രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി. ഇടവമാസ പൂജകള്‍ കണ്ട് തൊഴാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷവും അക്രമസാധ്യതകളും പരിഗണിച്ചാണ് ശബരിമല യാത്ര റദ്ദാക്കിയതെന്നാണ് വിവരം.

ഈ മാസം 18, 19 തീയതികളില്‍ രാഷ്ട്രപതി ശബരിമലയില്‍ എത്തുമെന്നായിരുന്നു സൂചന. ഇത് പരിഗണിച്ച് ദേവസ്വം ബോര്‍ഡും സര്‍ക്കാരും വിവിധ ക്രമീകരണങ്ങള്‍ ആരംഭിച്ചിരുന്നു. നിലക്കല്‍ ഹെലിപ്പാടിന് സമീപവും റോഡുകളുടെ വികസനവും ആരംഭിച്ചിരുന്നു. എന്നാല്‍ രാഷ്ട്രപതി എത്തില്ലെന്ന് ദേവസ്വം ബോര്‍ഡിനെ അറിയിച്ചെന്നാണ് വിവരം.

ഇതേത്തുടര്‍ന്ന് ഇടവ മാസ പൂജയ്ക്ക് വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ദേവസ്വം ബോര്‍ഡ് ഒഴിവാക്കി. മെയ് 18, 19 തീയതികളില്‍ വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. ഈ ദിവസങ്ങളില്‍ വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്തു തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്താവുന്നതാണെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.

എല്ലാ വിഷയത്തിലും 61449 പേര്‍ എ പ്ലസ് നേടി. പാല, മാവേലക്കര വിദ്യാഭ്യാസ ജില്ലയില്‍ നൂറുശതമാനം വിജയം. ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍. റവന്യൂ ജില്ലകളില്‍ ഏറ്റവുമധികം വിജയം നേടിയത് കണ്ണൂര്‍, 99.87 ശതമാനം. കുറവ് തിരുവനനന്തപുരം.ഏറ്റവും കൂടുതല്‍ എപ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ് 4115 വിദ്യാര്‍ഥികള്‍.

ആകെ 4,27,021 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്‌സൈറ്റുകള്‍ക്ക് പുറമെ ഡിജിലോക്കര്‍ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാന്‍ സൗകര്യമുണ്ട്.

വൈകിട്ട് നാലു മണി മുതൽ പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെയും താഴെ പറയുന്ന വെബ്സൈറ്റുകളിലൂടെയും ഫലമറിയാം. https://pareekshabhavan.kerala.gov.in, https://prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://kbpe.kerala.gov.in, https://results.digilocker.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in.

എസ്എസ്എൽസി (എച്ച്ഐ) ഫലം http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി (എച്ച്ഐ) ഫലം http://thslchiexam.kerala.gov.in ലും എഎച്ച്എസ്എൽസി ഫലം http://ahslcexam.kerala.gov.in ലും ടിഎച്ച്എസ്എൽസി ഫലം https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.

‘നയാപ്പൈസയില്ല കൈയില്…’, പാകിസ്ഥാന്‍ പരിഭ്രാന്തിയില്‍, വായ്പയ്ക്കായി നെട്ടോട്ടം

‘നയാപ്പൈസയില്ല കൈയില്…’, പാകിസ്ഥാന്‍ പരിഭ്രാന്തിയില്‍, വായ്പയ്ക്കായി നെട്ടോട്ടം

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം, അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും കൂടുതല്‍ വായ്പകള്‍ തേടി പാകിസ്ഥാന്‍. പാക് സര്‍ക്കാരിന്റെ സാമ്പത്തിക വിഭാഗം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് അന്താരാഷ്ട്ര പങ്കാളികളോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

‘ശത്രു വരുത്തിവെച്ച കനത്ത നാശനഷ്ടത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര പങ്കാളികളോട് കൂടുതല്‍ വായ്പകള്‍ക്കായി അഭ്യര്‍ത്ഥിക്കുന്നു. സംഘര്‍ഷം രൂക്ഷമാകുകയും ഓഹരി വിപണിയിലെ തകര്‍ച്ച വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാന്‍ അന്താരാഷ്ട്ര പങ്കാളികളോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ്. സംഘർഷം കുറയ്ക്കാൻ ഇടപെടണം..’ സര്‍ക്കാര്‍ എക്‌സില്‍ അഭ്യര്‍ത്ഥിച്ചു.

പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥ നിലവില്‍ പ്രതിസന്ധിയിലാണ്. ഐഎംഎഫിന് പാകിസ്ഥാന്റെ കടം ഏകദേശം 8.8 ബില്യണ്‍ യുഎസ് ഡോളറാണ്. ഐഎംഎഫില്‍ നിന്നും കൂടുതല്‍ കടം വാങ്ങുന്ന നാലാമത്തെ രാജ്യമാണ് പാകിസ്ഥാന്‍. ഓഹരി വിപണിയും തകര്‍ച്ചയിലാണ്. ഏപ്രില്‍ 23 മുതല്‍ പാകിസ്ഥാന്റെ ബെഞ്ച്മാര്‍ക്ക് കെഎസ്ഇ -100 സൂചിക 7,500 പോയിന്റിലധികം നഷ്ടം നേരിട്ടു. ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ദ്ധിക്കുന്നത് പാകിസ്ഥാന്റെ വളര്‍ച്ചയെയും സാമ്പത്തിക സ്ഥിരതയെയും ബാധിക്കുമെന്ന് മൂഡീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സര്‍ക്കാരിന്റെ സാമ്പത്തിക കാര്യ വിഭാഗത്തിന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്താണ്, സാമ്പത്തികമായി തകര്‍ന്ന പാകിസ്ഥാന്‍ കൂടുതല്‍ വായ്പകള്‍ തേടുന്നത് എന്ന പോസ്റ്റുകള്‍ ഇട്ടതെന്ന് പിന്നീട് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം ഉന്നയിച്ചിരുന്നു. എക്‌സിലെ പോസ്റ്റ് വ്യാജമാണെന്നും പാക് വിദേശകാര്യമന്ത്രാലയം അവകാശപ്പെട്ടു.

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പതോളം ഭീകര ക്യാംപുകളില്‍ മിസൈലാക്രമണം നടത്തിയത്. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നിരവധി ഭീകര ക്യാംപുകള്‍ തകര്‍ക്കുകയും ചെയ്തു. ഇതിനു തിരിച്ചടിയായി ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വലിയ തോതിലുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണ ശ്രമങ്ങളെ ഇന്ത്യന്‍ സായുധ സേന വിജയകരമായി നിര്‍വീര്യമാക്കി, ലാഹോറിലെ ഒരു വ്യോമ പ്രതിരോധ സംവിധാനവും നിര്‍വീര്യമാക്കി.

രാജ്യത്തെ എടിഎമ്മുകള്‍ അടയ്ക്കുന്നു?; വാര്‍ത്ത വ്യാജമെന്ന് സര്‍ക്കാര്‍

രാജ്യത്തെ എടിഎമ്മുകള്‍ അടയ്ക്കുന്നു?; വാര്‍ത്ത വ്യാജമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ രാജ്യത്തെ എടിഎമ്മുകള്‍ രണ്ടു-മൂന്നു ദിവസത്തേക്ക് അടച്ചിടുമെന്ന് വാട്‌സ് ആപ്പ് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ പ്രചാരണം. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും, എടിഎമ്മുകള്‍ സാധാരണ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യ- പാകിസ്ഥാന്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍ എടിഎമ്മുകള്‍ രണ്ടു-മൂന്നു ദിവസത്തേക്ക് അടച്ചിടുന്നു എന്ന തരത്തിലാണ് വാട്‌സ്ആപ്പുകളില്‍ പ്രചരിച്ചിരുന്നത്. ഈ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സര്‍ക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗം, പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കി രംഗത്തു വന്നത്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്നും ആളുകള്‍ വിട്ടുനില്‍ക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

ബാങ്ക് ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാവുന്നതാണ്. എടിഎമ്മുകളെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്താന്‍ സാധ്യതയുണ്ട്. ഇത് ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവിന് കാരണമായേക്കും. മാത്രമല്ല ബാങ്കിന്റെ ജോലികള്‍ക്കും തടസ്സം സൃഷ്ടിച്ചേക്കാം. അതിനാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് ആളുകള്‍ ബാങ്കുകളില്‍ ബന്ധപ്പെട്ട് വാര്‍ത്ത സത്യമാണോയെന്ന് ഉറപ്പുവരുത്തണം. സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു

മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു

മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു. 150 പേരുടെ സംഘം ജയ്സൽമറിലാണ് കുടുങ്ങിക്കിടക്കുന്നത്. ആക്രമണം നേരിട്ട സൈനിക ക്യാമ്പിനടുത്താണ് സംഘമുള്ളത്.‘ഹാഫ്’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി പോയവരാണ് കുടുങ്ങിയത്. സംവിധായകൻ സംജാദ്, നടൻ മണിക്കുട്ടൻ അടക്കമുള്ളവർ സംഘത്തിലുണ്ട്.
അഹമ്മദാബാദിലേക്ക് റോഡുമാർഗം വരാനാണ് ഇവർ ശ്രമിക്കുന്നത്.

950 അടി, സ്റ്റേഡിയത്തിന്റെ വലുപ്പം, ഭീമന്‍ ഉല്‍ക്ക ഭൂമിക്കരികിലേക്ക്, നാസ മുന്നറിയിപ്പ്

950 അടി, സ്റ്റേഡിയത്തിന്റെ വലുപ്പം, ഭീമന്‍ ഉല്‍ക്ക ഭൂമിക്കരികിലേക്ക്, നാസ മുന്നറിയിപ്പ്

ഇന്ന് ഭൂമിക്കടുത്ത് കൂടി ഭീമന്‍ ഉല്‍ക്ക കടന്നുപോകുമെന്ന് നാസയുടെ മുന്നറിയിപ്പ്. ഒരു സ്റ്റേഡിയത്തിന്റെ അത്രയും വലുപ്പമുള്ള ഉല്‍ക്ക ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 4.30ടെയാണ് ഭൂമിക്കടുത്തു കൂടി കടന്നുപോകുന്നത്. 612356 (2002 ജെഎക്‌സ്8) എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് 950 അടി (290 മീറ്റര്‍) വീതിയുണ്ട്.

അപകടകാരിയായ ഉല്‍ക്കകളുടെ ഗണത്തില്‍പ്പെടുന്നവയാണിത്. ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ നാശം വിതയ്ക്കാന്‍ തക്ക വലുപ്പമുള്ളവയാണിവ. 42 ലക്ഷം കിലോമീറ്റര്‍ അകലെ, അല്ലെങ്കില്‍ ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഏകദേശം 11 മടങ്ങ് ദൂരത്ത് കൂടിയാണിത് കടന്നുപോകുന്നത്.

വലുപ്പം കൊണ്ട് മാത്രമല്ല ഇവയെ അപകട വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാവിയില്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഇവയെ അപ്പോളോ ടൈപ്പ് നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് (എന്‍ഇഒ) ആയി തരംതിരിച്ചിരിക്കുന്നത്. നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍-എര്‍ത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് ഗ്ലോബല്‍ നെറ്റ് വര്‍ക്ക്‌സ് ടെലസ്‌കോപ്പുകള്‍ വഴി ഇത്തരം ഉല്‍ക്കകളെ നിരീക്ഷിച്ച് വരുകയാണ്. ഭൂമിക്ക് ഭീഷണിയാകുന്ന നിരവധി ഉപഗ്രങ്ങള്‍ ഇത്തരത്തിലുണ്ട്.