by Midhun HP News | May 28, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഇഞ്ചമ്പാക്കത്തെ വിജിപി ഗോള്‍ഡന്‍ ബീച്ച് അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡുകളിലൊന്നിന് യന്ത്രത്തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് 15 കുട്ടികള്‍ അടക്കം 36 പേര് കുടുങ്ങി. റൈഡ് ആസ്വദിക്കുന്നതിനിടെ ഉണ്ടായ യന്ത്രത്തകരാറിനെ തുടര്‍ന്ന് 36 പേരും നിലത്ത് നിന്ന് 150 അടി ഉയരത്തില്‍ മൂന്ന് മണിക്കൂറോളം നേരമാണ് പരിഭ്രാന്തരായി ഇരുന്നത്. അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തകരും എത്തിയതിനെത്തുടര്‍ന്ന് എല്ലാവരെയും സുരക്ഷിതമായി താഴെയിറക്കിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. 36 പേരടങ്ങുന്ന റൈഡ് വൈകുന്നേരം 6 മണിയോടെയാണ് ആരംഭിച്ചത്. റൈഡ് ആസ്വദിക്കാന്‍ എത്തിയവര്‍ മുകളിലെത്തിയ ഉടന്‍ തന്നെ യന്ത്രത്തകരാര്‍ സംഭവിക്കുകയായിരുന്നു. സഹായത്തിനായി നിരവധി തവണ നിലവിളിച്ചിട്ടും നിലത്തുണ്ടായിരുന്ന ഓപ്പറേറ്ററില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് രക്ഷപ്പെട്ട ഒരു സ്ത്രീ പറഞ്ഞു.
പാര്‍ക്ക് ജീവനക്കാര്‍ ആദ്യം സ്ഥലത്ത് ഉണ്ടായിരുന്ന ഒരു ക്രെയിന്‍ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. എന്നാല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്ന പൊക്കത്തിലേക്ക് ക്രെയിന്‍ ഉയര്‍ത്താന്‍ കഴിയാതെ വന്നതോടെ, അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 150 അടി വരെ നീട്ടാന്‍ കഴിയുന്ന സ്കൈ-ലിഫ്റ്റ് വാഹനവുമായി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
‘റൈഡ് വൈകുന്നേരം 6 മണിയോടെ ആരംഭിച്ചു, രാത്രി 8.30 ന് മാത്രമാണ് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയത്. വിജിപി മാനേജ്മെന്റില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.’- പാര്‍ഥിസെല്‍വം ആരോപിച്ചു. തൊട്ടുമുന്‍പും സമാനമായ പ്രശ്നം ഉണ്ടായതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ആളുകള്‍ 20 മിനിറ്റ് നേരമാണ് കുടുങ്ങിയത്. എന്നാല്‍ ഓപ്പറേറ്റര്‍ മെഷീന് പരിശോധിക്കുകയോ റൈഡിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തുകയോ ചെയ്തില്ലെന്നും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.
by Midhun HP News | May 28, 2025 | Latest News, കേരളം
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആദിവാസി യുവാവ് സിജുവിനെ അര്‍ധനഗ്നനാക്കിയാണ് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.
ആദിവാസി യുവാവായ സിജുവിനെ കൈകള്‍ കെട്ടി പോസ്റ്റില്‍ കെട്ടിയിട്ടാണ് പ്രതികള്‍ മര്‍ദിച്ചത്. പുലര്‍ച്ചെ ഷോളയൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവറും ക്ലീനറുമാണ് ഇരുവരും.
അഗളി, ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ ഷിബുവിനാണ് മര്‍ദനമേറ്റത് .ഷിബുവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ചയാണ് വാഹനത്തിന് മുന്നിലേക്ക് മദ്യപിച്ച് ചാടിയെന്ന് ആരോപിച്ച് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘം മര്‍ദിച്ചത്. പരിക്കേറ്റ ഷിബു ആശുപത്രിയില്‍ ചികിത്സയിലാണ്.
മെയ് 24-നായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരാതി നല്‍കിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആദിവാസി യുവാവിനെ മര്‍ദിച്ചവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നില്ല. വാര്‍ത്ത പുറത്തു വന്നതിന് ശേഷമാണ് പൊലീസ് പരാതിയില്‍ നടപടി സ്വീകരിച്ചത്. കാരണമൊന്നുമില്ലാതെ ഷിബു വാഹനത്തിന് നേരെ കല്ലെറിഞ്ഞെന്നാണ് പിക്കപ്പ് ഡ്രൈവര്‍ പറഞ്ഞിരുന്നത്. ഡ്രൈവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഷിബുവിനെതിരെ കേസെടുത്തിരുന്നു.
by Midhun HP News | May 28, 2025 | Latest News, കേരളം
കൊച്ചി: വീണ്ടു വിചാരമില്ലാതെ വിദ്യാര്‍ഥികള്‍ വിദേശ പഠനത്തിനായി ഇറങ്ങിത്തിരിക്കുന്നതിനെതിരെ അന്താരാഷ്ട്രാ പോളിസി വിദഗ്ധനും യുഎന്‍ മുന്‍ ഉദ്യോഗസ്ഥനുമായ ജെഎസ് അടൂര്‍ (js adoor). യു കെ, ജര്‍മനി, കാനഡ അടക്കം മിക്കവാറും രാജ്യങ്ങളില്‍ ഇപ്പോള്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്നും ബാങ്ക് കടം എടുത്തും വസ്തുവും വീടും പണയം വച്ചിട്ട് കുട്ടികളെ വിടുന്നവര്‍ കുറഞ്ഞത് നാലു പ്രാവശ്യം ആലോചിക്കണമെന്നും ജെഎസ് അടൂര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
യു കെയിലും യൂറോപ്പിലും കാനഡയിലും എല്ലാം പഠനം കഴിഞ്ഞു നല്ല ജോലി കിട്ടും, പെട്ടന്ന് പി ആര് കിട്ടും, ഉടനെ സിറ്റിസണ്‍ ഷിപ്പ് കിട്ടും എന്നൊക്ക ഇപ്പോള്‍ കൊട്ടേജ് ഇന്റ്സ്സ്ടറിയായ വിദേശത്തു മൂന്നാം കിട ‘യൂണിവേഴ്സിറ്റി’ കളുടെ കമീഷന് ഏജന്റുമാര്‍ പറയുന്നത് കേട്ട് ബാങ്ക് കടം എടുത്തും വസ്തുവും വീടും പണയം വച്ചിട്ട് കുട്ടികളെ വിടുന്നവര്‍ കുറഞ്ഞത് നാലു പ്രാവശ്യം ആലോചിക്കുക. കാരണം ഇപ്പോള്‍ യു കെ,ജര്‍മനി, കാനഡ അടക്കം മിക്കവാറും രാജ്യങ്ങളില്‍ റിക്രൂറ്റ്മെന്റ് ഫ്രീസ് ആണ്. അതായത് നല്ല പ്രൊഫെഷനല്‍ ജോലി കിട്ടാനുള്ള സാധ്യത 10% പോലും ഇല്ല- കുറിപ്പില്‍ പറയുന്നു.
യു കെയിലും മറ്റു പലയിടത്തും ഇവിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ ചെയ്യുന്ന മിനിമം വേജ് ജോലിയാണ് ഇവിടെ നിന്ന് പോയി അവിടെ അകപ്പെട്ട പല വിദ്യാര്‍ത്ഥികളും ചെയ്യുന്നത്. വീടുകള്‍ കുറവ് ആയതിനാല്‍ വാടകയും ജീവിത ചെലവും കൂടി. ശമ്പളം അതിന് അനുസരിച്ചു കൂടുന്നും ഇല്ല.
അവിടെ പെട്ടന്ന് ജോലി കിട്ടും എന്നല്ല. ഇന്ത്യയില്‍ വിദേശത്തു ചെലവാക്കുന്നതിന്റ പത്തില്‍ ഒന്ന് ചെലവില്‍ നല്ല യൂണിവേഴ്സിറ്റികളില്‍ പഠിക്കാന്‍ അവസരമുണ്ട്. പക്ഷെ പലര്‍ക്കും പലപ്പോഴും മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന അവസ്ഥയാണ്. ഇന്ത്യയിലെ പല നല്ല യൂണിവേഴ്സിറ്റികളുടെ (നല്ല സ്വകാര്യ യൂണിവേഴ്സിറ്റികള്‍ സഹിതം) പത്തില്‍ ഒന്ന് നിലവാരം ഇല്ലാത്തടത്താണ് 25-40 ലക്ഷമൊക്കെ കൊടുത്തു പലരും പോകുന്നത് എന്ന് അവിടെ ചെല്ലുമ്പോള്‍ മാത്രമാണ് അറിയുന്നത്. അതു കൊണ്ട് ജാഗ്രത- കുറിപ്പില്‍ പറയുന്നു.
by Midhun HP News | May 28, 2025 | Latest News, കേരളം
കൊച്ചി: കൊച്ചി തീരത്ത് അറബിക്കടലില്‍ ലൈബീരിയന്‍ കണ്ടെയ്നര്‍ കപ്പലായ എംഎസ്സി എല്‍സ 3 മുങ്ങി മൂന്ന് ദിവസം കഴിഞ്ഞിട്ടും കപ്പലിനൊപ്പം മുങ്ങിയ അപകടകരമായ ചരക്കിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയാതെ അധികൃതര്‍. കപ്പലിലെ 643 കണ്ടെയ്നറുകളില്‍ 13 എണ്ണം അപകടകരമായ കാര്‍ഗോകളും 12 എണ്ണം കാല്‍സ്യം കാര്‍ബൈഡും ആണെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്കുന്ന വിവരം. എന്നാല്‍ അപകടകരമായ ചരക്കിനെക്കുറിച്ച് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയില്‍ നിന്നോ എംഎസ്സി എല്‍സ മൂന്നിന്റെ ഉടമകളില്‍ നിന്നോ, തുറമുഖ അധികൃതരില്‍ നിന്നോ, കസ്റ്റംസ് വകുപ്പില്‍ നിന്നോ തൃപ്തികരമായ വിശദീകരണം ലഭിക്കാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.
‘കോസ്റ്റ് ഗാര്‍ഡിന്റെ വേഗത്തിലുള്ള നടപടി എണ്ണ ചോര്‍ച്ച നിയന്ത്രിക്കാന്‍ സഹായിച്ചു. കാല്‍സ്യം കാര്‍ബൈഡിന്റെ മലിനീകരണവും പാരിസ്ഥിതിക ആഘാതവും ഏതാനും നോട്ടിക്കല്‍ മൈലുകളില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്നും കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ അത് അലിഞ്ഞുപോകുമെന്നും വിദഗ്ദ്ധര്‍ പറഞ്ഞു. എന്നാലും അപകടകരമായ ചരക്കുകള്‍ വഹിക്കുന്ന 13 കണ്ടെയ്നറുകളെക്കുറിച്ച് ഒരു വിവരവുമില്ല. സംശയങ്ങള്‍ ദൂരീകരിക്കുകയും ഉപജീവനമാര്‍ഗ്ഗത്തെക്കുറിച്ച് ആശങ്കാകുലരായ മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന്റെ (ഡിജി) ഉത്തരവാദിത്തമാണ്, -‘ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന് പറഞ്ഞു.
കൊച്ചിയിലെ മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് (എംഎംഡി) ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച ഷിപ്പിങ് സ്ഥാപനത്തിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും കപ്പലിലെ മുഴുവന്‍ ചരക്കുകളുടെയും വിവരങ്ങള്‍ അടങ്ങിയ കാര്‍ഗോ മാനിഫെസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു. മുങ്ങിയ കപ്പലിന്റെ ക്യാപ്റ്റന്റെ മൊഴിയും അവര്‍ രേഖപ്പെടുത്തി. ഡിജി ഷിപ്പിംഗിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരും ചൊവ്വാഴ്ച കൊച്ചിയിലെത്തിയിരുന്നു. ബുധനാഴ്ച രാവിലെ സംസ്ഥാന സര്‍ക്കാരുമായും ഇന്ത്യന്‍ നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ഉന്നതരുമായും മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തും.
അതേസമയം, പൊങ്ങിക്കിടക്കുന്ന കണ്ടെയ്നറുകള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ എംഎസ്സിയുടെയും ടി ആന്‍ഡ് ടി സാല്‍വേജിന്റെയും പ്രതിനിധികള്‍ തുടരുകയാണ്. കണ്ടെയ്നറുകള്‍ വീണ്ടെടുക്കാന്‍ എംഎസ്സി ഏര്‍പ്പാട് ചെയ്ത ടീമാണ് ടി ആന്‍ഡ് ടി സാല്‍വേജ്. ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി, ഫിഷറീസ് മന്ത്രി സജി ചെറിയാന് ബുധനാഴ്ച തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികളെ കാണും.
കപ്പല്‍ മറിഞ്ഞുണ്ടായ നഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ പരക്കുന്നതിനിടെ, എണ്ണ മലിനീകരണ നാശനഷ്ടങ്ങള്‍ക്കുള്ള സിവില്‍ ബാധ്യതയെക്കുറിച്ചുള്ള അന്താരാഷ്ട്ര കണ്വെന്ഷന് അനുസരിച്ച് പരിസ്ഥിതിക്ക് സംഭവിച്ച നാശത്തിന് എംഎസ്സി നഷ്ടപരിഹാരം നല്‍കേണ്ടിവരും. അപകടകരമായ രാസവസ്തുക്കള്‍ സമുദ്ര ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ഉപജീവനമാര്‍ഗ്ഗത്തെ ബാധിക്കുകയും ചെയ്യുമെന്നതിനാല്‍ കേരളത്തിലെ മത്സ്യത്തൊഴിലാളി സംഘടനകള്‍ മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.
by Midhun HP News | May 28, 2025 | Latest News, കേരളം
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ (SSLC) ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ ഇന്ന് ആരംഭിക്കും. ജൂണ്‍ നാലുവരെയാണ് പരീക്ഷ.
ഫലം ജൂണ്‍ അവസാന വാരമുണ്ടാകും. പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം. റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 4,27,020 വിദ്യാര്‍ഥികളില്‍ 4,24, 583 പേരാണ് ഇത്തവണ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. 2,437 പേരാണ് പരാജയപ്പെട്ടത്. സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകും.
by Midhun HP News | May 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് മുന്നോടിയായി അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട് പരിശോധിക്കാനും തിരുത്താനും ബുധനാഴ്ച വൈകുന്നേരം അഞ്ചുമണി വരെ സമയം. 24നാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്.
ജൂണ്‍ രണ്ടിന് പ്രവേശനം സാധ്യമാകുംവിധം ആദ്യ അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. 18ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. അപേക്ഷ നല്‍കുന്നതിന്റെ ഭാഗമായി കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാന്‍ നല്കിയ വിവരങ്ങളില്‍ പേരു മാത്രമേ തിരുത്താന്‍ അനുമതിയുള്ളൂ. വിലാസം, ജാതി, ബോണസ് പോയിന്റിന് അര്‍ഹമാകുന്ന മറ്റു വിവരങ്ങള്‍ തുടങ്ങിയവയില്‍ പിശകുണ്ടെങ്കില്‍ തിരുത്താനുള്ള അവസാന അവസരമാണിത്. അപേക്ഷയില്‍ അവകാശപ്പെടുന്ന യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പ്രവേശന സമയത്ത് ഹാജരാക്കണം. ഇതിന് കഴിയില്ലെങ്കില്‍ ബന്ധപ്പെട്ട വിവരങ്ങള്‍ തിരുത്തേണ്ടതാണ്.
സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് വ്യാഴാഴ്ച വരെ അപേക്ഷിക്കാം. ജൂണ്‍ മൂന്നിനാണ് ആദ്യ അലോട്ട്മെന്റ്. എയ്ഡഡ് സ്കൂളുകളില്‍ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യാനാണ് ഹയര്‍സെക്കന്‍ഡറി വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. ജൂണ്‍ 10 മുതലാണ് പ്രവേശനം.
Recent Comments