വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ഷാജി വി ജോസഫ് ഇന്ന് ബിജെപിയില്‍ ചേരും. രാവിലെ 10.45 ന് പുതിയതെരുവില്‍ നടക്കുന്ന എന്‍ഡിഎ റോഡ് ഷോയില്‍ പങ്കെടുക്കുന്ന ഷാജി വി ജോസഫ് അഴീക്കോട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്ഘാടന ചടങ്ങില്‍ സദാനന്ദ് ഷെട്ട് താനേവാദ് എംപി യില്‍ നിന്നു ബിജെപി അംഗത്വം സ്വീകരിക്കും.

ആഴ്ചകള്‍ക്ക് മുന്‍പ് ബിജെപി മമ്പറത്ത് നടത്തിയ ജനകീയ സംവാദത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്ത പരിപാടിയിലാണ് ഷാജി ജോസഫ് ഗ്യാസ് ഏജന്‍സി ലൈസന്‍സുമായി ബന്ധപ്പെട്ട നിവേദനവുമായി എത്തിയത്. കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മക്കള്‍ക്ക് ബിജെപിയില്‍ പോകാമെങ്കില്‍ തനിക്കുമാവാമെന്നാണ് ഷാജി അന്ന് പ്രതികരിച്ചത്.

ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ

ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ

ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസി ലിമിറ്റഡ് (IREDA) വിവിധ എക്സിക്യൂട്ടീവ് തസ്തികളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏജൻസിയിലെ വിവിധ വകുപ്പുകളിലായാണ് ഈ ഒഴിവുകൾ ഉള്ളത്.

ഔദ്യോഗിക വിജ്ഞാപന പ്രകാരം എക്സിക്യൂട്ടീവ് ഡയറ്കടർ ജനറൽ മാനേജർ, ചീഫ് മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് മാനേജർ, മാനേജർ (ലോ), ഓഫീസർ – ജനറൽ തുടങ്ങിയ 11 തസ്തികകളിലേക്ക് യോഗ്യതയുള്ളതും പരിചയസമ്പന്നരുമായ പ്രൊഫഷണലുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസി ലിമിറ്റഡ് (IREDA) കേന്ദ്ര സർക്കാരിന് കീഴിലുള്ള നവരത്ന സ്ഥാപനമാണ്. 1987-ൽ ഒരു നോൺ-ബാങ്കിങ് ധനകാര്യ സ്ഥാപനമായി സ്ഥാപിച്ച പബ്ലിക് ലിമിറ്റഡ് ഗവൺമെന്റ് കമ്പനിയാണ് ഇത്.

പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെയും ഊർജ്ജ കാര്യക്ഷമത/സംരക്ഷണത്തിന്റെയും പദ്ധതികൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും സാമ്പത്തിക സഹായം നൽകുന്നതുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത്.

നിലവിൽ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം 11 തസ്തികകളിലായി 32 ഒഴിവുകളുള്ളത്. 30,000 രൂപ മുതൽ മൂന്ന് ലക്ഷം രൂപവരെ ശമ്പളം ലഭിക്കുന്ന തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ഏപ്രിൽ മൂന്നാണ്.

തസ്തികകളുടെ പേരും ഒഴിവുകളുടെ എണ്ണവും
എക്സിക്യൂട്ടീവ് ഡയറക്ടർ (കമ്പനി സെക്രട്ടറി)

ഒഴിവുകളുടെ എണ്ണം: 01

ജനറൽ മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്)

ഒഴിവുകളുടെ എണ്ണം: 03

ജനറൽ മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ് – ഇൻവെസ്റ്റർ റിലേഷൻസ് )

ഒഴിവുകളുടെ എണ്ണം: 02

ചീഫ് മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്)

ഒഴിവുകളുടെ എണ്ണം: 03

ജനറൽ മാനേജർ (പ്രോജക്ട്)

ഒഴിവുകളുടെ എണ്ണം: 05

അഡീഷണൽ ജനറൽ മാനേജർ (പ്രോജക്ട്)

ഒഴിവുകളുടെ എണ്ണം: 01

ഡെപ്യൂട്ടി ജനറൽ മാനേജർ (പ്രോജക്ട്)

ഒഴിവുകളുടെ എണ്ണം: 02

ചീഫ് മാനേജർ (പ്രോജക്ട്)

ഒഴിവുകളുടെ എണ്ണം: 02

മാനേജർ (ലോ)

ഒഴിവുകളുടെ എണ്ണം: 03

അസിസ്റ്റന്റ് മാനേജർ (ബിസിനസ് ഡെവലപ്മെന്റ്)

ഒഴിവുകളുടെ എണ്ണം: 02

ഓഫീസർ – ജനറൽ

ഒഴിവുകളുടെ എണ്ണം: 08

ആകെ ഒഴിവുകൾ 32

തസ്തികയും യോഗ്യതയും
ജനറൽ മാനേജർ / അഡീഷണൽ ജനറൽ മാനേജർ / ഡെപ്യൂട്ടി ജനറൽ മാനേജർ / ചീഫ് മാനേജർ (പ്രോജക്ട്സ്) തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഇ / ബിടെക് / ബി എസ്‌സി എൻജിനീയറിങ് എന്നിവയിലേതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം.

ഫിനാൻസ് & അക്കൗണ്ട്സ് തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് ഫിനാൻസിൽ സിഎ / സിഎംഎ / എംബിഎ അല്ലെങ്കിൽ പിജിഡിഎം എന്നിങ്ങനെ ഏതെങ്കിലും യോഗ്യത ഉണ്ടാകണം.

എക്സിക്യൂട്ടീവ് ഡയറക്ടർ (കമ്പനി സെക്രട്ടറി) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ (ഐസിഎസ്ഐ) അസോസിയേറ്റ് അംഗത്വം ആണ് യോഗ്യത

മാനേജർ (ലോ) എൽഎൽബി (മൂന്ന് വർഷം) അല്ലെങ്കിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് നിയമ ബിരുദം

അസിസ്റ്റന്റ് മാനേജർ (ബിസിനസ് ഡെവലപ്മെന്റ്) മാർക്കറ്റിങ്ങിൽ എംബിഎ / പിജിഡിഎം

ഓഫീസർ – ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം.

പ്രവൃത്തി പരിചയം:
എക്സിക്യൂട്ടീവ് ഡയറക്ടർ: കുറഞ്ഞത് 23 വർഷത്തെ പരിചയം

ജനറൽ മാനേജർ കുറഞ്ഞത് : 20 വർഷത്തെ പരിചയം

അഡീഷണൽ ജനറൽ മാനേജർ : കുറഞ്ഞത് 17 വർഷത്തെ പരിചയം

ഡെപ്യൂട്ടി ജനറൽ മാനേജർ :കുറഞ്ഞത് 14 വർഷത്തെ പരിചയം

ചീഫ് മാനേജർ: കുറഞ്ഞത് 11 വർഷത്തെ പരിചയം

മാനേജർ (ലോ ) :കുറഞ്ഞത് നാല് വർഷത്തെ പരിചയം

അസിസ്റ്റന്റ് മാനേജർ: കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം

ഓഫീസർ – ജനറൽ : കുറഞ്ഞത് 10 വർഷത്തെ പരിചയം

ഉയർന്ന പ്രായപരിധി:
എക്സിക്യൂട്ടീവ് ഡയറക്ടർ: 55 വയസ്സ്

ജനറൽ മാനേജർ: 52 വയസ്സ്

അഡീഷണൽ ജനറൽ മാനേജർ: 48 വയസ്സ്

ഡെപ്യൂട്ടി ജനറൽ മാനേജർ: 45 വയസ്സ്

ചീഫ് മാനേജർ: 42 വയസ്സ്

മാനേജർ (നിയമം): 35 വയസ്സ്

അസിസ്റ്റന്റ് മാനേജർ: 33 വയസ്സ്

ഓഫീസർ – ജനറൽ: 50 വയസ്സ്

ശമ്പളം
എക്സിക്യൂട്ടീവ് ഡയറക്ടർ (കമ്പനി സെക്രട്ടറി): 1,50,000 – 3,00,000 രൂപ സ്കെയിലിൽ

ജനറൽ മാനേജർ: 1,20,000 – 2,80,000 രൂപ സ്കെയിലിൽ

അഡീഷണൽ ജനറൽ മാനേജർ: 1,00,000 – 2,60,000 രൂപ സ്കെയിലിൽ

ഡെപ്യൂട്ടി ജനറൽ മാനേജർ: 90,000 – 2,40,000 രൂപ സ്കെയിലിൽ

ചീഫ് മാനേജർ: 80,000 – 2,20,000 രൂപ സ്കെയിലിൽ

മാനേജർ (നിയമം): 60,000 – 1,80,000 രൂപ സ്കെയിലിൽ

അസിസ്റ്റന്റ് മാനേജർ (ബിസിനസ് ഡെവലപ്‌മെന്റ്): 40,000 – 1,40,000 രൂപ സ്കെയിലിൽ

ഓഫീസർ – ജനറൽ 30,000 – 1,20,000 രൂപ സ്കെയിലിൽ

അപേക്ഷാഫീസ്

ജനറൽ / ഒബിസി / ഇഡബ്ല്യുഎസ് എന്നീവിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് 1000 രൂപ

എസ് സി, എസ് ടി, പിഡബ്ല്യുഡി , വിമുക്തഭടർ എന്നിവർ അപേക്ഷ ഫീസ് നൽകേണ്ടതില്ല.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം: ഏപ്രിൽ മൂന്ന് വൈകുന്നേരം അഞ്ച് മണി വരെ

21 ചരക്കു കപ്പലുകളും 611 ജീവനക്കാരും ഹോർമുസിൽ കുടുങ്ങി, ചർച്ചകളുമായി ഇന്ത്യ

21 ചരക്കു കപ്പലുകളും 611 ജീവനക്കാരും ഹോർമുസിൽ കുടുങ്ങി, ചർച്ചകളുമായി ഇന്ത്യ

ഡൽഹി: ഇറാനിൽ നിന്ന് ഇന്ത്യൻ എണ്ണ ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടക്കാനുള്ള ചർച്ചകൾ തുടർന്ന് ഇന്ത്യ. നേരത്തെ രണ്ട് കപ്പലുകൾക്ക് അനുമതി നൽകിയിരുന്നെങ്കിലും കൂടുതൽ കപ്പലുകൾ കടത്തിവിടുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്ന സഹാചര്യത്തിലാണ് ഇന്ത്യ പ്രശ്നപരിഹാര ചർച്ചകൾ തുടങ്ങിയത്.

21 ഇന്ത്യൻ ചരക്കു കപ്പലുകളും ടാങ്കറുകളുമാണ് ഇപ്പോഴും ഹോർമുസ് കടലിടുക്കിലുള്ളത്. 611 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിൽ കുടുങ്ങി കിടക്കുന്നത്. കപ്പലുകളും ജീവനക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടിയാണ് സർക്കാൻ ഒരുക്കുന്നത്.ഇന്ത്യ മരുന്നുകൾ കൈമാറിയതിന് ഇറാൻ സർക്കാർ നന്ദി അറിയിച്ചു. ഇറാനുള്ള മാനുഷിക പരി​ഗണന എന്ന നിലയ്ക്ക് ഇറാനിയൻ റെഡ് ക്രസന്റിന് ഇന്നലെ സർക്കാർ മരുന്നുകൾ കൈമാറിയിരുന്നു. ഡൽഹിയിലെ ഇറാൻ എംബസിയിലെത്തിച്ച മരുന്നുകൾ ഇറാന്റെ അതിർത്തി രാജ്യങ്ങളിലേക്ക് കൊണ്ടുപോയ ശേഷം റോഡ് മാർഗം റെഡ് ക്രസന്റ് ഇറാനിലെത്തിക്കാനാണ് സാധ്യത.

അതിനിടെ, രാജ്യത്തെ എൽപിജി വിതരണം ആശങ്കയായി തുടരുന്നെങ്കിലും ഇന്ത്യക്കുള്ളിലെ ഉൽപാദനം നാല്പത് ശതമാനം കൂട്ടാനായത് ആശ്വാസമാണെന്ന് സർക്കാർ പറയുന്നു. പ്രതിസന്ധി പരി​ഹരിക്കാൻ പൈപ്പ് വഴിയുള്ള ​ഗ്യാസ് വിതരണം കൂടുതൽ മേഖലകളിലേക്ക് എത്തിക്കാൻ സർക്കാർ നീക്കം തുടങ്ങി. ‌‍‌

പിഎൻജി പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങൾക്ക് തൽകാലം കേന്ദ്ര കോട്ടയിൽ നിന്നും പത്ത് ശതമാനം എൽപിജി അധികമായി നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡന്റുമായും കുവൈറ്റ് കിരീടാവകാശിയുമായും ഇതിനകം ചർച്ച നടത്തി. ഹോർമുസ് വഴിയുള്ള ഊർജ നീക്കവും ഈ സംഭാഷണങ്ങളിൽ ചർച്ചയായി.

പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു; 18 ദിവസത്തിനിടെ 13,000 രൂപയിലധികം ഇടിവ്

പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു; 18 ദിവസത്തിനിടെ 13,000 രൂപയിലധികം ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 2040 രൂപയാണ് കുറഞ്ഞത്. 1,13,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 255 രൂപയാണ് കുറഞ്ഞത്. 14,175 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. 18 ദിവസത്തിനിടെ പവന് 13,000 രൂപയിലധികമാണ് കുറഞ്ഞത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും കാലാവസ്ഥ വകുപ്പ് മുന്നിറിപ്പ് നൽകിയിട്ടുണ്ട്.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.

ആയതിനാൽ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കണം. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റിൽ മറിഞ്ഞു വീഴാൻ സാദ്ധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

ഡോക്ടർ വന്ദന ദാസ് കൊലപാതകം: പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം: പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ശിക്ഷ ഇന്ന് പ്രസ്താവിക്കും. കൊല്ലം സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. കൊലപാതകക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെയാണ് ഡോ.വന്ദന ദാസിന് കുത്തേൽക്കുന്നത്.

2023 മേയ് 10ന് പുലർച്ചെയാണ് വന്ദന മരിച്ചത്. ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്. സന്ദീപിന്റെ ആക്രമണത്തിൽ മൂന്നു പൊലീസുകാർ ഉൾപ്പെടെ അഞ്ചു പേർക്കു പരിക്കേറ്റിരുന്നു. കേസിൽ 70ൽ ഏറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന വാദവും കോടതി തള്ളിയിരുന്നു.