by Midhun HP News | Jun 6, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്-പിജി പരീക്ഷ ഓഗസ്റ്റ് 3ന്. ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നേരത്തെ നിശ്ചയിച്ച ജൂണ്‍ 15ല്‍ നിന്ന് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്റെ ( എന്‍ബിഇ) അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. പരീക്ഷാ തീയതി നീട്ടണമെന്ന എന്‍ബിഇയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ നിരവധി ചോദ്യങ്ങളും സുപ്രീംകോടതി ഉന്നയിച്ചു.
നേരത്തെ ജൂണ്‍ 15ന് രണ്ട് ഷിഫ്റ്റ് ഫോര്‍മാറ്റില്‍ പരീക്ഷ നടത്തുന്നതില്‍ സുപ്രീംകോടതി ആശങ്ക ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഒറ്റ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പരീക്ഷ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയുടെ തീയതി മാറ്റി. ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് മൂന്നിന് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന എന്‍ബിഇയുടെ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
ജസ്റ്റിസ് പി കെ മിശ്രയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. പരീക്ഷയുടെ കാലതാമസത്തെ കുറിച്ച് എന്‍ബിഇയോടും കേന്ദ്രത്തോടും ചോദിച്ച കോടതി, ജൂലൈയിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ചയില്‍ പരീക്ഷ നടത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും ആരാഞ്ഞു. ‘നിങ്ങള്‍ക്ക് എന്തിനാണ് രണ്ട് മാസം കൂടി ? ഇത് മുഴുവന്‍ പ്രവേശന പ്രക്രിയയും വൈകിപ്പിക്കും,’- കോടതി നിരീക്ഷിച്ചു.
ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള വെല്ലുവിളികളാണ് മാറ്റിവയ്ക്കലിന് പ്രധാന കാരണമെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) കെ എം നടരാജ് കോടതിയെ ധരിപ്പിച്ചു.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗങ്ങള്‍ നടത്തിയതായും നിരവധി നിര്‍ണായക പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞതായും അദ്ദേഹം കോടതിയെ അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കല്‍, കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് പരീക്ഷാ തീയതി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷ എപ്പോള്‍ നടന്നാലും പരീക്ഷാ പ്രക്രിയയുടെ സമഗ്രതയും സുരക്ഷയും ഉറപ്പാക്കേണ്ടത് ഒരു മുന്‍ഗണനയായി തുടരണമെന്ന് ജസ്റ്റിസ് മിശ്ര അഭിപ്രായപ്പെട്ടു.
മെയ് 30-നാണ് പരീക്ഷയ്ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള മുന്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് കോടതി എന്‍ബിഇയെ വിമര്‍ശിച്ചു. ‘അതിനുശേഷം നിങ്ങള്‍ എന്താണ് ചെയ്തത്?’- ബെഞ്ച് ചോദിച്ചു. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് അധിക സമയം എടുക്കുന്നതെന്ന് എന്‍ബിഇ കോടതിക്ക് ഉറപ്പ് നല്‍കി. ‘ഒരു തരത്തിലും പരീക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’- എന്‍ബിഇ കോടതിയെ ധരിപ്പിച്ചു.
by Midhun HP News | Jun 6, 2025 | Latest News, കേരളം
കായംകുളം പുതുപ്പള്ളിയിൽ വീട്ടിൽ നിന്ന് പട്ടാപ്പകൽ പതിനാലര പവൻ സ്വർണ്ണം മോഷണം പോയ കേസിൽ ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ. പുതുപ്പള്ളി പ്രയാർ പനക്കുളത്ത് പുത്തൻ വീട്ടിൽ സാബു ഗോപാലൻ്റെ വീട്ടിൽ നിന്ന് സ്വർണ്ണം മോഷണം പോയ കേസിലാണ് ഇയാളുടെ മകൻ്റെ ഭാര്യയായ പുതുപ്പള്ളി നെടിയത്ത് വീട്ടിൽ ഗോപിക (27) പിടിയിലായത്.
2024 മെയ് 10-ാം തീയതിയാണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ കബോർഡിൽ നിന്നാണ് ഒരു പവന്റെ നാല് വളകളും 10 പവന്റെ മാലയും അര പവൻ തൂക്കമുള്ള താലിയും ഉൾപ്പെടെ പതിനാലര പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയത്. സാബു ഗോപാലൻ്റെ ബന്ധുവായ ഇടയനമ്പലം സ്വദേശി ലോക്കറിൽ വയ്ക്കാനായി ഗോപികയുടെ കൈയ്യിൽ ഏൽപ്പിച്ച 11 പവൻ സ്വർണ്ണം കഴിഞ്ഞ മൂന്നാം തീയതി ലോക്കറിൽ നിന്ന് എടുത്തുകൊണ്ട് വരുന്നതിനിടെ നഷ്ടപ്പെട്ടതായി പരാതി നൽകിയിരുന്നു.
ഈ പരാതിയിൽ വിവരങ്ങൾ ചോദിച്ചറിയാൻ ഗോപികയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു. മൊഴിയിൽ വൈരുദ്ധ്യങ്ങൾ തോന്നിയ പോലീസ് ഗോപിക താമസിക്കുന്ന സാബു ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള പ്രയാർ വടക്ക് പനക്കുളത്ത് പുത്തൻവീട്ടിൽ എത്തി അന്വേഷണം നടത്തി.
തുടർന്ന് ഗോപികയുടെ ബാഗിൽ നിന്ന് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ സ്വർണ്ണം കണ്ടെടുക്കുകയായിരുന്നു. തുടർന്ന് ഗോപികയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കഴിഞ്ഞ വർഷം സാബു ഗോപാലൻ്റെ വീട്ടിൽ നിന്നും കാണാതായ പതിനാലര പവൻ്റെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത് താനാണെന്ന് ഗോപിക സമ്മതിക്കുകയുമായിരുന്നു.
മോഷ്ടിച്ച സ്വർണം ഗോപിക ബന്ധുവിനെ ഉപയോഗിച്ച് വിറ്റു. വിറ്റുകിട്ടിയ പണത്തിൻ്റെ ഒരു ഭാഗം ഉപയോഗിച്ച് ഗോപികയുടെ പണയത്തിലിരുന്ന സ്വർണം എടുത്തതായും സമ്മതിക്കുകയായിരുന്നു. കായംകുളം സി ഐ അരുൺ ഷാ, എസ് ഐ രതീഷ് ബാബു, എ എസ് ഐ ജീജാദേവി, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
by Midhun HP News | Jun 6, 2025 | Latest News, കേരളം
കണ്ണൂര്‍: പ്രമുഖ വ്‌ലോഗറായ വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപ്പറ്റിയ ദൃശ്യം പുറത്ത് വന്നതോടെ കണ്ണൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിവാദത്തില്‍. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീജിത്ത് കോടേരിയും എസിപി പ്രദീപ് കണ്ണിപ്പൊയിലും വ്‌ലോഗറായ വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപ്പറ്റിയെന്നാണ് ആരോപണം.
വ്യവസായിയുടെ കണ്ണൂര്‍ കാല്‍ടെക്‌സിലെ സ്ഥാപനത്തിലെത്തിയാണ് എസ്എച്ച്ഒ വിലപിടിപ്പുള്ള ഉപഹാരം കൈപ്പറ്റിയത് എന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ വ്യവസായി തന്നെ റീല്‍സായി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. എസ്എച്ച്ഒയുടെ നടപടി പൊലീസ് ആക്ടിന്റെ ലംഘനമാണെന്നും സര്‍വീസ് ചട്ടങ്ങള്‍ മറികടന്നതിന് നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സംഭവത്തില്‍ എസ്എച്ച്ഒയ്‌ക്കെതിരെ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.
എസിപിയായ പ്രദീപ് കണ്ണിപ്പൊയില്‍ യൂണിഫോമിലെത്തി ഉപഹാരം വാങ്ങുന്നതിന്റെ ദൃശ്യങ്ങളും വ്യവസായി പങ്കുവച്ചിട്ടുണ്ട്. സ്വര്‍ണ നിറത്തിലുള്ള മുത്തപ്പന്‍ വിളക്കാണ് ശ്രീജിത്ത് കൊടെരിക്ക് കണ്ണൂര്‍ കാല്‍ടെക്‌സിന് സമീപമുള്ള കടയുടമ ഉപഹാരമായി നല്‍കിയത്. ജന്മദിന സമ്മാനമായാണ് നല്‍കിയത് എന്നാണ് ആരോപണം. എന്നാല്‍ ബന്ധുവിന്റെ ഗൃഹപ്രവേശനത്തിന് കൊടുക്കാനായി താന്‍ ഉരുളി വാങ്ങാന്‍ പോയപ്പോള്‍ സൗജന്യമായി മുത്തപ്പന്‍ വിളക്ക് നല്‍കുകയായിരുന്നുവെന്നാണ് ശ്രീജിത്ത് കൊടേരിയുടെ വിശദീകരണം. തനിക്കെതിരെ പരാതി നല്‍കിയാള്‍ക്കെതിരെ ഉപഭോക്തൃ കോടതി ജീവനക്കാരുടെ പരാതിയില്‍ കേസെടുത്തിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും ശ്രീജിത്ത് കൊടേരി വ്യക്തമാക്കി. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
by Midhun HP News | Jun 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ അടുത്തുകണ്ടാല്‍ ഒരു നാലാം ക്ലാസുകാരിയുടെ മനസില്‍ എന്തായിരിക്കും? ലോക പരിസ്ഥിതിദിനാചരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതിമിത്രം പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു നാലാം ക്ലാസുകാരിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് നിന്ന ദൃശ്യങ്ങള്‍ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ജപ്തി ഭീഷണി നേരിടുന്ന സ്വന്തം പുരയിടത്തെക്കുറിച്ചുള്ള ആശങ്കയായിരുന്നു പരിസ്ഥിതിമിത്രം പ്രത്യേക ജൂറി അവാര്‍ഡ് സ്വീകരിച്ച കോഴിക്കോട് മലാപ്പറമ്പ് ലിറ്റില്‍ കിങ്‌സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനി കെ പി ദേവിക മുഖ്യമന്ത്രിയോട് പങ്കുവച്ചത്.
ആറ് സെന്റ് മാത്രം വരുന്ന മലാപ്പറമ്പ് വേങ്ങേരിയിലെ പുരയിടത്തിലെ കൃഷിയാണ് കെ പി ദേവികയെ പരിസ്ഥിതിമിത്രം പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. അതേ പുരയിടം നേരിടുന്ന ജപ്തിഭീഷണിയെ കുറിച്ചുള്ള ആശങ്കയായിരുന്നു പുരസ്‌കാരം സ്വീകരിച്ച് മുഖ്യമന്ത്രിയോട് പങ്കുവച്ചത്. നാലാം ക്ലാസുകാരിയുടെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കാന്‍ മുഖ്യമന്ത്രിയും തയ്യാറായി. വായ്പയുടെ വിരങ്ങളും ഇടപെടല്‍ ആവശ്യപ്പെടുന്ന കത്തും ദേവിക മുഖ്യമന്ത്രിക്ക് നല്‍കി. വിഷയം പരിശോധിക്കാമെന്ന് വാക്കുനല്‍കിയാണ് മുഖ്യമന്ത്രി ദേവികയെ മടക്കി അയച്ചത്.
തയ്യല്‍ തൊഴിലാളിയായ ദേവികയുടെ അച്ഛന്‍ കെ പി ദീപക് ജോലി വിപുലീകരിക്കുന്നതിനും വീടുപണിക്കും വേണ്ടിയായിരുന്നു വായ്പ എടുത്തത്. സഹകരണബാങ്ക്, എസ്ബിഐ എന്നിലയില്‍ നിന്നും സ്വന്തമാക്കിയ ആറരലക്ഷം രൂപ വായ്പ കോവിഡ് പ്രതിസന്ധിയും അപകടവും ഉള്‍പ്പെടെ ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതിനിടെ ദേവിക അസുഖബാധിതയായതും ദീപകിന് വാഹനാപകടം സംഭവിച്ചതും പ്രതിസന്ധി വര്‍ധിപ്പിച്ചു. വായ്പ മുടങ്ങിയതോടെ ബാങ്കുകള്‍ തുടര്‍നടപടിക്ക് മുതിരുകയായിരുന്നു. ഇക്കാര്യമാണ് ദേവിക മുഖ്യമന്ത്രിക്ക് മുന്നില്‍ ബോധിപ്പിച്ചത്.
വീട്ടുവളപ്പിലും ടെറസിലുമായി ഒരുക്കിയ കൃഷിത്തോട്ടമാണ് ദേവിക പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. കൃഷിത്തോട്ടം നേരിട്ടെത്തി വിലയിരുത്തിയാണ് പരിസ്ഥിതി-കാലാവസ്ഥാ ഡയറക്ടറേറ്റ് സംസ്ഥാന പരിസ്ഥിതിമിത്രം പ്രത്യേക ജൂറി പുരസ്‌കാരത്തിനായി ദേവികയെ തെരഞ്ഞെടുത്തത്. അച്ഛന്‍ ദീപകും അമ്മ സിന്‍സിയും കുഞ്ഞനിയന്‍ നിലനും ഒപ്പമാണ് ദേവിക പുരസ്‌കാരം വാങ്ങാന്‍ തിരുവനന്തപുരത്ത് എത്തിയത്.
by Midhun HP News | Jun 6, 2025 | Latest News, കേരളം
കൊച്ചി: കൂട്ടായ്മയുടെ ശക്തി വിളിച്ചോതി സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തുന്ന എക്സ്സീഡ് ഗ്രീന്‍ പദ്ധതിക്ക് തുടക്കമായി. കേരളത്തിലുടനീളമുള്ള വായനക്കാരെ കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ദിനത്തിലാണ് പദ്ധതി ആരംഭിച്ചത്. എറണാകുളം അസിസ്റ്റന്റ് കലക്ടര്‍ പാര്‍വതി ഗോപകുമാര്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പത്രത്തോടൊപ്പം ഒരു പാക്കറ്റ് വിത്ത് വിതരണം ചെയ്യുന്ന പദ്ധതി ഒറ്റനോട്ടത്തില്‍ ലളിതമാണെന്ന് തോന്നാമെങ്കിലും ഒന്നിച്ച് കൂട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് പാര്‍വതി ഗോപകുമാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ‘സിഎസ്ആറിന്റെ ഭാഗമായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും സൗത്ത് ഇന്ത്യന്‍ ബാങ്കും ചേരുന്നത് നല്ല സന്ദേശമാണ് നല്‍കുന്നത്. സമൂഹത്തില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്താന്‍ ഒരു നടപടി കൂട്ടായി എടുക്കുമ്പോള്‍ അത് ഒരു മാറ്റം കൊണ്ടുവരും,’- പാര്‍വതി ഗോപകുമാര്‍ പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജറും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ സോണി എ, അസിസ്റ്റന്റ് കലക്ടര്‍ക്ക് ആദ്യ വിത്ത് പാക്കറ്റ് കൈമാറി. സുസ്ഥിരതയ്ക്കുള്ള ബാങ്കിന്റെ പ്രതിബദ്ധത സോണി എ ആവര്‍ത്തിച്ചു. വൈവിധ്യത്തിനായുള്ള ബാങ്കിന്റെ ദീര്‍ഘകാല ഊന്നലും പരിസ്ഥിതി ലക്ഷ്യങ്ങള്‍ക്കനുസൃതമായി ഹരിത നിക്ഷേപങ്ങള്‍ പുനരാരംഭിച്ചതും ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, റെസിഡന്റ് എഡിറ്റര്‍ (കേരളം) കിരണ്‍ പ്രകാശ്, ടിഎന്‍ഐഇ ജനറല്‍ മാനേജറും (കേരളം) സ്‌പെഷ്യല്‍ പ്രോജക്ടുകളുടെ നാഷണല്‍ ഹെഡുമായ വിഷ്ണു നായര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് മാര്‍ക്കറ്റിങ് ഹെഡ് രമേശ് കെ പി, മറ്റ് മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഈ പദ്ധതിയുടെ ഭാഗമായി, വ്യാഴാഴ്ച സംസ്ഥാനത്തുടനീളം പത്രത്തോടൊപ്പം ടിഎന്‍ഐഇ വായനക്കാര്‍ക്ക് പച്ചക്കറി വിത്തുകളുടെ പാക്കറ്റ് വിതരണം ചെയ്തു.
വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളം (വിഎഫ്പിസികെ), കേരള കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് എന്നിവയുടെ പിന്തുണയോടെയാണ് ഈ സംരംഭം ആരംഭിച്ചത്.
by Midhun HP News | Jun 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്നു. മുന്‍ കെപിസിസി അധ്യക്ഷനാണ്.
വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന തെന്നലയുടെ ആരോഗ്യനില രാവിലെ വഷളായി. തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിന്റെ സൗമ്യ മുഖമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം കൂടിയാണ്.
രണ്ടു തവണ തെന്നല ബാലകൃഷ്ണപിള്ള കെപിസിസി അധ്യക്ഷനായിരുന്നു. 1998 ലും 2004 ലും കെപിസിസി അധ്യക്ഷനായി. 1977ലും, 1982 ലും അടൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1967, 1980, 1987 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അടൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1981 മുതല്‍ 1992 വരെ കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. 1991-1992, 1992-1998, 2003-2009 എന്നിങ്ങനെ മൂന്നു തവണ രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. കെ കരുണാകരന്‍- എ കെ ആന്റണി പോര് മൂര്‍ച്ഛിച്ചു നിന്നപ്പോള്‍, ഹൈക്കമാന്‍ഡ് ഏറെ ആശ്രയിച്ചിരുന്നത് തെന്നലയെയായിരുന്നു. 1998-ൽ വയലാർ രവിയ്ക്ക് പകരമായാണ് തെന്നല ആദ്യമായി കെപിസിസി പ്രസിഡൻറാകുന്നത്. 2001-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തെന്നലയുടെ നേതൃത്വത്തിൽ യുഡിഎഫ് വൻ വിജയം നേടി. പിന്നീട് 2001-ൽ കെ മുരളീധരന് വേണ്ടി കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞു. 2004 ൽ പി പി തങ്കച്ചൻ ഒഴിഞ്ഞപ്പോൾ വീണ്ടും തെന്നല ബാലകൃഷ്ണപിള്ള കെപിസിസി അധ്യക്ഷനായി. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിലാണ് തെന്നല ബാലകൃഷ്ണപിള്ളയുടെ ജനനം.
Recent Comments