പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍, അതിതീവ്ര മഴ തുടരും, റെഡ് അലര്‍ട്ട്

പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍, അതിതീവ്ര മഴ തുടരും, റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍ -ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്നു മുതല്‍ ഈ മാസം 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും, ഈ മാസം 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചു ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമായി തുടരാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ (ബുധനാഴ്ച ) കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അതിതീവ്ര മഴ മുന്നറിയിപ്പ് ( റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

‘ആശമാരുടെ സംസ്ഥാനതല രാപകൽ സമരയാത്ര’; സ്വാഗതസംഘ രൂപീകരണ യോഗം സംഘടിപ്പിക്കുന്നു

‘ആശമാരുടെ സംസ്ഥാനതല രാപകൽ സമരയാത്ര’; സ്വാഗതസംഘ രൂപീകരണ യോഗം സംഘടിപ്പിക്കുന്നു

സെക്രട്ടേറിയറ്റിനു മുന്നിലെ ആശാ സമരത്തിൻ്റെ ഭാഗമായി നടക്കുന്ന ആശമാരുടെ സംസ്ഥാനതല രാപകൽ സമരയാത്ര ജൂൺ 14 -ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. അന്നേ ദിവസം ആറ്റിങ്ങലിൽ സമര യാത്രയ്ക്ക് പൗരസ്വീകരണം നൽകുന്നതിനായി സ്വാഗതസംഘ രൂപീകരണ യോഗം മേയ് 28 ന് (ബുധനാഴ്ച) വൈകുന്നേരം 3 മണിക്ക് ആറ്റിങ്ങൽ ഗ്രാമം ഭജനമഠം ഹാളിൽ ചേരും. ജനപ്രതിനിധികളും സമരത്തെ പിന്തുണയ്ക്കുന്ന വിവിധ രാഷ്ട്രീയ- സാംസ്കാരിക – സാമൂഹിക- സാമുദായിക സംഘടനാ നേതാക്കളും പ്രവർത്തകരും ആശ വർക്കർമാരും യോഗത്തിൽ പങ്കെടുക്കും.

എസ് എൻ ഡി പി യോഗം ആറ്റിങ്ങൽ യൂണിയൻ വനിതാസംഘം ലഹരിവിരുദ്ധ സദസ്സ്  “കരുതൽ 2k25” സംഘടിപ്പിക്കുന്നു

എസ് എൻ ഡി പി യോഗം ആറ്റിങ്ങൽ യൂണിയൻ വനിതാസംഘം ലഹരിവിരുദ്ധ സദസ്സ് “കരുതൽ 2k25” സംഘടിപ്പിക്കുന്നു

എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘത്തിന്‍റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ യൂണിയൻ വനിതാസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ 2025 മേയ് 31 ശനിയാഴ്ച വൈകുന്നേരം 03.30ന് ആറ്റിങ്ങൽ എസ് എൻ ഡി പി യൂണിയൻ ഹാളിൽ “കരുതൽ 2K25” എന്ന പേരില്‍ ഒരു ലഹരിവിരുദ്ധസദസ്സ് സംഘടിപ്പിക്കുന്നു.

ആറ്റിങ്ങൽ യൂണിയൻ പ്രസിഡൻ്റ് എസ്.ഗോകുൽദാസ് ലഹരിവിരുദ്ധസദസ്സ് ഉദ്ഘാടനം ചെയ്യും. യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ ഗീതാദേവി അദ്ധ്യക്ഷത വഹിക്കും. ആറ്റിങ്ങൽ ഡി.വൈ.എസ്.പി മഞ്ജുലാൽ ലഹരി വിരുദ്ധ സന്ദേശം നൽകും. ചിറയിൻകീഴ് റേഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തുന്നതാണ്. കവയത്രി ജയശ്രീ ആറ്റിങ്ങൽ ലഹരിവിരുദ്ധ കവിത ആലപിക്കും.

യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക്, വനിതാസംഘം ട്രഷറർ ഷീല ത്യാഗരാജൻ, കൺവീനർ
ശ്രീല ബിജു തുടങ്ങിയവർ പങ്കെടുക്കും.

ആറ്റിങ്ങലിൽ തേക്ക് മരം ഇലക്ടിക് ലൈനിനു മീതെ വീണു

ആറ്റിങ്ങലിൽ തേക്ക് മരം ഇലക്ടിക് ലൈനിനു മീതെ വീണു

ആറ്റിങ്ങൽ അയിലം റോഡിൽ ഗ്യാസ് ഏജൻസിയ്ക്കു മുൻപിൽ ഇലക്ടിക് ലൈനിനു മീതെ തേക്ക് മരം ഒടിഞ്ഞു വീണു. ഫയർ ഫോഴ്സ് സ്ഥലത്തെത്തി മരം നീക്കം ചെയ്യുകയാണ്.

ഒന്‍പത് നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്; തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

ഒന്‍പത് നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്; തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ പുഴകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നി നദികളില്‍ ഓറഞ്ചും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍ ജില്ലയിലെ പെരുമ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസര്‍കോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നി നദികളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ പുഴകളുടെ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം സ്റ്റേഷന്‍, പത്തനംതിട്ട ജില്ലയിലെ അച്ഛന്‍ കോവില്‍ നദിയിലെ കല്ലേലി സ്റ്റേഷന്‍, കോന്നി GD സ്റ്റേഷന്‍ , മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പെരുമ നദിയിലെ കൈതപ്രം സ്റ്റേഷന്‍, കാസര്‍കോട് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കൊള്ളിക്കല്‍ സ്റ്റേഷന്‍, കൊടിയങ്ങാട് സ്റ്റേഷന്‍, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ നദിയിലെ തിരുവേഗപ്പുര സ്റ്റേഷന്‍, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷന്‍, വയനാട് ജില്ലയിലെ കബനി നദിയിലെ കേളോത്തുകടവ് സ്റ്റേഷന്‍, മുദങ്ങ സ്റ്റേഷന്‍, പനമരം സ്റ്റേഷന്‍ കേന്ദ്ര ജലകമ്മീഷന്റെ മുത്തന്‍കര സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ഈ നദികളുടെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കനത്ത മഴയില്‍ കക്കാട് പുഴ കരകവിഞ്ഞൊഴുകി; കാര്‍ അടക്കം കുടുങ്ങി

കനത്ത മഴയില്‍ കക്കാട് പുഴ കരകവിഞ്ഞൊഴുകി; കാര്‍ അടക്കം കുടുങ്ങി

കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂർ ജില്ലയിലെ കക്കാട് പുഴ കരകവിഞ്ഞൊഴുകി. റോഡും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായതോടെ നാട്ടുകാര്‍ ദുരിതത്തിലായി.

ചൊവ്വാഴ്ച്ച പുലര്‍ച്ചെ പെയ്ത മഴയിലാണ് കക്കാട് പുഴ കരകവിഞ്ഞൊഴുകിയത്. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതവും മുടങ്ങി. വെള്ളം കയറിയതു അറിയാതെ ഇതുവഴി പോയ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വെള്ളം കയറിയതു കാരണം പ്രവര്‍ത്തനം നിലച്ചു റോഡില്‍ കുടുങ്ങി.

പുഴയ്ക്ക് അരികില്‍ ഉപയോഗശൂന്യമായ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്വിമ്മിങ് പൂള്‍ ഉള്‍പ്പെടെയുള്ളവ വെള്ളത്തിനടിയിലായി. കണ്ണൂരില്‍ നിന്നും മുണ്ടയാട് വഴി പോകുന്ന റോഡില്‍ പലയിടങ്ങളിലും വെള്ളം കയറിയതു കാരണം സ്വകാര്യ ബസ് സര്‍വീസും മുടങ്ങി.