവക്കാട്. തൃശൂര്‍: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍. മലപ്പുറം: കടലുണ്ടിനഗരം മുതല്‍ പാലപ്പെട്ടി തീരങ്ങളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.

കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭാര്യ ജീവനൊടുക്കി

ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭാര്യ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമനയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സതീഷ്, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്. ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭാര്യ ബിന്ദു തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.

രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദേവസ്വം ബോര്‍ഡിന്റെയും കോര്‍പ്പറേഷന്റെയും മരാമത്ത് ജോലികള്‍ ഏറ്റെടുത്ത് നടത്തി വന്നിരുന്ന കോണ്‍ട്രാക്റ്ററായിരുന്നു സതീഷ്. സാമ്പത്തിക ബാധ്യതയാണ് ദമ്പതികളുടെ മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ഇവര്‍ക്ക് രണ്ടു കോടി 30 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് വിശ്വസിക്കുന്നതെന്ന് സതീഷിന്റെ സഹോദരന്‍ പറയുന്നു. പലപ്പോഴായി എടുത്ത വായ്പകളാണ് വലിയ ബാധ്യതയായി മാറിയത്. ഇവരുടെ വീടും ബാങ്ക് ജപ്തി ചെയ്യാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.