by Midhun HP News | May 17, 2025 | Latest News, കേരളം
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം. സമരക്കാർ തടഞ്ഞുവച്ച ഉദ്യോഗസ്ഥരെ പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടു പോയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും പൊലീസ് സംരക്ഷണത്തിൽ പുറത്തെത്തിച്ചു. സ്ഥലത്ത് വീണ്ടും സംഘർഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടു.
എന്നാൽ പിരിഞ്ഞു പോകാൻ സമരക്കാർ തയാറായിട്ടില്ല. ജനൽ തകർത്ത കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സമരക്കാർ. ഇന്ന് രാവിലെ തീരദേശ റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരത്തിലേക്കാണ് ആദ്യം മത്സ്യത്തൊഴിലാളികൾ കടന്നത്. ഉച്ചയോട് കൂടി അസിസ്റ്റൻ്റ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് മത്സ്യത്തൊഴിലാളികൾ മാർച്ച് നടത്തി.
സമരസമിതിയും എക്‌സിക്യൂട്ടീവ് എഞ്ചിനീയറും തമ്മിൽ ചർച്ച നടത്തി മണൽ നീക്കവുമായി ബന്ധപ്പെട്ട സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു. ഇത് രേഖാമൂലം ഒപ്പിട്ടു നൽകിയതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വരെ കാത്തിരിക്കുമെന്നും അതിന് ശേഷം ഉറപ്പു പാലിച്ചില്ലെങ്കിൽ പൊഴി മൂടുന്ന സമരത്തിലേക്ക് പോകുമെന്നും സമരസമിതി അറിയിച്ചിരുന്നു.
അഴിമുഖത്ത് വ്യാപകമായി അടിഞ്ഞു കൂടിയിരിക്കുന്ന മണൽ നീക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം. മൂന്ന് ദിവസമായി ഡ്രഡ്ജർ പ്രവർത്തിക്കുന്നില്ല. ഇങ്ങനെ കാലതാമസം വരുത്തുന്നതിനാൽ പൊഴി മൂടിക്കൊണ്ടുള്ള സമരത്തിലേക്ക് കടക്കുമെന്നാണ് സമരക്കാർ മുന്നറിയിപ്പ് നൽകിയത്. ചന്ദ്രഗിരി ഡ്രഡ്ജർ ഇന്ന് മുതൽ 10 മണിക്കൂർ പ്രവർത്തിച്ച് തുടങ്ങുമെന്നും അടുത്ത ആഴ്ച മുതൽ സമയം വർധിപ്പിക്കുമെന്നും ചർച്ചയിൽ തീരുമാനിച്ചു.
ഇരുപത് മണിക്കൂർ പ്രവർത്തിപ്പിക്കണമെന്നായിരുന്നു സമരസമിതിയുടെ ആവശ്യം. ചാനലിൽ കിടക്കുന്ന ടെട്രാപ്പോഡുകൾ ചൊവ്വാഴ്ച മെഷീനറി എത്തിച്ച് ബുധനാഴ്ച മുതൽ മാറ്റിത്തുടങ്ങുമെന്നും എക്‌സവേറ്ററുകൾ ഇന്ന് മുതൽ പ്രവർത്തിച്ച് മണ്ണ് മാറ്റുമെന്നും ഉറപ്പു നൽകി. മണൽ നിക്ഷേപിക്കുന്ന വടക്ക് ഭാഗത്ത് ബണ്ട് നിർമ്മിക്കുമെന്ന് എഞ്ചിനീയർ പറഞ്ഞതായും സമരസമിതി അംഗം സജീവ് പറഞ്ഞു.
by Midhun HP News | May 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇനിമുതല്‍ നവജാത ശിശുക്കള്‍ക്ക് ആധാറിന് എന്റോള്‍ ചെയ്യാനാകും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കുന്നത് സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കും.
അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്സ് നിര്‍ബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ പുതുക്കല്‍ ഏഴു വയസ്സിനുള്ളിലും 15 വയസ്സിലെ പുതുക്കല്‍ 17 വയസ്സിനുള്ളിലും നടത്തിയാല്‍ മാത്രമേ പുതുക്കല്‍ സൗകര്യം സൗജന്യമായി ലഭിക്കൂ. പുതുക്കല്‍ നടത്താത്തവ അസാധുവായേക്കും.
കൃത്യസമയത്ത് ബയോമെട്രിക് പുതുക്കല്‍ നടത്തിയാല്‍ നീറ്റ്, ജെഇഇ മറ്റ് മത്സര പരീക്ഷകള്‍ എന്നിവയുടെ രജിസ്ട്രേഷനിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം. ആധാറില്‍ മൊബൈല്‍ നമ്പറും ഇ -മെയിലും നല്‍കണം. പല വകുപ്പുകളും ആധാറിലെ മൊബൈലില്‍/ ഇ- മെയിലില്‍ ഒടിപി അയച്ച് സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.
അഞ്ചു വയസുവരെ പേര് ചേര്‍ക്കല്‍, നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍, മൊബൈല്‍ നമ്പര്‍, ഇ- മെയില്‍ ഉള്‍പ്പെടുത്തല്‍ എന്നീ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റു ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ലഭിക്കും. സംശയങ്ങള്‍ക്കും പരാതികള്‍ക്കും സിറ്റിസണ്‍ കോള്‍ സെന്റര്‍: 1800-4251-1800/ 04712335523. ഐടി മിഷന്‍ (ആധാര്‍ സെക്ഷന്‍): 0471-2525442.
by Midhun HP News | May 16, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാന നിയമ സഭകള്‍ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ ഒപ്പുവയ്ക്കാതെ വൈകുന്നത് പതിവെന്ന് റിപ്പോര്‍ട്ട്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്നും ഇത്തരം രീതികള്‍ നിയമ വിരുദ്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവരുന്നത്. പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് 2024ല്‍ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ എടുത്ത കാലതാമസത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്.
പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പക്ഷേ ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അനുമതി ലഭിക്കാന്‍ കാലതാമസം നേരിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. 2024-ല്‍ വിവിധ സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ 18 ശതമാനവും മൂന്ന് മാസത്തിലധികം കഴിഞ്ഞാണ് അംഗീകാരം ലഭിച്ചത്. 2025 ഏപ്രില്‍ വരെ പാസാക്കുകയും ഗവര്‍ണറുടെ അംഗീകാരത്തിനായി കാത്തിരിക്കുന്ന ബില്ലുകളും ഇതില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ബില്ലുകളുടെ 72 ശതമാനത്തിനും അംഗീകാരം ലഭിക്കാന്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ എടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ 38 ശതമാനവും കാലതാമസം നേരിട്ടു. സിക്കിമില്‍ 56 ശതമാനം ബില്ലുകളാണ് കാലതാമസം നേരിട്ടത്.
രാജ്യത്തെ സംസ്ഥാന നിയമസഭകള്‍ 2024 ല്‍ 500 ല്‍ അധികം ബില്ലുകള്‍ പാസാക്കിയിട്ടുണ്ട്. സംസ്ഥാന ബജറ്റുകളുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായും നിയമസഭ ചേരുകയും ചെയ്തിരുന്നു. ഇതിന്റെ ആകെ ചെലവ് ഏകദേശം 58 ലക്ഷം കോടി രൂപയോളമാണ്. ഏകദേശം നൂറ് മണിക്കൂറോളമാണ് ഇവയുടെ ആകെയുള്ള കണക്ക്. ഈ സമയത്ത് 500 ല്‍ അധികം ബില്ലുകളും 58 ലക്ഷം കോടി രൂപയുടെ ബജറ്റുകളും പാസാക്കപ്പെട്ടു. എന്നാല്‍, ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അംഗീകാരം ലഭിക്കുന്നതില്‍ ചില സംസ്ഥാനങ്ങളില്‍ വലിയ കാല താമസം നേരിടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അരുണാചല്‍ പ്രദേശ്, ബീഹാര്‍, ഡല്‍ഹി, മിസോറാം, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എല്ലാ ബില്ലുകള്‍ക്കും ഒരു മാസത്തിനുള്ളില്‍ അംഗീകാരം ലഭിച്ചു. സംസ്ഥാനങ്ങളിലെ 60 ശതമാനം ബില്ലുകള്‍ക്കും ഒരു മാസത്തിനുള്ളില്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചു.
അതേസമയം, നിയമസഭ സമ്മേളിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കും മെല്ലേപ്പോക്കുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആറ് മാസത്തിലൊരിക്കലെങ്കിലും നിയമസഭ സമ്മേളിക്കണം എന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ ഒന്നോ രണ്ടോ ദിവസം നീണ്ടുനിന്ന ഹ്രസ്വ സമ്മേളനങ്ങള്‍ ഉള്‍പ്പെടെ ചേര്‍ന്ന് പതിനൊന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് ഈ വ്യവസ്ഥ പാലിച്ചത്. ഒഡീഷയിലാണ് ഏറ്റവും കൂടുതല്‍ സമയം നിയമസഭ സമ്മേളനം ചേര്‍ന്നത്. 42 ദിവസമാണ് ഒഡീഷയില്‍ നിയമ സഭ ചേര്‍ന്നത്. രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ 38 മണിക്കൂറാണ് ആകെ നിയമസഭ സമ്മേളിച്ചത്. പശ്ചിമബംഗാളില്‍ 36 മണിക്കൂറും നിയമസഭ സമ്മേളിച്ചു. രാഷ്ട്രപതി ഭരണത്തിന്‍ കീഴിലുള്ള മണിപ്പൂരില്‍ 14 ദിവസം നിയമസഭ ചേര്‍ന്നപ്പോള്‍ നാഗാലാന്‍ഡ് ആറ് ദിവസവും സിക്കിം എട്ട് ദിവസം അരുണാചല്‍ പ്രദേശില്‍ 16 ദിവസവും സഭ ചേര്‍ന്നു.
by Midhun HP News | May 16, 2025 | Latest News, ദേശീയ വാർത്ത
ഇന്‍ഡോര്‍: പരീക്ഷയ്ക്കിടെ വൈദ്യുതി മുടങ്ങിയത് പ്രകടനത്തെ ബാധിച്ചെന്ന വിദ്യാര്‍ഥിയുടെ പരാതിയില്‍ നീറ്റ് യുജി ഫലപ്രഖ്യാപനം തടഞ്ഞ് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിന്റെതാണ് നടപടി. മെയ് നാലിന് നടന്ന നീറ്റ് പരീക്ഷയ്ക്കിടെ മോശം കാലാവസ്ഥയെ തുടര്‍ന്ന് മധ്യപ്രദേശില്‍ വ്യാപകമായി വൈദ്യുതി മുടങ്ങിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥി ഹൈക്കോടതിയെ സമീപിച്ചത്.
വിദ്യാര്‍ത്ഥിയുടെ ഹര്‍ജിയില്‍ ഇടപെട്ട കോടതി പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. ഹര്‍ജി വീണ്ടും പരിഗണനയ്ക്ക് എടുക്കും വരെ നീറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കരുത് എന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി ജൂണ്‍ 30 ന് വീണ്ടും പരിഗണിക്കും.
ഹര്‍ജിയില്‍ പരീക്ഷ സംഘടിപ്പിക്കുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ), കേന്ദ്ര സര്‍ക്കാര്‍, മധ്യപ്രദേശ് വെസ്റ്റ് സോണ്‍ വൈദ്യുതി വിതരണ കമ്പനി എന്നിവരില്‍ നിന്ന് വിശദീകരണം നേടി. നാലാഴ്ചയ്ക്കകം വിഷയത്തില്‍ വിശദീകരണം നല്‍കണം എന്നാണ് കോടതിയുടെ നിര്‍ദേശം.
ഇന്‍ഡോറില്‍ നീറ്റ് പരീക്ഷ നടന്ന കേന്ദ്രങ്ങളില്‍ മിക്കതിലും വൈദ്യുതി മുടക്കം ഉള്‍പ്പെടെയുള്ള അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനുള്ള ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ആരോപിച്ചു. മേഖലയില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അധികൃതര്‍ ആവഗണിച്ചെന്നും അഭിഭാഷകന്‍ ആരോപിച്ചു. പരീക്ഷയിക്കിടെ വൈദ്യുതി മുടങ്ങിയപ്പോള്‍ പല കേന്ദ്രങ്ങളിലും മെഴുകുതിരി വെളിച്ചത്തിലായിരുന്നു കുട്ടികള്‍ പരീക്ഷ പൂര്‍ത്തിയാക്കിയത് എന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
രാജ്യത്ത് ഉടനീളം ഏകദേശം 21 ലക്ഷം കുട്ടികളാണ് നീറ്റ് പരീക്ഷയെഴുതിയിരിക്കുന്നത്. ജൂണ്‍ 14 ന് പരീക്ഷാ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍.
by Midhun HP News | May 16, 2025 | Latest News, ജില്ലാ വാർത്ത
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. മണല്‍ നീക്കം തടസപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു. സംഭവത്തില്‍ ചാന്നാങ്കര സ്വദേശി മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് കോസ്റ്റല്‍ സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. രാവിലെ ഹാര്‍ബര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് മത്സ്യത്തൊഴിലാളികളായ പ്രതിഷേധക്കാര്‍ തള്ളിക്കയറിയിരുന്നു.
മുജീബിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പൊലീസ് സംഘത്തിന് നേരെ മത്സ്യത്തൊഴിലാളികള്‍ പാഞ്ഞടുത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്ന് രാവിലെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ തീരദേശ റോഡ് ഉപരോധിക്കുകയാണ്. ഉപകരണങ്ങൾ എത്തിച്ചിട്ടും മണല്‍ നീക്കാന്‍ സാധിച്ചിരുന്നില്ല. പൊഴി മൂടിപ്പോവാനുള്ള സാധ്യതയുണ്ട്. ഇതിന് പിന്നാലെയാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.
by Midhun HP News | May 16, 2025 | Latest News, കേരളം
കേരളത്തിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ വന്യമൃഗ- മനുഷ്യ സംഘർഷം അതിരൂക്ഷമായി മാറി. ജനുവരി ഒന്ന് മുതൽ ഇന്ന് വരെ നടന്ന സംഭവങ്ങളിൽ 25 പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 92 പേർക്ക് പരുക്കേറ്റു. ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് കാട്ടാനകളുടെ ആക്രമണത്തിലായിരുന്നു. 19 പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂന്ന് പേർ കാട്ടുപന്നികളുടെ ആക്രമണത്തിലും രണ്ട് പേർ കടുവകളുടെ ആക്രമണത്തിലും ഒരാൾ കാട്ടുപോത്തിന്റെ ആക്രമണത്തിലുമാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങൾ തടയാൻ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് അവകാശപ്പെടുമ്പോൾ, ഉദ്യോഗസ്ഥരുടെ നിസ്സംഗതയാണ് ഇതിന് കാരണമെന്ന് കർഷകർ ആരോപിക്കുന്നു.
കരുവാരകുണ്ട്, കാളികാവ്, ചോക്കാട് പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം സംബന്ധിച്ച് മാർച്ച് 14 ന് നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് (ഡിഎഫ്ഒ) പരാതി നൽകിയതായി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ) കാളികാവ് യൂണിറ്റ് പ്രസിഡന്റ് സക്കീർ വടയിൽ പറഞ്ഞു.
സംഭവം നിർഭാഗ്യകരമാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷ മേഖലകളായി 273 പഞ്ചായത്തുകളെ വനംവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിൽ 30 എണ്ണം ഹോട്ട്‌സ്‌പോട്ടുകളാണ്. “ഞങ്ങൾ 28 റാപ്പിഡ് റെസ്‌പോൺസ് ടീമുകളെ (ആർആർടി) വിന്യസിച്ചിട്ടുണ്ട്, കൂടാതെ മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിൽ രാത്രി പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഡിവിഷൻ തലത്തിൽ 36 കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ സംസ്ഥാന തലത്തിലുള്ള കൺട്രോൾ റൂമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വന്യമൃഗങ്ങളുടെ ആക്രമണം ഒഴിവാക്കാൻ സംഘർഷ മേഖലകളിൽ മൃഗങ്ങളുടെ കടന്നുകയറ്റം കണ്ടെത്തൽ, പ്രതിരോധ സംവിധാന (Anidars,അനിഡാർ) അലാറങ്ങൾ, സെൻസർ വാളുകൾ, മുൻകൂർ മുന്നറിയിപ്പ് സംവിധാനം, ക്യാമറ ട്രാപ്പുകൾ എന്നിവ സ്ഥാപിക്കുന്നുണ്ട്. സോളാർ വേലിക്ക് പുറമേ, വന്യമൃഗങ്ങൾ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് അലഞ്ഞുതിരിയുന്നത് തടയാൻ റെയിൽ വേലി ആന കിടങ്ങ്, ആന മതിലുകൾ എന്നിവയും നിർമ്മിക്കുന്നുണ്ട്, ”അദ്ദേഹം പറഞ്ഞു.
Recent Comments