by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മൂകാംബിക ഭക്തരെ പെരുവഴിയിലാക്കിയ റയിൽവേ പതിനായിരം രൂപ വീതം യാത്രക്കാർക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേരാണ് മാവേലി എക്സ്പ്രസ് വൈകിയോടിയതുകൊണ്ട് ദുരിതത്തിലായത്.
രാത്രി തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് പരാതിക്കാർ മാവേലി എക്സ്പ്രസ്സിൽ കയറിയത്. പിറ്റേന്ന് രാവിലെ 8.05 ന് മംഗലാപുരം സെൻട്രൽ സ്റ്റേഷനിൽ എത്തേണ്ട ട്രെയിനാണ്. അവിടെ നിന്ന് 9 മണിക്കുള്ള കണക്ഷൻ ട്രെയിനായ മംഗലാപുരം-കാർവാർ എക്സ്പ്രസ്സിൽ കയറി ബൈന്ദൂർ (മൂകാംബിക റോഡ്) സ്റ്റേഷനിൽ ഇറങ്ങി ക്ഷേത്രത്തിൽ പോകാനായിരുന്നു അവരുടെ യാത്രാ പദ്ധതി. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു.
കൊല്ലൂർ മൂകാംബിക ക്ഷേത്രം സന്ദർശിക്കുന്നതിനായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പരാതിക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേലേക്ക് മാവേലി എക്സ്പ്രസിലായിരുന്നു യാത്ര. 2017 ഓഗസ്റ്റ് പത്തിനു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 8.05 നാണ് മംഗലാപുരത്ത് എത്തിച്ചേരേണ്ടത്. അവിടെനിന്നു ബൈന്ദൂർ സ്റ്റേഷനിലേക്ക് (മൂകാംബിക റോഡ്) മംഗലാപുരം-കാർവാർ എക്സ്പ്രസില്‍ പോവാനായിരുന്നു പദ്ധതി. രാവിലെ 9 മണിക്ക് മംഗലാപുരം സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതാണ് കണ്ക്ഷൻ ട്രെയിൻ.
മാവേലി എക്സ്പ്രസ് മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഔട്ടറിൽ രാവിലെ 8.20 ന് എത്തിയെങ്കിലും ബൈന്ദൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ട കണക്ഷൻ ട്രെയിൻ സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതുവരെ ഔട്ടറിൽ തന്നെ നിർത്തിയിട്ടു എന്ന് പരാതിക്കാർ പറഞ്ഞു. സെൻട്രൽ സ്റ്റേഷനിൽ ഒഴിഞ്ഞ പ്ലാറ്റ്‌ഫോമുകൾ ഉണ്ടായിരുന്നിട്ടും ട്രെയിൻ ഔട്ടറിൽ നിർത്തിയതായി പരാതിക്കാർ ആരോപിച്ചു. ഇതുമൂലം തുടർന്നുള്ള യാത്രയ്ക്കായി ബസ് പിടിക്കേണ്ടിവന്നുവെന്നും ഇത് സാമ്പത്തിക നഷ്ടത്തിനും മാനസിക ബുദ്ധിമുട്ടിനും കാരണമായെന്നും പരാതിക്കാർ പറഞ്ഞു.
മാവേലി എക്സ്പ്രസ് മംഗലാപുരം സ്റ്റേഷനിൽ 9.08 മണിക്ക് എത്തിയതായി റെയിൽവേ കോടതിയെ അറിയിച്ചു. മംഗലാപുരം-കാർവാർ എക്സ്പ്രസ് മാവേലി എക്സ്പ്രസിനുള്ള കണക്ഷൻ ട്രെയിനാണെന്ന വാദം വസ്തുതാപരമായി തെറ്റാണ്. അതിനാൽ, മാവേലി എക്സ്പ്രസ് എത്തുന്നതുവരെ സ്റ്റേഷനിൽ ഈ വണ്ടി പിടിച്ചിടാൻ കഴിയില്ല. അതുകൊണ്ട് മംഗലാപുരം-കാർവാർ എക്സ്പ്രസ് 9 മണിക്ക് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടുവെന്നും റെയില്‍വേ അറിയിച്ചു.
പരാതിക്കാർക്ക് നൽകിയ ടിക്കറ്റുകൾ തിരുവനന്തപുരത്ത് നിന്ന് മൂകാംബിക റോഡിലേക്കുള്ളതായിരുന്നതിനാൽ മംഗലാപുരം-കാർവാർ എക്സ്പ്രസ് കണക്ഷൻ ട്രെയിൻ അല്ലെന്ന റെയിൽവേയുടെ വാദം അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. മംഗലാപുരം സെൻട്രലിൽ നിന്ന് മൂകാംബികയിലേക്കുള്ള ട്രെയിൻ കണക്ഷൻ ട്രെയിൻ അല്ലെങ്കിലും, ആദ്യ ട്രെയിൻ എത്താൻ വൈകിയതിനാൽ പരാതിക്കാർക്ക് രണ്ടാമത്തെ ട്രെയിനിൽ കയറാൻ കഴിഞ്ഞില്ല.
കൃത്യസമയമായ 8.05 മണിക്ക് പകരം ഒരു മണിക്കൂറിലേറെ വൈകി 9.08 ന് ട്രെയിൻ എത്തിയതിന് കാരണമായി ഒരു തെളിവും റെയിൽവേ ഹാജരാക്കിയില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
“പൊതുഗതാഗതം നിലനിൽക്കണമെങ്കിൽ, സ്വകാര്യ കമ്പനികളുമായി മത്സരിക്കണമെങ്കിൽ, അതിന്റെ സംവിധാനവും തൊഴിൽ സംസ്കാരവും മെച്ചപ്പെടുത്തേണ്ടതുണ്ട്. പൗരർക്കോ യാത്രക്കാർക്കോ അധികാരികളുടെ കാരുണ്യത്തിൽ കഴിയാൻ കഴിയില്ല,” ഉത്തരവിൽ പറയുന്നു. കമ്മീഷൻ പ്രസിഡന്റ് പി വി ജയരാജൻ, അംഗങ്ങളായ പ്രീത ജി നായർ, വിജു വി ആർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. യാത്രക്കാരിൽ ഒരാളായ അഭിഭാഷകൻ രവികൃഷ്ണൻ എൻ ആർ പരാതിക്കാർക്ക് വേണ്ടി ഹാജരായി.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
കർഷക കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഫുഡ് സേഫ്റ്റി ഓഫീസിൽ ലോക പരിസ്ഥിതി ദിനം പ്രമാണിച്ച് വൃക്ഷത്തൈ നടീൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് അടയമൺ മുരളി ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ആറ്റിങ്ങൽ അധ്യക്ഷനായി. മുൻ പ്രതിപക്ഷ നേതാവ് എം അനിൽകുമാർ, ജില്ലാ ഭാരവാഹികളായ ബി കെ സുരേഷ് ബാബു, മധുസൂദനൻ നായർ, ജയകുമാർ, തുളസീദാസ്, മണിയൻ, വീണ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു,
by Midhun HP News | Jun 5, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: കെസി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലനാകുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സര്‍ക്കാരിനെ അടിക്കാന്‍ ഒരുവടികിട്ടി എന്ന രൂപത്തില്‍ ആനന്ദനൃത്ത മാടുകയാണ്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തെ ചൊല്ലി യുഡിഎഫ് മതവര്‍ഗീയത കുത്തിവയ്ക്കുന്നുവെന്നും പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
ദേശീയപാത നിര്‍മാണത്തിനിടെ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ അത് സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുകയാണ്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് കെസി വേണുഗോപാല്‍. നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ചുപോകണം. അല്ലാതെ പ്രവൃത്തി മുന്നോട്ടുപോകേണ്ടതില്ലെന്ന തീരുമാനമെടുക്കരുത്. എന്‍എച്ച് 66ന്റെ കാലനാകാനാണ് കെസി വേണുഗോപാല്‍ ശ്രമിക്കുന്നത്. കാലന്റെ പണിയെടുക്കാന്‍ നോക്കിയാലും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാനാണ് ശ്രമമെന്നും പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലമ്പൂരില്‍ സ്വരാജ് സ്ഥാനാര്‍ഥിയായതോടെ യുഡിഎഫ് ക്യാംപ് ആകെ വാടിയിരിക്കുകയാണ്. എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സ്വരാജ് നിയമസഭയിലെത്തുമെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട് യുഡിഎഫ് മതവര്‍ഗീയത കുത്തിവയ്ക്കുകയാണെന്നും റിയാസ് പറഞ്ഞു.
by Midhun HP News | Jun 5, 2025 | Latest News, കേരളം
കൊച്ചി: അറബിക്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. മുങ്ങിയ കണ്ടെയ്‌നറുകളില്‍ എന്തായിരുന്നു?. ചരക്കുകപ്പലിലെ കണ്ടെയ്‌നറുകളിലെ വസ്തുക്കള്‍ എന്തായിരുന്നുവെന്ന് വ്യക്തമാക്കണം. മുങ്ങിയ കണ്ടെയ്‌നറുകള്‍ മൂലമുള്ള പാരിസ്ഥിതിക പരിണിതഫലങ്ങള്‍ എന്താകുമെന്നും കോടതി ചോദിച്ചു. പൊതു ഇടങ്ങളിലും വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മെയ് 25 ലെ കപ്പല്‍ അപകടത്തില്‍ ലഭ്യമായ എല്ലാ വിവരങ്ങളും, ചരക്ക് വിശദാംശങ്ങള്‍, എണ്ണ ചോര്‍ച്ച, പാരിസ്ഥിതിക ആഘാതം തുടങ്ങിയവ ഉള്‍പ്പെടെ, പൊതുസമൂഹത്തിന് മുന്നില്‍ പ്രസിദ്ധീകരിക്കാന്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
കപ്പല്‍ അപകടം സമുദ്രത്തെയും തീരദേശ പരിസ്ഥിതിയെയും ബാധിക്കുമെന്നുറപ്പാണ്. കപ്പലില്‍ നിന്നും ഒഴുകിപ്പോയ കണ്ടെയ്‌നറുകളിലെ ചരക്കുകളെക്കുറിച്ചും അതു സൃഷ്ടിച്ചേക്കാവുന്ന ആഘാതത്തെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമാക്കണം. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ലെങ്കില്‍, കേസില്‍ അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദേശം നല്‍കി.
വര്‍ഷങ്ങളായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശം ഉണ്ടെങ്കിലും, ഇത്തരം ദുരന്തങ്ങള്‍ തടയുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ഫലപ്രദമായ ഒരു സംവിധാനം ഇപ്പോഴും നിലവിലില്ലെന്ന് ഹര്‍ജിക്കാരനായ ടി എന്‍ പ്രതാപന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസ് കോടതിയുടെ പരിഗണനയിലുണ്ടെന്നും, സംസ്ഥാന സര്‍ക്കാരിന്റെ മറുപടി ലഭിച്ചതിനുശേഷം കൂടുതല്‍ വാദം കേള്‍ക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റുകയും ചെയ്തു.
മെയ് 25നാണ് കേരളതീരത്തുനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ എംഎസ്‍സി എല്‍സ – 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ചരക്കുകപ്പൽ അറബിക്കടലില്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്നറുകളില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളാണെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കപ്പല്‍ പൂര്‍ണമായി മുങ്ങിയതോടെ കണ്ടെയ്നറുകള്‍ സംസ്ഥാനത്തിന്‍റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തായി അടിഞ്ഞിരുന്നു.
by Midhun HP News | Jun 5, 2025 | Latest News, കേരളം
തിരുവനന്തപുരത്ത് അധ്യാപകർ തമ്മിലുള്ള കുടിപ്പകയിൽ വിദ്യാർഥിനി ബലിയാടായ സംഭവത്തിൽ അടിയന്തിര ഇടപെടലുമായി വിദ്യാഭ്യാസ വകുപ്പ്. വിഷയം അന്വേഷിക്കാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി. സ്കൂൾ നടത്തിപ്പിനെ കുറിച്ചും അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തിയത് വലിയ തെറ്റാണെന്ന് മന്ത്രി പറഞ്ഞു.
പുതിയ സവിശേഷ കാര്യമാണ് കിളിമാനൂർ സ്കൂളിൽ നടന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരാതിയിൽ വെറുതെ ഇരിക്കാൻ തയ്യാറല്ല. കുറ്റം ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കും. അന്വേഷിച്ചു ഒരു ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദ്ദേശം നൽകിയെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ഇത്തരം കുറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കുറ്റക്കാരെ വെറുതെ വിടുന്ന സർക്കാരല്ല ഇവിടെയുള്ളതെന്ന് അവർ അറിയണമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന്റെ പ്രധാന്യം. കുട്ടികൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുത്. താഴെയുള്ള ഉദ്യോഗസ്ഥർ അനങ്ങാറില്ല. അതാണ് സർക്കാർ നേരിട്ട് ഇടപെടുന്നതെന്ന് മന്ത്രി പറഞ്ഞു.
ഏത് വിഷയത്തിലും കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടായെന്ന് ബോധ്യപ്പെട്ടാൽ സർക്കാർ ഇടപെടുകയും കുറ്റക്കാരെ നടപടിക്ക് വിധേയരാക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. അധ്യാപകർ തമ്മിലുള്ള തർക്കത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തി. എതിർ ചേരിയിലെ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രചാരണം. നാണക്കേട് കാരണം പഠനം ഉപേക്ഷിച്ചുവെന്ന് വിദ്യാർഥിനി മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ കുറിച്ച് കള്ള കഥകൾ പ്രചരിപ്പിച്ച അധ്യാപികയെ തുടരാൻ അനുവദിക്കരുതെന്നാണ് പെൺകുട്ടി ആവശ്യപ്പെടുന്നത്. കഷ്ടപ്പെട്ട് പഠിച്ചിട്ടും ഈ ഗതി വന്നതിൽ വലിയ വിഷമമെന്നും വിദ്യാർത്ഥിനി തുറന്നു പറയുന്നു. ദുരനുഭവം സംബന്ധിച്ച് മന്ത്രിക്കും പരാതി നൽകിയിരുന്നു. കൂടുതൽ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
by Midhun HP News | Jun 5, 2025 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില 73000 രൂപ കടന്നു. 73040 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് ഇന്ന് ഉയർന്നത്. 9130 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
Recent Comments