കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ ഭീകരരെ സുരക്ഷാസേന വധിച്ചു

കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ നാദിര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജയ്ഷ് ഇ മുഹമ്മദ് പ്രവര്‍ത്തകരായ, കശ്മീര്‍ സ്വദേശികളായ ആസിഫ് ഷെയ്ഖ്, അമീര്‍ നാസിര്‍ വാനി, യാവാര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ 48 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഭീകരരെ സൈന്യം വധിക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.

കഴിഞ്ഞ ചൊവ്വാഴ്ച കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ലഷ്‌കര്‍ ഭീകരരെ കൊലപ്പെടുത്തിയിരുന്നു. ഇവരില്‍ നിന്നും ആയുധങ്ങളും പണവും അടക്കം പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്ന് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടാകാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയായിരുന്നു.

മലപ്പുറത്ത് യുവാവിനെ പുലി കടിച്ചുകൊന്നു; മരിച്ചത് ടാപ്പിങ് തൊഴിലാളി

മലപ്പുറത്ത് യുവാവിനെ പുലി കടിച്ചുകൊന്നു; മരിച്ചത് ടാപ്പിങ് തൊഴിലാളി

മലപ്പുറം: മലപ്പുറം കാളികാവില്‍ യുവാവിനെ പുലി കടിച്ചുകൊന്നു. ടാപ്പിങ്ങിനിടെ ഉള്‍ക്കാട്ടിലേക്ക് കടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ടാപ്പിങ് തൊഴിലാളിയായ ഗഫൂറാണ് മരിച്ചത്.

പുലര്‍ച്ചെയാണ് ടാപ്പിങ് തൊഴിലാളികള്‍ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. ഗഫൂറിന്റെ കഴുത്തില്‍ കടിച്ച് പുലി ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. വനത്തോടു ചേര്‍ന്നുള്ള തോട്ടത്തില്‍ ടാപ്പിങ് നടത്തുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം.

കരുവാരക്കുണ്ടുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് കാളിയാര്‍. ഇത് ഒരു ഉള്‍പ്രദേശമാണ്. റോഡില്‍ നിന്ന് അഞ്ചാറു കിലോമീറ്റര്‍ ഉള്ളിലുള്ള പ്രദേശമാണിത്. വാഹനസൗകര്യം ഉള്ള സ്ഥലമല്ല. പെട്ടെന്നായിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത് എന്ന് മറ്റു ടാപ്പിങ് തൊഴിലാളികള്‍ പറയുന്നു. പുലിയുടെ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട മറ്റു തൊഴിലാളികളാണ് വിവരം അധികൃതരെ അറിയിച്ചത്.

പൊലീസും നാട്ടുകാരും ചേര്‍ന്ന് ഒന്നരമണിക്കൂറോളം നേരം തിരഞ്ഞ ശേഷം ഗഫൂറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വന്യജീവി ശല്യമുള്ള പ്രദേശമാണിത്. എന്നാല്‍ അടുത്തിടെ ഒരാളെ വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തുന്നത് ഇതാദ്യമായാണ്.സംഭവത്തില്‍ നാട്ടുകാരുടെ ഭാഗത്ത് നിന്ന് വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പുലിയുടെ സാന്നിധ്യം സംബന്ധിച്ച് നിരവധി തവണ വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കേരള പൊലീസിന് ഇനി സൈന്യത്തിന്റെ ‘കുതിര ശക്തി’!

കേരള പൊലീസിന് ഇനി സൈന്യത്തിന്റെ ‘കുതിര ശക്തി’!

തിരുവനന്തപുരം: ഇന്ത്യന്‍ സൈന്യത്തില്‍ നിന്നു കുതിരകളെ എത്തിക്കാനുള്ള കേരള പൊലീസിന്റെ ശ്രമങ്ങള്‍ ഒടുവില്‍ വിജയം കണ്ടു. രണ്ട് വര്‍ഷത്തെ കടലാസ് ജോലികളും രാഷ്ട്രപതിയുടെ അംഗീകാരം നേടല്‍ അടക്കമുള്ള വെല്ലുവിളികള്‍ക്കെല്ലാം ഒടുവിലാണ് ശ്രമം ഫലവാത്തായത്.

തിരുവനന്തപുരം സിറ്റി പോലീസിന് കീഴിലാണ് കേരള പൊലീസിലെ ഏക കുതിരസേനയുള്ളത്. സൈന്യത്തിന്റെ റീമൗണ്ട് വെറ്ററിനറി കോര്‍പ്‌സില്‍ (ആര്‍വിസി) നിന്ന് മൂന്ന് കുതിരകളെ രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിക്കും. ഇതാദ്യമായാണ് സൈന്യത്തില്‍ നിന്ന് നേരിട്ട് കുതിരകളെ ലഭിക്കുന്നത്. ഓരോ കുതിരയ്ക്കും 6 മുതല്‍ 8 ലക്ഷം രൂപ വരെയാണ് വില.

സൈന്യത്തില്‍ നിന്ന് എട്ട് കുതിരകളെ വാങ്ങാനായി പൊലീസ് തുടക്കത്തില്‍ 54 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം മൂന്ന് മുതല്‍ നാല് വയസ് വരെ പ്രായമുള്ള മൂന്ന് കുതിരകളെ മാത്രം വില്‍ക്കാനാണ് സൈന്യം ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്.

ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലുള്ള റീമൗണ്ട് ഡിപ്പോ ആന്‍ഡ് ട്രെയിനിങ് സ്‌കൂളില്‍ പരിശീലനം നേടിയ കുതിരകളെയാണ് പുതിയതായി എത്തിക്കുന്നത്. അവയെ ട്രെയിന്‍ വഴിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടു വരുന്നത്. പരിശീലനം ലഭിച്ച പൊലീസുകാരും ഒപ്പമുണ്ടാകും. കുതിരകള്‍ക്കു പുതിയ കാലാവസ്ഥയുമായി പൊരുത്തുപ്പെടാന്‍ കുറച്ചു ദിവസങ്ങള്‍ വേണ്ടി വരും. പരിശീലനത്തിനു ശേഷം ഔദ്യോഗികമായി സേനയുടെ ഭാഗമാക്കും. നിലവില്‍ സൈന്യത്തിന്റെ പരിശീലനം ലഭിച്ചവയാണ് എത്തുന്നതെങ്കിലും പെരുമാറ്റമടക്കം നിരീക്ഷിച്ച് പുതിയ ദൗത്യങ്ങള്‍ക്കായി വിനിയോഗിക്കും.

കൊളോണിയല്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് പൊലീസിലെ കുതിരപ്പട. രാത്രി പട്രോളിങ്, പരേഡുകള്‍, മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്കാണ് ഇവയെ പൊലീസ് സേന ഉപയോഗിക്കുന്നത്.

അടുത്ത ഏഴോ, എട്ടോ മാസത്തിനുള്ളില്‍ സൈന്യത്തില്‍ നിന്നുള്ള അടുത്ത ബാച്ച് ത്രോബെഡ് കുതിരകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സൈനിക കുതിരകള്‍ക്ക് ആവശ്യക്കാരേറെയാണ്. പല സംസ്ഥാനങ്ങളും അവയെ സ്വന്തമാക്കാനായി രംഗത്തുണ്ട്. കേരള പൊലീസിലേക്ക് പുതിയതായി ഇനി അഞ്ച് കുതിരകളെ കൂടി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ സ്വകാര്യ കുതിരാലയങ്ങളില്‍ നിന്നു കൊണ്ടു വന്ന വിദേശ ഇനങ്ങളായ രണ്ട് ത്രോബെഡ് കുതിരകള്‍ക്കു പുറമെ കത്തിയവാരി, മാര്‍വാരി ഇനങ്ങളും യൂനിറ്റിലുണ്ട്. നിലവില്‍ 11 കുതിരകളാണ് സേനയിലുള്ളത്. 41 ജീവനക്കാരാണ് കുതിരകളെ സംരക്ഷിക്കാന്‍ വേണ്ടത്. അതില്‍ നിരവധി തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.

ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍; കീം പരീക്ഷ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍; കീം പരീക്ഷ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2025-26 അധ്യയനവര്‍ഷത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേയ്ക്ക് നടന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്‌സൈറ്റില്‍ (www.cee.kerala.gov.in) സ്‌കോര്‍ ലഭ്യമാണ്.

ഏപ്രില്‍ 23 മുതല്‍ 29 വരെ കേരളത്തിലെ 134 പരീക്ഷാ കേന്ദ്രങ്ങളിലായി 192 വെന്യൂകളിലായാണ് പരീക്ഷ നടന്നത്.ഡല്‍ഹി, മുംബൈ,ചെന്നൈ,ബംഗളൂരു,ദുബായ് എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു. കേരളത്തില്‍ നിന്ന് 85,296 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദുബായില്‍ നിന്നുമായി 1105 പേരുമാണ് എന്‍ജിനിയറിങ് പ്രവേശന പരീക്ഷയെഴുതിയത്.

കേരളത്തില്‍ 33,304 പേരും മറ്റ് സ്ഥലങ്ങളില്‍ നിന്ന് 111 പേരും ഫാര്‍മസി കോഴ്‌സിനായുള്ള പരീക്ഷയെഴുതി. 2024 മുതലാണ് എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

‘മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന പ്രവൃത്തി’; സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ വിജയ് ഷായ്‌ക്കെതിരെ കേസ് എടുത്ത് കോടതി

‘മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന പ്രവൃത്തി’; സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ വിജയ് ഷായ്‌ക്കെതിരെ കേസ് എടുത്ത് കോടതി

ഭോപ്പാല്‍: കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോടാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

വിജയ് ഷായുടെ പരാമര്‍ശങ്ങള്‍ അപകടകരമെന്നും പ്രഥമദൃഷ്ട്യാ മതത്തിന്റെ പേരില്‍ ഭിന്നതയുണ്ടാക്കുന്ന പ്രവൃത്തിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. മന്ത്രിക്കെതിരെ ഇന്നുതന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ഡിജിപിക്ക് നിര്‍ദേശം നല്‍കി

കഴിഞ്ഞദിവസമാണ് മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ കേണല്‍ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തില്‍ പരാമര്‍ശിച്ചാണ് മന്ത്രി പൊതുപരിപാടിക്കിടെ അധിക്ഷേപിച്ചത്. നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മള്‍ അയച്ചു എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഈ പരാമര്‍ശം വിവാദമായതോടെ മന്ത്രി വിജയ് ഷാ മാപ്പ് പറയുകയും ചെയ്തിരുന്നു.

‘സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നു. രാജ്യത്തോടുള്ള അവരുടെ സേവനത്തിന് അവരെ അഭിവാദ്യം ചെയ്യുന്നു. സ്വപ്നത്തില്‍ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ കഴിയില്ല. എന്റെ വാക്കുകള്‍ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പത്തു തവണ ക്ഷമ ചോദിക്കാന്‍ തയാറാണ്’ മന്ത്രി പിന്നീട് പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിജയ് ഷായെ സംസ്ഥാന മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരോടൊപ്പം ഓപ്പറേഷന്‍ സിന്ദൂറിന്റെ വിവരങ്ങള്‍ മാധ്യമങ്ങളോടു വിശദീകരിച്ചത് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങുമായിരുന്നു.

വൈദികനെ പള്ളിയിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വൈദികനെ പള്ളിയിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ്‌സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂര്‍ (32) ആണ് മരിച്ചത്.കഴിഞ്ഞ ഒക്ടോബര്‍ 2നാണ് പതിയാരം പള്ളിയില്‍ വൈദികനായി ചാര്‍ജ്ജെടുത്തത്.

പള്ളിയിലെ വികാരിയുടെ കിടപ്പ്മുറിയില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചക്ക് 12.30 യോടെ പള്ളിമണിയടിക്കുന്നതിനായി കപ്പ്യാര്‍ അച്ചനെ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കാണുന്നത്.പള്ളി ജീവനക്കാരും നാട്ടുകാരും പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി. മേല്‍ നടപടികള്‍ സ്വീകരിച്ചു. 6 വര്‍ഷം മുന്‍പാണ് ഫാദര്‍ ലിയോ പുത്തൂര്‍ പട്ടം സ്വീകരിച്ചത്.