മെസി വരുന്നതിന് തടസമില്ല; സ്‌പോണ്‍സര്‍ പണമടച്ചാല്‍ ഒക്ടോബറില്‍ ടീം കേരളത്തില്‍ കളിക്കും; വി അബ്ദുറഹിമാന്‍

മെസി വരുന്നതിന് തടസമില്ല; സ്‌പോണ്‍സര്‍ പണമടച്ചാല്‍ ഒക്ടോബറില്‍ ടീം കേരളത്തില്‍ കളിക്കും; വി അബ്ദുറഹിമാന്‍

കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ എത്തുമെന്ന് സംസ്ഥാന കായികമന്ത്രി വി.അബ്ദുറഹിമാന്‍. ഒക്ടോബറില്‍ ടീം എത്തും. സ്പോണ്‍സര്‍ പണമടച്ചാല്‍ അര്‍ജന്റീന ടീം കേരളത്തില്‍ എത്തുന്നതിന് മറ്റ് തടസങ്ങളില്ലെന്നും കായികമന്ത്രി പറഞ്ഞു. വരുന്ന ആഴ്ചയോടെ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ അര്‍ജന്റീനയുമായി സംസ്ഥാന സര്‍ക്കാര്‍ നല്ല ബന്ധത്തിലാണ്. ടീം എത്തില്ല എന്നൊന്നും പറയാന്‍ കഴിയില്ല. ഇത് ഫിഫ മാച്ചല്ല. അവര്‍ക്ക് കളിക്കാന്‍ സാധിക്കുന്ന രണ്ട് സ്റ്റേഡിയങ്ങള്‍ നിലവില്‍ കേരളത്തിലുണ്ട്. ഇത് സംബന്ധിച്ച് ഒരു ആശയകുഴപ്പവുമില്ല. കാണികളെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തിലായിരിക്കും കളി നടത്തുക. സ്റ്റേഡിയം സംബന്ധിച്ച് ആശങ്കയില്ല. സ്പോണ്‍സര്‍ക്ക് പണം അടയ്ക്കാന്‍ ഇനിയും സമയമുണ്ട്. ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടന്നാല്‍ വരുന്ന ഒക്ടോബര്‍ മാസത്തില്‍ അര്‍ജന്റീനയുടെ ടീം കേരളത്തില്‍ കളിക്കുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ, പണം അടയ്ക്കാത്തതിനാല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ടീം കേരളത്തില്‍ എത്തില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കുന്ന തരത്തിലായിരുന്നു രാവിലെ കായിക മന്ത്രി അബ്ദുറഹിമാന്‍ പ്രതികരിച്ചത്. അര്‍ജന്റീന ഫുട്‌ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും കേരളത്തില്‍ വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കാണെന്നും മന്ത്രി രാവിലെ പറഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം ലഭിച്ചെന്ന് ബ്രിട്ടാസ്; നയതന്ത്ര നീക്കവുമായി സഹകരിക്കും

കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം ലഭിച്ചെന്ന് ബ്രിട്ടാസ്; നയതന്ത്ര നീക്കവുമായി സഹകരിക്കും

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ തുറന്നകാട്ടാന്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തിലേക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ ക്ഷണം ലഭിച്ചതായി സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. സര്‍ക്കാര്‍ നയതന്ത്ര നീക്കവുമായി സഹകരിക്കാനാണ് തീരുമാനം. ഇതിന്റെ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഇതേവരെ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കേണ്ടത് അനിവാര്യമാണെന്നും ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് പറയുന്നതില്‍ കഴമ്പുണ്ട്. കോണ്‍ഗ്രസ് പറയുന്നത് കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പാര്‍ട്ടികളുടെ അഭിപ്രായം തേടാതിരുന്നത് രാഷ്ട്രീയ പോരായ്മയാണ്. ഓരോ പാര്‍ട്ടിയുടെയും പ്രതിനിധികള്‍ ആരാണെന്ന് പാര്‍ട്ടികളുമായി സംസാരിക്കേണ്ടതായിരുന്നു. പ്രതിനിധികളെ തീരുമാനിച്ചതിനു ശേഷമാണ് രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയത്.

പ്രതിനിധി സംഘത്തില്‍ അംഗമാവാനുള്ള ശശി തരൂരിന്റെ യോഗ്യതയെ കുറിച്ച് തനിക്ക് ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഭാഗമാകുന്നത് അഭികാമ്യമാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റൽ പഠനത്തിലൂടെ കർഷക ശാക്തീകരണം; ഡിജിഫാർമർ@പിരപ്പൻ മൺകാട്

ഡിജിറ്റൽ പഠനത്തിലൂടെ കർഷക ശാക്തീകരണം; ഡിജിഫാർമർ@പിരപ്പൻ മൺകാട്

ഒരു നാടിന്റെ തന്നെ മുഖച്ഛായ മാറ്റിയ പിരപ്പമൺകാട് കാർഷിക മുന്നേറ്റം വേറിട്ട വഴികളിലൂടെ വീണ്ടും ശ്രദ്ധേയമാവുകയാണ്. കൃഷിയോടൊപ്പം സാംസ്കാരിക പ്രവർത്തനങ്ങളും ഏറ്റെടുത്തുകൊണ്ടാണ് പാടശേഖരസമിതിയും സൗഹൃദ സംഘവും പിരപ്പമൺകാട് പാടശേഖരത്തിലെ കൃഷിയെ ശ്രദ്ധേയമാക്കിയത്. മാറിയ കാലഘട്ടത്തിൽ കർഷകൻ അറിയേണ്ടതായ സ്മാർട്ട് ഫോണിന്റെ സാധ്യതകളും ഒപ്പം വെല്ലുവിളികളും കർഷകരെ പഠിപ്പിക്കുന്നതിന് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ വയൽക്കരയിലെ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് ഡിജി ഫാർമർ @ പിരപ്പമൺകാട് എന്ന പേരിൽ ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.

ക്ലാസിന്റെ ഉദ്ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി. ഷൈനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, വാർഡ് മെമ്പർ ബിജു . റ്റി എന്നിവർ ആശംസ പ്രസംഗം നടത്തി.

യോഗത്തിന് പാടശേഖരസമിതി സെക്രട്ടറി എ അൻഫാർ സ്വാഗതവും സൗഹൃദസംഘം കൺവീനർ ബിജു മാറ്റാടിയിൽ നന്ദിയും പറഞ്ഞു. കിളിമാനൂർ രാജാരവിവർമ്മ വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും കമ്പ്യൂട്ടർ സയൻസ് അധ്യാപകനുമായ പി നിസാം, കമ്പ്യൂട്ടർ ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് എസ് ദീപക് എന്നിവർ ക്ലാസ് നയിച്ചു.

പഠിതാക്കളായി എത്തിയ കർഷകർക്ക് സഹായികളായി സൗഹൃദ സംഘം വോളണ്ടിയർമാർ ഉണ്ടായിരുന്നത് വേറിട്ട പരിശീലനാനുഭവമായി. വിവിധതരം ഗവൺമെന്റ് സേവനങ്ങൾ, കൃഷി സംബന്ധമായ വിവിധ ആപ്പുകൾ, വാട്സ്ആപ്പ് ഫെയ്സ്ബുക്ക് ഇവയുടെ സാധ്യതകൾ, ബാങ്കിംഗ് ആപ്ലിക്കേഷൻ തുടങ്ങി കാർഷിക മേഖലയുമായി ബന്ധപ്പെട്ട മൊബൈൽ ഫോണിന്റെ പ്രായോഗിക രീതികൾ പരിചയപ്പെടുത്തിയ ഡിജി ഫാർമർ@പിരപ്പമൺകാട് ഇവിടത്തെ കർഷക ശാക്തീകരണത്തിന്റെ പുതിയ അനുഭവമായി മാറി.

ഇത്തവണത്തെ ഞാറു നടീൽ പരീക്ഷണാർത്ഥം യന്ത്രവൽകൃത രീതിയിലേക്ക് മാറ്റാനുള്ള മുന്നൊരുക്കത്തിലാണ് പാടശേഖര കൂട്ടായ്മ ഇപ്പോൾ. സാങ്കേതിക വിദ്യകളിലും യന്ത്രവൽക്കരണത്തിലും മുന്നേറുന്നതിനൊപ്പം കർഷകൻ അറിവ് മേഖലകളിലും ശാക്തീകരിക്കപ്പെടണം എന്ന് ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികൾ ഇവിടെ സംഘടിപ്പിക്കപ്പെടുന്നത് .

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ്. കെകെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നത്.

പാര്‍ട്ടി നിയോഗിച്ച ചുമതല നന്നായി മുന്നോട്ടുകൊണ്ടുപോകുമെന്ന് എ പ്രദീപ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 21ന് ചുമതലയേല്‍ക്കുമെന്നും പ്രധാനപ്പെട്ട ചുമതലായാണെന്നും നല്ലരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. ഗവര്‍ണമെന്റിന്റെ മൂന്നാം ഊഴം ജനം നിശ്ചയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് തവണ എംഎല്‍എയായ പ്രദീപ് കുമാര്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ എംകെ രാഘവനോട് പരാജയപ്പെട്ടു.

വേട്ട തുടർന്ന് മോഹൻലാൽ; 22-ാം ദിവസവും കുതിച്ച് ‘തുടരും’, റെക്കോർഡുകൾ അവസാനിക്കുന്നില്ല

വേട്ട തുടർന്ന് മോഹൻലാൽ; 22-ാം ദിവസവും കുതിച്ച് ‘തുടരും’, റെക്കോർഡുകൾ അവസാനിക്കുന്നില്ല

മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ജൈത്രയാത്ര നടത്തുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ ‘തുടരും’. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. റിലീസായി ആഴ്ചകൾ കഴിയുമ്പോഴും ടിക്കറ്റ് വില്പനയിൽ തുടരും മുന്നിലാണ്.

പുറത്തിറങ്ങി ഇരുപത്തി രണ്ടാം ദിവസമായ ഇന്നലെ 4.11K ടിക്കറ്റുകളാണ് തുടരും ബുക്ക് മൈ ഷോയിലൂടെ വിറ്റത്. ഒപ്പമുള്ള മറ്റു മലയാള സിനിമകളേക്കാൾ ഉയർന്ന ടിക്കറ്റ് വില്പനയാണിത്. 4.17 മില്യൺ ടിക്കറ്റുകളാണ് തുടരും ഇതുവരെ ബുക്ക് മൈ ഷോയിലൂടെ വിറ്റത്. 4.2 മില്യൺ ടിക്കറ്റ് വിറ്റ് ഒന്നാം സ്ഥാനത്തുള്ള മഞ്ഞുമ്മൽ ബോയ്‌സിനെ തുടരും ഉടൻ മറികടക്കുമെന്നാണ് കണക്കുകൂട്ടൽ. റിപ്പോർട്ടുകൾ പ്രകാരം സിനിമ ഇതുവരെ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 210.75 കോടിയാണ്. ഇതിൽ കേരളത്തിൽ നിന്ന് മാത്രം സിനിമ 103 കോടിയാണ് നേടിയത്.

ഇതോടെ കേരളത്തിൽ നിന്ന് ഒരു സിനിമ ആദ്യമായി 100 കോടി കടന്നെന്ന റെക്കോർഡും മോഹൻലാൽ സ്വന്തം പേരിലാക്കി, ഒപ്പം 2018 നെ പിന്നിലാക്കി ഇൻഡസ്ട്രി ഹിറ്റെന്ന ടാഗും.തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.

മോദി സര്‍ക്കാരിന്റെ ക്ഷണം ബഹുമതിയായി കാണുന്നു; മാറിനില്‍ക്കില്ലെന്ന് തരൂര്‍

മോദി സര്‍ക്കാരിന്റെ ക്ഷണം ബഹുമതിയായി കാണുന്നു; മാറിനില്‍ക്കില്ലെന്ന് തരൂര്‍

ഡല്‍ഹി: പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടാന്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തില്‍ തന്നെ ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ബഹുമതിയായി കാണുന്നുവെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ദേശതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് മാറി നില്‍ക്കില്ലെന്നും തരൂര്‍ പറഞ്ഞു. ഒപ്പം കേന്ദ്രസംഘത്തെ നയിക്കുന്നവരുടെ പട്ടികയും തരൂര്‍ എക്‌സില്‍ പങ്കുവച്ചു.

കോണ്‍ഗ്രസ് നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് പ്രതിനിധി സംഘത്തില്‍ കേന്ദ്രസര്‍ക്കാര്‍ തരൂരിനെ ഉള്‍പ്പെടുത്തിയത്. നാല് അംഗങ്ങളുടെ പേരാണ് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്. മുന്‍ കേന്ദ്രമന്ത്രിയായ ആനന്ദ് ശര്‍മ, ഗൗരവ് ഗെഗോയി, സയ്ദ് നാസീര്‍ ഹുസൈന്‍, രാജ് ബ്രാര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട എംപിമാരുടെ പട്ടികയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതിനിധി സംഘത്തിലേക്ക് കോണ്‍ഗ്രസ് പ്രതിനിധിയുടെ പേര് നിര്‍ദേശിക്കണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് അംഗങ്ങളുടെ പേര് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. പാര്‍ട്ടി നിര്‍ദേശിച്ച പേരുകള്‍ കോണ്‍ഗ്രസ് വക്താവ് ജയറാം രമേഷ് എക്‌സില്‍ കുറിക്കുകയും ചെയ്തു. കേന്ദ്രപ്രതിനിധി സംഘത്തില്‍ ഒരു ഗ്രൂപ്പിനെ നയിക്കുക കോണ്‍ഗ്രസ് ശശി എംപി തരൂര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇന്ത്യാ – പാകിസ്ഥാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയതിന് തരൂരിനെ പാര്‍ട്ടി താക്കിത് ചെയ്‌തെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് തരൂര്‍ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശശി തരൂരിനെ മോദി സര്‍ക്കാര്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. തരൂരിനെ കൂടാതെ സംഘത്തെ നയിക്കുക രവിശങ്കര്‍ പ്രസാദ്, സഞ്ജയ് കുമാര്‍ ഝാ, ബൈജയന്ത് പാണ്ഡ, കനിമൊഴി, സുപ്രിയ സുലെ എന്നിവരായിരിക്കുമെന്ന് കിരണ്‍ റിജിജു എക്‌സില്‍ കുറിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് നിര്‍ദേശിക്കാതെ തന്നെ ശശി തരൂരിനെ കേന്ദ്ര സര്‍ക്കാര്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ ആകാംക്ഷയുണ്ടാക്കിയിട്ടുണ്ട്. നേരത്തെ നരേന്ദ്ര മോദിയുടെ വിദേശ നയത്തെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ നിലപാട് വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. ഓപ്പരേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ടും പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടില്‍നിന്നു വ്യതിചലിച്ച് തരൂര്‍ അഭിപ്രായ പ്രകടനം നടത്തി. ഇതിനു തരൂരിനെ പാര്‍ട്ടി താക്കീത് ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലൊണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.