മറ്റൊരു ജീവൻ കൂടി പൊലിഞ്ഞു; പാക് ഷെല്ലാക്രമണത്തിനിടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന് വീരമൃത്യു

മറ്റൊരു ജീവൻ കൂടി പൊലിഞ്ഞു; പാക് ഷെല്ലാക്രമണത്തിനിടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന് വീരമൃത്യു

പാക് ഷെല്ലാക്രമണത്തിനിടയിൽ പരിക്കേ​റ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. ബീഹാർ സ്വദേശി രാംബാബു പ്രസാദാണ് വീരമൃത്യു വരിച്ചത്. മേയ് ഒമ്പതിന് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിനിടയിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേ​റ്റത്. രാംബാബുവിന്റെ കുടുംബം ജമ്മു കാശ്മീരിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ബാസിൽപൂർ സ്വദേശിയായ അഞ്ജലിയാണ് ഭാര്യ. ഇരുവരും ഒരു കുഞ്ഞിനായി ആഗ്രഹിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു.

സംഭവം നടക്കുന്ന ദിവസവും രാംബാബു ഭാര്യയുമായി ഫോണിൽ സംസാരിച്ചിരുന്നു. ജോധ്പൂരിലേക്ക് അടുത്തിടെ പോസ്​റ്റിംഗ് ലഭിച്ചിട്ടും സംഘർഷം തുടരുന്നതിനാൽ ജമ്മു കാശ്മീരിൽ തന്നെ രാംബാബുവിനെ നിലനിർത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സൈനികന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കുമെന്നാണ് വിവരം. സംസ്ഥാന ബഹുമതികളോടെയായിരിക്കും സംസ്കാരം നടത്തുക.

ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടെ ബീഹാറിൽ നിന്നുളള മ​റ്റൊരു സൈനികനും വീരമൃത്യു വരിച്ചിരുന്നു. ബിഎസ്എഫ് സബ്ഇൻസ്‌പെക്ടറായ മുഹമ്മദ് ഇംതിയാസാണ് വീരമൃത്യു വരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെയാണ് കഴിഞ്ഞ ദിവസം സംസ്‌കരിച്ചത്. രണ്ടുപേരുടെയും കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു.രാംബാബുവിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി എക്സിലൂടെ പ്രതികരിച്ചു. ‘രാജ്യം അദ്ദേഹത്തിന്റെ ത്യാഗത്തെ എപ്പോഴും ഓർക്കും. ഈ സംഭവത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. രക്തസാക്ഷിയുടെ കുടുംബത്തിന് ഈ സമയം സഹിക്കാൻ ശക്തി നൽകണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. രാംബാബുവിന്റെ ഏറ്റവും അടുത്ത ആശ്രിതന് സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ സംസ്ഥാന ബഹുമതികളോടെ നടപ്പിലാക്കുകയും ചെയ്യും’-അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

തിരുവനന്തപുരം ഭരതന്നൂർ പാലോട്ടുകോണം വിദ്യാ സദനത്തിൽ വിഷ്ണു ശങ്കറിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക്, ജീവപര്യന്തം

തിരുവനന്തപുരം ഭരതന്നൂർ പാലോട്ടുകോണം വിദ്യാ സദനത്തിൽ വിഷ്ണു ശങ്കറിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക്, ജീവപര്യന്തം

തിരുവനന്തപുരം: ഭരതന്നൂർ പാലോട്ടുകോണം വിദ്യാ സദനത്തിൽ വിഷ്ണു ശങ്കറിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക്, ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. വിഷ്ണു ശങ്കറിന്റെ ബന്ധുവായ കടയ്ക്കൽ ബൗണ്ടർമുക്ക് വട്ടമറ്റം സ്വദേശി സജി കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. ഏഴാം അഡിഷണൽ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനാണ് ശിക്ഷ വിധിച്ചത്. 2014 ജൂലൈ 31നായിരുന്നു കൊലപാതകം.

പെയിന്റിംഗ് തൊഴിലാളികളായിരുന്ന ഇരുവരും ഒരുമിച്ചാണ് ജോലിക്ക് പോയിരുന്നത്. സംഭവ ദിവസം പണി സ്ഥലത്തുവച്ച് സജി കുമാറിന്റെ മൊബൈൽ ഫോൺ, വിഷ്ണു എടുത്തുമാറ്റിവച്ചെന്ന തെറ്റിദ്ധാരണയിൽ വിഷ്ണുവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പ്രതികുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവം വിഷ്ണുവിന്റെ മുത്തശി കുഞ്ഞു ലക്ഷ്മി നേരിട്ട് കണ്ടിരുന്നു. സംഭവം നേരിൽ കണ്ട വിഷ്ണുശങ്കറിന്റെ അമ്മൂമ്മ കുഞ്ഞുലക്ഷ്മിയുടെയും അച്ഛൻ ശിവശങ്കരപ്പിള്ളയുടെയും മൊഴികളാണ് കേസിൽ നിർണായകമായത്. പ്രതിക്കെതിരെ പ്രോസിക്യൂഷൻ 26 സാക്ഷികളെ ഹാജരാക്കി 24 രേഖകളും 17 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.വേണി ഹാജരായി.

‘നമ്മള്‍ ഒരുമിച്ച് സൃഷ്ടിച്ച ഒരു നാഴികക്കല്ല്!’ , തുടരും 100 കോടി ക്ലബില്‍

‘നമ്മള്‍ ഒരുമിച്ച് സൃഷ്ടിച്ച ഒരു നാഴികക്കല്ല്!’ , തുടരും 100 കോടി ക്ലബില്‍

മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ടീമിന്റെ തുടരും എന്ന സിനിമ റെക്കോര്‍ഡുകള്‍ തിരുത്തി ജൈത്രയാത്ര തുടരുകയാണ്. ചിത്രം കേരളാ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 100 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. ഇതിന്റെ സന്തോഷം മോഹന്‍ലാലും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

‘കേരള ബോക്‌സ് ഓഫീസില്‍ മാത്രം 100 കോടി നേടുന്ന ആദ്യ സിനിമ എന്ന റെക്കോര്‍ഡും തുടരും എന്ന സിനിമ നേടിയിട്ടുണ്ട്. നമ്മള്‍ ഒരുമിച്ച് സൃഷ്ടിച്ച ഒരു നാഴികക്കല്ല്! കേരളത്തിന് നന്ദി,’ എന്ന് മോഹന്‍ലാല്‍ കുറിച്ചു. vഅതേസമയം, ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് തുടരും 200 കോടി കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് തുടരും. മാര്‍ച്ച് മാസത്തില്‍ പുറത്തിറങ്ങിയ എംപുരാനും 200 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.

തുടരും സിനിമയുടെ തമിഴ് പതിപ്പും റിലീസ് ചെയ്തിട്ടുണ്ട്. ‘തൊടരും’ എന്നാണ് തമിഴ് പതിപ്പിന്റെ പേര്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തമിഴ്‌നാട്ടില്‍ നിന്നും ലഭിക്കുന്നത്. മോഹന്‍ലാല്‍ നന്നായി അഭിനയിച്ചിട്ടുണ്ടെന്നും സിനിമയുടെ സെക്കന്റ് ഹാഫ് നല്ല മാസായിട്ടുണ്ടെന്നുമാണ് അഭിപ്രായങ്ങള്‍.

ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിങ് നിരക്ക് പരിഷ്‌കരിച്ചു

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിങ് നിരക്ക് പരിഷ്‌കരിച്ചു

തൃശ്ശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ വിവിധ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനുള്ള നിരക്കുകള്‍ പരിഷ്‌കരിച്ചു. പടിഞ്ഞാറെ കവാടത്തില്‍ പുതിയ നിരക്കുകള്‍ മെയ് ആദ്യവാരത്തില്‍ നിലവില്‍ വന്നു. കിഴക്കുഭാഗത്തുള്ള പ്രധാന കവാടത്തിലെ പുതുക്കിയ പാര്‍ക്കിങ് നിരക്കുകള്‍ ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വേ അറിയിച്ചു. ജി എസ് ടി അടക്കമാണ് ഈ നിരക്കുകള്‍.

സൈക്കിള്‍, ഇരുചക്ര വാഹനം, 3/4 ചക്ര വാഹനം, മിനി ബസ്സ്/ബസ്സ് എന്നീക്രമത്തില്‍ വിവിധ സമയങ്ങളിലേയ്ക്കുള്ള പുതിയ പാര്‍ക്കിങ് നിരക്കുകള്‍ ഇനി പറയും പ്രകാരമാണ്.

2 മണിക്കൂര്‍ വരെ – 5, 10, 30, 130 രൂപ.

2 മുതല്‍ 8 മണിക്കൂര്‍ വരെ – 10, 20, 50, 270 രൂപ.

8 മുതല്‍ 24 മണിക്കൂര്‍ വരെ – 10, 30, 80, 380 രൂപ.

24 മുതല്‍ 48 മണിക്കൂര്‍ വരെ – 20, 60, 180, 840 രൂപ.

48 മുതല്‍ 72 മണിക്കൂര്‍ വരെ – 40, 110, 300, 1260 രൂപ.

72 മുതല്‍ 96 മണിക്കൂര്‍ വരെ – 65, 170, 600, 2100 രൂപ.

96 മണിക്കൂറില്‍ കൂടുതല്‍ വരുന്ന ഓരോ 24 മണിക്കൂറോ അതില്‍ കുറവോ വരുന്ന സമയത്തിനും – 20, 70, 200, 840 രൂപ വീതം.

ഹെല്‍മറ്റിന് ഓരോ 24 മണിക്കൂറോ അതില്‍ കുറവോ വരുന്ന സമയത്തിനും 10 രൂപ വീതം.

കേക്കിലും ചോക്ലേറ്റിലും കലര്‍ത്തി എംഡിഎംഎ; കരിപ്പൂരില്‍ 40 കോടിയുടെ ലഹരി വേട്ട, മൂന്ന് യുവതികള്‍ പിടിയില്‍

കേക്കിലും ചോക്ലേറ്റിലും കലര്‍ത്തി എംഡിഎംഎ; കരിപ്പൂരില്‍ 40 കോടിയുടെ ലഹരി വേട്ട, മൂന്ന് യുവതികള്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും വന്‍ ലഹരി വേട്ട. എംഡിഎംഎ കലര്‍ത്തിയ പതിനഞ്ചു കിലോ കേക്കും ക്രീം ബിസ്‌കറ്റും ചോക്ലേറ്റും കസ്റ്റംസ് പിടികൂടി. 35 കിലോ ഹൈബ്രിഡ് കഞ്ചാവും പിടികൂടിയിട്ടുണ്ട്. ലഹരി കടത്താന്‍ ശ്രമിച്ച മൂന്ന് സ്ത്രീകളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ചെന്നൈ സ്വദേശി റാബിയത്ത് സൈദു സൈനുദ്ദീന്‍, കോയമ്പത്തൂര്‍ സ്വദേശി കവിത, തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇവര്‍ ബാങ്കോക്കില്‍ നിന്ന് എയര്‍ ഏഷ്യയുടെ വിമാനത്തില്‍ കരിപ്പൂരിലെത്തിയത്. ലഗേജ് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹൈബ്രിഡ് കഞ്ചാവ്.

പിടിച്ചെടുത്ത രാസലഹരിക്ക് കോടികള്‍ മൂല്യം വരുന്നതാണെന്ന് കസ്റ്റംസ് ഓഫീസര്‍മാര്‍ അറിയിച്ചു. പ്രതികളെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ച കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പതിനാല് കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു.

‘ഇങ്ങനെയൊരാള്‍ ഇനി കോട്ടിട്ട് കോടതിയില്‍ വരരുത്, ഗര്‍ഭിണിയായ സമയത്തും മര്‍ദിച്ചു; അറസ്റ്റ് തടഞ്ഞത് ബാര്‍ അസോസിയേഷന്‍’

‘ഇങ്ങനെയൊരാള്‍ ഇനി കോട്ടിട്ട് കോടതിയില്‍ വരരുത്, ഗര്‍ഭിണിയായ സമയത്തും മര്‍ദിച്ചു; അറസ്റ്റ് തടഞ്ഞത് ബാര്‍ അസോസിയേഷന്‍’

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വച്ച് തന്നെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെ ഉടന്‍ പിടികൂടണമെന്ന് പരിക്കേറ്റ അഭിഭാഷക ശ്യാമിലി. പൊലീസ് അന്വേഷണത്തില്‍ പരാതിയില്ലെന്നും നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് അപാകതയുള്ളതായി തോന്നുന്നില്ലെന്ന് ശ്യാമിലി പറഞ്ഞു. അടിയില്‍ പൊട്ടലില്‍ ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കുഞ്ഞിന് പാല് കൊടുക്കുന്നതിനാല്‍ ഓവര്‍ഡോസ് മരുന്ന് തന്നിട്ടില്ല. നല്ലവേദനയുള്ളതിനാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എത്രയും വേഗം പ്രതിയെ പിടികൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാര്‍ കൗണ്‍സിലിന് ഇന്നലെ തന്നെ പരാതി നല്‍കിയതായും അവരില്‍ നിന്ന് നല്ല പിന്തുണ ലഭിച്ചതായും കൂടെ നിന്നവരോട് നന്ദിയെന്നും ശ്യാമിലി പറഞ്ഞു.

ഇന്നലെ ഓഫിസില്‍ നിന്നും പ്രതിയെ പൊലീസിന് അറസ്റ്റ് ചെയ്യാമായിരുന്നു. തെറ്റ് ചെയ്ത ആളായാതിനാല്‍ അവിടെ വച്ച് അറസ്റ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഓഫീസില്‍ വച്ച് അഭിഭാഷകനെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് അസോസിയേഷന്‍ അറിയിച്ചു. അതില്‍ നീതി നിഷേധം ഉള്ളതായി തോന്നിയിട്ടില്ല. ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയുടെ അടുത്തായാളാണ് ബെയ്‌ലിന്‍ദാസെന്നും ശ്യാമിലി പറഞ്ഞു

താന്‍ ഒരു അഭിഭാഷയാകുന്നത് വീട്ടില്‍ ആര്‍ക്കും ഇഷ്ടമായിരുന്നു. എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ പോലും വീട്ടുകാര്‍ അനുവദിച്ചില്ല. മാനേജ്‌മെന്റ് ക്വാട്ടയില്‍ സീറ്റ് വാങ്ങിയാണ് പഠിച്ചത്. അത്രയേറേ ഈ ജോലി താന്‍ ഇഷ്ടപ്പെട്ടിരുന്നു. ഫസ്റ്റ് ക്ലാസോടെയാണ് പാസായത്. പ്രസവത്തിന്റെ തലേന്ന് വരെ കോടതിയില്‍ പോയിട്ടുണ്ട്. ആര്‍ക്കും തന്നെ പറ്റി ഒരുമോശം അഭിപ്രായം ഇല്ല. ഒരു ദിവസം പെട്ടെന്ന് തന്നോട് ഓഫീസില്‍ വരേണ്ട എന്ന് പറഞ്ഞു. മൂന്ന് വര്‍ഷം ജോലി ചെയ്ത തന്നെ എന്തിനാണ് പിരിച്ചുവിട്ടതെന്ന് ചോദിച്ചു. രണ്ടുദിവസം കഴിഞ്ഞ് സാര്‍ സോറി പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. നേരത്തെ ഗര്‍ഭിണിയായ സമയത്തും മര്‍ദിച്ചിരുന്നു. അന്ന് ആരും കാണാത്തതിനാലാണ് പരാതി നല്‍കാതിരുന്നത്. ഇന്നലെ മര്‍ദിച്ചത് ഓഫീസിലെ മറ്റുള്ളവരുടെ മുന്നില്‍ വച്ചായിരുന്നെന്നും അവരെല്ലാം അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ട് എന്തുചെയ്യണമെന്നറിയാതെ നിന്നുപോയെന്നും ശ്യാമിലി പറഞ്ഞു.

തന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഇട്ടിട്ടുള്ളത്. കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാമോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെയ്യും. പ്രതിയെ അടിയന്തരമായി പിടികൂടണം. ബാര്‍ അസോസിയേഷനില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ യൂണിഫോം ഊരിവെപ്പിക്കുന്ന നടപടികള്‍ ബാര്‍ അസോസിയേഷന്റെയു കൗണ്‍സിലിന്റെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിന് പിന്നാലെ ബെയ്ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ടു ജൂനിയര്‍ അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബെയ്ലിന്‍ ദാസ് തന്റെ ജൂനിയറായ ശ്യാമിലി എന്ന അഭിഭാഷകയെ മര്‍ദിച്ചതെന്നാണു പരാതി. മര്‍ദനമേറ്റ ജൂനിയര്‍ അഭിഭാഷകയ്ക്കൊപ്പമാണെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പള്ളിച്ചല്‍ പ്രമോദ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ നടപടി ആവശ്യമാണെന്നു തോന്നിയതു കൊണ്ടാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി. കോടതി വളപ്പിനുള്ളില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിന്‍ ദാസ് ക്രൂരമായി ആക്രമിച്ചത്. മുഖത്ത് സാരമായി പരുക്കേറ്റ ശ്യാമിലി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ശ്യാമിലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.