അഡ്വൈസ് മെമ്മോ ഡിജിറ്റലായി വരും; പി എസ് സി നിയമന ശുപാർശ ഇനി ഓൺലൈനിലൂടെ

അഡ്വൈസ് മെമ്മോ ഡിജിറ്റലായി വരും; പി എസ് സി നിയമന ശുപാർശ ഇനി ഓൺലൈനിലൂടെ

തിരുവനന്തപുരം: പി എസ് സി വഴിയുള്ള എല്ലാ നിയമന ശുപാർശകളും ഇനി ഓൺലൈൻ വഴിയാക്കുന്നു. ജൂലൈ ഒന്നു മുതലാണ് ഇതു പ്രാബല്യത്തിൽ വരിക. അടുത്ത മാസം ഒന്നു മുതൽ നിയമന ശുപാർശകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാനാണ് പബ്ലിക് സർവീസ് കമ്മീഷൻ തീരുമാനിച്ചിട്ടുള്ളത്.

ക്യൂ ആർ കോഡ് ഉൾപ്പെടുത്തി സുരക്ഷിതമാക്കിയ നിയമന ശുപാർശകളാണ് ലഭ്യമാക്കുക. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ പ്രവേശിച്ചാൽ ഇത് ലഭ്യമാകും. അഡ്വൈസ് മെമ്മോ ലഭിക്കുന്ന ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് ഇതോടൊപ്പം എസ് എം എസ് സന്ദേശം കൂടി നൽകും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അയക്കുന്ന അഡ്വൈസ് മെമ്മോ കാലതാമസമില്ലാതെ ലഭിക്കാനും അഡ്വൈസ് മെമ്മോ കൂടുതൽ സുരക്ഷിതമാക്കുകയും ലക്ഷ്യമിട്ടാണ് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതെന്ന് പി എസ് സി വ്യക്തമാക്കി. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ, തപാൽ മാർ​ഗം അഡ്വൈസ് മെമ്മോ അയക്കുന്ന രീതി നിർത്തലാക്കുമെന്നും പി എസ് സി അറിയിച്ചു.

നിലവിൽ രജിസ്‌റ്റേഡ് തപാൽ മാർഗ്ഗമാണ് നിയമന ശുപാർശകൽ അയക്കുന്നത്. ഇത് ഉദ്യോഗാർഥികളുടെ കൈയിലെത്താൻ പലപ്പോഴും വൈകുന്നുവെന്ന പരാതി ഉയരാറുണ്ട്. പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാൽ മാർഗ്ഗം അയയ്ക്കുന്ന രീതി നിർത്തലാക്കും. എന്നാൽ വകുപ്പുകളിലേക്ക് നൽകുന്ന അഡ്വൈസ് ലെറ്റർ തപാൽ മാർഗ്ഗം തുടർന്നും അയക്കും.

നഗരൂരിൽ സ്കൂൾ ബസ് അപകടത്തിൽ പെട്ടു

നഗരൂരിൽ സ്കൂൾ ബസ് അപകടത്തിൽ പെട്ടു

വെള്ളല്ലൂർ ഗവ. എൽ പി സ്കൂളിലെ മിനി ബസ് കുട്ടികളുമായി വയലിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം. കുട്ടികളുമായി സ്കൂളിലേക്ക് വരുമ്പോഴായിരുന്നു സംഭവം. 19 കുട്ടികളും 1 ആയയും ഡ്രൈവറുമാണ് അപകടത്തിൽപെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. കേശവപുരം ആശുപത്രിക്ക് സമീപം വയൽവാരം റോഡിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റ കുട്ടികളെ കേശവപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ട്രാൻസ് ദമ്പതികളുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ ഒഴിവാക്കണം; ‘രക്ഷിതാക്കൾ’ എന്ന് ചേർക്കാമെന്ന് ഹൈക്കോടതി

ട്രാൻസ് ദമ്പതികളുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ ഒഴിവാക്കണം; ‘രക്ഷിതാക്കൾ’ എന്ന് ചേർക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ട്രാൻസ്ജെൻഡർ ദമ്പതികളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്നതിന് പകരം രക്ഷിതാക്കൾ എന്ന് ചേർക്കണമെന്ന് ഹൈക്കോടതി. ട്രാൻസ് ദമ്പതികളായ കോഴിക്കോട് സ്വദേശികളായ സഹദും സിയയും നൽകിയ ഹർജിയിലാണ് ഉത്തരവ്. ട്രാൻസ് ദമ്പതികളുടെ മക്കൾക്കുള്ള അപേക്ഷയിൽ അച്ഛൻ, അമ്മ കോളങ്ങൾ ഒഴിവാക്കണമെന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്.

2023 ഫെബ്രുവരിയിലാണ് ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുന്നത്. ഇതോടെ രാജ്യത്തെ ആദ്യ ട്രാൻജെൻഡർ രക്ഷിതാക്കളായി ഇവർ മാറി. കോഴിക്കോട് കോർപ്പറേഷനിൽ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യുകയും ജനന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. എന്നാൽ അതിൽ പിതാവിന്റെ പേര് സിയ പാവൽ എന്നും അമ്മയുടെ പേര് സഹദ് എന്നും രേഖപ്പെടുത്തിയിരുന്നു.

എന്നാൽ അച്ഛന്റെയും അമ്മയുടേയും പേരുകൾ പ്രത്യേകം പരാമർശിക്കരുതെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരി​ഗണിച്ച കോടതി അച്ഛൻ, അമ്മ എന്നതിനു പകരം രക്ഷിതാക്കൾ എന്നു മാറ്റി പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാനാണ് നിർദേശം നൽകിയത്. കുഞ്ഞിന്റെ അമ്മ വർഷങ്ങൾക്കു മുൻപ് തന്നെ പുരുഷനായും അച്ഛൻ സ്ത്രീയായും മാറുകയും പുതിയ വ്യക്തിത്വത്തിൽ ജീവിക്കുകയുമായിരുന്നു. ജനന സർട്ടിഫിക്കറ്റിലാകട്ടെ ഇതിനെ വിരുദ്ധമായിട്ടായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന അപൂര്‍വ ബാക്ടീരിയ; നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന അപൂര്‍വ ബാക്ടീരിയ; നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന അപൂര്‍വ ബാക്ടീരിയയെ(bacteria) കണ്ടെത്തി ശാസ്ത്രജ്ഞര്‍. ശ്വസന പ്രക്രിയയ്ക്കിടെ ഇവ വൈദ്യുതി ഉത്പാദിപ്പിക്കുന്നതായാണ് കണ്ടെത്തല്‍. റൈസ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. മിക്ക ജീവജാലങ്ങളും ഭക്ഷണത്തിന്റെ ഉപാപചയ പ്രക്രിയക്കും ഊര്‍ജ ഉത്പാദനത്തിനുമായി ഓക്‌സിജനെ ആശ്രയിക്കുമ്പോള്‍, ചില ബാക്ടീരിയകള്‍ ഇലക്ട്രോണുകളെ പുറംതള്ളുന്നതിനായി നാഫ്‌തോക്വിനോണ്‍സ് എന്ന പ്രകൃതിദത്ത സംയുക്തങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍.

ഈ പ്രക്രിയയെ എക്‌സ്ട്രാ സെല്ലുലാര്‍ ശ്വസനം എന്നാണ് വിളിക്കുന്നത്. ബാറ്ററികള്‍ ഇലക്ട്രിക് കറണ്ട് പുറത്ത് വിടുന്ന പ്രക്രിയക്ക് തുല്യമാണിത്. ഇതുവഴി ഓക്‌സിജന്‍ ഇല്ലാതെ തന്നെ ബാക്ടീരിയകള്‍ക്ക് വളരാന്‍ സാധിക്കുമെന്ന് പഠനം കണ്ടെത്തി. വളരെ മുമ്പ് തന്നെ ബയോടെക്‌നോളജിയിലെ ഈ അസാധാരണ ശ്വസന രീതി ശാസ്ത്രജ്ഞര്‍ക്ക് പരിചിതമായിരുന്നുവെങ്കിലും അതിന് പിന്നിലെ പ്രവര്‍ത്തന ഘടന എന്താണെന്ന് തിരിച്ചറിയുന്നത് ഇതാദ്യമാണ്.

പുതിയ കണ്ടെത്തലിന് യഥാര്‍ത്ഥ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടാക്കാനാവുമെന്നാണ് കണക്കാക്കുന്നത്. വൈദ്യുതി പുറന്തള്ളുന്ന ബാക്ടീരിയകള്‍ മലിനജല സംസ്‌കരണം, ബയോമാനുഫാക്ചറിംഗ് തുടങ്ങിയ ബയോടെക്‌നോളജി പ്രക്രിയകളിലെ ഇലക്ട്രോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രോഗ നിര്‍ണയം, മലിനീകരണ നിരീക്ഷണം, ശൂന്യാകാശ പര്യവേക്ഷണം ഉള്‍പ്പടെയുള്ള മേഖലകളിലും ഇത് ഉപയോഗപ്പെടുത്താനാവും. ബയോടെക്‌നോളജിയില്‍ ഈ അസാധാരണ ശ്വസനരീതി ശാസ്ത്രജ്ഞര്‍ വളരെക്കാലമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇതിന് പിന്നിലെ സംവിധാനം കണ്ടെത്താന്‍ അവര്‍ക്ക് കഴിയുന്നത് ഇതാദ്യമാണ്.

ജീവശാസ്ത്രത്തെ അടിസ്ഥാനമാക്കിക്കൊണ്ട് കൂടുതല്‍ സുസ്ഥിരവും സ്മാര്‍ട്ടുമായ സാങ്കേതിക വിദ്യകള്‍ നിര്‍മിക്കുന്നതിനുള്ള വാതിലുകള്‍ തുറക്കുമെന്ന് റൈസ് സര്‍വകലാശാലയിലെ പഠനത്തിന് നേതൃത്വം നല്‍കിയ ബയോസയന്‍സസ് പ്രൊഫസര്‍ കരോലിന്‍ അജോ ഫ്രാങ്ക്‌ലിന്‍ പറഞ്ഞു.

ജി വി ആർ എം യു പി എസ് കിഴുവിലം പ്രവേശനോത്സവം സംഘടിപ്പിച്ചു

ജി വി ആർ എം യു പി എസ് കിഴുവിലം പ്രവേശനോത്സവം സംഘടിപ്പിച്ചു

ജി വി ആർ എം യു പി എസ് കിഴുവിലം, മാമം 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എ എസ് ശ്രീകണ്ഠൻ ഉത്ഘാടനം ചെയ്തു.

കിഴുവിലം പി എച്ച് സി ചാർജ് മെഡിക്കൽ ഓഫീസർ ഡോ. പദ്മ പ്രസാദ് മുഖ്യാതിഥിയായി. പി ടി എ പ്രസിഡന്റ്. ശ്യാംകൃഷ്ണ അധ്യക്ഷനായ ചടങ്ങിൽ പ്രഥമാധ്യാപിക ഐ പി ശ്രീജ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ പ്രസന്ന ബാഗും സമ്മാനപൊതിയും വിതരണം ചെയ്തു. സ്കൂൾ മാനേജർ . പി സി നാരായണൻ എസ് ആർ ജി കൺവീനർ ടി പി രഞ്ജുഷ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ്‌ സെക്രട്ടറി ബി യു മനോജ്‌ നന്ദി രേഖപെടുത്തി. അക്ഷര ദീപം കൊളുത്തിയും അക്ഷരത്തൊപ്പി അണിയിച്ചും നവാഗതരെ സ്വാഗതം ചെയ്തു.

അയിലം ഗവ.ഹൈസ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു

അയിലം ഗവ.ഹൈസ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു

അയിലം ഗവ.ഹൈസ്കൂളിന്റെ 120 – മത് വർഷത്തെ സ്കൂൾ പ്രവേശനോത്സവം ആഘോഷിച്ചു.
സ്കൂൾ അങ്കണത്തിൽ പി.റ്റി.എ പ്രസിഡന്റ് എൻ മുരളി അദ്ധ്യക്ഷതയിൽ അദ്ധ്യായകനും കവിയും നാടൻ പാട്ട്

കലാകാരനുമായ അനിൽ വെഞ്ഞാറമൂട് അക്ഷരദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. നവാഗതർക്ക് പഠനോപകരണങ്ങളും അക്ഷര അക്ഷരമാലയും നൽകി സ്വീകരിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാരായ രമ്യ, അനിൽകുമാർ, എസ്.എം.സി. ചെയർമാൻ സജിൻ, സതീഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, മണികണ്ഠൻ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്കൂൾ പ്രഥമാധ്യാപകൻ ആർ. ശാന്തകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുധീഷ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.