by Midhun HP News | May 11, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ മാസം ഇരുപത്തിയേഴാം തിയതിയോടെ കാലവര്‍ഷം കേരളാ തീരത്ത് എത്തിയേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ട്.
ചൊവ്വാഴ്ചയോടെ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിച്ചേര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. കഴിഞ്ഞ വര്‍ഷം മെയ് 31 നായിരുന്നു കാലവര്‍ഷം തുടങ്ങിയത്. കാലവര്‍ഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.
ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തൃശൂര്‍ ജില്ലയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
by Midhun HP News | May 11, 2025 | Latest News, കേരളം
കൊച്ചി: പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേന ഫോണിൽ വിളിച്ച് ഐഎൻഎസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ ശ്രമം. കൊച്ചി നാവിക സേനയുടെ ആസ്ഥാനത്തെ ലാൻഡ് ഫോണിലേക്ക് വിളിച്ച് ഐഎൻഎസ് വിക്രാന്തിന്റെ ഇപ്പോഴത്തെ ലൊക്കേഷൻ എവിടെയാണെന്ന് അന്വേഷിച്ചു.
വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ഫോൺ കോൾ വന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നും രാഘവനെന്നാണ് പേരെന്നും വിളിച്ചയാൾ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് നാവിക സേന ഹാർബർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഇതിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
by Midhun HP News | May 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടികൾ നേരത്തെ നിശ്ചയിച്ച പ്രകാരം മെയ് 13 ന് തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിർത്തിയിൽ ഇന്ത്യ-പാക് സംഘർഷാവസ്ഥ നിലനിന്ന സാഹചര്യത്തിൽ സർക്കാരിന്റെ വാർഷിക പരിപാടികൾ നിർത്തിവെയ്ക്കാൻ തീരുമാനിച്ചിരുന്നു. വെടി നിർത്തൽ നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിലാണ് പരിപാടികൾ നടത്താൻ തീരുമാനമായത്.
ജില്ലാതല -സംസ്ഥാനതല യോഗങ്ങളും എൻ്റെ കേരളം പ്രദർശനവും മേഖല അവലോകന യോഗങ്ങളും മെയ് 13 മുതൽ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. മാറ്റിവെച്ച മലപ്പുറം ജില്ലാതല യോഗം ഉൾപ്പെടെ 13 വരെ നിശ്ചയിച്ചിരുന്ന മറ്റ് യോഗങ്ങളുടെ തീയതി പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്യുന്നുവെന്നും ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂർണമാണ്. തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് തുടർന്നുകൊണ്ടുതന്നെ സമാധാനത്തിനും നാടിൻ്റെ പുരോഗതിക്കും വേണ്ടി നിലകൊള്ളുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി കുറിച്ചു.
by Midhun HP News | May 10, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്താന്‍ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തിയതായി കമഡോര്‍ രഘു ആര്‍ നായര്‍. ഇന്ത്യന്‍ സൈന്യത്തിനോടും നാവികസേനയോടും വ്യോമസേനയോടും ഈ ധാരണ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംഘര്‍ഷസമയത്ത് പാകിസ്ഥാന്‍ നടത്തിയതു നിരവധി വ്യാജ പ്രചാരണങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാവിക സേന കമഡോര്‍ രഘു ആര്‍ നായര്‍, വ്യോമസേന വിങ് കമാന്‍ഡര്‍ വ്യോമികാ സിങ്, കരസേന കേണല്‍ സോഫിയാ ഖുറേഷി എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ജെഎഫ് 17 മിസൈല്‍ ഉപയോഗിച്ചു തകര്‍ത്തു, ബ്രഹ്മോസ് മിസൈല്‍ സംവിധാനം നശിപ്പിച്ചു, ജമ്മു, ഭട്ടിന്‍ഡ, സിര്‍സ്സ എന്നീ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി, ചണ്ഡിഗഢ്, ബിയാസ് ഉള്‍പ്പെടെയുള്ള ആയുധശാലകളില്‍ ആക്രമണം നടത്തി തുടങ്ങി നിരവധി വ്യാജ പ്രചാരണങ്ങളാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായത്’- കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.
‘ഇന്ത്യന്‍ സൈന്യം മോസ്‌കുകളെ ലക്ഷ്യം വച്ചുവെന്നായിരുന്നു പാകിസ്ഥാന്റെ വാദം. എന്നാല്‍ ഒരു മതസ്ഥാപനത്തെയും ഇന്ത്യന്‍ സൈന്യം ലക്ഷ്യം വച്ചിട്ടില്ല. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിട്ട ഭീകരവാദവാദ ക്യാമ്പുകളെ മാത്രമാണ് ഇന്ത്യ ലക്ഷ്യം വച്ചത്. ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്. ആ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഇന്ത്യന്‍ സൈന്യം. ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാക്കിസ്ഥാന് വലിയ തിരിച്ചടി നേരിട്ടു. വിങ് കമാന്‍ഡര്‍ വ്യോമിക സിങ് വ്യക്തമാക്കി.
‘വെടിനിര്‍ത്തല്‍ തീരുമാനം പിന്തുടരും. കരസേനയും നാവികസേനയും വ്യോമസേനയും പൂര്‍ണമായും സജ്ജമായിരുന്നു. മാതൃരാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് സേനകള്‍ സദാ സജ്ജരായിരിക്കും. പാക്കിസ്ഥാന്റെ എല്ലാ പ്രത്യാക്രമണത്തെയും ഇന്ത്യ ശക്തമായി നേരിട്ടു. ഇനി ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ആക്രമണങ്ങള്‍ക്കും ഇന്ത്യ ശക്തമായ മറുപടി നല്‍കും. എപ്പോഴും രാജ്യത്തെ സംരക്ഷിക്കാന്‍ പൂര്‍ണ സജ്ജരായിക്കും സൈന്യം” കമഡോര്‍ രഘു ആര്‍ നായര്‍ വ്യക്തമാക്കി.
by Midhun HP News | May 10, 2025 | Latest News, കേരളം
കോഴിക്കോട്: മരണാനന്തരം അവയവം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കി കേരള സ്റ്റേറ്റ് ഓര്‍ഗണ്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ). ആധാര്‍ നമ്പറുമായി എത്തിയാല്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
നേരിട്ടെത്താന്‍ പ്രയാസമുള്ളവര്‍ക്ക് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് https://notto.abdm.gov.in/register എന്ന ലിങ്കില്‍ കയറിയും രജിസ്റ്റര്‍ ചെയ്യാനാകും. മരണാനന്തര അവയവദാനത്തിന് സമഗ്ര പ്രോട്ടോക്കോള്‍ തയാറാക്കിയ ആദ്യ സംസ്ഥാനമായ കേരളം മുന്നോട്ടുവെക്കുന്ന മികച്ച മാതൃകയാണ് കെ-സോട്ടോ.
പൊതുജനങ്ങള്‍ക്ക് അവയവദാനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുന്ന പബ്ലിക് ഇന്റര്‍ഫേസും അവയവങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് രോഗികള്‍ക്ക് അവര്‍ ചികിത്സ തേടുന്ന ആശുപത്രി വഴി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഹോസ്പിറ്റല്‍ ലോഗിനുമുണ്ട്.അവയവദാനം പ്രോത്സാഹിപ്പിക്കാനും ഈ രംഗത്തെ കച്ചവടങ്ങള്‍ അവസാനിപ്പിക്കുന്നതിനും അവയവദാന മേഖലയിലും അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും സുതാര്യത ഉറപ്പുവരുത്താനും പോര്‍ട്ടല്‍ സഹായകരമാകും. മരണശേഷം അവയവം ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം സമര്‍പ്പിക്കുന്നതിനും അതിനുള്ള രേഖയായ ഡോണര്‍ കാര്‍ഡ് പ്രിന്റ് ചെയ്‌തെടുക്കുന്നതിനുമുള്ള സൗകര്യമുണ്ട്.
അവയവദാനവുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങള്‍, ചട്ടങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, സര്‍ക്കുലറുകളും , പ്രധാന പ്രോട്ടോകോളുകള്‍, സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയറുകള്‍ എന്നിവ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കെ-സോട്ടോയുടെ ഭരണപരമായ വിവരങ്ങള്‍, റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ എന്നിവയും വൈബ് സൈറ്റില്‍ ലഭ്യമാണ്.
by Midhun HP News | May 10, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിനു ശമനം. ഇരു രാജ്യങ്ങളും തമ്മില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിനു ധാരണയായി. ഇന്ന് വൈകീട്ട് 5 മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എക്‌സില്‍ കുറിപ്പിട്ടിരുന്നു. എന്നാല്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇല്ല എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് 3.35നു പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഇന്ത്യന്‍ ഡിജിഎംഒയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ന് 5 മുതല്‍ ഇരു പക്ഷവും കരയിലും വായുവിലും കടലിലുമുള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും നിര്‍ത്തുമെന്ന ധാരണയിലെത്തി. ഈ മാസം 12നു 12.00 മണിക്കു ഇരു ഡിജിഎംഒ മാരും തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും മിസ്രി കൂട്ടിച്ചേര്‍ത്തു.
വെടിനിർത്തൽ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും രംഗത്തെത്തി. അദ്ദേഹം എക്സ് കുറിപ്പിലൂടെയാണ് വെടിനിർത്തൽ നടപ്പിലായതായി വ്യക്തമാക്കിയത്. ഇന്ത്യയും പാകിസ്ഥാനും വെടിവയ്പ്പും സൈനിക നടപടിയും നിർത്താനുള്ള ധാരണയിൽ എത്തി. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയ്‌ക്കെതിരെയുമുള്ള ഇന്ത്യയുടെ നിലപാട് അങ്ങനെ തന്നെ തുടരും- വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ എക്സിലൂടെ വ്യക്തമാക്കി.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പൂര്‍ണവും ഉടനടിയുമുള്ള വെടിനിര്‍ത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എക്‌സില്‍ കുറിപ്പിട്ടിരുന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയുടെ സ്ഥിരീകരണവും വന്നു. എന്നാല്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ വെടിനിര്‍ത്തലില്‍ ഇല്ല എന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.
‘അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും പൂര്‍ണവും ഉടനടിയുള്ളതുമായ വെടിനിര്‍ത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സാമാന്യബോധവും വിവേകവും ഉപയോഗിച്ചതിന് ഇരു രാജ്യങ്ങള്‍ക്കും അഭിനന്ദങ്ങളും നന്ദിയും’- എന്നായിരുന്നു ട്രംപ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
Recent Comments