‘ജീവന്റെ വില’; പഹല്‍ഗാമില്‍ കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിയുടെ ഭാര്യക്ക് ഇന്ത്യന്‍ പൗരത്വം

‘ജീവന്റെ വില’; പഹല്‍ഗാമില്‍ കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിയുടെ ഭാര്യക്ക് ഇന്ത്യന്‍ പൗരത്വം

ഡല്‍ഹി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ബിതാന്‍ അധികാരിയുടെ ഭാര്യ സൊഹേനി റോയിക്ക് ഇന്ത്യന്‍ പൗരത്വം. ബംഗ്ലാദേശില്‍ ജനിച്ച സൊഹേനിയുടെ പൗരത്വത്തിനുള്ള അപേക്ഷ ദീര്‍ഘകാലമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിലുണ്ടായിരുന്നു. ഇതിലാണ് ഇപ്പോള്‍ അനൂകൂല തീരുമാനം ഉണ്ടായിരിക്കുന്നത്.

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ഐടി ഉദ്യോഗസ്ഥനായിരുന്ന ബിതാന്‍ അധികാരിയെ ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ ഭീകരര്‍ ഭാര്യയുടെ മുന്നില്‍ വച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതം അനിശ്ചിതത്വത്തിലായ സൊഹേനിക്ക് ആശ്വാസമേകുന്നതാണ് ഇപ്പോഴത്തെ നടപടി. ബിതാന്‍ അധികാരിയെ വിവാഹം ചെയ്ത സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ പൗരത്വം അനുവദിച്ചിരിക്കുന്നത്.

1955 ലെ പൗരത്വ നിയമപ്രകാരം സൊഹേനിക്ക് പൗരത്വം അനുവദിച്ച സര്‍ട്ടിഫിക്കറ്റ് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. ബംഗ്ലാദേശിലെ നാരായണ്‍ഗഞ്ചീല്‍ ജനിച്ച സൊഹേനി 1997 ജനുവരിയില്‍ ഇന്ത്യയില്‍ എത്തിയെന്നാണ് പൗത്വ രേഖയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സോഹേനി റോയിയുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സഹമന്ത്രി സുകാന്ത മജുംദാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.

നിലവില്‍ ഭര്‍ത്താവ് ബിതാന്‍ അധികാരിയുടെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും ഒപ്പം കൊല്‍ക്കത്തയിലെ പടുലിയില്‍ താമസിച്ചുവരികയാണ് സൊഹേനി റോയ്. ബിതാന്‍ അധികാരിയുടെ മരണത്തിന് പിന്നാലെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരില്‍ ബിതാന്‍ അധികാരിയുള്‍പ്പെടെ മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളായി ഉണ്ടായിരുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കിലോമീറ്റര്‍ പരിധി റെഡ് സോണായി പ്രഖ്യാപിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കിലോമീറ്റര്‍ പരിധി റെഡ് സോണായി പ്രഖ്യാപിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റര്‍ പരിധി റെഡ് സോണായി പ്രഖ്യാപിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍. പ്രദേശത്ത് ഡ്രോണ്‍ പറത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. നഗരത്തിലെ പ്രധാന പ്രദേശങ്ങളെ നോ ഡ്രോണ്‍ സോണായി പ്രഖ്യാപിച്ചതായും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

നോ ഡ്രോണ്‍ സോണ്‍ പ്രദേശങ്ങള്‍

കേരള നിയമസഭ, രാജ് ഭവന്‍, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികള്‍, പ്രതിപക്ഷ നേതാവിന്റെ വസതി, സെക്രട്ടറിയേറ്റ്, വിഴിഞ്ഞം ഹാര്‍ബര്‍, വി എസ് എസ് സി/ ഐഎസ്ആര്‍ഒ തുമ്പ, ഐഎസ്ആര്‍ഒ ഇന്റര്‍നാഷണല്‍ സിസ്റ്റം യൂണിറ്റ് വട്ടിയൂര്‍ക്കാവ്, എല്‍ പി എസ് സി/ഐഎസ്ആര്‍ഒ വലിയമല, തിരുവനന്തപുരം ഡൊമെസ്റ്റിക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, സതേണ്‍ എയര്‍ കമാന്‍ഡ് ആക്കുളം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം, ടെക്‌നോപാര്‍ക്ക് ഫേസ് ഒന്ന് രണ്ട് മൂന്ന്, റഡാര്‍ സ്റ്റേഷന്‍ മൂക്കുന്നിമല, തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ്, മിലിറ്ററി ക്യാമ്പ് പാങ്ങോട്, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, ജഗതി, ശ്രീപത്മനാഭസ്വാമി ടെമ്പിള്‍, പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ യാതൊരു കാരണവശാലും ഡ്രോണുകള്‍ പറത്താന്‍ പാടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 165 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 8880 രൂപയായി. അതേസമയം പവന് 1320 രൂപ കുറഞ്ഞു. ഇന്ന് ഒരു പവന്‍ വാങ്ങാന്‍ 71040 രൂപ നല്‍കിയാല്‍ മതി. ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതും സ്വര്‍ണ വിപണിയില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.

മെയ് മാസം ആരംഭം മുതല്‍ വിലയില്‍ കുറവ് രേഖപ്പെടുത്തിയത് പ്രതീക്ഷയോടെയാണ് ഉപഭോക്താക്കള്‍ കണ്ടത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണ വില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ ഇപ്പോള്‍ എവിടെയാണ്?; ഫോണ്‍കോളില്‍ കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ ഇപ്പോള്‍ എവിടെയാണ്?; ഫോണ്‍കോളില്‍ കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍

കൊച്ചി: നാവികസേന ആസ്ഥാനത്ത് വിളിച്ച് ഐഎന്‍എസ് വിക്രാന്തിന്റെ യഥാര്‍ത്ഥ ലൊക്കേഷന്‍ തേടിയ ആള്‍ പൊലീസ് കസ്റ്റഡിയില്‍. കോഴിക്കോട് സ്വദേശി മുജീബ് റഹ്മാന്‍ എന്നയാളാണ് പിടിയിലായത്. കൊച്ചി ഹാര്‍ബര്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ തന്നെയാണോ വിളിച്ചത് എന്നതടക്കം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെയാണ്, പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് ഐഎന്‍എസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ഫോണ്‍കോള്‍ ലഭിച്ചത്.

രാഘവ് എന്ന് പരിചയപ്പെടുത്തിക്കൊണ്ടുള്ള കോളില്‍, ഐഎന്‍എസ് വിക്രാന്ത് ഇപ്പോള്‍ കൊച്ചിയിലുണ്ടോ, ഇല്ലെങ്കില്‍ ഇപ്പോള്‍ കറന്റ് ലൊക്കേഷന്‍ എവിടെയാണ് തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചത്. സംശയം തോന്നിയ നാവികസേന ഉദ്യോഗസ്ഥര്‍ ഉടന്‍ വിവരം പൊലീസിന് കൈമാറി. തുടര്‍ന്ന് ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയിലേക്കെത്തിയത്.

പ്രവാസി നിക്ഷേപം മൂന്ന് ലക്ഷം കോടിയിലേക്ക്; ചരിത്ര നേട്ടവുമായി കേരളം

പ്രവാസി നിക്ഷേപം മൂന്ന് ലക്ഷം കോടിയിലേക്ക്; ചരിത്ര നേട്ടവുമായി കേരളം

കൊച്ചി: കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം (എന്‍ആര്‍ഐ) പുതിയ ഉയരങ്ങളിലേക്ക്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ 2025 ജനുവരി-മാര്‍ച്ച് പാദത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപം മൂന്ന് ലക്ഷം കോടി പിന്നിടും. 2024 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച്, 2,86,063 കോടി രൂപയാണ് കേരളത്തിലെ പ്രവാസി നിക്ഷേപം. ഇതിന് ശേഷമുള്ള 2025 ജനുവരി-മാര്‍ച്ച് പാദത്തിലെ കണക്കുകള്‍ കൂടി പുറത്തുവന്നാല്‍ ഇത് മൂന്ന് ലക്ഷം കോടി പിന്നിട്ടേക്കുമെന്നാണ് വിലയിരുത്തല്‍.

പ്രവാസി നിക്ഷേപങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24,000 കോടിയുടെ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊട്ടുമുന്‍പുള്ള വര്‍ഷത്തേക്കാള്‍ 9.4 ശതമാനമാണ് വര്‍ധന. പ്രവാസികള്‍ കുടുംബങ്ങള്‍ക്ക് അയയ്ക്കുന്ന വ്യക്തിഗത പണത്തിന് അപ്പുറത്ത് പരിപാലിക്കപ്പെടുന്ന വിദേശ കറന്‍സി അക്കൗണ്ടുകളാണ് നിക്ഷേപങ്ങളായി കണക്കാക്കുന്നത്. പലിശ നിരക്ക്, വിദേശ വിനിമ ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്ന ഇത്തരം അക്കൗണ്ടുകള്‍ വഴി പണം കൈമാറ്റം വര്‍ധിച്ചതാണ് നിക്ഷേപ നിരക്കിലെ വര്‍ധനയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇത്തരം നിക്ഷേപങ്ങളില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. 2014 ലാണ് പ്രവാസി നിക്ഷേപങ്ങള്‍ ഒരു ലക്ഷം കോടി എന്ന നാഴികകല്ല് പിന്നിടുന്നത്. 2020 ഓടെ ഇത് ഇരട്ടിയായി. എന്നാല്‍ കഴിഞ്ഞ ആഞ്ച് വര്‍ഷം കൊണ്ട് നിക്ഷേപങ്ങള്‍ അടുത്ത ഒരു ലക്ഷം കോടിയും പിന്നിടുകയായിരുന്നു. ആഗോള വിപണിയില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതും പ്രവാസി നിക്ഷേപങ്ങളുടെ വളര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 75.71 രൂപയായിരുന്നു. നിലവില്‍ ഇത് 85.45 രൂപയാണ്. 14 ശതമാനമാണ് അഞ്ച് വര്‍ഷത്തിന് ഇടയില്‍ വന്ന വ്യത്യാസം.

കോവിഡ് കാലത്ത് ഇടിഞ്ഞ വിദേശത്ത് നിന്നുള്ള പണമയക്കല്‍ വീണ്ടും ശക്തമായതും മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. കോവിഡ് കാലത്തിന് ശേഷം ഏകദേശം 19 ശതമാനം മുതല്‍ 20 ശതമാനം വരെ വളര്‍ച്ചയാണ് ഈ ഇനത്തില്‍ ഉണ്ടായിട്ടുള്ളത്. 2020-21 ല്‍ കേരളത്തിന്റെ വിഹിതം 10.2 ശതമാനമായി ആയി കുറഞ്ഞു. 2023-24 ല്‍ ആണ് പിന്നീട് മുന്നേറ്റം ഉണ്ടായത്. ഇക്കാലയളവില്‍ ഇന്ത്യയിലേക്കുള്ള മൊത്തം പണമയയ്ക്കലിന്റെ 19.7 ശതമാനവും കേരളത്തിലായിരുന്നു. 2020-21 കാലത്ത് വന്ന ഇടിവിന്റെ വലിയൊരു പങ്കും ഇവിടെ നികത്തപ്പെട്ടു.

2025 മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം, 2023-24 ല്‍ 11870 കോടി ഡോളറാണ് (118.7 ബില്ല്യണ്‍) ഇന്ത്യയിലേക്ക് എത്തിയത്. 2010-11 ല്‍ ഈ കണക്ക് 5560 കോടിയായിരുന്നു. ഒന്നര പതിറ്റാണ്ടിനിടെ ഇരട്ടിയിലധികം വര്‍ധനയാണ് ഈ കണക്കില്‍ രേഖപ്പെടുത്തുന്നത്്. പുതിയ കണക്കുകളിലെ 2339 കോടിയും എത്തിയത് കേരളത്തിലേക്കാണ്.

പ്രവാസി നിക്ഷേപങ്ങളില്‍ അമേരിക്കയാണ് മുന്‍പന്തിയില്‍. 27.7 ശതമാനമാണ് ഈ വിഹിതം. 19.2 ശതമാനമാണ് യുഎഇയില്‍ നിന്നുള്ള വിഹിതം. 2016 -17 ല്‍ 26.9 ശതമാനം വിഹിതവുമായി യുഎഇ ആയിരുന്നു മുന്നില്‍. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നീ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ആകെ വിദേശ നിക്ഷേപ വിഹിതം 37.9 ശതമാനമാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പണത്തിന്റെ വരവ് കുറയുകയും യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങളുടെ ഉയരുന്നതുമായ പ്രവണത വരും വര്‍ഷങ്ങളിലും തുടുമെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റിലെ കെ വി ജോസഫ് പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് അവസരം കുറവായതാണ് ഈ ഇടിവിന് കാരണമെന്നും കെവി ജോസഫ് ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ത്ഥികളും വിദഗ്ധ തൊഴിലാളികളും പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് കുടിയേറുമ്പോഴും മലയാളികള്‍ക്ക് ഗള്‍ഫ് നിര്‍ണായകമായി തുടരുമെന്ന് അവര്‍ പൂനെയിലെ ഫ്‌ലെയിം യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദിവ്യ ബാലന്‍ പറയുന്നു.

ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റ്; എല്ലാവര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റ്; എല്ലാവര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

തിരുവനന്തപുരം: ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോള്‍ ഓരോരുത്തരുടേയും അംഗീകൃത തിരിച്ചറിയല്‍ രേഖ റെയില്‍വേ നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ടിക്കറ്റ് പരിശോധകര്‍ക്കും ആര്‍പിഎഫിനും സതേണ്‍ റെയില്‍വേ നല്‍കി.

പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് നീക്കം കര്‍ശനമാക്കാന്‍ കാരണം. പരിശോധനയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നേരിട്ടോ, ഓണ്‍ലൈനായോ ഗ്രൂപ്പ് ടിക്കറ്റ് എടുക്കുന്നതിനു തിരിച്ചറിയല്‍ രേഖ കര്‍ശനമാക്കിയിട്ടില്ല. എന്നാല്‍ യാത്രാ വേളയില്‍ എല്ലാവരും രേഖ കരുതണം. പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കുന്നതിനും തിരിച്ചറിയല്‍ രേഖ വേണം.

ടിക്കറ്റ് പരിശോധകരും റെയില്‍വേ പൊലീസും ആര്‍പിഎഫും പരിശോധന നടത്തും. പ്രധാന സ്റ്റേഷനുകളില്‍ പ്രവേശന കവാടത്തിലും മറ്റും സംശയാസ്പദമായി കാണുന്നവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നുണ്ട്.