12 കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; വിഷു ബംപര്‍ ലോട്ടറി ഫലം

12 കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; വിഷു ബംപര്‍ ലോട്ടറി ഫലം

തിരുവനന്തപുരം: വിഷു ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ vd 204266 എന്ന നമ്പറിലുള്ള ടിക്കറ്റിന്. പാലക്കാട് ജസ്വന്ത് ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം ആറുപേര്‍ക്കാണ്. va 699731, vb 699731, vb 207068, vc 263289, vd 277650, ve 758876, vg 203046 എന്നി നമ്പറുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം.

ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആണ് നറുക്കെടുപ്പ് നടന്നത്. 45ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിപണിയിലെത്തിച്ചത്. ഇതില്‍ 42,87,350 ടിക്കറ്റുകളും വിറ്റുപോയി. 300രൂപയാണ് ടിക്കറ്റ് വില.

ടിക്കറ്റ് വില്‍പനയില്‍ ഇത്തവണയും പാലക്കാട് ജില്ലയാണ് മുന്നില്‍.ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്. വിഷു ബംപറില്‍ മറ്റു ആകര്‍ഷകമായ സമ്മാനങ്ങളും ഉള്‍പ്പെടുന്നു.

മൂന്ന് ദിവസം കൂടി അതിതീവ്രമഴ, വെള്ളിയാഴ്ച ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ചു ജില്ലകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

മൂന്ന് ദിവസം കൂടി അതിതീവ്രമഴ, വെള്ളിയാഴ്ച ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ചു ജില്ലകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

തിരുവനന്തപുരം: പടിഞ്ഞാറന്‍ കാറ്റിന്റെയും ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്രമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ റെഡ് അലര്‍ട്ട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്.

പ്രളയ സാധ്യത മുന്നറിയിപ്പ്

അതിനിടെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ മീനച്ചില്‍, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നി നദികളില്‍ ഓറഞ്ചും കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നി നദികളില്‍ മഞ്ഞ അലര്‍ട്ടും പുറപ്പെടുവിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്‍, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയിലെ കോന്നി സ്റ്റേഷന്‍, മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും കോഴിക്കോട് ജില്ലയിലെ കോരപ്പുഴയിലെ കുന്നമംഗലം സ്റ്റേഷന്‍, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയിലെ കല്ലേലി സ്റ്റേഷന്‍, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുളം ആണ് എന്ന് കരുതണ്ട ഇത് റോഡാണ്….. എന്ന് തീരും ഈ ദുരിതം ചോദ്യവുമായി നാട്ടുകാർ

കുളം ആണ് എന്ന് കരുതണ്ട ഇത് റോഡാണ്….. എന്ന് തീരും ഈ ദുരിതം ചോദ്യവുമായി നാട്ടുകാർ

ആറ്റിങ്ങൽ: ആലംകോട് കടയ്ക്കാവൂർ റോഡിലെ രാംനഗറിൽനിന്നും തെഞ്ചേരികോണം റോഡിലെ വെള്ളക്കെട്ട് ഏറെ നാളായി നാട്ടുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ്.മഴ മാനത്ത് കണ്ടാൽ ഇവിടത്തെ യാത്ര നിലക്കും. മുട്ടോളം റോഡിൽ വെള്ളം പൊങ്ങും.ഇത് വർഷങ്ങളായി പരിസരവാസികൾ അനുഭവിക്കുന്ന ദുരിതമാണ്. നിരവധി പരാതികളും അപേക്ഷകളും കൊടുത്തിട്ടും നടപടി ഒന്നുമുണ്ടായില്ല. മണമ്പൂർ പഞ്ചായത്തിന്റെതാണ് റോഡ്.

ആലംകോട് കടയ്ക്കാവൂർ റോഡിൻറെ വികസനത്തിനായി റോഡ് പുതുക്കി നിർമ്മിക്കുമ്പോൾ ഉണ്ടായ പാകപ്പിഴ മൂലമാണ് ഇവിടെ വെള്ളം നിറയുന്നത്. റോഡ് പണിയുമ്പോൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആരും കാര്യമാക്കിയില്ല. അതിന്റെ ഫലമാണ് നാട്ടുകാർ ഇപ്പോൾ അനുഭവിക്കുന്നത്.

ഇപ്പോൾ പഞ്ചായത്ത് അധികൃതർ എത്തി സമീപത്തെ കടകളുടെ ഇറക്കിയിരിക്കുന്ന ഭാഗം പൊളിച്ചു മാറ്റാൻ ആവശ്യപ്പെട്ടു. പാവം കടക്കാർ അത് അനുസരിച്ച് പൊളിച്ചു മാറുകയും ചെയ്തു. ഇനി ഇവിടത്തെ പ്രശ്നം പഞ്ചായത്ത് അധികൃതരിൽ ആണ്. തീരാത്ത പേമാരിയിൽവിഷമിക്കുന്ന നാട്ടുകാർ അങ്ങനെയെങ്കിലും റോഡ് നന്നാവട്ടെ എന്ന സ്ഥിതിയിലാണ് ഇപ്പോൾ. ഇപ്പോൾ പന്ത് പഞ്ചായത്തിന്റെ കോർട്ടിലാണ്. അവർ ഉചിതമായ തീരുമാനം എടുക്കും എന്ന ആശയിലാണ് നാട്ടുകാരും കടക്കാരും.

മെറിറ്റ് ഡേ സംഘടിപ്പിച്ചു

മെറിറ്റ് ഡേ സംഘടിപ്പിച്ചു

നെടുംങ്ങണ്ട പ്രദേശത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലെ വിജയികളെ അനുമോദിച്ചു. സിപിഐഎം നെടുംങ്ങണ്ട ബ്രാഞ്ച് കമ്മിറ്റിയാണ് അനുമോദന ചടങ്ങുകൾ സംഘടിപ്പിച്ചത്. ചടങ്ങിൽ വച്ച് വിവിധ ക്ലാസുകളിൽ പഠിക്കുന്ന നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികളും രക്ഷിതാക്കളും ലഹരിക്കെതിരെ പോരാടുമെന്ന് പ്രതിജ്ഞ ചെയ്തു. മെറിറ്റ് ഡേയുടെയും പഠനോപകരണ വിതരണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം നിർവഹിച്ചു. കേരള യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാൻ വിജയ് വിമൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, എസ്. പ്രവീൺ ചന്ദ്ര, പി വിമൽ രാജ്, ജയാ ശ്രീരാമൻ, സരിത എന്നിവർ സംസാരിച്ചു.

ഹരിശ്രീ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഹരിശ്രീ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

മുദാക്കൽ: ചെമ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹരിശ്രീ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ ഗവൺമെന്റ് എൽ.പി. എസ് . ചെമ്പൂര്, ഇളമ്പ, വാളക്കാട് എന്നീ വിദ്യാലയങ്ങളിലെ 15 വിദ്യാർത്ഥികൾക്ക് ബാഗും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ പഠനത്തിന് പുത്തൻ ഉന്മേഷം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തപ്പെട്ടത്. ഹരിശ്രീ സാംസ്കാരിക സംഘടനയുടെ പ്രതിനിധികൾ സ്കൂൾ അധികൃതർ, പി.ടി.എ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സുല്ലിട്ട് സ്വര്‍ണവില; 71,500ല്‍ താഴെ

സുല്ലിട്ട് സ്വര്‍ണവില; 71,500ല്‍ താഴെ

കൊച്ചി: ഇന്നലെ ഒരേസമയം കൂടുകയും കുറയുകയും ചെയ്ത് ചാഞ്ചാടി നിന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 71,000നും 72,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയാണ് നിലവില്‍ സ്വര്‍ണവില. ഇന്നലെ രാവിലെ 360 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 480 രൂപ ഇടിയുകയായിരുന്നു. നിലവില്‍ 71,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8935 രൂപ നല്‍കണം. നികുതിയും പണിക്കൂലിയും വേറെയും.

ഈ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നില്‍ക്കുന്നത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 72000 കടന്ന് കുതിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് വിലയിലെ ഏറ്റക്കുറച്ചിലുകള്‍.

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം.