എച്ച്ഡിഎഫ്സി ബാങ്ക് ചെയര്‍മാന്‍ അതാനു ചക്രവര്‍ത്തി രാജിവെച്ചു; ബാങ്ക് ഓഹരിയില്‍ ഇടിവ്

എച്ച്ഡിഎഫ്സി ബാങ്ക് ചെയര്‍മാന്‍ അതാനു ചക്രവര്‍ത്തി രാജിവെച്ചു; ബാങ്ക് ഓഹരിയില്‍ ഇടിവ്

മുംബൈ: എച്ച്ഡിഎഫ്സി ബാങ്കിന്റെ പാര്‍ട്ട് ടൈം ചെയര്‍മാനും സ്വതന്ത്ര ഡയറക്ടറുമായ അതാനു ചക്രവര്‍ത്തി രാജിവച്ചു. ബാങ്കിനുള്ളിലെ ചില രീതികളും പ്രവര്‍ത്തനങ്ങളും തന്റെ വ്യക്തിപരമായ ധാര്‍മിക മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ബാങ്കിന്റെ ഗവേണന്‍സ്, നോമിനേഷന്‍ ആന്‍ഡ് റമ്യൂണറേഷന്‍ കമ്മിറ്റി ചെയര്‍മാന് നല്‍കിയ കത്തിലാണ് അദ്ദേഹം രാജി തീരുമാനം അറിയിച്ചത്.

‘കഴിഞ്ഞ രണ്ട് വര്‍ഷമായി ബാങ്കില്‍ ഞാന്‍ നിരീക്ഷിച്ച ചില സംഭവങ്ങളും രീതികളും എന്റെ വ്യക്തിപരമായ മൂല്യങ്ങളോടും ധാര്‍മ്മികതയോടും പൊരുത്തപ്പെടുന്നില്ല. ഇതാണ് എന്റെ തീരുമാനത്തിന്റെ അടിസ്ഥാനം. എന്റെ രാജിക്ക് മറ്റ് കാര്യമായ കാരണങ്ങളൊന്നുമില്ലെന്നും ഞാന്‍ വ്യക്തമാക്കുന്നു’- അതാനു ചക്രവര്‍ത്തി കത്തില്‍ പറയുന്നു.

രാജി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യന്‍ ഓഹരി വിപണിയില്‍ 4.73 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അതാനു ചക്രവര്‍ത്തിയുടെ രാജിയെ തുടര്‍ന്ന് എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ മുന്‍ വൈസ് ചെയര്‍മാനായിരുന്ന കെകി മിസ്ത്രിയെ മൂന്ന് മാസത്തേക്ക് ബാങ്കിന്റെ ഇടക്കാല പാര്‍ട്ട്-ടൈം ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നല്‍കി. മാര്‍ച്ച് 19 മുതല്‍ ഈ നിയമനം പ്രാബല്യത്തില്‍ വന്നു.

2021 മെയ് മാസത്തിലാണ് അതാനു ചക്രവര്‍ത്തി എച്ച്ഡിഎഫ്സി ബാങ്കിന്റെ ബോര്‍ഡിന്റെ ഭാഗമായത്. ‘ബോര്‍ഡില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് എച്ച്ഡിഎഫ്സി ലിമിറ്റഡുമായി ബാങ്ക് ലയിപ്പിച്ചതുപോലുള്ള സുപ്രധാന സംഭവങ്ങള്‍ ഉണ്ടായത്. അത് ബാങ്കിന് കീഴില്‍ ഒരു കൂട്ടായ്മ സൃഷ്ടിച്ചു. ഈ തന്ത്രപരമായ സംരംഭം എച്ച്ഡിഎഫ്സി ബാങ്കിനെ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാക്കി മാറ്റി. എന്നിരുന്നാലും, ലയനത്തിന്റെ ഗുണങ്ങള്‍ ഇതുവരെ പൂര്‍ണ്ണമായി ഫലവത്തായില്ല.’- അദ്ദേഹം കത്തില്‍ പറയുന്നു.

യുദ്ധം കടുക്കുന്നു., ഖത്തർ ഗ്യാസ് ഹബിന് നേരെ മിസൈൽ ആക്രമണം.വിമാന സർവീസുകൾ റദ്ദാക്കി

യുദ്ധം കടുക്കുന്നു., ഖത്തർ ഗ്യാസ് ഹബിന് നേരെ മിസൈൽ ആക്രമണം.വിമാന സർവീസുകൾ റദ്ദാക്കി

ഖത്തറിന് പുറമെ യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യമിട്ടു. അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിന് നേരെ വന്ന മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അബുദാബിയിലെ പ്ലാന്റുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിൽ എത്തിയ ഡ്രോണുകളും മിസൈലുകളും റിയാദിന് സമീപം തകർത്തു വീഴ്ത്തി. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇറാൻ നടത്തുന്നതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

യുദ്ധം ശക്തമായതോടെ ആഗോള എണ്ണ വിപണിയിൽ വില കുതിച്ചുയരുകയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടത് ആശങ്ക വർധിപ്പിക്കുന്നു. സംഘർഷ പശ്ചാത്തലത്തിൽ പ്രമുഖ വിമാനക്കമ്പനിയായ കാത്തി പസഫിക് ദുബൈയിലേക്കുള്ള സർവീസുകൾ ഏപ്രിൽ 30 വരെ റദ്ദാക്കി. മേഖലയിലെ സുരക്ഷാ സാഹചര്യം ചർച്ച ചെയ്യാൻ യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി ഫോണിൽ സംസാരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന ഇറാന്റെ ഭീഷണി ഗൾഫ് രാജ്യങ്ങളെ കടുത്ത ജാഗ്രതയിലാക്കിയിരിക്കുകയാണ്.

കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടു, അഭയം തേടി മരത്തിന് മുകളിലേക്ക് പിടിച്ചുകയറി ദമ്പതികള്‍; രക്ഷപ്പെട്ടത് ഇങ്ങനെ

കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടു, അഭയം തേടി മരത്തിന് മുകളിലേക്ക് പിടിച്ചുകയറി ദമ്പതികള്‍; രക്ഷപ്പെട്ടത് ഇങ്ങനെ

കൊല്ലം: പത്തനാപുരത്ത് വനത്തില്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ദമ്പതികള്‍. വന വിഭവശേഖരത്തിന് കാട്ടില്‍ പോയ ദമ്പതികള്‍ കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മരമുകളില്‍ അഭയം തേടിയ ദമ്പതികളെ മണിക്കൂറുകള്‍ക്ക് ശേഷം വനപാലക സംഘം എത്തിയാണ് രക്ഷപ്പെടുത്തിയത്.

മുള്ളുമല വാവരുപന ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. പിറവന്തൂര്‍ മുള്ളുമല ഉന്നതിയിലെ ദമ്പതികളായ കരുണാകരന്‍, റംസ എന്നിവരാണ് കാട്ടാന ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വിറക് ശേഖരണത്തിന് പോകും വഴി കാട്ടാനക്കൂട്ടത്തിനു മുന്നിലാണ് ഇവര്‍ അകപ്പെട്ടത്. കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന ദമ്പതികള്‍ വനത്തിനുള്ളിലെ തേക്ക് മരത്തില്‍ കയറി മണിക്കൂറുകളോളം ഇരുന്നു. കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കരുണാകരന്‍ മണ്ണാറപ്പാറ റേഞ്ച് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഈ സമയമെല്ലാം കാട്ടാനക്കൂട്ടം ഇവര്‍ കയറിയ മരചുവട്ടില്‍ നിലയുറപ്പിച്ചു. വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തിയെങ്കിലും കാട്ടാനകള്‍ പിന്മാറിയില്ല. മണിക്കൂറുകള്‍ക്ക് ശേഷം സ്ഥലത്തെത്തിയ വനപാലക സംഘം കാട്ടാനകളെ വിരട്ടിയോടിച്ച ശേഷം ദമ്പതികളെ രക്ഷപ്പെടുത്തുകയായിരുന്നു.

കണ്ണൂരിൽ കെ സുധാകരന്‍ മത്സരിക്കും;  മുട്ടുമടക്കി ഹൈക്കമാന്‍ഡ്

കണ്ണൂരിൽ കെ സുധാകരന്‍ മത്സരിക്കും; മുട്ടുമടക്കി ഹൈക്കമാന്‍ഡ്

കണ്ണൂർ: ഏറെ നാടകീയമായ പ്രസ്‌താവനകൾക്കും പ്രതികരങ്ങൾക്കും ഒടുവിൽ സമ്മർദത്തിന് വഴങ്ങി ഹൈക്കമാൻഡ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. സുധാകരൻ മത്സരിക്കും. എം.പിമാർ മത്സരിക്കേണ്ടതില്ല എന്ന എ.ഐ.സി.സി തീരുമാനത്തിൽ സുധാകരന് മാത്രം ഇളവ് നൽകിയാണ് മത്സരിക്കാൻ അനുമതി നൽകിയത്.

“തെരഞ്ഞെടുപ്പിൽ എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലായിരുന്നു സുധാകരൻ. അദ്ദേഹം പുതിയ പാർട്ടിയുണ്ടാക്കുമെന്നും സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ഉടലെടുത്തിരുന്നു. കെ.സി. വേണുഗോപാലിനോട് ‘നിങ്ങൾക്ക് നിങ്ങളുടെ വഴി, എനിക്ക് എൻ്റെ വഴി’ എന്നും ഗുഡ് ബൈയും പറഞ്ഞത് ഈ അഭ്യൂഹങ്ങളിൽ കൂടുതൽ ചർച്ചകളുണ്ടാക്കി.

സംസ്ഥാന വ്യാപകമായി പ്രവർത്തകുടെയും നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരൻ അവകാശപ്പെട്ടിരുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുധാകരൻ കടുത്ത അതൃപ്ത‌ിയിലായിരുന്നു. മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ച സുധാകരൻ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല.

എന്നാൽ എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാമനാണ് മല്ലികാർജുൻ ഖാർഗെ കൈക്കൊണ്ടത്. ഇതോടെ കെ സുധാകരന് പുറമെ അടൂർ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു.പിന്നാലെയാണ് സുധാകരൻ പാർട്ടി വിടുമെന്ന് ഉറപ്പായത്. ഇത്തരമൊരു സാഹചര്യത്തിലാണ് കോൺഗ്രസിന് സുധാകരന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നത്.

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

കൊച്ചി: പെരുമ്പാവൂരിലെ ട്വൻറി 20 സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ആണ് നിലവിൽ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടുത്തെ വോട്ടർപട്ടികയിൽ ലക്ഷ്മി പ്രിയയുടെ പേരില്ല. തൃക്കാക്കരിയിലെ ഫ്ലാറ്റുണ്ടായിരുന്ന പ്രദേശത്തും പേര് വിവരങ്ങൾ ലിസ്റ്റിലില്ല എന്നാണ് വിവരം. തുടർന്ന് ഇന്ന് നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കി. ആരോ​ഗ്യപ്രശ്നങ്ങളുള്ളതിനാലാണ് റോഡ് ഷോ റദ്ദാക്കിയതെന്നാണ് വിശദീകരണം. ഇന്നലെയാണ് സാബു എം ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

സിനിമാ-സീരിയല്‍ താരങ്ങള്‍ക്ക് കൂട്ടത്തോടെ സീറ്റ് നല്‍കി ബിജെപി ഘടകകക്ഷിയായ ട്വന്‍റി 20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തൃപ്പൂണിത്തുറയില്‍ സിനിമാ താരം അഞ്ജലി നായരാണ് സ്ഥാനാര്‍ഥി. കൂടുതല്‍ സെലിബ്രിറ്റികള്‍ പാര്‍ട്ടിയുടെ ഭാഗമായി ഇനിയും മല്‍സരരംഗത്തുണ്ടാകുമെന്ന് ട്വന്‍റി ട്വന്‍റി നേതൃത്വം അവകാശപ്പെട്ടു. തൃപ്പൂണിത്തുറയില്‍ അഞ്ജലി നായര്‍, പെരുമ്പാവൂരില്‍ ലക്ഷ്മി പ്രിയ, ഏറ്റുമാനൂരില്‍ വീണ നായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ്. അഖില്‍ മാരാര്‍ക്ക് പിന്നാലെയാണ് കൂടുതല്‍ സിനിമ സീരിയല്‍ സോഷ്യല്‍ മീഡിയ താരങ്ങളെ ട്വന്‍റി ട്വന്‍റി മത്സരത്തിനിറക്കിയത്.

‘സങ്കടം സഹിക്കാനായില്ല!’, വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

‘സങ്കടം സഹിക്കാനായില്ല!’, വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരിയ്ക്ക് സമീപം വന്ദേഭാരത് എക്സിപ്രസ് ട്രെയിനിന് നേരെ ഉണ്ടായ കല്ലേറിൽ 18 കാരൻ അറസ്റ്റിൽ. പ്രണയബന്ധം തകർന്നതിൻ്റെ നിരാശയിലാണ് ട്രെയിനിന് കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി. രണ്ടാഴ്ച നീണ്ട തെരച്ചിലിനൊടുവിലാണ് ആലുവ അകപ്പറമ്പ് ഭാ​ഗത്ത് നിന്ന് പ്രതിയെ ആർപിഎഫ് കസ്റ്റഡിയിൽ എടുക്കുന്നത്.

മാർച്ച് ഏഴിന് രാത്രി 7.10 ഓടെയാണ് ആലുവയ്ക്കും അങ്കമാലിക്കുമിടെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം തിരുവനന്തപുരം-മം​ഗലാപുരം വന്ദേഭാരത് കടന്നു പോകുമ്പോൾ കല്ലേറുണ്ടായത്. സി 9 കോച്ചിന്റെ ജനാലയുടെ ലാമിനേറ്റഡ് ചില്ലിന് നേരിയ പോറലുണ്ടായിട്ടുണ്ട്. കാമുകിയുമായി വേർപിരിഞ്ഞ ദുഖത്തിൽ ട്രാക്കിന് സമീപം ഇരിക്കുമ്പോഴാണ് ട്രെയിൻ വരുന്നത് കണ്ടത്. മൂന്ന് തവണ കല്ലേറ് നടത്തി. ഒരെണ്ണമാണ് കൊണ്ടത്. സിസിടിവി ദൃശ്യങ്ങൾ വന്ദേഭാരതിന്റെ കോച്ചിന് പുറത്തുള്ള കാമറയിൽ നിന്ന് കിട്ടിയെങ്കിലും കല്ലെറിയുന്ന ആളെ വ്യക്തമായിരുന്നില്ല.

ദിവസങ്ങളോളം നീണ്ട അന്വേഷണത്തിൽ സ്ഥിരമായി ട്രാക്കിന് സമീപം വരാറുള്ളവരുടെ പട്ടിക തയ്യാറാക്കി നടത്തിയ അന്വേഷണത്തിലാണ് 18കാരൻ കുടുങ്ങിയത്.