പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ; അലോട്ട്മെന്റ് ലഭിച്ചവർക്ക് വ്യാഴാഴ്ച വരെ അഡ്മിഷൻ; അറിയേണ്ടതെല്ലാം

പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ; അലോട്ട്മെന്റ് ലഭിച്ചവർക്ക് വ്യാഴാഴ്ച വരെ അഡ്മിഷൻ; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് ആദ്യ അലോട്ട്‌മെന്റില്‍ പേരുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്‌കൂളുകളില്‍ ഇന്നു മുതല്‍ പ്രവേശനം നേടാം. ഇന്നു മുതല്‍ ജൂണ്‍ 5 (വ്യാഴാഴ്ച) വൈകീട്ട് അഞ്ചു വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാനുള്ള സമയപരിധി. അലോട്ട്മെന്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായുള്ള വെബ്സൈറ്റില്‍ (hscap.kerala.gov.in) ലോഗിന്‍ ചെയ്താല്‍ അറിയാം.

ഇന്നലെ വൈകീട്ടാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ വെബ്സൈറ്റില്‍ നിന്ന് അലോട്ട്മെന്റ് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കണം. അലോട്ട്മെന്റ് ലെറ്ററും മതിയായ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷകര്‍ത്താവിനൊപ്പം അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷനെടുക്കാം.

വടക്കന്‍ ജില്ലകളില്‍ മഴ സാധ്യത; നാലിടത്ത് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റ്

വടക്കന്‍ ജില്ലകളില്‍ മഴ സാധ്യത; നാലിടത്ത് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി കാലവര്‍ഷത്തിനു നേരിയ ശമനമുണ്ടെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ (Rain) തുടരും. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. കര്‍ണാടക തീരത്തും ഇന്ന് മത്സ്യബന്ധനം പാടില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കന്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 40 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മധ്യ അറബിക്കടല്‍ അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ അറബിക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുക.

ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴി കൊടുത്തവർക്ക് താത്പര്യമില്ല, കേസുകൾ അവസാനിപ്പിക്കുന്നു

ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴി കൊടുത്തവർക്ക് താത്പര്യമില്ല, കേസുകൾ അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോ​ഗിച്ച ഹേമ കമ്മിറ്റി (Hema Committee) റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത പൊലീസ് കേസുകളെല്ലാം അവസാനിപ്പിക്കുന്നു. മൊഴി കൊടുത്തവർക്ക് കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് നടപടി.

35 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യ ഘട്ടത്തിൽ 21 കേസുകൾ അവസാനിപ്പിച്ച പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ശേഷിക്കുന്ന 14 കേസുകൾ കൂടി അവസാനിപ്പിച്ച് ഈ മാസം തന്നെ കോടതികളിൽ റിപ്പോർട്ട് നൽകാനാണ് പൊലീസ് ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകുന്നതോടെ എല്ലാ കേസുകളും അവസാനിക്കും.

കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് വർഷങ്ങൾക്കു ശേഷമാണ് അതിലെ വിവരങ്ങൾ പുറത്തു വന്നത്. പിന്നാലെ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി പരാതിയുമായി പലരും രം​ഗത്തു വന്നു. ചില മൊഴികൾ ഞെട്ടിക്കുന്നതായിരുന്നു. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വിടുന്നതിനെതിരെ ചിലർ കോടതിയെ സമീപിക്കുകയും ചെയ്തു.

പരാതികൾ കൂടിയതോടെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. കോടതി നിർദ്ദേശമനുസരിച്ച് മൊഴികളുടെ അടിസ്ഥാനത്തിൽ 35 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തത്. നടൻമാരായ മുകേഷ്, മണിയൻപിള്ള രാജു, സിദ്ദിഖ്, സംവിധായകൻ രഞ്ജിത്ത് എന്നിവരുടെ പേരിലുള്ളതടക്കം 30 കേസുകളിൽ നേരത്തെ കുറ്റപത്രം നൽകിയിരുന്നു. ഈ കേസുകൾ തുടരും.

മുൻപ് മൊഴി നൽകിയ ഭൂരിപക്ഷം പേരും കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്നു അറിയിച്ചു. ആദ്യ ഘട്ടത്തിൽ 21 കേസുകൾ അവസാനിപ്പിച്ച് കോടതിക്കു റിപ്പോർട്ട് നൽകി. ബാക്കി കേസുകളിലും പരാതിക്കാർ സമാന മറുപടി നൽകിയ സാഹചര്യത്തിലാണ് തുടർ നടപടികൾ പൂർത്തിയാക്കി 14 കേസുകൾ കൂടി പൊലീസ് അവസാനിപ്പിക്കുന്നത്.

പ്രതിഷ്ഠാദിനം; ശബരിമലനട നാളെ തുറക്കും

പ്രതിഷ്ഠാദിനം; ശബരിമലനട നാളെ തുറക്കും

പത്തനംതിട്ട: പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമലനട (Sabarimala Temple) നാളെ തുറക്കും. ബുധനാഴ്ച വൈകീട്ട് അഞ്ചിന് മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്നു ദീപം തെളിയിക്കും. തുടര്‍ന്നു ഭക്തര്‍ക്ക് ദര്‍ശനം നടത്താം. മറ്റ് പ്രത്യേക പൂജകളില്ല.

വ്യാഴാഴ്ചയാണ് പ്രതിഷ്ഠാദിനം. രാവിലെ പതിവു പൂജകള്‍ നടക്കും. തുടര്‍ന്നു തന്ത്രി കണ്ഠര് രാജീവരുടേയും ബ്രഹ്മദത്തന്റേയും കാര്‍മികത്വത്തില്‍ പ്രതിഷ്ഠാദിന പൂജകളോടെ കലശവും കളഭവുമാടും.

അഡ്വൈസ് മെമ്മോ ഡിജിറ്റലായി വരും; പി എസ് സി നിയമന ശുപാർശ ഇനി ഓൺലൈനിലൂടെ

അഡ്വൈസ് മെമ്മോ ഡിജിറ്റലായി വരും; പി എസ് സി നിയമന ശുപാർശ ഇനി ഓൺലൈനിലൂടെ

തിരുവനന്തപുരം: പി എസ് സി വഴിയുള്ള എല്ലാ നിയമന ശുപാർശകളും ഇനി ഓൺലൈൻ വഴിയാക്കുന്നു. ജൂലൈ ഒന്നു മുതലാണ് ഇതു പ്രാബല്യത്തിൽ വരിക. അടുത്ത മാസം ഒന്നു മുതൽ നിയമന ശുപാർശകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാനാണ് പബ്ലിക് സർവീസ് കമ്മീഷൻ തീരുമാനിച്ചിട്ടുള്ളത്.

ക്യൂ ആർ കോഡ് ഉൾപ്പെടുത്തി സുരക്ഷിതമാക്കിയ നിയമന ശുപാർശകളാണ് ലഭ്യമാക്കുക. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ പ്രവേശിച്ചാൽ ഇത് ലഭ്യമാകും. അഡ്വൈസ് മെമ്മോ ലഭിക്കുന്ന ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് ഇതോടൊപ്പം എസ് എം എസ് സന്ദേശം കൂടി നൽകും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അയക്കുന്ന അഡ്വൈസ് മെമ്മോ കാലതാമസമില്ലാതെ ലഭിക്കാനും അഡ്വൈസ് മെമ്മോ കൂടുതൽ സുരക്ഷിതമാക്കുകയും ലക്ഷ്യമിട്ടാണ് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതെന്ന് പി എസ് സി വ്യക്തമാക്കി. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ, തപാൽ മാർ​ഗം അഡ്വൈസ് മെമ്മോ അയക്കുന്ന രീതി നിർത്തലാക്കുമെന്നും പി എസ് സി അറിയിച്ചു.

നിലവിൽ രജിസ്‌റ്റേഡ് തപാൽ മാർഗ്ഗമാണ് നിയമന ശുപാർശകൽ അയക്കുന്നത്. ഇത് ഉദ്യോഗാർഥികളുടെ കൈയിലെത്താൻ പലപ്പോഴും വൈകുന്നുവെന്ന പരാതി ഉയരാറുണ്ട്. പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാൽ മാർഗ്ഗം അയയ്ക്കുന്ന രീതി നിർത്തലാക്കും. എന്നാൽ വകുപ്പുകളിലേക്ക് നൽകുന്ന അഡ്വൈസ് ലെറ്റർ തപാൽ മാർഗ്ഗം തുടർന്നും അയക്കും.

നഗരൂരിൽ സ്കൂൾ ബസ് അപകടത്തിൽ പെട്ടു

നഗരൂരിൽ സ്കൂൾ ബസ് അപകടത്തിൽ പെട്ടു

വെള്ളല്ലൂർ ഗവ. എൽ പി സ്കൂളിലെ മിനി ബസ് കുട്ടികളുമായി വയലിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം. കുട്ടികളുമായി സ്കൂളിലേക്ക് വരുമ്പോഴായിരുന്നു സംഭവം. 19 കുട്ടികളും 1 ആയയും ഡ്രൈവറുമാണ് അപകടത്തിൽപെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. കേശവപുരം ആശുപത്രിക്ക് സമീപം വയൽവാരം റോഡിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റ കുട്ടികളെ കേശവപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു .