ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. നാരായണ്‍പൂരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ വധിച്ചു എന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ സ്ഥിരീകരിച്ചു.

അബുജ്മദ് പ്രദേശത്ത് വച്ച് നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍, കൊണ്ടഗാവ് എന്നി നാല് ജില്ലകളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെ ജവാന്മാരും മാവോയിസ്റ്റുകളും തമ്മിലാണ് വെടിവയ്പ് ഉണ്ടായത്. ഏറ്റുമുട്ടലില്‍ ചില പ്രമുഖര്‍ കൊല്ലപ്പെട്ടതായും വിജയ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച രാവിലെ പ്രമുഖ മാവോയിസ്റ്റ് നേതാക്കളെ സുരക്ഷാ സേന വളയുകയായിരുന്നു. തുടര്‍ന്ന് മാവോയിസ്റ്റുകള്‍ നടത്തിയ വെടിവയ്പിന് മറുപടിയെന്നോണം സുരക്ഷാസേന പ്രത്യാക്രമണം നടത്തുകയായിരുന്നു. മാവോയിസ്റ്റ് മാഡ് ഡിവിഷനിലെ മുതിര്‍ന്ന കേഡറുകളുടെ സാന്നിധ്യം സംബന്ധിച്ച ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പ്രദേശത്ത് ഓപ്പറേഷന്‍ നടത്തിയത്.

നാല് ജില്ലകളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡ് ടീമുകള്‍ പ്രദേശത്ത് ഓപ്പറേഷന്‍ ആരംഭിച്ചപ്പോള്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെലങ്കാന അതിര്‍ത്തിയിലെ കരേഗുട്ട കുന്നുകള്‍ക്ക് സമീപമുള്ള ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ വനങ്ങളില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞാണ് പുതിയ സംഭവം.

സ്‌കൂൾ പരിസരത്തെ ലഹരി വിൽപ്പന: വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ്

സ്‌കൂൾ പരിസരത്തെ ലഹരി വിൽപ്പന: വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ്

സ്‌കൂളുകൾക്ക് സമീപത്ത് ലഹരി വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ എക്സൈസ് നടപടി ആരംഭിച്ചു. ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയാൽ കടകൾ പൂട്ടിക്കാനാണ് എക്സൈസ് തീരുമാനം. ഇക്കാര്യത്തിൽ നടപടി എടുക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് എക്സൈസ് കത്ത് നൽകും. ഈ മാസം 30 ന് മുൻപ് എക്സൈസ് ഉദ്യോഗസ്ഥർ എല്ലാ സ്‌കൂളുകളിലും പ്രധാനധ്യാപകരമായി കൂടിക്കാഴ്ച്ചയും നടത്തും.

വിദ്യാർഥികൾക്ക് ലഹരി വസ്തുക്കൾ കിട്ടുന്നത് തടയുന്നതിന് വേണ്ടിയാണ് കർശന നടപടിയുമായി എക്സൈസ് രംഗത്ത് വരുന്നത്. സ്ക്കൂളുകളുടെ 100 മീറ്റർ പരിധിയിൽ ലഹരി ഉത്പ്പന്നങ്ങൾ വിറ്റാർ കടകളുടെ ലൈസൻസ് റദ്ദാക്കും. ഇക്കാര്യം ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് കത്ത് നൽകും. നിലവിലെ നിയന്ത്രണങ്ങൾ ഫലപ്രദമല്ല എന്ന വിലയിരുത്തലിലാണ് പുതിയ നടപടി.

സ്‌കൂളുകൾ തുറക്കും മുൻപ് എല്ലാ പ്രധാനധ്യാപകരുമായി ഉദ്യോഗസ്ഥർ കൂടിക്കാഴ്ച്ച നടത്തും. അസ്വഭാവികമായി കുട്ടികളുടെ പെരുമാറ്റം ശ്രദ്ധയിൽപെട്ടാൽ എക്സൈസിനെ വിവരം അറിയിക്കണമെന്ന നിർദ്ദേശവും നൽകും. പുതിയ അധ്യയന വർഷത്തോട് അനുബന്ധിച്ച് പൊലീസും കർശന ലഹരിവിരുദ്ധ നടപടികളാണ് നടപ്പാക്കാൻ പോകുന്നത്.

കനത്തമഴയില്‍ വീടുകളിലേക്ക് ചെളിയും മണ്ണും ഒഴുകിയെത്തി; തളിപ്പറമ്പില്‍ ദേശീയപാത ഉപരോധിച്ച് നാട്ടുകാര്‍-

കനത്തമഴയില്‍ വീടുകളിലേക്ക് ചെളിയും മണ്ണും ഒഴുകിയെത്തി; തളിപ്പറമ്പില്‍ ദേശീയപാത ഉപരോധിച്ച് നാട്ടുകാര്‍-

കണ്ണൂര്‍: തളിപ്പറമ്പിനടുത്ത് കുപ്പത്ത് ദേശീയപാതയില്‍ നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ കനത്ത മഴയില്‍ നിര്‍മ്മാണം നടക്കുന്ന ദേശീയപാത 66ല്‍ നിന്ന് ചെളിയും മണ്ണും സമീപത്തെ റോഡിലേക്കും വീടുകളിലേക്കും ഒഴുകിയെത്തിയിരുന്നു.ഇതില്‍ പ്രതിഷേധിച്ച് നിലവിലെ ദേശീയപാത ബുധനാഴ്ച്ച രാവിലെ നാട്ടുകാര്‍ ഉപരോധിച്ചു. ദേശീയപാത 66ന്റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് ചെളിയും മണ്ണും ഒഴുകിയെത്താന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറിലേറെപ്പേരാണ് ദേശീയപാത ഉപരോധത്തില്‍ പങ്കെടുത്തത്. ഇതുകാരണം കണ്ണൂര്‍ – കാസര്‍കോട് റൂട്ടില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു.

വീണ്ടും സൂര്യവംശി! ചെന്നൈക്കെതിരെ രാജസ്ഥാന് തകര്‍പ്പന്‍ ജയം

വീണ്ടും സൂര്യവംശി! ചെന്നൈക്കെതിരെ രാജസ്ഥാന് തകര്‍പ്പന്‍ ജയം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ചെന്നൈയ്‌ക്കെതിരെ ആറ് വിക്കറ്റ് ജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. രാജസ്ഥാന്‍ നിരയില്‍ വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറിയുമായി(33 പന്തില്‍ 57) ടോപ് സ്‌കോററായി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(31 പന്തില്‍ 41), യശസ്വി ജയ്സ്വാള്‍(19 പന്തില്‍ 36), ധ്രുവ് ജുറല്‍(12 പന്തില്‍ 31) എന്നിവരും മികച്ച പ്രകടനം നടത്തി. ചെന്നൈക്കായി സ്പിന്നര്‍ ആര്‍ അശ്വിന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്റേത് മികച്ച തുടക്കമായിരുന്നു. യശസ്വി ജയ്സ്വാള്‍ വെടിക്കെട്ടോടെ കളംനിറഞ്ഞതോടെ രാജസ്ഥാന്‍ സ്‌കോര്‍ മൂന്നോവറില്‍ 31 ലെത്തി. ജയ്സ്വാള്‍(36) പുറത്തായതിന് പിന്നാലെ സഞ്ജുവും വൈഭവും രണ്ടാം വിക്കറ്റില്‍ ഒന്നിച്ചു. പതിയെ ആണ് ഇരുവരും തുടങ്ങിയത്. ചെന്നൈ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ചേര്‍ന്ന് ആറോവറില്‍ സ്‌കോര്‍ അമ്പത് കടത്തി.

പവര്‍ പ്ലേക്ക് പിന്നാലെ വൈഭവ് തകര്‍ത്തടിച്ചു. വൈഭവ് ചെന്നൈ ബൗളര്‍മാരെ തകര്‍ത്തടിച്ചു. 12-ാം ഓവറില്‍ നൂര്‍ അഹമ്മദിനെ അതിര്‍ത്തികടത്തി താരം അര്‍ധസെഞ്ചുറിയും തികച്ചു. 27 പന്തില്‍ നിന്നാണ് വൈഭവ് അര്‍ധസെഞ്ചുറി തികയ്ക്കുന്നത്. സഞ്ജുവും വെഭവും റിയാന്‍ പരാഗും(3) പുറത്തായതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. 158-4 എന്ന നിലയിലേക്ക് വീണു. എന്നാല്‍ ഷിമ്രോണ്‍ ഹെറ്റ്മയറും ധ്രുവ് ജുറെലും ടീമിനെ ജയത്തിലെത്തിച്ചു. 17.1 ഓവറില്‍ രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തി. ചെന്നൈക്കായി അശ്വിന്‍ രണ്ടുവിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ചെന്നൈ കൗമാരതാരം ആയുഷ് മാത്രെയുടേയും(20 പന്തില്‍ 43) ഡെവാള്‍ഡ് ബ്രേവിസിന്റേയും(25 പന്തില്‍ 42) ബാറ്റിങ് മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ശിവം ദുബെ(32 പന്തില്‍ 39) റണ്‍സെടുത്തു. ഡെത്ത്ഓവറുകളില്‍ തുടരെ വിക്കറ്റ് വീഴ്ത്തി ആകാഷ് മധ്വാളാണ് ചെന്നൈയെ 200 കടത്താതെ വരിഞ്ഞുമുറുക്കിയത്. എംഎസ് ധോനി 17 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായി. മധ്വാള്‍,യുധ്വിര്‍ സിങ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സീസണില്‍ രാജസ്ഥാന്റെ നാലാം ജയമാണിത്.

ദളിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു

ദളിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു

ദളിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. ബിന്ദുവിനെ കള്ളക്കേസിൽ പ്രതിയാക്കാൻ ശ്രമിക്കുകയും ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ പോലീസ്റ്റേഷനിൽ പിടിച്ചു നിർത്തുകയും വസ്ത്രാക്ഷേപം നടത്തുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം അനുസരിച്ച് കേസെടുക്കുകയും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പേരൂർക്കട പോലീസ് സ്റ്റേഷൻ മാർച്ച് സംസ്ഥാന പ്രസിഡന്റ് എ കെ ശശി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ജില്ലാ ബ്ലോക്ക് നേതാക്കന്മാർ പങ്കെടുത്തു.

കുടുംബത്തോടൊപ്പം മരത്തണലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ശിഖരം ഒടിഞ്ഞു വീണു; 13കാരൻ മരിച്ചു

കുടുംബത്തോടൊപ്പം മരത്തണലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ശിഖരം ഒടിഞ്ഞു വീണു; 13കാരൻ മരിച്ചു

തിരുവനന്തപുരം: തോട്ടത്തിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവെ 13 വയസ്സുകാരൻ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു മരിച്ചു. നാഗർകോവിൽ കീഴപെരുവിള സ്വദേശി ഗാഡ്‌സൻ സാമുവലിന്റെ മകൻ മിത്രനാണ് മരിച്ചത്. കന്യാകുമാരി കോതയാറിനു സമീപമാണ് സംഭവം.

മുംബൈയിൽ താമസിക്കുന്ന ഗാഡ്‌സൻ കഴിഞ്ഞ ദിവസമാണ് ഭാര്യയും രണ്ടു മക്കളുമൊന്നിച്ച് കോതയാറിലെത്തിയത്. ഇവരോടൊപ്പം തെക്ക്‌താമരക്കുളത്തുള്ള ഒരു കുടുംബവും മുബൈയിൽ നിന്നുള്ള 4 കുടുംബങ്ങളുമാണ് 3 കാറുകളിലും 2 ബൈക്കുകളിലുമായി കോതയാറിലെത്തിയത്.എട്ടു കുട്ടികളുൾപ്പെടെ 20 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരു തോട്ടത്തിലെ മരത്തണലിലിരുന്നു ഭക്ഷണം കഴിക്കുമ്പോൾ മരക്കമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. മറ്റുള്ളവർ ചാടി രക്ഷപ്പെട്ടെങ്കിലും മിത്രനും മറ്റൊരു കുട്ടിയും ശിഖരങ്ങൾക്കിടയിൽപ്പെടുകയായിരുന്നു.