by Midhun HP News | May 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതി ബെയ്ലിന്‍ ദാസ് കഴിഞ്ഞ രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞത് നഗരത്തില്‍ തന്നെയെന്ന് പൊലീസ്. പള്ളിത്തുറയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. പ്രതിക്കായി പൊലീസ് അദ്ദേഹത്തിന്റെ പൂന്തുറയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും തിരച്ചില്‍ നടത്തിയിരുന്നു. വലിയതുറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രതി ചികിത്സ തേടിയതായി പൊലീസിനു വിവരവും ലഭിച്ചിരുന്നു. സഹോദരനെ ചോദ്യം ചെയ്തതാണു കേസില്‍ വഴിത്തിരിവായതെന്നും പൊലീസ് പറയുന്നു.
സ്വന്തം വാഹനം എവിടെയാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ബെയ്‌ലിന്‍ ദാസിന്റെ സഹോദരന് കഴിഞ്ഞില്ല. കാര്‍ ബെയ്‌ലിന്‍ ദാസ് കൊണ്ടു പോയെന്നു പിന്നീടു മൊഴി നല്‍കി. കാറിനായുള്ള തിരച്ചില്‍ തുടര്‍ന്ന പൊലീസ്, ബെയ്ലിന്‍ അമ്മയെ കാണാനായി ഒറ്റയ്ക്കു പൂന്തുറയിലെ വീട്ടിലെത്തിയതായി മനസ്സിലാക്കി. കാര്‍ കഴക്കൂട്ടം ഭാഗത്തു സഞ്ചരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തുമ്പ പൊലീസ് പരിശോധന ശക്തമാക്കിയതോടെ സ്റ്റേഷന്‍ കടവില്‍ വച്ചു പൊലീസ് സംഘത്തിനു മുന്നില്‍ ബെയ്‌ലിന്‍ പെടുകയായിരുന്നു.
ഇന്നലെ രാത്രി ഏഴരയോടെയാണ് പ്രതിയെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. മുടി പറ്റെ വെട്ടിയ നിലയിലായിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ ഞാന്‍ എല്ലാം കോടതിയില്‍ പറഞ്ഞോളാം’ എന്നായിരുന്നു പ്രതികരണം. അറസ്റ്റിനു ശേഷം തുമ്പ സ്റ്റേഷനിലെത്തിച്ച പ്രതിയെ അവിടെ നിന്നാണ് വഞ്ചിയൂരിലേക്കു കൊണ്ടു വന്നത്. ഒളിവില്‍ പോയ സമയത്ത് ഉപയോഗിച്ച കാറും പൊലീസ് സ്റ്റേഷനിലെത്തിച്ചു.
by Midhun HP News | May 16, 2025 | Latest News, കേരളം
കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള രാജ്യങ്ങളിലൊന്നായിരുന്നു ഏതാനും വർഷം മുമ്പ് വരെ സൗദി അറേബ്യ. എന്നാൽ നിതാഖത്ത് എന്നറിയപ്പെടുന്ന സൗദിവൽക്കരണം എന്ന തൊഴിൽനയം രാജ്യം പ്രഖ്യാപിച്ച 2016 മുതൽ മറ്റെല്ലാജോലികളിലുമെന്നപോലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരെയും തൊഴിലന്വേഷകരെയും ബാധിച്ചു. സൗദി പൗരന്മാർക്ക് ജോലിയിൽ നിശ്ചിത ശതമാനം ഉറപ്പിക്കുന്ന നയമാണ് നിതാഖത്ത് എന്നതിലൂടെ അർത്ഥമാക്കുന്നത്. ഇത് ആരംഭിച്ച സമയത്ത് നഴ്‌സിങ് ജോലികളിൽ 38% സംവരണമാണ് ഏർപ്പെടുത്തിയത്.
നഴ്സിങ് മേഖലയിൽ ഇതിന്റെ തോത് 44 % ആയി ഉയർത്താൻ തീരുമാനിച്ചുവെന്നതാണ് മലയാളി നഴ്സുമാരുൾപ്പടെ ഇന്ത്യൻ നഴ്സിങ് മേഖലയിൽ പുതിയ ആശങ്കയ്ക്ക് കാരണമായത്.
എന്നാൽ, ഈ നയം നിലവിൽ ജോലി സാധ്യതകളെ ഉടനടി ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡാന്തര ലോകത്ത് നഴ്‌സുമാർക്ക് കൂടുതൽ ആവശ്യകതയുണ്ടെന്ന് അവർ പറയുന്നു. “സൗദി ഏകദേശം 20 വർഷമായി തങ്ങളുടെ നയങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ
മലയാളി നഴ്‌സുമാർ മറ്റ് രാജ്യങ്ങളിലും അവസരങ്ങൾ തുറന്നുവന്നിട്ടുണ്ട്. കൂടാതെ, ഈ നയം നടപ്പിലാക്കാൻ കുറച്ച് സമയമെടുത്തേക്കാം എന്നതിനാൽ അവർ വിഷമിക്കേണ്ടതില്ല,” ഇന്ത്യയിലെ കുടിയേറ്റ പ്രവണതകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ഡെവലപ്‌മെന്റിന്റെ ചെയർപേഴ്‌സൺ ഡോ. ഇരുദയ രാജൻ അഭിപ്രായപ്പെട്ടു.
“സൗദിവൽക്കരണം ആരംഭിച്ചതുമുതൽ, എല്ലാ വർഷവും ചെറിയൊരു വിഭാഗം നഴ്‌സുമാരെ ഇത് ബാധിക്കുന്നുണ്ടായിരുന്നു. നഴ്സുമാരുടെ എണ്ണം നിയന്ത്രിക്കാനും നിലനിർത്താനും സർക്കാരിന് ഒരു സംവിധാനമുണ്ടെങ്കിലും, സൗദി അറേബ്യ നിലവിൽ നഴ്‌സുമാരുടെ കടുത്ത ക്ഷാമം നേരിടുന്നു. അതിനാൽ, പുതിയ നയം വലിയ സ്വാധീനം ചെലുത്തില്ല,” എന്ന് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സായ സലീം പറഞ്ഞു.
സൗദി അറേബ്യ പുതിയ നയങ്ങളിലൂടെ ആരോഗ്യ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് നിർത്തിവച്ചിരിക്കുന്നതിനാൽ സൗദി മാനദണ്ഡങ്ങൾ പുതിയ അപേക്ഷകരെ ബാധിച്ചേക്കാമെന്ന് ഇന്ത്യൻ നഴ്‌സസ് അസോസിയേഷന്റെ കർണാടക യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് സ്കറിയ പറഞ്ഞു.
“സൗദി അറേബ്യ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ നഴ്‌സുമാർ വീണ്ടും ജോലി അന്വേഷിക്കാൻ തുടങ്ങിയിരിക്കുന്നു. പുതിയ നയം പുതിയ അപേക്ഷകർക്കുള്ള തൊഴിലവസരങ്ങൾ കുറച്ചേക്കാം, പക്ഷേ നിലവിൽ സൗദിയിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെ ഇത് ബാധിക്കില്ല. എന്നാൽ, നയപരമായ മാറ്റങ്ങൾ നഴ്‌സുമാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ശമ്പളം ചർച്ച ചെയ്യുകയും ചെയ്ത” തായി അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ തുറന്നിട്ടുണ്ട്, ഇത് യുവ നഴ്‌സുമാരുടെ പ്രതീക്ഷകൾ ഉയർത്തുന്നു.
“കുടിയേറ്റ പ്രവണത മാറിക്കൊണ്ടിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള മാറ്റം സുഗമമാക്കാൻ ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന നിരവധി നഴ്‌സുമാർ സ്റ്റെപ്പ് മൈഗ്രേഷൻ ( ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി മറ്റിടങ്ങളിൽ ആദ്യ കുടിയേറ്റം നടത്തുന്ന രീതി) രീതി സ്വീകരിക്കുന്നുണ്ടെന്ന് ,” ഡോ. ഇരുദയ രാജൻ ചൂണ്ടിക്കാട്ടുന്നു.
യൂറോപ്യൻ രാജ്യങ്ങളിലേക്ക് മാറുന്ന നിരവധി നഴ്‌സുമാർക്ക് സൗദി അറേബ്യ ഒരു ഇടത്താവളം മാത്രമാണെന്ന് പറഞ്ഞുകൊണ്ട് സലിം ഇരുദയ രാജൻ ഉന്നയിച്ച വാദത്തെ അനുകൂലിച്ചു. “ആളുകൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നു. പുതിയ നയം കേരളീയർക്ക് വലിയ ആശങ്കയുണ്ടാക്കില്ല. കോവിഡിന് ശേഷം നഴ്‌സുമാരുടെ ആവശ്യകത വളരെ കൂടുതലായതിനാൽ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തുടരും,” അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
കാര്യങ്ങൾ നിലവിൽ അനുകൂലമായി നിൽക്കുകയാണെങ്കിലും നമ്മുടെ വിദ്യാഭ്യാസ നിലവാരം ഉയർന്ന നിലയിൽ നിലനിർത്തേണ്ടതിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് ഇരുദയരാജൻ ചൂണ്ടിക്കാട്ടി. “നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആരോഗ്യ സംരക്ഷണത്തിന്റെയും ആരോഗ്യ വിദ്യാഭ്യാസത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ്. സിലബസ് പതിവായി നവീകരിക്കുകയും ഗുണനിലവാരമുള്ള പരിശീലനം നൽകുകയും വേണം. നഴ്‌സുമാർക്ക് എല്ലായിടത്തും ആവശ്യക്കാരുണ്ട്,” അദ്ദേഹം പറഞ്ഞു.
by Midhun HP News | May 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കൈമനത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍. കരുമം സ്വദേശി ഷീജ (50) ആണ് മരിച്ചത്. ഷീജയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. കരുമത്ത് കുറ്റിക്കാട്ടുലൈനില്‍ ഒഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ്. ഇവിടെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട് മാത്രമാണ് ഉള്ളത്. ഇവിടെയാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും തീപൊള്ളലേറ്റ് മരണം സംഭവിച്ചിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഷീജ പ്രദേശത്തുള്ള സുഹൃത്ത് സജിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
സജിയുമായുള്ള ബന്ധം ഷീലയുടെ ബന്ധുക്കള്‍ അംഗീകരിച്ചിരുന്നില്ല. കുറച്ചുനാള്‍ അകന്നുകഴിഞ്ഞ ഇരുവരും അടുത്തകാലത്ത് വീണ്ടും അടുത്തതായും ബന്ധുക്കള്‍ പറയുന്നു. മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്താണ് സജിയുടെ വീട്. സജിയെ കാണാന്‍ വേണ്ടി തന്നെയായിരിക്കണം ഷീജ ഇന്നലെ രാത്രി പോയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിനാല്‍ സജിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. ആത്മഹത്യയാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും സജിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.
by Midhun HP News | May 16, 2025 | Latest News, ജില്ലാ വാർത്ത
ഇവരെ രക്ഷിക്കാനെത്തിയയാൾ വീട്ടിലേക്കു മടങ്ങവേ, ബൈക്ക് വൈദ്യുതത്തൂണിലിടിച്ചു മരിച്ചു.
ബാലരാമപുരം മടവൂർപ്പാറയിലും താന്നിവിളയിലുമാണ് അപകടമുണ്ടായത്.
മടവൂർപ്പാറയിൽ രാത്രി 11.30-ന്, നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച് സ്കൂട്ടർയാത്രക്കാരും അയൽവാസികളുമായ പെരുമ്പഴുതൂർ തേവരക്കോട് ബിആർ നിലയത്തിൽ രാജന്റെയും ബീനയുടെയും മകൻ അഖിൽ(19), കളത്തുവിള പൂവൻവിള പുത്തൻവീട്ടിൽ തങ്കരാജന്റെയും ശ്രീജയുടെയും മകൻ ശാമുവേൽ(20), തേവരക്കോട് കിഴക്കുംകര പുത്തൻവീട്ടിൽ ഷൈജുവിൻ്റെയും സീമയുടെയും മകൻ അഭിൻ(19) എന്നിവരാണ് മരിച്ചത്.
ഈ അപകടസ്ഥലത്ത് രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയായ താന്നിവിള ചാത്തലമ്പാട്ടുകോണം വടക്കുംകര സന്തോഷ് ഭവനിൽ മനോജാണ്(സച്ചു-26) രാത്രി 12.45-ന് മടവൂർപ്പാറ-താന്നിവിള റോഡിൽ ബൈക്ക് വൈദ്യുതത്തൂണിലിടിച്ചു മരിച്ചത്
by Midhun HP News | May 16, 2025 | Latest News
സംസ്ഥാനത്ത് സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ദീര്‍ഘദൂര – ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റ് യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.സമരത്തിന്റെ തീയതി അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും ചര്‍ച്ച നടത്തിയ ശേഷമാകും തീയതി പ്രഖ്യാപിക്കുക.14 വര്‍ഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഇപ്പോഴും ഈടാക്കുന്നത്. അതിനാല്‍ വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് അഞ്ചുരൂപയാക്കി വര്‍ധിപ്പിക്കണം. നിസ്സാര കാരണങ്ങള്‍ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധത്തിലുള്ള സമരങ്ങളിലൂടെ മുന്നോട്ടുപോയെങ്കിലും പൊതുഗതാഗതത്തെ തകര്‍ക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിനാല്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള സമരത്തിന് നിര്‍ബന്ധിതരായിരിക്കുകയാണെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു.
by Midhun HP News | May 16, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് കോളറ ബാധിച്ച് ഒരാൾ കൂടി മരിച്ചിരിക്കുകയാണ്. ആലപ്പുഴ തലവടിയിൽ കോളറ ബാധിച്ച 48കാരനാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഈ വർഷത്തെ രണ്ടാമത്തെ കോളറ മരണമാണിത്. സംസ്ഥാനത്ത് കോളറ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്
എന്താണ് കോളറ?
കുടലിൽ ഉണ്ടാകുന്ന ഒരു ബാക്ടീരിയ അണുബാധയാണ് കോളറ. ഇത് ശരീരത്തെ പ്രവർത്തിക്കാൻ സഹായിക്കുന്ന പ്രധാന ധാതുക്കൾ (ഇലക്ട്രോലൈറ്റുകൾ) വേഗത്തിൽ നഷ്ടപ്പെടുന്നതിനും നിർജ്ജലീകരണം സംഭവിക്കുന്നതിനും കാരണമാകും.
വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാൽ മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന അണുബാധയാണ് കോളറയ്ക്ക് കാരണമാകുന്നത്.
കോളറ മുതിർന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. വയറിളക്കമാണ് പ്രധാനപ്പെട്ട ലക്ഷണം. കൂടുതൽ തവണ വയറിളകി പോകുന്നതിനാൽ വളരെ പെട്ടെന്ന് നിർജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയിൽ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യത കൂടുതലാണ്. ശുദ്ധജലമോ ടോയ്ലറ്റ് സൗകര്യങ്ങളോ ലഭ്യമല്ലാത്ത പ്രദേശങ്ങളിലാണ് കോളറ മിക്കപ്പോഴും പടരുന്നത്.
വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
1. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
2. നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
3. മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത ശേഷം മാത്രം കഴിക്കുക.
4. പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കുട്ടിച്ചേർത്ത് ഉപയോഗിക്കരുത്.
5. ഭക്ഷണം കഴിക്കുന്നതിനു മുൻപും, ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
6. ആഹാരസാധനങ്ങൾ ഒരിക്കലും തുറന്ന് വയ്ക്കരുത്.
Recent Comments