by Midhun HP News | May 25, 2025 | Latest News, കേരളം
കണ്ണൂര്‍: തലശേരി – കണ്ണൂര്‍ ദേശീയപാതയിലെ ചാലക്കുന്നില്‍ മണ്ണിടിച്ചിനെത്തുടര്‍ന്ന് കോണ്‍ക്രീറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഝാര്‍ഖണ്ഡ് സ്വദേശി ബിയാസ് ഒര്‍വന്‍ (28) ആണ് മരിച്ചത്. ചാലക്കുന്നില്‍ പണി നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയില്‍ ശനിയാഴ്ച്ച വൈകീട്ട് 5.30 ഓടെയാണ് അപകടം ഉണ്ടായത്.
പാതയുടെ വശങ്ങളിലെ കോണ്‍ക്രീറ്റ് മതിലിന്റെ നിര്‍മാണ പ്രവൃത്തികളാണ് നടന്നുകൊണ്ടിരുന്നത്. കോണ്‍ക്രീറ്റ് പണിയുടെ ആവശ്യങ്ങള്‍ക്കായി കൊണ്ടുവെച്ചിരുന്ന ഇരുമ്പുപാളികള്‍ വയ്ക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. മണ്ണിടിഞ്ഞ് ബിയാസ് താഴെ കോണ്‍ക്രീറ്റ് പാളികളിലേക്ക് വീഴുകയായിരുന്നു.
കോണ്‍ക്രീറ്റ് പാളികളില്‍നിന്ന് പുറത്തേക്ക് ഉന്തിനിന്ന കമ്പികള്‍ക്ക് മുകളിലേക്കാണ് ബിയാസ് വീണത്. തലയിലൂടെ ഇരുമ്പുകമ്പികള്‍ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. ബിയാസ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. കനത്ത മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
by Midhun HP News | May 25, 2025 | Latest News, കേരളം
കൊച്ചി: അറബിക്കടലില്‍ അപകടത്തില്‍പെട്ട എംഎസ്‌സി എല്‍സ 3 കപ്പല്‍ കടലില്‍ താഴുന്നു. കപ്പലിനെ നിവര്‍ത്താനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്നാണ് നാവിക സേനയില്‍ നിന്ന് ലഭിക്കുന്ന വിവരം. 26 ഡിഗ്രി ചെരിഞ്ഞ കപ്പലിന്റെ മുകളിലോട്ടുള്ള ഭാഗത്ത് ഭാരം നിറച്ച് കപ്പലിനെ ബാലന്‍സ് ചെയ്യിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
കപ്പല്‍ നിവത്തി ചരക്കുകള്‍ നീക്കം ചെയ്യുകയെന്ന വലിയ ദൗത്യമാണ് മുന്നിലുള്ളത്. ഈ ദൗത്യം ഫലം കാണുന്നില്ലെന്നാണ് വിവരം. പ്രതികൂലമായ കാലാവസ്ഥയില്‍ കടല്‍ പ്രക്ഷുബ്ദമായത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ്.
സ്ഥിതി വഷളാകുന്നുവെന്ന് മനസിലാക്കിയ ഉടന്‍ നാവിക സേന ഇടപെട്ടു. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ ഐഎന്‍എസ് സുജാതയിലേക്ക് മാറ്റിതിരിക്കുകയാണ്.
അതേസമയം കപ്പലില്‍ നിന്ന് കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് ഒഴുകാന്‍ തുടങ്ങിയിട്ടുണ്ട്. ഇവ നാവികസേനയുടേതടക്കം മറ്റ് കപ്പലുകളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കപ്പല്‍ കടലില്‍ മുങ്ങിയാല്‍ കപ്പല്‍ നഷ്ടപ്പെടുന്നതു മൂലമുണ്ടാകുന്ന നഷ്ടത്തേക്കാള്‍ ഭീകരമാകും. പരിസ്ഥിതി നാശം അടക്കമുള്ളവയ്ക്കിടയാക്കും. ഇന്ധനം കടലില്‍ കലര്‍ന്ന് എണ്ണപ്പാട വ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ആധുനിക ഉപകരണങ്ങളും വിദഗ്ധ സഹായവും തേടുകയാണ്.
by Midhun HP News | May 25, 2025 | Latest News, കേരളം
കൊല്ലം: കടപുഴകി വീണ കൂറ്റന്‍ ആഞ്ഞിലിമരത്തിനും പൊട്ടിവീണ വൈദ്യുതി പോസ്റ്റിനും ഇടയില്‍ കുടുങ്ങിയ കാറില്‍ നിന്ന് സിആര്‍ മഹേഷ് എംഎല്‍എ അദ്ഭുതകരമായി രക്ഷപ്പെട്ടു. മരവും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണുള്ള അപകടത്തില്‍ നിന്ന് എംഎല്‍എയുടെ വാഹനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടതാണ്.
ഇന്നലെ വൈകിട്ട് 6.30 ഓടെ തഴവ മണപ്പള്ളി തെക്ക് തണ്ണക്കര മുക്കിനു കിഴക്ക് തുരുത്തിക്കാട്ട് മുക്കിനു സമീപമായിരുന്നു സംഭവം. മണപ്പള്ളിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമത്തില്‍ പങ്കെടുത്ത് കാറില്‍ തൊടിയൂരില്‍ കാറ്റില്‍ മേല്‍ക്കൂര പറന്നു പോയ വീട് കാണാന്‍ മടങ്ങുകയായിരുന്നു സിആര്‍ മഹേഷ് എംഎല്‍എ.
ആഞ്ഞിലി മരം റോഡിനു വശത്തെ ഇലക്ട്രിക് ലൈനിലേക്കും വീണതോടെ ലൈന്‍ വലിഞ്ഞ് കാറിനു മുന്നിലേക്ക് ഇലക്ട്രിക് പോസ്റ്റും വീണു. എംഎല്‍എയുടെ കാറിനു തൊട്ടു പിന്നില്‍ ആഞ്ഞിലി മരവും, മുന്നില്‍ ഇലക്ട്രിക് പോസ്റ്റും വീണു കിടന്നു. കാറും കാറിലുണ്ടായിരുന്ന സിആര്‍ മഹേഷ് എംഎല്‍എയും ഡ്രൈവറും സൈക്കിളില്‍ വന്ന 3 കുട്ടികളും ഈ അപകടക്കെണിക്കു നടുവിലായി. ആറു പോസ്റ്റുകളാണ് മരം വീണതിനെത്തുടര്‍ന്ന് നിലം പൊത്തിയത്. വൈദ്യുതി ഉടന്‍ വിഛേദിക്കപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി.
by Midhun HP News | May 25, 2025 | Latest News, ജില്ലാ വാർത്ത
പ്രതികൂല കാലാവസ്ഥ കാരണം 25. 05. 2025-ാം തിയതി മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ള സന്ദർശനം നിരോധിച്ചിരിക്കുന്നു.
by Midhun HP News | May 25, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ ജൂണ്‍ 23 ന് നടക്കും. ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ പുറപ്പെടുവിക്കും.
പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ രണ്ട് ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.
വോട്ടെടുപ്പിന് ഇനി 25 ദിവസങ്ങള്‍ മാത്രമാണുള്ളത്. നിലമ്പൂരിനൊപ്പം ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങള്‍, പഞ്ചാബിലെ ലുധിയാന വെസ്റ്റ്, ബംഗാളിലെ കാളിഗഞ്ച് മണ്ഡലങ്ങളിലും ഉപതെഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
by Midhun HP News | May 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിന്‍ പേജില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറും പാസ്വേര്‍ഡും നല്‍കി അലോട്ട്മെന്റ് റിസള്‍ട്ട് പരിശോധിക്കാം.
ജൂണ്‍ രണ്ടിന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്‌മെന്റിന്റെ സാധ്യത പട്ടിക മാത്രമാണിത്. എന്നാല്‍ അപേക്ഷ വിവരങ്ങളില്‍ തെറ്റു കടന്നുകൂടിയിട്ടുണ്ടെങ്കില്‍ തിരുത്തുന്നതിന് അവസരമുണ്ട്. ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും കഴിയും.
അപേക്ഷാ വിവരങ്ങള്‍ അപൂര്‍ണ്ണമായി നല്‍കിയ വിദ്യാര്‍ഥികള്‍ക്കും ഈ ഘട്ടത്തില്‍ അപേക്ഷ പൂര്‍ത്തിയാക്കി കണ്‍ഫര്‍മേഷന്‍ നടത്താം. ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ ആവശ്യമുള്ളവര്‍, കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത ശേഷം ആവശ്യമായ തിരുത്തലുകള്‍ മെയ് 28, വൈകുന്നേരം 5 ന് മുന്‍പായി വരുത്തണം. അപേക്ഷ നല്‍കിയിട്ടുള്ള എല്ലാ വിദ്യാര്‍ഥികളും ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് പരിശോധിക്കണം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന്റെയും ട്രയല്‍ അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു.
Recent Comments