ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭാര്യ ജീവനൊടുക്കി

ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭാര്യ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമനയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സതീഷ്, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്. ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭാര്യ ബിന്ദു തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.

രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദേവസ്വം ബോര്‍ഡിന്റെയും കോര്‍പ്പറേഷന്റെയും മരാമത്ത് ജോലികള്‍ ഏറ്റെടുത്ത് നടത്തി വന്നിരുന്ന കോണ്‍ട്രാക്റ്ററായിരുന്നു സതീഷ്. സാമ്പത്തിക ബാധ്യതയാണ് ദമ്പതികളുടെ മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ഇവര്‍ക്ക് രണ്ടു കോടി 30 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് വിശ്വസിക്കുന്നതെന്ന് സതീഷിന്റെ സഹോദരന്‍ പറയുന്നു. പലപ്പോഴായി എടുത്ത വായ്പകളാണ് വലിയ ബാധ്യതയായി മാറിയത്. ഇവരുടെ വീടും ബാങ്ക് ജപ്തി ചെയ്യാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി (Holiday). തൃശൂര്‍, വയനാട്, കാസര്‍കോട്, കണ്ണൂർ, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.

റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കാസര്‍കോട്, വയനാട് ജില്ലകളില്‍ അവധി നല്‍കിയിരിക്കുന്നത്. വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.

കാസര്‍കോട് ജില്ലയിലെ സാഹചര്യത്തില്‍, ജില്ലയിലെ കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 16 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, നേഴ്സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.

പ്ലസ് വൺ പ്രവേശന പ്രക്രിയകളും നിശ്ചയിച്ച തിയതികളിൽ പൂർത്തീകരിക്കേണ്ടതുള്ളതിനാൽ പ്ലസ് വൺ പ്രവേശന നടപടികൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ അറിയിച്ചു.

കണ്ണൂർ ജില്ലയിൽ ശക്തമായ മഴ കാരണം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് നാളെ (തിങ്കൾ) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.

മലപ്പുറത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്നു കലക്ടർ വിആർ വിനോദ് പ്രഖ്യാപിച്ചു. മ​ദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച്ച ( ജൂൺ 16) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

വിദ്യാര്‍ത്ഥികളെ ഏത്തമിടീക്കല്‍: അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

വിദ്യാര്‍ത്ഥികളെ ഏത്തമിടീക്കല്‍: അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് ഏത്തമിടീച്ച സംഭവത്തില്‍ അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപികയ്ക്കാണ് ഡി ഇ ഒ യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.

കഴിഞ്ഞ ദിവസമാണ് അധ്യാപിക വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് ഏത്തം ഇടീച്ചത്. ദേശീയ ഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയതിനായിരുന്നു അധ്യാപികയുടെ ശിക്ഷാനടപടി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബസ് കിട്ടാതെ വരികയും സ്വകാര്യബസില്‍ കയറി വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്താന്‍ വൈകിയതിനെക്കുറിച്ച് രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടികള്‍ നടന്ന സംഭവം പറഞ്ഞത്.

തുടര്‍ന്ന് രക്ഷിതാക്കള്‍ വാട്ട്‌സാപ്പിലൂടെ ഇക്കാര്യം അധികൃതരെ അറിയിച്ചു. തുടര്‍ന്നാണ് ഡിഇഒക്ക് പരാതി നല്‍കുകയും ചെയ്തത്. അധ്യാപികയുടെ മറുപടിക്ക് ശേഷമാകും തുടര്‍നടപടിയില്‍ തീരുമാനമെടുക്കുക. ഇത്തരം പ്രാകൃത ശിക്ഷാരീതികള്‍ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണണെന്നും മന്ത്രി നിര്‍ദേശിച്ചു.

തിരുവനന്തപുരത്ത് സ്ത്രീയെ കൊന്ന് കുഴിച്ചുമൂടി?; അയല്‍വാസി കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് സ്ത്രീയെ കൊന്ന് കുഴിച്ചുമൂടി?; അയല്‍വാസി കസ്റ്റഡിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പനച്ചിമൂട് സ്വദേശിയായ സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് നാട്ടുകാരുടെ ആരോപണം. പനച്ചിമൂട് സ്വദേശിയായ 48 കാരി പ്രിയംവദയെയാണ് രണ്ടു ദിവസമായി കാണാനില്ലാതായത്. ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

പ്രിയംവദയെ കൊന്നുകുഴിച്ചു മൂടിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കാണാതാകുന്നതിന് മുമ്പ് സ്ത്രീയെ അയല്‍വാസിയുടെ വീട്ടുമുറ്റത്ത് കണ്ടിരുന്നുവെന്നാണ് സമീപവാസികള്‍ പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ അയല്‍വാസിയെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

‘പൊതി കൈമാറുന്നത് കണ്ടു’; പരിശോധനയ്‌ക്കെത്തിയപ്പോള്‍ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി, ഗുരുതര പരിക്കേറ്റ എസ്‌ഐ ആശുപത്രിയില്‍

‘പൊതി കൈമാറുന്നത് കണ്ടു’; പരിശോധനയ്‌ക്കെത്തിയപ്പോള്‍ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി, ഗുരുതര പരിക്കേറ്റ എസ്‌ഐ ആശുപത്രിയില്‍

കൊച്ചി: മുവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം. കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഇഎം മുഹമ്മദിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

റോഡിന്റെ വശത്തായി നിര്‍ത്തിയിട്ടിരുന്ന കറുത്ത കാറിലുണ്ടായിരുന്ന രണ്ടുപേര്‍ പൊതി കൈമാറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ് കാര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വാഹനം പരിശോധിക്കുന്നത് കാറിലുണ്ടായിരുന്നവര്‍ എതിര്‍ക്കുകയും മുഹമ്മദിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിലത്തു വീണ മുഹമ്മദിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി. ഗുരുതരമായി പരുക്കേറ്റ മുഹമ്മദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദിന്റെ കൈയ്ക്കും കാലിനും ഒടിവുണ്ട്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

‘ആദ്യ ശ്രമത്തില്‍ ദേശീയതലത്തില്‍ മുപ്പതിനായിരത്തിനടുത്ത് റാങ്ക്, തളര്‍ന്നില്ല’; കേരളത്തില്‍ ദീപ്നിയ നമ്പര്‍ വണ്‍

‘ആദ്യ ശ്രമത്തില്‍ ദേശീയതലത്തില്‍ മുപ്പതിനായിരത്തിനടുത്ത് റാങ്ക്, തളര്‍ന്നില്ല’; കേരളത്തില്‍ ദീപ്നിയ നമ്പര്‍ വണ്‍

കോഴിക്കോട്: ആദ്യ ശ്രമത്തില്‍ ദേശീയതലത്തില്‍ മുപ്പതിനായിരത്തിനടുത്ത് റാങ്ക്. തളര്‍ന്നില്ല. ലക്ഷ്യം നേടാനുറച്ച് ഒരുവര്‍ഷം പൂര്‍ണമായും പരിശീലനത്തിനായി വിനിയോഗിച്ചു. ഡോക്ടര്‍ എന്ന സ്വപ്നത്തിനുപുറകെയുള്ള ദീപ്നിയയുടെ യാത്രയ്ക്ക് മിന്നുന്ന വിജയത്തുടക്കം. കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ദൂരം താണ്ടി നീറ്റിലെ സംസ്ഥാനത്തെ ആദ്യ റാങ്കില്‍ ദീപ്നിയ മുത്തമിടുമ്പോള്‍ വീടിനും നാടിനും അഭിമാന നിമിഷം.

പൊതുവിദ്യാലത്തില്‍ പഠിച്ച, വായന ഏറെ ഇഷ്ടമുള്ള കോഴിക്കോട് ആവള സ്വദേശിനി ദീപ്നിയ ചിട്ടയായ പഠനത്തിലൂടെയാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. അഖിലേന്ത്യാതലത്തില്‍ 109-ാം റാങ്കാണ്. ആദ്യ ശ്രമത്തില്‍ ദേശീയതലത്തില്‍ മുപ്പതിനായിരത്തിനടുത്തായിരുന്നു റാങ്ക്. ലക്ഷ്യം നേടാനുറച്ച് ഒരുവര്‍ഷം പൂര്‍ണമായും പരിശീലനത്തിനായി വിനിയോഗിച്ചു. പാലാ ബ്രില്യന്‍സില്‍ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പരിശീലനം. ദിവസം 12 മുതല്‍ 13 മണിക്കൂര്‍ വരെയായിരുന്നു പഠനമെന്ന് ദീപ്നിയ പറയുന്നു.

പോണ്ടിച്ചേരി ജിപ്മറില്‍ പഠിക്കാനാണ് താല്‍പ്പര്യം. ആവള ജിഎംഎല്‍പി, ആവള യുപി, ആവള കുട്ടോത്ത്ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. പാഠ്യേതരവിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകനും മഠത്തില്‍ മുക്കിലെ ആവള ടി ഗ്രന്ഥാലയം സെക്രട്ടറിയുമായ പള്ളിക്കല്‍മീത്തല്‍ പി എം ദിനേശന്റെയും ഇതേ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഗണിതശാസ്ത്ര അധ്യാപിക എം പി ബിജിയുടേയും മകളാണ്.