എസി ബസ് ബുക്ക് ചെയ്തു, വന്നത് നോണ്‍ എസി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി

എസി ബസ് ബുക്ക് ചെയ്തു, വന്നത് നോണ്‍ എസി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി

തൃശൂര്‍: എസി ബസ് ബുക്ക് ചെയ്തപ്പോള്‍ വന്നത് നോണ്‍ എസി. സ്വിഫ്റ്റ് എയര്‍ബസ് ബുക്ക് ചെയ്തപ്പോള്‍ ഫാസ്റ്റ് പാസഞ്ചറും. 2 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തെ രണ്ടുതവണയായി പാതിരാത്രിക്ക് കെഎസ്ആര്‍ടിസി കാത്ത് നിര്‍ത്തിയത് നാലര മണിക്കൂറോളം.

ചാലക്കുടി കൂടപ്പുഴ ചേനോത്തുപറമ്പില്‍ ഷെയ്ഖ് സാഹിലും ഭാര്യയും സഹോദരന്റെ മകളും അടങ്ങിയ കുടുംബത്തെയാണ് വയനാട്ടിലേക്കും തിരികെയുമുള്ള യാത്രയില്‍ കെഎസ്ആര്‍ടിസി വലച്ചത്. രണ്ടുതവണയും പാതിരാത്രിക്കു മണിക്കൂറോളം കാത്തുനിര്‍ത്തി. ബുക്ക് ചെയ്ത ബസിന്റെ ചാര്‍ജ് മടക്കിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ നേരിട്ടു നല്‍കാന്‍ നിവൃത്തിയില്ലെന്നും അക്കൗണ്ടിലേക്കു വരുന്നതുവരെ കാത്തിരിക്കാനുമാണ് കണ്ടക്ടര്‍മാരുടെ മറുപടി.

സഹോദരന്റെ മകളെ വയനാട്ടിലെ വീട്ടിലേക്കു കൊണ്ടുപോകാന്‍ സുഖമില്ലാത്ത ഭാര്യയെയും കൂട്ടി 8നു രാത്രി 11നാണ് ചാലക്കുടിയില്‍ ബസ് കാത്തുനിന്നത്. എസി ബസിന് 1736 രൂപ ബുക്കിങ് ചാര്‍ജ് അടച്ചു. ചാലക്കുടിയില്‍ എത്തിയതാകട്ടെ നോണ്‍ എസി ബസ്. അതും 3 മണിക്കൂര്‍ വൈകി പുലര്‍ച്ചെ 2ന്. തിരികെ കല്‍പറ്റയില്‍നിന്ന് ചാലക്കുടിയിലേക്കു 12നു രാത്രി 9.15നു ബുക്ക് ചെയ്ത സ്വിഫ്റ്റ് എയര്‍ ബസിനു പകരം വന്നത് ഫാസ്റ്റ് പാസഞ്ചറും. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് രാത്രി 10.45ന് ആണ് ബസ് എത്തിയത്.

ബുക്ക് ചെയ്ത ബസ് മാറിയതിനെക്കുറിച്ച് കണ്ടക്ടറോട് പരാതി അറിയിച്ചപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു പറഞ്ഞ് പരിഹരിക്കാനായിരുന്നു മറുപടി. വളരെ മോശമായിട്ടായിരുന്നു ജീവനക്കാരുടെ പെരുമാറ്റമെന്ന് ഷെയ്ഖ് സാഹില്‍ പറഞ്ഞു. സംഭവത്തില്‍ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ്‌കുമാറിനും മാനേജിങ് ഡയറക്ടര്‍ക്കും പരാതി കൊടുത്തിരിക്കുകയാണ് ഷെയ്ഖ് സാഹില്‍.

മുന്‍ ബിഗ് ബോസ് താരം സിബിന്‍റേയും ആര്യയുടേയും വിവാഹം ഉടന്‍

മുന്‍ ബിഗ് ബോസ് താരം സിബിന്‍റേയും ആര്യയുടേയും വിവാഹം ഉടന്‍

മലയാളികൾക്ക് ഏറെ സുപരിചിതരായ രണ്ട് പേരാണ് ആര്യ ബഡായിയും സിബിൻ ബഞ്ചമിനും. നടിയും അവതരാകയും ഒക്കെയായ ആര്യയെ സ്വന്തം വീട്ടിലെ ആളേ പോലെയാണ് മലയാളികൾ കാണുന്നതും. കഴിഞ്ഞ ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തി ഒരു കൂട്ടം ആരാധകരെ സ്വന്തമാക്കിയ ആളാണ് ഡിജെ കൂടിയായ സിബിൻ. വിജയിക്കുമെന്ന് ഏവരും വിധിയെഴുതിയ സിബിൻ പകുതിയിൽ വച്ച് ഷോ അവസാനിപ്പിക്കുകയായിരുന്നു.

ആര്യയും മുൻ ബി​ഗ് ബോസ് മത്സരാർത്ഥിയാണ്. കഴിഞ്ഞ ദിവമാണ് സിബിനും ആര്യയും വിവാഹിതരാകാൻ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. നിശ്ചയം കഴിഞ്ഞ വിവരം ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. സിബിൻേയും ആര്യയുടേയും രണ്ടാം വിവാഹം കൂടിയാണ്. സിബിന് റയാൻ എന്ന മകനും ആര്യയ്ക്ക് ഖുഷി എന്ന മകളുമുണ്ട്. വിവാഹ നിശ്ചയ വിവരം പുറത്തുവന്നതിന് പിന്നാലെ മകൾ ഈ ബന്ധത്തിൽ സന്തുഷ്ടയാണോ എന്ന് ചോ​ദ്യത്തിന് ആര്യ നൽകിയ മറുപടി ശ്രദ്ധനേടുകയാണ്.

ക്യു ആൻഡ് എ സെക്ഷനിൽ ആയിരുന്നു ആര്യയുടെ പ്രതികരണം. ‘ഖുഷിക്ക് സുഖമാണോ? നിങ്ങളുടെ ബന്ധത്തിൽ അവൾ സന്തുഷ്ടയാണോ?’, എന്നായിരുന്നു ഒരാളുടെ ചോ​ദ്യം. ഇതിന് സിബിനും മകൾക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് ആര്യ മറുപടി നൽകിയത്. ഒപ്പം നിങ്ങൾക്ക് എന്ത് തോന്നുന്നു എന്നും ആര്യ ചോ​ദിക്കുന്നു. അതേസമയം, ആര്യയുടെയും സിബിന്റേയും രജിസ്റ്റർ മാര്യേജിന്റെ അപേക്ഷ ഫോം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരുവരും തമ്മിൽ ഒരു വയസിന്റെ വ്യത്യാസമുണ്ട്. ആര്യയ്ക്ക് 34ഉം സിബിന് 33ഉം ആണ് പ്രായം. കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിലാണ് വിവാഹം ന‍ടക്കുക. വിവാഹം ഉടനുണ്ടെന്ന് ആര്യ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു.

അഖിലേന്ത്യാ പണിമുടക്ക് ജൂലൈ ഒമ്പതിലേയ്ക്ക് മാറ്റി

അഖിലേന്ത്യാ പണിമുടക്ക് ജൂലൈ ഒമ്പതിലേയ്ക്ക് മാറ്റി

ന്യൂഡല്‍ഹി: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 20ന് നടത്താന്‍ തീരുമാനിച്ച അഖിലേന്ത്യാ പണിമുടക്ക് മാറ്റിവെച്ചു. ജൂലൈ ഒമ്പതിലേക്കാണ് പണിമുടക്ക് മാറ്റിവച്ചത്. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം എന്ന്‌ സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയായിരുന്നു സംയുക്ത ട്രേഡ് യൂണിയനുകള്‍ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചത്.

14 ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും, ബാങ്ക് ഇന്‍ഷുറന്‍സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും ചേര്‍ന്നാണ്, ദേശീയ പണിമുടക്കിനാഹ്വാനം നല്‍കിയിരിക്കുന്നത്. രാജ്യം ഗുരുതരമായ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോഴുംപിന്തിരിപ്പന്‍ തൊഴില്‍ കോഡുകള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് സിഐടിയു ചൂണ്ടിക്കാട്ടി.

ഐവിന്‍ കൊല്ലപ്പെട്ടത് തലക്കേറ്റ പരിക്കിനെ തുടര്‍ന്ന്; ശരീരത്തിലൂടെ കാര്‍ കയറ്റി

ഐവിന്‍ കൊല്ലപ്പെട്ടത് തലക്കേറ്റ പരിക്കിനെ തുടര്‍ന്ന്; ശരീരത്തിലൂടെ കാര്‍ കയറ്റി

കൊച്ചി: ഹോട്ടല്‍ ജീവനക്കാരനായ യുവാവ് ഐവിന്‍ ജിജോയെ പ്രതികള്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത് അതിക്രൂരമായി. ഐവിനെ ഇടിച്ചു ബോണറ്റില്‍ വീഴ്ത്തിയ ഇവര്‍ ഒരു കിലോമീറ്ററോളം അതിവേഗത്തില്‍ സഞ്ചരിച്ചു. അതിന് ശേഷം സെന്റ് ജോണ്‍സ് ചാപ്പലിനും സെന്റ് സെബാസ്റ്റ്യന്‍സ് കപ്പേളയ്ക്കും ഇടയിലുള്ള കപ്പേള റോഡില്‍ വെച്ച് കാര്‍ സഡന്‍ ബ്രേക്ക് ചെയ്ത് നിലത്തു തള്ളിയിട്ട ശേഷം കാറുകൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് കാര്‍ നിര്‍ത്തിച്ചെങ്കിലും ഐവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് ഐവിന്റെ മരണത്തിന് കാരണമായ സംഭവവികാസങ്ങള്‍ ഉണ്ടായത്. നെടുമ്പാശേരിയില്‍ വിമാനക്കമ്പനികള്‍ക്കു ഭക്ഷണം തയാറാക്കി നല്‍കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഐവിന്‍, വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്കു പോവുകയായിരുന്നു. ഇതിനിടെയാണ് നെടുമ്പാശേരി നായത്തോട് ഭാഗത്തുവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി കാറുകള്‍ ഉരസിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുന്നത്. അതിന് ശേഷം അവിടെ നിന്ന് പോകാനായി ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ ഐവിനെ ഇടിച്ച് തെറിപ്പിച്ചത്.

അങ്കമാലി തുറവൂര്‍ ആരിശ്ശേരില്‍ ഐവിന്‍ ജിജോ (24) കൊല്ലപ്പെട്ടത് തലയ്‌ക്കേറ്റ പരുക്കിനെത്തുടര്‍ന്നാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. വാഹനം ഓടിച്ചിരുന്ന സിഐഎസ്എഫ് എസ്‌ഐ വിനയ് കുമാര്‍ ദാസ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്. നേരത്തേ വിനയ് കുമാര്‍ ദാസിന്റേയും മോഹന്‍ കുമാറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തുറവൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ ഐവിന്റെ സംസ്‌കാരം നടക്കും.

ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച; കൊഴുപ്പു നീക്കല്‍ ശസ്ത്രകിയ നടത്താന്‍ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്

ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച; കൊഴുപ്പു നീക്കല്‍ ശസ്ത്രകിയ നടത്താന്‍ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: അടിവയറ്റിലെ കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ വനിതാ സോഫ്റ്റ്വെയര്‍ എന്‍ജിനീയറിന്റെ ഒന്‍പത് വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട്. കൊഴുപ്പു നീക്കല്‍ ശസ്ത്രകിയ നടത്താന്‍ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ല. അതിനാല്‍ ക്ലിനിക്ക് ഈ വ്യവസ്ഥ ലംഘിച്ചുവെന്നും പൊലീസിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിഎംഒ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ത്വക്ക്, പല്ല്, ചികിത്സകള്‍ക്കു മാത്രമാണ് ഇവിടെ ശസ്ത്രക്രിയയ്ക്ക് അനുമതിയുള്ളത്. എന്നാല്‍ ഇതു കണക്കിലെടുക്കാതെ നടത്തിയ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്കിടെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ എം എസ് നീതുവിന് ഹൃദയാഘാതം സംഭവിച്ചതും ഒന്‍പത് വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്നതും അതീവ ഗൗരവമുള്ള വിഷയമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ശസ്തക്രിയയില്‍ ഡോക്ടര്‍ക്കു പാളിച്ചയുണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂര്‍ തികയും മുന്‍പ് നീതുവിനെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് രക്തസമ്മര്‍ദ്ദനില താളം തെറ്റിയ നിലയില്‍ എത്തിയ നീതുവിന് തുടര്‍ചികിത്സ നല്‍കുന്നതില്‍ കാലതാമസം ഉണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. നീതുവിന്റെ ഭര്‍ത്താവ് പത്മജിത്ത് നല്‍കിയ പരാതിയിലാണ് ഡിഎംഒ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയത്.

തിരിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 880 രൂപ, വീണ്ടും 70,000ലേക്ക്

തിരിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 880 രൂപ, വീണ്ടും 70,000ലേക്ക്

കൊച്ചി: ഇന്നലെ കനത്ത ഇടിവ് നേരിട്ട സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. പവന് 880 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 69,000ന് മുകളില്‍ എത്തി. 69,760 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് വര്‍ധിച്ചത്. 8720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70000ല്‍ താഴെയെത്തിയത്. പവന് 68,880 രൂപയായി താഴ്ന്ന് ഈ മാസത്തെ താഴ്ന്ന നിലവാരമാണ് ഇന്നലെ രേഖപ്പെടുത്തിയത്. തുടര്‍ന്ന് വില ഉയരുകയായിരുന്നു.

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് കഴിഞ്ഞദിവസം സ്വര്‍ണവില ഇടിയാന്‍ കാരണമായത്.