by Midhun HP News | May 28, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കുറ്റപത്രം നല്‍കില്ലെന്ന ഉറപ്പ് എന്തുകൊണ്ട് പാലിച്ചില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. എസ്എഫ്‌ഐഒ ( SFIO ) അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സ് എന്ന സ്ഥാപനവുമായുള്ള സാമ്പത്തിക ഇടപാടില്‍ എസ്എഫ്‌ഐഒ അന്വേഷണം നടത്തുന്നത് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് കേന്ദ്രത്തോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. കുറ്റപത്രം സമര്‍പ്പിക്കില്ല എന്നതടക്കമുള്ള വാക്കാലുള്ള ഉറപ്പ് എസ്എഫ്‌ഐഒ കോടതിയില്‍ നല്‍കിയിരുന്നു. അത് എന്തുകൊണ്ട് പാലിച്ചില്ലെന്നാണ് കോടതി ആരാഞ്ഞത്. തുടര്‍ന്ന് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കാനായി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് കേസ് കൈമാറിയിട്ടുണ്ട്.
നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന് മുന്നില്‍ എസ്എഫ്‌ഐഒയുടെ അഭിഭാഷകര്‍ ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയത്. ഇതിനിടെ ജഡ്ജിമാരുടെ സ്ഥലംമാറ്റത്തെത്തുടര്‍ന്ന് കേസ് ജസ്റ്റിസ് ഗിരീഷ് കട്പാലിയയുടെ ബെഞ്ചിലാണ് എത്തിയത്. ഇതിനിടെ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ എസ്എഫ്‌ഐഒ കേരളത്തിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസ് ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഇതിനിടെ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ഗിരീഷ് കട്പാലിയ കേസ് പരിഗണിക്കുമ്പോള്‍, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന് മുന്നില്‍ എസ്എഫ്‌ഐഒ നല്‍കിയ ഉറപ്പ് സിഎംആര്‍എല്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. തുടര്‍ന്ന് ഇതില്‍ വ്യക്തത വരുത്തുന്നതിനായി കേസ് വീണ്ടും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് വിടുകയായിരുന്നു. സിഎംആര്‍എല്‍ അഭിഭാഷകന്‍ രാവിലെ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന് മുമ്പാകെ ഈ കേസ് മെന്‍ഷന്‍ ചെയ്തപ്പോഴാണ് എസ്എഫ്‌ഐഒ ഉറപ്പ് ലംഘിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്.
അന്വേഷണം തുടരാമെങ്കിലും ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ പരാതി ഫയല്‍ ചെയ്യരുതെന്ന് വാക്കാല്‍ ധാരണയുണ്ടായിരുന്നുവെന്നാണ് സിഎംആര്‍എല്ലിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്. ഇത്തരം വാക്കാലുള്ള ധാരണകള്‍ രേഖാമൂലം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ചിലപ്പോള്‍ കോടതികള്‍ അഭിഭാഷകരുടെ വാക്കുകള്‍ കണക്കിലെടുക്കാറുണ്ടെന്ന് ജസ്റ്റിസ് പ്രസാദ് അഭിപ്രായപ്പെട്ടു.
അന്വേഷണം തുടരാമെങ്കിലും ഈ ഹര്‍ജി പരിഗണിക്കുന്നതുവരെ ഒരു തുടര്‍നടപടിയും ഉണ്ടാകില്ലെന്ന് കോടതിക്ക് ഉറപ്പു നല്‍കിയിട്ടും എന്തിനാണ് കുറ്റപത്രം സമര്‍പ്പിച്ചത് എന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എസ്എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മയോട് ചോദിച്ചു. പരാതി ഇപ്പോള്‍ മറ്റൊരു ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പരാതിയെക്കുറിച്ചോ ഇപ്പോള്‍ വിഷയത്തെക്കുറിച്ചോ എന്തെങ്കിലും പറഞ്ഞാല്‍ അത് മറ്റൊരു കോടതിയുടെ പരിഗണനയിലുള്ള നടപടികളെ തടസ്സപ്പെടുത്തുമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു. തുടര്‍ന്ന് കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് വിടുകയായിരുന്നു. മാസപ്പടി കേസില്‍ കേരള ഹൈക്കോടതി തുടര്‍നടപടിക്ക് താല്‍ക്കാലിക സ്റ്റേ അനുവദിച്ചിരിക്കുകയാണ്.
by Midhun HP News | May 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളതീരത്ത് അപകടത്തില്‍പെട്ട MSC ELSA 3 എന്ന കപ്പലില്‍ നിന്ന് തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ നീക്കം ചെയ്യാന്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചു. കപ്പലിലെ കെമിക്കലുകളുടെ കൈകാര്യം ചെയ്യല്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ചേര്‍ന്ന വിദഗ്ധരുടെ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ചേര്‍ന്ന വിദഗ്ധരുടെ യോഗത്തില്‍ തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് അതിനുള്ള നടപടികളും സ്വീകരിച്ചു.
കപ്പലപകടം ഉണ്ടായതിന് പിന്നാലെ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. അതിന്റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വിദഗ്ധരുടെ യോഗം ചേര്‍ന്നത്. തീരത്ത് അടിയുന്ന അപൂര്‍വ്വ വസ്തുക്കള്‍, കണ്ടെയ്നര്‍ എന്നിവ കണ്ടാല്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും ഇതിനോടകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കപ്പല്‍ മുങ്ങിയ സ്ഥലത്തു നിന്ന് 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് മത്സ്യ ബന്ധനം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. എണ്ണപ്പാട തീരത്തെത്തിയാല്‍ കൈകാര്യം ചെയ്യാനായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ റാപ്പിഡ് റസ്പോണ്‍സ് ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഓയില്‍ ബൂം അടക്കമുള്ളവ പ്രാദേശികമായി സജ്ജീകരിച്ച് എല്ലാ പൊഴി, അഴിമുഖങ്ങളിലും നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഡ്രോണ്‍ സര്‍വ്വേ അടക്കം നടത്തി ഓരോ 100 മീറ്ററിലും സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ച് പ്ലാസ്റ്റിക് തരികള്‍ നീക്കം ചെയ്യാനാണ് നിലവിലെ ശ്രമം. പൊലീസ്/അഗ്‌നിരക്ഷാസേന/മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നി വകുപ്പിലെ ഉദ്യോഗസ്ഥരെ ഇതിന്റെ ഏകോപനത്തിനായി നിയോഗിച്ചിട്ടുണ്ട്. സന്നദ്ധസേനയുടെ സുരക്ഷയ്ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അപകടകരമായ രീതിയില്‍ ഒരു നടപടിയും സന്നദ്ധ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നില്ല എന്ന് സൂപ്പര്‍വൈസര്‍മാര്‍ ഉറപ്പുവരുത്തണം. പൊതുജനങ്ങളുടെ സുരക്ഷ പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധനമേഖലുടെ സംരക്ഷണം എന്നിവ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ദുരന്തസാധ്യത ലഘൂകരണ വിദഗ്ദ്ധന്‍ ഡോ. മുരളി തുമ്മാരുകുടി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ എന്നിവരും ആഗോള തലത്തിലെ വിദഗ്ധരും കേരള സര്‍ക്കാരില്‍ കപ്പല്‍ അപകടം കൈകാര്യം ചെയ്യുന്ന വകുപ്പുകളും ചേര്‍ന്നായിരുന്നു യോഗം. ഡോ. ഒലോഫ് ലൈഡന്‍ (മുന്‍ പ്രൊഫെസര്‍, വേള്‍ഡ് മറീടൈം യൂണിവേഴ്‌സിറ്റി), ശ്രീ. ശാന്തകുമാര്‍ (പരിസ്ഥിതി ആഘാത സാമ്പത്തിക കാര്യ വിദ്ധക്തന്‍), ഡോ. ബാബു പിള്ള (പെട്രോളിയം കെമിക്കല്‍ അനാലിസിസ് വിദഗ്ധന്‍), ശ്രീ. മൈക്ക് കോവിങ് (തീര ശുചീകരണ/മാലിന്യ നിര്‍മ്മാര്‍ജ്ജന വിദഗ്ദ്ധന്‍), ചീഫ് സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍, പൊലൂഷന്‍ കോണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍, വിസില്‍ ഡയറക്ടര്‍, വിവിധ ജില്ലകളിലെ കലക്ടര്‍മാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
by Midhun HP News | May 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഷു ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ vd 204266 എന്ന നമ്പറിലുള്ള ടിക്കറ്റിന്. പാലക്കാട് ജസ്വന്ത് ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം ആറുപേര്‍ക്കാണ്. va 699731, vb 699731, vb 207068, vc 263289, vd 277650, ve 758876, vg 203046 എന്നി നമ്പറുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആണ് നറുക്കെടുപ്പ് നടന്നത്. 45ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിപണിയിലെത്തിച്ചത്. ഇതില്‍ 42,87,350 ടിക്കറ്റുകളും വിറ്റുപോയി. 300രൂപയാണ് ടിക്കറ്റ് വില.
ടിക്കറ്റ് വില്‍പനയില്‍ ഇത്തവണയും പാലക്കാട് ജില്ലയാണ് മുന്നില്‍.ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്. വിഷു ബംപറില്‍ മറ്റു ആകര്‍ഷകമായ സമ്മാനങ്ങളും ഉള്‍പ്പെടുന്നു.
by Midhun HP News | May 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പടിഞ്ഞാറന്‍ കാറ്റിന്റെയും ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്രമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ റെഡ് അലര്‍ട്ട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്.
പ്രളയ സാധ്യത മുന്നറിയിപ്പ്
അതിനിടെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ മീനച്ചില്‍, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നി നദികളില്‍ ഓറഞ്ചും കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നി നദികളില്‍ മഞ്ഞ അലര്‍ട്ടും പുറപ്പെടുവിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്‍, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയിലെ കോന്നി സ്റ്റേഷന്‍, മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും കോഴിക്കോട് ജില്ലയിലെ കോരപ്പുഴയിലെ കുന്നമംഗലം സ്റ്റേഷന്‍, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയിലെ കല്ലേലി സ്റ്റേഷന്‍, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | May 28, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് കടയ്ക്കാവൂർ റോഡിലെ രാംനഗറിൽനിന്നും തെഞ്ചേരികോണം റോഡിലെ വെള്ളക്കെട്ട് ഏറെ നാളായി നാട്ടുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ്.മഴ മാനത്ത് കണ്ടാൽ ഇവിടത്തെ യാത്ര നിലക്കും. മുട്ടോളം റോഡിൽ വെള്ളം പൊങ്ങും.ഇത് വർഷങ്ങളായി പരിസരവാസികൾ അനുഭവിക്കുന്ന ദുരിതമാണ്. നിരവധി പരാതികളും അപേക്ഷകളും കൊടുത്തിട്ടും നടപടി ഒന്നുമുണ്ടായില്ല. മണമ്പൂർ പഞ്ചായത്തിന്റെതാണ് റോഡ്.
ആലംകോട് കടയ്ക്കാവൂർ റോഡിൻറെ വികസനത്തിനായി റോഡ് പുതുക്കി നിർമ്മിക്കുമ്പോൾ ഉണ്ടായ പാകപ്പിഴ മൂലമാണ് ഇവിടെ വെള്ളം നിറയുന്നത്. റോഡ് പണിയുമ്പോൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആരും കാര്യമാക്കിയില്ല. അതിന്റെ ഫലമാണ് നാട്ടുകാർ ഇപ്പോൾ അനുഭവിക്കുന്നത്.
ഇപ്പോൾ പഞ്ചായത്ത് അധികൃതർ എത്തി സമീപത്തെ കടകളുടെ ഇറക്കിയിരിക്കുന്ന ഭാഗം പൊളിച്ചു മാറ്റാൻ ആവശ്യപ്പെട്ടു. പാവം കടക്കാർ അത് അനുസരിച്ച് പൊളിച്ചു മാറുകയും ചെയ്തു. ഇനി ഇവിടത്തെ പ്രശ്നം പഞ്ചായത്ത് അധികൃതരിൽ ആണ്. തീരാത്ത പേമാരിയിൽവിഷമിക്കുന്ന നാട്ടുകാർ അങ്ങനെയെങ്കിലും റോഡ് നന്നാവട്ടെ എന്ന സ്ഥിതിയിലാണ് ഇപ്പോൾ. ഇപ്പോൾ പന്ത് പഞ്ചായത്തിന്റെ കോർട്ടിലാണ്. അവർ ഉചിതമായ തീരുമാനം എടുക്കും എന്ന ആശയിലാണ് നാട്ടുകാരും കടക്കാരും.
by Midhun HP News | May 28, 2025 | Latest News, ജില്ലാ വാർത്ത
നെടുംങ്ങണ്ട പ്രദേശത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലെ വിജയികളെ അനുമോദിച്ചു. സിപിഐഎം നെടുംങ്ങണ്ട ബ്രാഞ്ച് കമ്മിറ്റിയാണ് അനുമോദന ചടങ്ങുകൾ സംഘടിപ്പിച്ചത്. ചടങ്ങിൽ വച്ച് വിവിധ ക്ലാസുകളിൽ പഠിക്കുന്ന നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികളും രക്ഷിതാക്കളും ലഹരിക്കെതിരെ പോരാടുമെന്ന് പ്രതിജ്ഞ ചെയ്തു. മെറിറ്റ് ഡേയുടെയും പഠനോപകരണ വിതരണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം നിർവഹിച്ചു. കേരള യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാൻ വിജയ് വിമൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, എസ്. പ്രവീൺ ചന്ദ്ര, പി വിമൽ രാജ്, ജയാ ശ്രീരാമൻ, സരിത എന്നിവർ സംസാരിച്ചു.
Recent Comments